ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനംചെലുത്തിയത് യാത്രകൾതന്നെയാണ്. കുട്ടിക്കാലം മുതൽ യാത്ര എന്ന സ്വപ്നം മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്. യാത്രകള്‍ എപ്പോഴും ഊർജമാണ്; ഇഷ്‌ടമുള്ള കാഴ്ചകള്‍ കണ്ട് തോന്നുന്ന ഇടങ്ങളിലേക്ക് പോയി, ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ച് സന്തോഷം മാത്രം കണ്ടെത്തണം. യാത്രകൾ നൽകുന്ന ഉന്മേഷവും ഊര്‍ജവും മറ്റൊന്നിനും നൽകാനാവില്ല.
ജീവിതത്തിൽ പല മാറ്റങ്ങളും പുതുചിന്തകളും യാത്രകൾ സമ്മാനിക്കാറുണ്ട്. ഓരോ യാത്രയും അനുഭവങ്ങളുടെ ഘോഷയാത്രയാണ്. കുട്ടിക്കാലത്ത് വായിച്ചും കണ്ടും കേട്ടും അറിഞ്ഞ ലോകാത്ഭുതങ്ങളും വിസ്മയങ്ങളും നിർമിതികളും ചരിത്രഭൂമിയും കൈയെത്തുംദൂരത്ത് കൺമുന്നിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിരും സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്. നേരിട്ട് കണ്ടറിയുക, തൊട്ടറിയുക, സ്വന്തമായി അനുഭവിക്കുക ഇവയെല്ലാം യാത്രകളിലൂടെ മാത്രം കിട്ടുന്ന അനുഭൂതികളാണ്.
പ്രോഗ്രാമിെൻറ ഭാഗമായും അല്ലാതെയും ഇന്ത്യക്കകത്തും പുറത്തും നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാ യാത്രകളും വ്യത്യസ്ത അനുഭവങ്ങളാണ്. സന്തോഷിപ്പിച്ചതും ഭയപ്പെടുത്തിയതും ചിരിപ്പിച്ചതും അത്ഭുതപ്പെടുത്തിയതും ചിന്തിപ്പിച്ചതുമായ കുറേയധികം അനുഭവങ്ങൾ. ഒരു സ്ഥലം സന്ദർശിച്ച് മടങ്ങുക എന്നതിലുപരി അവിടത്തെ ചരിത്രം ഉൾപ്പെടെ സകല സംഭവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യംകൂടി എെൻറ യാത്രക്കുണ്ട്.
ബൈക്ക് യാത്രകളോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽ ബൈക്കിൽ മാത്രം യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നഗരങ്ങളിലാണ്. ആളുകൾ കൂടുതല്‍ പറ്റിക്കപ്പെടുന്നത് അവിടെയാണ്. സഹായിക്കാന്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വരുക. എന്നാല്‍, ഗ്രാമത്തില്‍ കൂടുതലും സഹായം അഭ്യർഥിച്ചാല്‍ അവർ കൈയൊഴിയില്ല. നമ്മള്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്നറിഞ്ഞാല്‍ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കുന്നവർ വരെയുണ്ട്. അത്രയും സ്‌നേഹം നിറഞ്ഞ കുറേയധികം സ്ഥലങ്ങളുണ്ട് നമ്മുടെ ഇന്ത്യയില്‍.
യാത്രക്കിടെ അത്ഭുതപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടെങ്കിലും മനസ്സിൽ മായാതെ കിടക്കുന്നത് 2010ൽ ശ്രീനഗർ - കന്യാകുമാരി ബൈക്ക് യാത്രക്കിടെയുണ്ടായ അനുഭവമാണ്. ഏതാണ്ട് അരലക്ഷം രൂപയുടെ കാമറയും ഒപ്പം അത്യാവശ്യം വേണ്ട വസ്ത്രങ്ങളും ജാക്കറ്റുമെല്ലാം ബൈക്കിന് പിറകിൽ വെച്ചാണ് യാത്ര.
ഗുജറാത്ത് - മുംെബെ റൂട്ടിലാണ് യാത്ര. മനോഹരമായ കാഴ്ചകളും കണ്ടാസ്വദിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ദാഹവും ക്ഷണീവും മാറ്റി വിശ്രമിക്കണമെന്ന് തോന്നിയത്. റോഡിന് വശത്തുള്ള ദമ്പതികൾ നടത്തുന്ന ഒരു കരിമ്പിൻ ജ്യൂസ് കടക്കരികെ ബൈക്ക് നിർത്തി. മരങ്ങൾക്ക് താഴെ തണലത്താണ് കട.
ഇറങ്ങി, ജ്യൂസ് ഓർഡർ ചെയ്തു. ജാക്കറ്റും കാമറയും അഴിച്ച് മരച്ചില്ലയിൽ അടുത്തടുത്തായി തൂക്കിയിട്ടു. നിരനിരയായി മരങ്ങളായതുകൊണ്ട് ഊർജമേകുന്ന അന്തരീക്ഷമായിരുന്നു. മനസ്സിനും കണ്ണിനും കുളിരേകുന്ന കാഴ്ചകളും അനുഭൂതി സമ്മാനിച്ചു. പൊരിവെയിലിലും കടുത്ത ചൂടിലും യാത്രചെയ്ത് ക്ഷീണം അലട്ടിത്തുടങ്ങിയ എനിക്ക് ആ തണൽ സ്വർഗീയ സുഖമാണ് നൽകിയത്. ഏതാണ്ട് അരമണിക്കൂറോളം അവിടെ ഇരുന്നു. ക്ഷീണം മാറ്റി ദമ്പതികളോട് യാത്ര പറഞ്ഞ് വീണ്ടും യാത്രതുടർന്നു.
കുറച്ചു മുന്നോട്ടുപോയപ്പോൾ സൂര്യാസ്തമയമായി. ചുറ്റുപാടും നിറമുള്ള കാഴ്ചയും കുളിർകാറ്റും. ചിത്രങ്ങൾ പകർത്താനായി വേഗത്തിൽ കാമറ തപ്പി, കാണുന്നില്ല. നെഞ്ചിടിപ്പോടെ വസ്ത്രങ്ങളിട്ട ബാഗെല്ലാം പരിശോധിച്ചു. ഇല്ല, കാണുന്നില്ല. ഇരുട്ടിനൊപ്പം എെൻറ ഭയവും ഇരട്ടിച്ചു.
വഴിയിലുടനീളം പകർത്തിയ ചിത്രങ്ങളും വിഡിയോകളുമെല്ലാം മനസ്സിൽ വന്നുപോയിക്കൊണ്ടിരിക്കുന്നു. അത്രയേറെ കാഴ്ചകളുണ്ട് ആ കാമറയിൽ. പല ആവർത്തി ബാഗിൽ തിരഞ്ഞു, ഇനി തിരഞ്ഞിട്ട് കാര്യമില്ല. എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.പെട്ടെന്ന് ബൈക്കെടുത്ത് വന്നവഴി തിരിച്ചുവിട്ടു. കരിമ്പിൻ ജ്യൂസ് കടയിൽമാത്രാണ് അവസാനമായി ബൈക്ക് നിർത്തി ഇറങ്ങിയത്.
അവിടന്ന് മടങ്ങുമ്പോൾ കാമറ എടുത്തെന്ന് മനസ്സുപറഞ്ഞു, എങ്കിലും... ഇനി വഴിയിലെങ്ങാനും കളഞ്ഞുപോയോ... ഹൃദയമിടിപ്പ് കൂടുന്നതിനൊപ്പം തൊണ്ടയും വറ്റിവരണ്ടു. സമയം ആറ് മണി കഴിഞ്ഞിട്ടുണ്ട്. എത്ര വേഗത്തിൽ ഓടിച്ചിട്ടും ബൈക്ക് എത്താത്ത പോലെ തോന്നി. മനസ്സ് നിറയെ കാമറ മാത്രം.
തിരികെ കുറേ സഞ്ചരിച്ചു. ഏതാണ്ട് ഏഴ് മണി കഴിഞ്ഞു. രാത്രിയായതുകൊണ്ടുതന്നെ ഒന്നും വ്യക്തമല്ലെങ്കിലും വഴിയരികിൽ കരിമ്പ് ജ്യൂസ് കടകൾ പലതും കണ്ടു. ജ്യൂസ് കുടിച്ചിരുന്ന കട മാത്രം കാണുന്നില്ല. കിതപ്പ് കൂടി. പേടിയോടെയും വെപ്രാളത്തോടെയും ബൈക്ക് ഓടിക്കുന്നതുകൊണ്ട് മങ്ങിയ കാഴ്ചകളാണ് മുന്നിലെല്ലാം കാണുന്നത്.
ഏകദേശ ധാരണവെച്ച് അവസാനം ആ ജ്യൂസ് കടക്ക് മുന്നിലെത്തി. നിറഞ്ഞ ചിരിയോടെയാണ് ആ ദമ്പതികൾ എന്നെ സ്വീകരിച്ചത്. 'എന്താ സർ, വന്നേ' - ഹിന്ദിയിൽ ചോദിച്ചു. എെൻറ കിതപ്പും വെപ്രാളവും കണ്ടായിരിക്കാം വെള്ളം കുടിക്കാൻ തന്നത്. അൽപം കുടിച്ചശേഷം ചുറ്റുപാടും കണ്ണോടിച്ചുനോക്കി. ഇവിടെയും കാമറ കണ്ടില്ലെങ്കിൽ...ദേ കിടക്കുന്ന, ഒരു കമ്പിൽ തൂക്കിയിട്ട കാമറ, ഓടിച്ചെന്ന് അതെടുത്തു.
'ഇത് നിങ്ങളുടേതായിരുന്നോ സർ, ഞങ്ങൾ ആരാണ് ഇത് മറന്നുവെച്ച് എന്ന് പറഞ്ഞിരിക്കുകയായിരുന്നു' -അവർ എന്നെ നോക്കി ചോദിച്ചു. അത്ഭുതവും സന്തോഷവും തോന്നിയ നിമിഷം, കണ്ണ് നിറഞ്ഞു. കാമറയേക്കാൾ കൂടുതൽ വിലയാണ് അതിലെ ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും. അവരോട് ഒരുപാട് നന്ദി പറഞ്ഞു. പഴ്സിൽനിന്ന് 500 രൂപയെടുത്ത് അവർക്ക് നേരേ നീട്ടി. ഇത് നിങ്ങൾക്കുള്ളതാണ്, വാങ്ങിക്കൂ എന്ന് പറഞ്ഞു. അവർ വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും എെൻറ നിർബന്ധത്തിന് വഴങ്ങി.
സാധാരണക്കാരിൽ സാധാരണക്കാരായ തനി ഗ്രാമീണർ, സാമ്പത്തികമായി പ്രയാസപ്പെടുന്നവർ. വേണമെങ്കിൽ അവർക്കത് കൈക്കലാക്കാമായിരുന്നു. പക്ഷേ, ചെയ്തില്ല. ആരോ മറന്നുവെച്ചതാണെന്ന് അവർക്കറിയാം. അതുകൊണ്ടാകാം ബാഗ് മാറ്റിവെക്കാതിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഇത്തരം മനുഷ്യർ കുറേയധികം ഉണ്ട്. നിഷ്കളങ്കരായ നന്മയുള്ള മനുഷ്യർ. അവർ നമ്മെ അത്ഭുതപ്പെടുത്തുന്നത് പെരുമാറ്റവും സ്നേഹവും കൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.