ചാവക്കാടന്‍ സൗഹൃദങ്ങളില്‍ യൂസുഫ് ഇനി ഓര്‍മച്ചിത്രം

ചാവക്കാട്: ബാല്യകാല ഓര്‍മകള്‍ തിരതല്ലുന്ന ചാവക്കാടിന് യൂസുഫ് അറക്കലിന്‍േറതായി അവശേഷിച്ചത് കളിക്കൂട്ടുകാരുടെ മായാത്ത ഓര്‍മ. ചാവക്കാടിനടുത്ത് തൊട്ടാപ്പെന്ന കടലോരഗ്രാമമായിരുന്നു യൂസുഫിന്‍െറ ചിന്തകളെ ചിത്രങ്ങളിലേക്ക് അടുപ്പിച്ചത്. ആകെ അഞ്ചോ ആറോ കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്ന ആ ഗ്രാമവും കടലും ആദ്യകാല ചിത്രങ്ങളിലെ സ്ഥിരം വിഷയമായിരുന്നു.

യുസുഫിന്‍െറ പിതാവ് വലിയകത്ത് കുഞ്ഞുമൊയ്തീന്‍, ഇസ്മായില്‍ സേട്ട് എന്ന ധനാഢ്യന്‍െറ തെങ്ങിന്‍ തോട്ടം നോക്കിനടത്തി വരുകയായിരുന്നു. അറക്കല്‍ എന്നത് ഉമ്മ മുംതാസ് എന്ന താജുമ്മയുടെ വീട്ടുപേരാണ്. മൂന്ന് മക്കളില്‍ ഇളയവനാണ് യൂസുഫ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. മക്കളില്‍ മൂത്തവരായ ഖാലിദും മുനീറും അടുത്തകാലത്താണ് മരിച്ചത്. ഇവര്‍ ജീവിച്ച വീടുകളൊന്നും തൊട്ടാപ്പില്‍ ഇപ്പോഴില്ല.

ഏകാന്തത ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതം. ആദ്യകാല പഠനം മാട്ടുമ്മല്‍ എ.എം.എല്‍.പി സ്കൂളില്‍. പലപ്പോഴും ക്ളാസില്‍ കയറാറില്ല. പക്ഷേ, പഠനത്തില്‍ പിന്നിലായിരുന്നില്ളെന്ന് സഹപാഠി സുലൈഖ ഓര്‍ക്കുന്നു.14ാം വയസ്സില്‍ ചിത്രരചനയുടെയും ഭാവനയുടെയും തീപ്പൊരി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കാണാനായ ഒരു ചിത്രം എല്ലാവരുടെയും ഓര്‍മയിലുണ്ട്. 40 വര്‍ഷത്തിനപ്പുറമുള്ള ജന്മനാടിന്‍െറ ചിത്രം. ശരിക്കും ഇന്നത്തെ തൊട്ടാപ്പിന്‍െറ നേര്‍ചിത്രം. ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നുന്നുവെന്ന് യൂസുഫിന്‍െറ അടുത്ത സുഹൃത്ത് അഡ്വ. കുഞ്ഞിമുഹമ്മദ് പറയുന്നു. ചിത്രം ഇപ്പോള്‍ ലഭ്യമല്ളെന്ന സങ്കടത്തിലാണ് ഇദ്ദേഹം.

പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ വരക്കുന്ന ചിത്രങ്ങള്‍ തെങ്ങില്‍ ഒട്ടിച്ച് പ്രദര്‍ശനം നടത്തിയിരുന്നത് കൂട്ടുകാരിയായിരുന്ന ജമീലയുടെ ഓര്‍മയിലുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ മനോഹരചിത്രങ്ങള്‍ അവയില്‍ ഉണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനല്ളെങ്കിലും അധ്യാപകരുടെ വഴക്ക് യൂസുഫിന് കേള്‍ക്കേണ്ടിവന്നിട്ടില്ല. കാരണം, അദ്ദേഹത്തിന്‍െറ വാഗ്പാടവമായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. സ്കൂളില്‍ പഠിപ്പിക്കുന്ന പാഠവും പഠിപ്പിക്കാത്ത പഠ്യേതര കാര്യങ്ങളും അധ്യാപകര്‍ ചോദിച്ചാല്‍ വ്യക്തമായി പറയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എ.ഇ.ഒമാരുടെ ചോദ്യങ്ങള്‍ നേരിടാന്‍ അധ്യാപകര്‍ മുന്‍ സീറ്റില്‍ തന്നെ കൊണ്ടുവന്ന് ഇരുത്തിയിരുന്നത് യുസുഫിനെയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 57ലെ ആദ്യ കമ്യൂണിസ്റ്റ് ഭരണം വരുന്നത്. ആ കാലത്തും മുഖ്യമന്ത്രി ഇ.എം.എസിന്‍െറയും കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ളയുടെയും കാര്‍ട്ടൂണ്‍ വരച്ച് സഹപാഠികളെയും അധ്യാപകരെയും അദ്ഭുതപ്പെടുത്തി.

15ാം വയസ്സില്‍ 1960ലാണ് യൂസുഫ് നാടുവിട്ടത്. ചെന്നുപെട്ടത് ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ജ്യേഷ്ഠന്‍ മുനീറിന്‍െറ അടുത്ത്. ഈ ജീവിതമായിരുന്നു വഴിത്തിരിവായത്. പിന്നീട് 1969ല്‍ എം.എഫ് ഹുസൈനുമായി ചാവക്കാട്ടെ തൊട്ടാപ്പിലെ വീട്ടിലത്തെിയത് കുഞ്ഞിമുഹമ്മദ് വക്കീലിന് നല്ലയോര്‍മയുണ്ട്. 17 വര്‍ഷം മുമ്പ് 1999ലാണ് യൂസുഫ് ചാവക്കാട്ട്  അവസാനമത്തെിയത്. തന്‍െറ വീട്ടിലത്തെി സന്തോഷപൂര്‍വം മടങ്ങിയ ആ ദിവസങ്ങളോര്‍ക്കുമ്പോള്‍ കുഞ്ഞിമുഹമ്മദിന് ദു$ഖം അടക്കാനാകുന്നില്ല.

 

Tags:    
News Summary - yusuf arakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.