മാലാ പാർവതി
തട്ടിപ്പുവാർത്തകൾ പുറത്തുനിന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നും എങ്ങനെയാണ് പറ്റിക്കപ്പെടുന്നതെന്ന്. ഫോൺ കട്ട് ചെയ്താൽ പോരെ, കോമഡിയായി കണ്ടാൽ പോരെ എന്നൊക്കെ. എന്നാൽ, നമ്മൾ കേസിൽ അകപ്പെട്ടു എന്ന് പറഞ്ഞ് വിളിക്കുന്നവരോട് ഒന്ന് സംസാരിച്ച് തുടങ്ങിയാൽ ലോജിക് വർക്കാകില്ല. അത്രയും കൺവിൻസിങ് ആക്കിയാണ് അവർ സംസാരിക്കുക.
ഇ.ഡി യഥാർഥത്തിൽ അറസ്റ്റ് ചെയ്ത എൻ.സി.പി എം.എൽ.എ നവാബ് മാലിക് നമ്മുടെ ആധാർ കാർഡ് ഉപയോഗിച്ചതായി കണ്ടു എന്ന് പറയുമ്പോൾ, മനസ്സിലെത്തിയത് നോട്ട് നിരോധന കാലത്ത് ഉപയോഗിക്കാത്ത അക്കൗണ്ടുകളിലൂടെ ലക്ഷങ്ങൾ മാറി എന്ന വാർത്തയൊക്കെയാണ്.
ഇങ്ങനെ ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് അവർ ഓരോന്ന് പറയുന്നത്. അത് വല്ലാത്ത ഭയം നമ്മളിലുണർത്തും. ഒരുപാട് പണമോ കള്ളത്തരമോ ഇല്ലാത്തതുകൊണ്ടും വലിയ പേടി തോന്നിയില്ല. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ട് അധികം ദിവസമായിരുന്നില്ല. കണക്കില്ലാത്ത ഒരു പണവും എന്‍റെ അക്കൗണ്ടിൽ വന്നിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
അതുകൊണ്ട്, നിങ്ങളുടെ അക്കൗണ്ടിലൂടെ പണം വന്നുപോയിട്ടുണ്ടാകും എന്ന് പറഞ്ഞപ്പോൾ ഇല്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റി. എന്നാലും അവർ ഓരോന്ന് പറയുമ്പോൾ നമ്മളും ഓരോ മറുപടി കൊടുത്തുപോകും. ആ രീതിയിലാണ് അവരുടെ സംസാരം. ട്രെയിൻഡ് ആക്ടേഴ്സ് ആണവർ.
ആദ്യത്തെയാൾ കുറച്ച് മറാത്തിയും ഹിന്ദിയും ചേർന്ന് സംസാരിക്കും. അടുത്തയാൾ നല്ല ഹിന്ദി മാത്രം. മൂന്നാമൻ ഹിന്ദിയും ഇംഗ്ലീഷും കലർത്തിയാകും സംസാരം. അവസാനത്തെയാൾ ഭയങ്കര സ്റ്റൈലിഷ് ഇംഗ്ലീഷിൽ ആകും. പിറകിൽ വാക്കി ടോക്കിയുടെ ശബ്ദം ഒക്കെ കേൾക്കുമ്പോൾ സംശയിക്കാൻ പോലും തോന്നില്ല.
രണ്ട് മൂന്ന് മണിക്കൂർ ആണ് ഫോൺ കാൾ തുടർന്നത്. ഞങ്ങൾ കാര്യങ്ങൾ ഒന്ന് അന്വേഷിക്കട്ടെ, ഹോൾഡ് ചെയ്യൂ എന്ന് പറഞ്ഞ് കുറെ സമയം പോകും. ഇത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചപ്പോൾ ഐ.ഡി കാർഡിന്‍റെ ഫോട്ടോ അയച്ചുതന്നു.
അതിലെ വിവരങ്ങൾ ഞാൻ ഗൂഗ്ൾ ചെയ്തപ്പോൾ അങ്ങനെ ഒരു ഓഫിസറുടെ വിവരമില്ല. എന്നാൽ, ഒരു ട്വീറ്റ് കണ്ടു, പ്രകാശ് കുമാർ, നരേഷ് ഗുപ്ത ബാനർജി എന്നീ പേരുകളിൽ തന്നെ വിളിച്ച് തട്ടിപ്പ് നടത്തിയതിനെ കുറിച്ച് 2023 ജനുവരിയിൽ ഒരു യുവതി എക്സിൽ എഴുതിയ ആ കുറിപ്പാണ് തട്ടിപ്പാണെന്ന് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.