സഹോദരനെ സംരക്ഷിക്കാൻ നിക്ഷേപിച്ച തുക വിട്ടുനൽകണമെന്ന്​; ജേഷ്ഠന്‍റെ വീട്ടുമുറ്റത്ത് സമരവുമായി അനുജൻ

തൃക്കുന്നപ്പുഴ: സഹോദരനെ സംരക്ഷിക്കാൻ അക്കൗണ്ടിൽ നിക്ഷേപിച്ച തുക വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ജേഷ്ഠന്‍റെ വീടിന് മുന്നിൽ അനുജന്‍റെ സത്യഗ്രഹം. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പുലത്തറ വീട്ടിൽ സലിം ആണ് സഹോദരന്‍റെ വീടിനു മുന്നിൽ ബാനർ സ്ഥാപിച്ച് സത്യാഗ്രഹം ഇരിക്കുന്നത്.

ഇവരുടെ മൂത്ത സഹോദരനും അവിവാഹിതനും ഭിന്നശേഷിക്കാരനുമായ സുധാകരനെ(76) ഇപ്പോൾ സംരക്ഷിക്കുന്നത് സലീമാണ്. സുധാകരന്‍റെ പേരിൽ തോട്ടപ്പള്ളി ജില്ലാസഹകരണ ബാങ്ക് ശാഖയിൽ 12 ലക്ഷത്തോളം രൂപയുണ്ട്‌. സുധാകരന്‍റെയും സലിം കൂടാതെ രണ്ട് സഹോദരങ്ങളുടെയും പേരിലുള്ള ജോയിന്‍റ്​ അക്കൗണ്ടിൽ ആണ് പണം നിക്ഷേപിച്ചിരിക്കുന്നത്. സുധാകരന്‍റെ ദൈനംദിന ചെലവുകൾ നിർവഹിക്കുന്നതിന് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് തുക മാറ്റണം എന്നതാണ് സലീമിന്‍റെ ആവശ്യം. എന്നാൽ, അതിന് സഹോദരൻ അതിന് എതിര് നിൽക്കുന്നു എന്നാണ് സലീം ആരോപിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോടതിയിലും തൃക്കുന്നപ്പുഴ പൊലീസിലും പരാതി നൽകിയിരുന്നു. ഇവിടെ നിന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ല എന്നാണ് സലിം പറയുന്നത്. എന്നാൽ, സ്വന്തമായി അക്കൗണ്ടോ മറ്റു കാര്യങ്ങളോ കൈകാര്യം ചെയ്യാൻ കഴിയാത്ത സുധാകരന്‍റെ അക്കൗണ്ടിലേക്ക് തുക പൂർണമായി മാറ്റുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന് സഹോദരന്‍റെ കുടുംബം പറഞ്ഞു. നിക്ഷേപ തുകയുടെ പലിശ എല്ലാമാസവും ബാങ്കിൽ നിന്നും പിൻവലിച്ച് ചെലവഴിക്കുന്നതിന് ഒരു തടസവുമില്ല. ഇപ്പോഴുള്ള സംരക്ഷണത്തിന് ഈ തുക മതിയാകുമെന്നും അവർ പറഞ്ഞു.

News Summary - younger brother strike infront of elder brother's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.