കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ്

പാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. കെ.എസ്.ആർ.ടി.സി ഡ്രൈവർ സി.എസ്. ഔസേപ്പിനെതിരെയാണ് മനഃപൂർവമുള്ള നരഹത്യക്ക് ഐ.പി.സി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നുപേരുടെ മൊഴിയും അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ല വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തേ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് സംഭവം. പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിക്ക് സർവിസ് നടത്തിയ ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻകുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഒരുകാറിന്‍റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ ബസിന്റെ പങ്ക് വ്യക്തമായത്. 

അപകടം മനഃപൂർവമുണ്ടാക്കിയതെന്ന് സാക്ഷിമൊഴി

പാലക്കാട്: കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ യുവാക്കൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ മനഃപൂര്‍വം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഇടതുവശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു.

ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. 'ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മനഃപൂര്‍വം ലോറിയോട് ചേര്‍ത്ത് ബസ് അടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്. യാത്രക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്നും സാക്ഷി പറയുന്നു.

Tags:    
News Summary - Youth killed in KSRTC bus accident; No bail against the driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.