കൊച്ചി: 'മൂന്ന് ശൗചാലയം നിലവിലുണ്ട്. നാലാമത് വേണമെങ്കിൽ സ്വന്തം ചെലവിൽ നിർമിച്ചോളാം. പെട്രോൾ ലിറ്ററിന് 50 രൂപക്ക് നൽകൂ' -തെൻറ ബാഗിന് പിന്നിൽ പേപ്പറിൽ ഈ വാചകങ്ങൾ എഴുതി പതിച്ച് നോർത്ത് പറവൂർ ടൗണിലൂടെ ബൈക്ക് ഓടിച്ചുപോവുകയാണ് ഒരുയുവാവ്.
കൗതുകത്തോടെ ഇത് വായിച്ച് കാരണം അന്വേഷിച്ചാൽ, പൊറുതിമുട്ടി വേറിട്ട പ്രതിഷേധത്തിനിറങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് മുൻ ക്ഷേത്രം ശാന്തിയും ഫിറ്റ്നസ് ട്രെയിനറുമായ അനു സൂരജ് വ്യക്തമാക്കും.
ലിറ്ററിന് 50 രൂപക്ക് പെട്രോൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയിട്ടും വിലക്കയറ്റം തടയാത്ത സർക്കാറിനെതിെരയാണ് ഈ ഒറ്റയാൾ പോരാട്ടം.
ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ചോദിക്കുമ്പോൾ ശൗചാലയം നിർമിക്കുന്നതിന് പണം ചെലവിടുകയാണെന്ന് ന്യായീകരിച്ച ബി.ജെ.പി നേതാക്കളെ പേരെടുത്ത് പറയാതെ അദ്ദേഹം പരിഹസിക്കുന്നു.
താനൊരു രാഷ്ട്രീയപാർട്ടിയിലും അംഗത്വമുള്ള ആളല്ല. ഏതാനും നാളുകളായി ഈ പ്രതിഷേധം ആരംഭിച്ചിട്ട്. തെരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ടി മാത്രം വാഗ്ദാനം ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കരുത്.
ഇത്രയും നാൾ ഉപയോഗിച്ചിരുന്ന ന്യൂജൻ ബൈക്ക് ഉപേക്ഷിച്ച് താരതമ്യേന മൈലേജ് കൂടുതൽ കിട്ടുന്ന പ്ലാറ്റിനയിലാണ് ഇപ്പോൾ യാത്ര. പ്രതിഷേധിച്ചാൽ ഒറ്റപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നുമുള്ള ഭയമാണ് പലർക്കും. പ്രതിഷേധിച്ചതുകൊണ്ട് ഒരുപേക്ഷ തനിക്ക് നാളെ എന്തെങ്കിലും നഷ്ടങ്ങളുണ്ടായേക്കാം. എന്നാൽ, പറയാനുള്ളത് പറയുകതന്നെ വേണം.
അച്ഛൻ പരേതനായ കെ.ആർ. പവനൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ട അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഭരണാധികാരികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമായിരുന്നു.
അമ്മ ലതിക റിട്ട. സംസ്കൃതം അധ്യാപികയാണ്. താനൊരു തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്. വർഗീയതയിലൂടെ ഭരണം നേടുന്നവർക്കെതിരെകൂടിയാണ് തെൻറ പ്രതിഷേധമെന്നും അനു സൂരജ് 'മാധ്യമ'ത്തോട് പറഞ്ഞു.
കുഞ്ചൻ നമ്പ്യാരുടെ കേരളത്തിൽ ആക്ഷേപഹാസ്യത്തിലൂടെ പ്രതിഷേധിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.