മഞ്ഞുവീണതറിഞ്ഞില്ല, വെയിൽ വന്നുപോയതറിഞ്ഞില്ല...’ എന്ന് കേൾക്കുമ്പോഴേക്കും മനസ്സിലേക്ക് നദിയ മൊയ്തു പെയ്തിറങ്ങും. 38 വർഷം മുമ്പ് ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിൽ ‘വല്യമ്മച്ചിയുടെ ഗേളി’യായി മലയാളി മനസ്സിലേക്ക് കുടിയേറിയതാണ് മലയാളം പറയുന്ന ഈ മുംബൈക്കാരി.
ഗേളിയിൽനിന്ന് ശ്യാമയായും ജൂഡിയായും നീതയായുമൊക്കെ വേഷപ്പകർച്ച നടത്തിയ അവർ വലിയ ഒരു ഇടവേളക്കുശേഷം മലയാളസിനിമയിൽ വീണ്ടും നിറയുകയാണ്ഭീഷ്മപർവത്തിലെ ഫാത്തിയായും വണ്ടർ വിമനിലെ നന്ദിതയായും വേഷപ്പകർച്ചകൾ. അപ്പോഴും പഴയ ഗേളിയുടെ അതേ മുഖവും രൂപവും. ആരെയും അമ്പരപ്പിക്കുന്ന ഈ ഫിറ്റ്നസ് രഹസ്യങ്ങൾ ‘മാധ്യമം കുടുംബ’വുമായി പങ്കുവെക്കുകയാണ് നദിയ മൊയ്തു...
നോക്കെത്താ ദൂരത്തിലെ ഗേളിയിൽനിന്ന് വണ്ടർ വിമനിലെ നന്ദിതയിലേക്ക് വർഷങ്ങളുടെ ഇടവേളയുണ്ട്. എന്നാൽ, കഥാനായികക്ക് പറയത്തക്ക മാറ്റമൊന്നുമില്ല.
എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിർത്തുന്നത്?
ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നത് സത്യത്തിൽ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. എന്റെ പപ്പയുടെയും മമ്മിയുടെയും ജീൻ ആണ് എനിക്ക്. അധികം വണ്ണംവെക്കാത്ത, പ്രായം തോന്നിക്കാത്ത ശരീരപ്രകൃതമാണ് അവരുടേത്. ഫിറ്റ്നസ് നിലനിർത്താൻ നന്നായി ശ്രമിക്കുന്നുണ്ട്. യോഗ ചെയ്യാറുണ്ട്. കൂടാതെ എക്സർസൈസും.
കേരളത്തിലാണ് വേരുകൾ. എങ്കിലും ജനിച്ചതും വളർന്നതും മുംബൈയിൽ. എങ്ങനെ ഇത്രയും ഭംഗിയായി മലയാളം സംസാരിക്കുന്നു?
അയ്യോ...ശരിക്കും പറഞ്ഞാൽ നോക്കെത്താദൂരം ചെയ്യുമ്പോൾ എന്റെ മലയാളം അത്ര പോരായിരുന്നു. വീട്ടിൽ മലയാളം സംസാരിക്കും എന്നല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ മറ്റു ഭാഷകളാണ് ഉപയോഗിക്കുക. മുംബൈയിൽ സ്കൂൾ പഠനം ഒരു ഗുജറാത്തി സ്കൂളിലായിരുന്നു.
അതിനാൽ ഗുജറാത്തി നന്നായി സംസാരിക്കും. ഹിന്ദി, ഇംഗ്ലീഷ് അങ്ങനെ മറ്റു ഭാഷകളും അറിയാം. സിനിമയിലെത്തിയപ്പോൾ മറ്റുള്ള ആർട്ടിസ്റ്റുകളുമായി സംസാരിച്ച് ശീലമായപ്പോൾ മലയാളം മെച്ചപ്പെട്ടു. കസിൻസ് തലശ്ശേരിയിലും തിരുവല്ലയിലും ഒക്കെയുണ്ട്. ഇടക്ക് നാട്ടിൽ വരുമ്പോൾ അവരെ പോയി കാണും.
എത്രസമയം വർക്കൗട്ടിനായി ഉപയോഗിക്കും?
ചുരുങ്ങിയത് ഒരു മണിക്കൂർ. നടക്കാൻ ഒരുപാട് ഇഷ്ടമാണ്. നടന്നെത്താൻ പറ്റുന്ന ദൂരമേയുള്ളൂവെങ്കിൽ വാഹനം ഉപയോഗിക്കില്ല. വീട്ടിൽ ജിം സൗകര്യം ഒന്നുമില്ല. അതിനാൽ, പുറത്ത് ജിമ്മിൽ വെയ്റ്റ് ട്രെയിനിങ് ചെയ്യും. പെണ്ണുങ്ങൾക്ക് വെയ്റ്റ് ട്രെയിനിങ് ഒരുപാട് നല്ലതാണ്. കാരണം, ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ ബോൺസ് ഡെൻസിറ്റി കുറയും. അത് കാത്തുസൂക്ഷിക്കാൻ വെയ്റ്റ് ട്രെയിനിങ്ങിന് കഴിയും.
ഒരുപാട് വെയ്റ്റ് ഒന്നും എടുക്കണമെന്നില്ല. നമുക്ക് താങ്ങാൻ പറ്റുന്ന വെയ്റ്റ് വെച്ച് ചെയ്യുക. ഓരോ ശരീരഭാഗത്തിനും അനുയോജ്യമായ വെയ്റ്റ് എടുക്കുക. കാലിന് ഒരുപാട് വെയ്റ്റ് താങ്ങാൻ പറ്റും. കൈക്ക് കുറഞ്ഞതേ പറ്റു. ഇതെല്ലാം ഓരോരുത്തരുടെയും ശരീരം അനുസരിച്ചിരിക്കും. കാണുമ്പോൾ നമുക്ക് ഒരുപാട് വെയ്റ്റ് ഒക്കെ പൊക്കാമെന്നു തോന്നും. എന്നാൽ, പരിക്ക് പറ്റാതെ നോക്കേണ്ടതും അനിവാര്യമാണ്. ഒരിക്കൽ പരിക്ക് പറ്റിക്കഴിഞ്ഞാൽ അത് ഭേദമാകാൻ കുറെസമയം എടുക്കും. പ്രായം കൂടുതലാണെങ്കിൽ പരിക്ക് ഭേദമാകാൻ കുറച്ചുകൂടി സമയമെടുക്കും.
എത്രകാലമായി എക്സർസൈസ് ചെയ്യുന്നു?
എക്സർസൈസ് ജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. ചെറുപ്പംതൊട്ടേ വലിയ താൽപര്യമാണതിൽ. എക്സർസൈസ് ചെയ്യുമ്പോൾ ശരീരത്തിന് മാത്രമല്ല, മനസ്സിനും അതിന്റെ ഗുണം ലഭിക്കുന്നു. ഒരുപാട് കാലമായി ഈ രീതിയിലാണ് ജീവിതം. ചെറുപ്പത്തിൽ സ്പോർട്സിൽ സജീവമായിരുന്നു. ട്രാക്ക് ഇവന്‍റ്സ് ഒക്കെ ചെയ്യുമായിരുന്നു. സ്കൂളിനും കോളജിനുമായി ത്രോബാൾ കളിച്ചിട്ടുണ്ട്. അങ്ങനെ സ്പോർട്സ് ശീലമായി മാറി. അതിൽ വലിയ സന്തോഷം തോന്നിയിരുന്നു.
സിനിമയും വർക്കൗട്ടും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?
സിനിമയിൽ ഫിറ്റ്നസ് അനിവാര്യമായ കാര്യമൊന്നുമല്ല, എന്നാൽ, ഫിറ്റ്നസ് നമ്മുടെ ജീവിതത്തിന്റെ നിലനിൽപിന്റെ കാര്യമാണ്. അഞ്ചുമിനിറ്റ് നടന്നുകഴിഞ്ഞാൽ കിതക്കുന്നു എങ്കിൽ നമ്മുടെ ബോഡിക്ക് എന്തോ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കാം.
നമ്മുടെ ശരീരം കുറച്ചുകൂടി എളുപ്പത്തിൽ മൂവ് ചെയ്യാൻ ഫിറ്റ്നസ് ആവശ്യമാണ്. ഒരു ജോലിയും ചെയ്യുന്നില്ലെങ്കിലും നിത്യജീവിതത്തിൽ ഫിറ്റ്നസ് ഇല്ലാതെ പറ്റില്ല. കാരണം, അടുക്കളയിൽ ചെന്ന് കൈയെത്തിച്ച് ഒന്നും എടുക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാ ജീവിക്കുക?
ഡയറ്റിങ് ഒക്കെയുണ്ടോ. പ്രത്യേക ഫുഡ് ചാർട്ട്?
എക്സർസൈസ് ചെയ്യാൻ ഇഷ്ടമുള്ളതുകൊണ്ട് ഭക്ഷണത്തിന് നിയന്ത്രണമൊന്നും വെക്കാറില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. നന്നായി എക്സർസൈസ് ചെയ്യും. ഇതാണ് പോളിസി. നല്ല ഫൂഡിയാണ്. വയറിനുവേണ്ടിയല്ല, എന്റെ മനസ്സിനുവേണ്ടിയാണ് കഴിക്കുന്നത്. നല്ല ഭക്ഷണം കഴിക്കുന്നതിൽ വലിയ ആനന്ദം കണ്ടെത്തുന്നു.
ജീവിതം ഒന്നല്ലേയുള്ളൂ... എന്തിനാ ഈ നിയന്ത്രണങ്ങളൊക്കെ. നല്ല ഭക്ഷണമൊക്കെ കഴിച്ച് അങ്ങനെ ജീവിക്കണം. എല്ലാ രുചിയും ടേസ്റ്റ് ചെയ്യണം. ഇഷ്ടമുള്ള ഭക്ഷണം മുന്നിലെത്തുമ്പോൾ ചിലപ്പോൾ കൂടുതൽ കഴിച്ചെന്നുവരും. എക്സർസൈസ് ചെയ്യുന്നതുകൊണ്ട് അമിതമായി ശരീരത്തിലെത്തുന്ന കലോറി കത്തിച്ചുകളയുകയും ചെയ്യാം.
ഏതുതരം ഭക്ഷണവും ഇഷ്ടമാണ്. നാട്ടിലെ ഭക്ഷണമായാലും ഭർത്താവിന്‍റെ നാട്ടിലെ ആയാലും ഇറ്റാലിയനും ജാപ്പനീസും എല്ലാം ആസ്വദിച്ചു കഴിക്കും. വീട്ടിലെ എല്ലാവരും ഫൂഡീസ് ആണ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഞങ്ങൾ.
വർക്കൗട്ടിലൂടെ ശാരീരികമായും മാനസികമായും കൈവന്ന മാറ്റങ്ങൾ?
അനുഭവിച്ചറിയേണ്ട മാറ്റമാണത്. പറഞ്ഞു പ്രതിഫലിപ്പിക്കാനാവില്ല. വർക്കൗട്ട് ചെയ്യുമ്പോൾ ശരീരത്തിൽ പോസിറ്റിവ് ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. ആ സന്തോഷം ശരീരം മുഴുവനുമുണ്ടാകും. മുഖത്തും അത് പ്രതിഫലിക്കും. ഒരു എക്സ്ട്രാ എനർജിയും പോസിറ്റിവിറ്റിയും കൈവരും. എന്തുചെയ്യാനും ഒരു മടിയും നമുക്ക് തോന്നില്ല.
ഫിറ്റ്നസിനെ കുറിച്ച് യുവാക്കളോട് പറയാനുള്ളത്?
ചെറുപ്പത്തിലെ ഫിറ്റ്നസ് നമ്മുടെ ഭാഗമായിരിക്കണം. ഏതെങ്കിലും ഒരു കായിക ഇനത്തിനായി രക്ഷിതാക്കൾ കുട്ടികളെ ചെറുപ്പത്തിലേ പ്രോത്സാഹിപ്പിക്കണം. വളരെ പ്രധാനപ്പെട്ട കാര്യമാണത്. ഇന്നത്തെ കാലത്ത് കുട്ടികൾ മൊബൈൽ ഫോണിനും ഐപാഡിനും കമ്പ്യൂട്ടറിനും മുന്നിലാണ് സദാ സമയവും.
അവർക്ക് ഇഷ്ടമുള്ള, ചെയ്യാൻ പറ്റുന്ന എന്തായാലും മതി. അങ്ങനെ ജീവിതത്തിനു തന്നെ ഒരു ചിട്ട കൈവരും. കാരണം, കൃത്യസമയത്ത് അത് പ്രാക്ടീസ് ചെയ്യാൻ പോകേണ്ടിവരുമല്ലോ. ശാരീരികമായും മാനസികമായും നല്ല മാറ്റങ്ങളുണ്ടാക്കും. ചെറുപ്പത്തിലേ ശീലിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്. ദീർഘനേരം പഠിക്കുമ്പോഴുള്ള മടുപ്പ് മാറ്റാൻ കുറച്ചുനേരം ഒരു സ്പോർട്സ് ആക്ടിവിറ്റി ചെയ്യുന്നതിലൂടെ വലിയ ഉന്മേഷമാണ് കുട്ടികൾക്ക് ലഭിക്കുക.
എന്നാൽ, പലരും പഠിക്കാൻ സമയം ലഭിക്കില്ലെന്നു പറഞ്ഞ് ഇത് നിരുത്സാഹപ്പെടുത്തും. ഫിസിക്കലി ആക്ടിവ് ആണെങ്കിൽ അതിന്റെ മാറ്റം മാനസികമായും അനുഭവിച്ചറിയാനാകും. നന്നായി ഫോക്കസ് ചെയ്യാൻ സാധിക്കും. ഏകാഗ്രത വർധിക്കും. സ്ട്രസ് കുറക്കാൻ പറ്റും. അങ്ങനെ പഠനത്തിൽ പോസിറ്റിവ് മാറ്റങ്ങൾ കൊണ്ടുവരും. അതുകൊണ്ട്, ചെറുപ്പത്തിലേ ഇതെല്ലാം ശീലമാക്കണം.
വർക്കൗട്ട് സമയത്തെ സുഹൃത്തുക്കളെ കുറിച്ച്?
എല്ലാവർക്കുമൊപ്പം ചേർന്ന് യോഗ ചെയ്യാൻ നല്ല ഇഷ്ടമാണ്. വളരെ സ്പീഡിൽ നടക്കുന്ന ആളാണ് ഞാൻ. ആ സമയത്ത് ഒറ്റക്കു തന്നെ നടക്കാനാണ് താൽപര്യം. പലർക്കും അത്രയും സ്പീഡിൽ നടക്കാൻ താൽപര്യമുണ്ടാകില്ല. ഒപ്പം നടക്കുകയാണെങ്കിൽ അവർക്കുവേണ്ടി ചിലപ്പോൾ ഞാൻ നടത്തത്തിന്റെ വേഗത കുറക്കേണ്ടി വരും. അപ്പോൾ നടത്തത്തിന് ഞാൻ ഉദ്ദേശിച്ചത്ര ഗുണം കിട്ടില്ല. അതിനാൽ, ഒറ്റക്ക് പാട്ടൊക്കെ കേട്ട് വേഗത്തിൽ നടക്കാനാണ് പൊതുവെ ഇഷ്ടം.
ആയോധനകലകളോട് താൽപര്യമുണ്ടോ?
കേരളത്തിൽ ജനിച്ചുവളർന്നിരുന്നെങ്കിൽ തീർച്ചയായും ആയോധനകലകൾ പഠിക്കുമായിരുന്നു. മുംബൈയിൽ അതിന് അത്രയൊന്നും പ്രാധാന്യമില്ല. ചെറുപ്പത്തിൽ ഞങ്ങൾ കുറെ കുട്ടികൾ ഒന്നിച്ചുചേരുമ്പോൾ ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിക്കാറുണ്ടായിരുന്നു. കോളജ്പഠന കാലത്ത് പുതുതായി പഠിച്ചത് ആർച്ചറിയാണ്.
ജീവിതത്തിൽ ആദ്യമായാണ് അമ്പെയ്ത്ത് പരിശീലിച്ചത്. അത് വലിയ രസമായി അന്ന് തോന്നി. പുതുതായി എന്തെങ്കിലും പഠിക്കാൻ സൗകര്യമുള്ളവർ അങ്ങനെചെയ്യുക. അല്ലാത്തവർ ഉള്ള സൗകര്യം വെച്ച് പരിശീലിക്കുക എന്നേ പറയാനുള്ളൂ. നടക്കാൻ പറ്റിയാൽ തന്നെ വലിയ ഗുണം ലഭിക്കും.
കുടുംബത്തെ കുറിച്ച്?
പപ്പ മൊയ്തു തലശ്ശേരിക്കാരനാണ്. മമ്മി ലളിത തിരുവല്ലക്കാരിയും. മുംബൈയിലേക്ക് വർഷങ്ങൾക്കുമുമ്പേ എത്തിയതാണ് കുടുംബം. 65 കൊല്ലമെങ്കിലും ആയിക്കാണും അവർ മുംബൈയിൽ സെറ്റിൽഡായിട്ട്. കുടുംബത്തിന്റെ വേര് കേരളത്തിലായതിനാൽ മലയാളം സംസാരിക്കുമ്പോൾ മലബാറിലെയും തിരുവല്ലയിലെയും ആക്സന്‍റുകൾ മാറിമാറി വരും.
എന്തൊക്കെയാണ് പുതിയ സിനിമ വിശേഷങ്ങൾ?
വിവാഹത്തിനുശേഷം സിനിമയിൽ സജീവമായിരുന്നില്ല. ഭർത്താവ് ഗിരീഷ് ഗോഡ്ബോലെയും മക്കളായ സനയും ജാനയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. തമിഴിലെ എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് സിനിമയിലേക്ക് എന്റെ രണ്ടാംവരവ്. ഞാൻ വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്‍റെ കൂടി ആവശ്യമായിരുന്നു.
വിവാഹശേഷം 17കൊല്ലമായി യു.എസിലും ഇംഗ്ലണ്ടിലുമായി താമസിച്ചു. എം.ടിയുടെ ചെറുകഥകളുടെ ആന്തോളജിയാണ് അടുത്ത റിലീസ്. എട്ടു പത്തു കഥകളാണ്. ഒരെണ്ണം മമ്മൂക്കയും മറ്റൊരെണ്ണം ലാലേട്ടനുമാണ് ചെയ്യുന്നത്.
വണ്ടർ വിമനിലെ നന്ദിതയെ കുറിച്ച്?
പ്രഗ്നൻസിയെ കുറിച്ച് ഇത്തരത്തിലൊരു സിനിമ ആദ്യമായിരിക്കും. പ്രഗ്നൻസി സമയത്ത് സ്ത്രീകളുടെയും ഒപ്പമുള്ളവരുടെയും മാനസികാവസ്ഥയാണ് അഞ്ജലി കൊണ്ടുവരാൻ ശ്രമിച്ചത്. ഇങ്ങനെയുള്ള സ്ത്രീകളെ ഒരുമിച്ചുകൂട്ടാനാണ് സംവിധായിക ശ്രമിച്ചത്. പൊതുവെ പോസിറ്റിവ് പ്രതികരണമാണ്. സ്ത്രീകളാണ് കൂടുതലും പ്രതികരണം അറിയിച്ചത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.