യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: ജീവനക്കാർക്കെതിരായ നടപടി പൂർത്തിയാക്കണം -മനുഷ്യാവകാശ കമീഷൻ

തൊടുപുഴ: സംസാര വൈകല്യമുള്ള ബിരുദധാരിയായ യുവാവിനെ ക്രൂരമായി മർദിച്ച് കള്ളക്കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർവിസിൽ നിന്ന് സസ്പെന്‍റ് ചെയ്ത വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വനം ആസ്ഥാനത്തെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് (ഭരണ വിഭാഗം) കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.

മർദനമേറ്റ യുവാവ് ഉപ്പുതറ പൊലീസിൽ നൽകിയ പരാതിയിൽ നിലവിലെ അവസ്ഥ പീരുമേട് ഡിവൈ.എസ്.പി കമീഷനെ അറിയിക്കണം. രണ്ട് റിപ്പോർട്ടുകളും ഫെബ്രുവരി 21നകം സമർപ്പിക്കാനാണ് നിർദേശം. കേസ് ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും.

ഇടുക്കി കണ്ണംപടി മത്തായിപ്പാറ പുത്തൻപുരക്കൽ വീട്ടിൽ സരുൺ സജി സമർപ്പിച്ച പരാതിയിലാണ് നടപടി. കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ കേസിൽ തന്നെ കുടുക്കിയെന്നും ഉപജീവന മാർഗമായ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ മഹസർ തയാറാക്കുന്നതിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനം മേധാവി കമീഷനെ അറിയിച്ചു. അറസ്റ്റിൽ നടപടിക്രമം പാലിച്ചില്ല.

കിഴുകാനം ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലെനിൻ, ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൽ. മോഹനൻ, കെ.ടി. ജയകുമാർ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉദാസീന സമീപനം കൈക്കൊണ്ട ഇടുക്കി ഫോറസ്റ്റ് റേഞ്ച് ഓഫിസർ മുജീബ് റഹ്മാനിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടികജാതി, പട്ടികവർഗ ഗോത്ര കമീഷൻ നിർദ്ദേശാനുസരണം പരാതിയിൽ ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. വ്യാജരേഖ ചമച്ച് കള്ളക്കേസുണ്ടാക്കി തന്നെ 11 ദിവസം അന്യായമായി ജയിലിൽ അടച്ചെന്നും പരാതിയിൽ പറയുന്നു. 35 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യമുണ്ട്. വനം വകുപ്പ് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കമീഷൻ നിർദേശിച്ചു.

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സി​റ്റി​ങ്​ ഇ​ന്ന്

തൊ​ടു​പു​ഴ: മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​തൊ​ടു​പു​ഴ പി.​ഡ​ബ്ലി​യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ സി​റ്റി​ങ് ന​ട​ത്തും.

Tags:    
News Summary - youth was caught in a false case: Action against the employees should be completed - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.