സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും യുവജന മാർച്ച് നടത്തി

തിരുവനന്തപുരം :തൊഴിൽ രഹിത യുവജനങ്ങളുടെ ദേശീയ പ്രക്ഷോഭ വേദിയുടെ (എ.ഐ.യു.വൈ.എസ്.സി) നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ യുവജനസംഗമത്തിലും രാജ്ഭവൻ മാർച്ചിലും യുവജന പ്രതിഷേധമിരമ്പി. പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സമര നേതാവ് എം വിഷ്ണു ഉദ്ഘാടനം ചെയ്തു.

അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ സാഹചര്യത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 56 ൽ നിന്നും 60 ആക്കി വർധിപ്പിക്കുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. 75000 പേർക്ക് ദീപാവലി സമ്മാനമായി ജോലി കൊടുക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി സർക്കാർ, പ്രതിവർഷം രണ്ട് കോടി പുതിയ തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞത് മറന്നു പോകരുത്.

റാങ്ക് ഹോൾഡേഴ്സിനെ വഞ്ചിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാരും സ്വീകരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നില്ലെങ്കിൽ ഉദ്യോഗാർത്ഥികളുടെ ശക്തമായ പ്രക്ഷോഭം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നിരന്തരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി ദേശീയ പ്രസിഡൻറ് ഇ.വി പ്രകാശ് അധ്യക്ഷത വഹിച്ചു.

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ യുദ്ധകാല നടപടികൾ സ്വീകരിക്കുക, സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക, എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തുക. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പിഎസ് സിയുടെ പ്രവർത്തനം സുതാര്യമാക്കുക, സ്വകാര്യമേഖലയിൽ എട്ടു മണിക്കൂർ തൊഴിൽ സമയവും സേവന - വേതന വ്യവസ്ഥകളും കൃത്യമായി നടപ്പിലാക്കുക, തൊഴിൽ നൽകുംവരെ പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന ധർണയിലും രാജ്ഭവൻ മാർച്ചിലും വിവിധ ജില്ലകളിൽ നിന്നായി നിരവധി ഉദ്യോഗാർഥികൾ അണിനിരന്നു.

എ.ഐ.യു.വൈ.എസ്.സി നേതാക്കളായ പി.കെ.പ്രഭാഷ്, കെ.ബിമൽജി, ടി.ഷിജിൻ, ആർ.ജയകൃഷ്ണൻ, ശരണ്യാരാജ്, അജിത് മാത്യു, അരവിന്ദ് വി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Youth march to Secretariat and Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.