തൃശ്ശൂർ: കേരളത്തിൽ അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരികയാണെന്ന് കേന്ദ്ര പാർലമെൻററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. കാലാകാലങ്ങളായി കേരളം ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫുമാണ് ഇതിന് കാരണക്കാരെന്നും തൃശൂരിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ രീതിയിൽ നിയമനങ്ങൾ നടത്തുമ്പോൾ കേരളത്തിൽ 30 ശതമാനത്തോളം പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി. യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുമ്പോൾ സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റുകയാണ് സർക്കാർ.
ഉമ്മൻചാണ്ടിയുടെ സർക്കാരും ഇപ്പോൾ പിണറായി വിജയൻ സർക്കാരും എല്ലാ മേഖലയിലും പരാജയപ്പെട്ടു. കേരളത്തിൽ ഇടത് സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ഡൽഹിയിൽ കമ്യൂണിസ്റ്റുകളുമായി സൗഹൃദത്തിലാണ്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ഇരുപാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്.
മോദിയെ തോൽപ്പിക്കുക എന്നത് മാത്രമാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും പരസ്പരം പോരാടുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.