മലപ്പുറം: യൂത്ത് കോൺഗ്രസ് അംഗത്വ വിതരണത്തിന് എ, ഐ ഗ്രൂപ്പുകൾ സംസ്ഥാനതലം മുതൽ ബൂത്തുതലം വരെ ചേരിതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചതോടെ സംസ്ഥാന പ്രസിഡൻറ് സ്ഥാനാർഥിയെക്കുറിച്ചും ചർച്ചകൾ സജീവമായി. ഷാഫി പറമ്പിൽ എം.എൽ.എയുടെ പേര് മാത്രമാണ് എ ഗ്രൂപ്പിൽനിന്ന് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയരുന്നത്. കണ്ണൂർ ലോക്സഭ മണ്ഡലം പ്രസിഡൻറ് റിജിൽ മാക്കുറ്റി, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവരുടെ പേരുകളും മറ്റു ചില പേരുകളും ഐ ഗ്രൂപ്പിൽ നിന്നുയരുന്നുണ്ട്. നവംബർ 19ന് അംഗത്വ വിതരണം അവസാനിക്കും. ഇതോടെ നിലവിലുള്ള കമ്മിറ്റികൾ ഇല്ലാതാവും.
സംഘടന തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന മത്സരം ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ദോഷകരമാവുമെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിലുണ്ട്. ഇതിനാൽ, ലോക്സഭ കഴിയുന്നത് വരെ അഡ്ഹോക് കമ്മിറ്റികൾക്ക് രൂപം നൽകാനാണ് സാധ്യത. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സംഘടന തെരഞ്ഞെടുപ്പ്. 1983 ജനുവരി ഒന്നിന് ശേഷം ജനിച്ച 18 വയസ്സ് തികഞ്ഞവർക്കാണ് അംഗങ്ങളാവാൻ സാധിക്കുക. ഓൺലൈൻ മെംബർഷിപ്പിന് 75 രൂപയും ഓഫ്ലൈൻ മെംബർഷിപ്പിന് 125 രൂപയുമാണ് ഫീസ്. കഴിഞ്ഞ രണ്ട് സംഘടന തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പാണ് സംസ്ഥാന പ്രസിഡൻറ് സ്ഥാനം നേടിയത്. മുൻ എൻ.എസ്.യു പ്രസിഡൻറും എം.എൽ.എയുമായ ഹൈബി ഈഡൻ ഐ ഗ്രൂപ്പിെൻറ പ്രമുഖ യുവനേതാവാണെങ്കിലും സംസ്ഥാന പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിൽനിന്ന് പിടിച്ചെടുക്കുന്നതിന് സാധ്യത കുറവായതിനാൽ മത്സരത്തിനുണ്ടാവില്ല.
മുമ്പ് ഷാഫി പറമ്പിലിനെതിരെ ഐ ഗ്രൂപ്പിെൻറ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന റിജിൽ മാക്കുറ്റി ഇത്തവണയും സജീവമായി രംഗത്തുണ്ട്. എന്നാൽ, ഐ ഗ്രൂപ് നേതാവ് കെ. സുധാകരെൻറ നിലപാട് ഇതിൽ നിർണായകമാവും. രമേശ് ചെന്നിത്തലയോട് വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തുന്ന കെ.എസ്. ശബരീനാഥെൻറ പേരും കൂടി ഉയർന്നുവരുന്നുണ്ട്.
മുൻ എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്തും ഇത്തവണ ഐ വിഭാഗം തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്. ലോക്സഭ മണ്ഡലം കമ്മിറ്റികൾക്ക് പകരം ജില്ല കമ്മിറ്റികളായിരിക്കും ഇത്തവണ നിലവിൽ വരിക. ജില്ല പ്രസിഡൻറ് സ്ഥാനത്തേക്കും ഇതോടുകൂടി മത്സരം കനക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.