തരൂരിനൊപ്പം ചെറുപ്പക്കാർ, താങ്കൾ അവർക്കൊപ്പം നിൽക്കണം; കെ. സുധാകരനോട് ടി. പത്മനാഭൻ

കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിനെ സംബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾക്ക് ഒടുക്കമില്ല. തരൂരിന് ഓരോ ദിവസം പിന്നിടുമ്പോഴും പ്രവർത്തകർക്കിടയിൽ വിശ്വാസം കൂടിവരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിവാദങ്ങളുടെ തുടക്കം മുതൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ചയാളായിരുന്നു എഴുത്തുകാരൻ ടി. പത്മനാഭൻ. കഴിഞ്ഞ ദിവസവും അദ്ദേഹം അത് ആവർത്തിച്ചു. ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് ടി.പത്മനാഭൻ അഭ്യർഥിച്ചു. കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം ഡി.സി.സി. ഓഫീസിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോൺഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്ക് കെ.പി.സി.സി. പ്രസിഡന്റ് സുധാകരനോട് ഒരപേക്ഷയുണ്ട്. ദയവുചെയ്ത് നിങ്ങൾ ചെറുപ്പക്കാരുടെ കൂടെ നിൽക്കണം. എന്നെപ്പോലെ ഔട്ട്ഡേറ്റഡായവരോടൊപ്പം നിൽക്കരുത്. തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ മോശമായി നിങ്ങളൊന്നും പറഞ്ഞിട്ടില്ല. അതിൽ അനുമോദിക്കുന്നു. ചെറുപ്പക്കാരോടൊപ്പം പടനായകനായി നിൽക്കണം. നിന്നുകാണണം. നിങ്ങളിൽനിന്ന് ഞാൻ അത് പ്രതീക്ഷിക്കുന്നു. എനിക്ക് തരൂരിനെ പ്രശംസിച്ചിട്ട്‌ ഒന്നും ലഭിക്കാനില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഒരു പുരുഷാരം കൂടെയുണ്ട്. അവരൊന്നും വ്യാമോഹങ്ങളുമായി വരുന്നവരല്ല. ചെറുപ്പക്കാരാണ്. അധികാരത്തിനു പിറകെ നടക്കുന്നവർ മാറിനിൽക്കണം. ആകെ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂ. അധികാരമോഹം പാരമ്യത്തിലെത്തിയതാണ് കോൺഗ്രസിന് എല്ലായിടത്തും വിനയായത്. ഇന്ത്യയുടെ രക്ഷക്കായി കോൺഗ്രസ് ദീർഘകാലമുണ്ടാകണം.'

കെ.സുധാകരൻ എം.പി. പുരസ്കാരം സമ്മാനിച്ചു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് മംഗളപത്രം സമർപ്പിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ അധ്യക്ഷത വഹിച്ചു. പരശുവയ്ക്കൽ രാധാകൃഷ്ണൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ടി.ജയകൃഷ്ണൻ, കമ്പറ നാരായണൻ, കെ.രാമകൃഷ്ണൻ, സി.വി.ജലീൽ, ഹരിഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Young people with Tharoor, you should stand with them; T. Padmanabhan to K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.