വള്ളിക്കുന്ന്: കടലുണ്ടിപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. നാല് സുഹൃത്തുക്കൾ രക്ഷപ്പെട്ടു. അരിയല്ലൂർ സ്കൂളിന് സമീപത്തെ എണ്ണക്കളത്തിൽ കറപ്പെൻറ മകൻ നികേഷ് (22), ചിറയരുവിൽ വേലായുധെൻറ മകൻ വനീഷ് (28) എന്നിവരാണ് മരിച്ചത്.
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലായിരുന്നു അപകടം. ചിറയരുവിൽ ശ്രീജിത്ത്, ചിറയരുവിൽ സുബീഷ്, തറയൊടിയിൽ സുരേഷ്ബാബു എന്നിവരോടൊപ്പം കടലുണ്ടി വാവുത്സവം കാണാനെത്തിയ ഇരുവരും സുഹൃത്ത് കടലുണ്ടി സ്വദേശി ഷിജുവിനോടൊപ്പം കണ്ടൽക്കാടുകൾ കാണാൻ യാത്ര തിരിച്ചതായിരുന്നു. ബാലാതിരുത്തി ദ്വീപിന് സമീപത്തെ ചെറിയതിരുത്തി ദ്വീപിൽ എത്തുന്നതിന് തൊട്ടുമുമ്പ് തോണി മറിഞ്ഞു. മൂന്നുപേർ തോണിയിൽ പിടിച്ച് രക്ഷപ്പെട്ടു.
ഒഴുക്കിൽപെട്ട രണ്ടുപേരെയും രക്ഷപ്പെടുത്താൻ ഷിജു ഏറെനേരം ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിപ്പോയി. പരിസരവാസികളും മത്സ്യത്തൊഴിലാളികളും ബോട്ടിലും തോണിയിലുമായി നടത്തിയ തിരച്ചിലിൽ ആദ്യം ഒരാളുടെയും പിന്നീട് രണ്ടാമത്തെയാളുടെയും മൃതദേഹം ലഭിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വനീഷ് ടൈൽസ് തൊഴിലാളിയാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: ജയേഷ്, ജയശ്രീ. നികേഷ് ഫർണിച്ചർ തൊഴിലാളിയാണ്. തങ്കമാണ് മാതാവ്. സഹോദരങ്ങൾ: നിഷാദ്, നിഷിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.