കോഴിക്കോട്: ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സ്ത്രീധനം മരണ വാറന്‍റാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ലെന്നും ഷാഫി ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ശബരീനാഥ്, സഹപ്രവർത്തകരായ പ്രേംരാജ്, എ.ആർ നിഷാദ്, രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വിസ്മയുടെ വീട് സന്ദർശിച്ചു.
സ്ത്രീധനം മരണ വാറന്‍റാണ്.
വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്‍റ്.
അതിന്‍റെ പേരിൽ കല്ല്യാണം കഴിച്ച് വരുന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്റെ തുടക്കമാണ്.
ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിൻ പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്.
നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്‍റെ ഉറപ്പ്
സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അർഹതയില്ലെന്ന പെൺകുട്ടിയുടെ ഉറപ്പ്
അവന് മകളെ കൊടുക്കില്ലെന്നും തന്‍റെ വീട്ടിലെ ആൺകുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ്
നിങ്ങളുടെ ജീവന്‍ ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുന്നിൽ ഹോമിക്കാനുള്ളതല്ല എന്ന പെൺകുട്ടികളുടെ ഉറപ്പ്.
യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസ് അതിന്‍റെ ഉത്തരവാദിത്തം നിറവേറ്റും.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ശബരീനാഥനും പ്രേംരാജും, ഏ.ആർ നിഷാദ്, രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങി യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർ വിസ്മയുടെ വീട് സന്ദർശിച്ചു.
തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ (24) ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.