തിരുവല്ല: കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് കാമറ സ്ഥാപിച്ചത്. വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ സ്ത്രീകൾ കുളിമുറിയിൽ കയറുന്ന സമയം നോക്കി ഒളികാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു.
ഡിസംബർ 16ന് വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ഇയാൾ ഒളികാമറ അടങ്ങുന്ന പേന വെന്‍റിലേറ്ററിൽ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻകാമറ കുളിമുറിയിൽ വീണു. പരിശോധനയിൽ പേനക്കുള്ളിൽനിന്ന് കാമറയും മെമറി കാർഡും ലഭിച്ചു. മെമറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്‍റെ ചിത്രവും ഏതാനും ദിവസങ്ങളായി പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഗൃഹനാഥൻ പൊലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി.
സിം കാർഡുകൾ മാറിമാറി ഉപയോഗിച്ച് തമിഴ്നാട്ടിൽ അടക്കം ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് വിജിലൻസ് ഉദ്യോഗസ്ഥനായ സഹോദരീ ഭർത്താവിന്‍റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് സഹോദരിക്കും സഹോദരീ ഭർത്താവിനും എതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.