നടി പത്മപ്രിയ

‘എന്നെ ഡബ്ല്യു.സി.സി അംഗം മാത്രമായി കാണുന്നവരുണ്ട്. ഞാൻ അഭിനേത്രിയാണ്’... നിലപാടുകൾ തുറന്നുപറഞ്ഞ് നടി പത്മപ്രിയ

ചോദ്യങ്ങളുടെ കെട്ടഴിക്കുകയാണ് നടി പത്മപ്രിയ. ജീവിതത്തിലെ കരുത്തുറ്റ സ്ത്രീകൾ സിനിമയിലില്ലാത്തത് എന്തുകൊണ്ട്? പൊന്നമ്മ ചേച്ചി പോയി, മറ്റൊരു പൊന്നമ്മയുണ്ടാകാത്തത് എന്തുകൊണ്ട്? എന്ത് ധാർമികതയുടെ പേരിലാണ് ‘അമ്മ’യിലെ കൂട്ട രാജി? മുഴുവൻ എക്സിക്യൂട്ടിവ് കമ്മിറ്റിയും രാജിവെക്കുമ്പോൾ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നത്?

നിലവിൽ ഭാരവാഹികളില്ലല്ലോ, പി​ന്നെ എങ്ങനെയാണ് ജനറൽ ബോഡി വിളിക്കുക? 90 ശതമാനം സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്ന ഒരു വ്യവസായത്തിൽ, പുരുഷ അഭിനേതാക്കൾ ലാഭം സൃഷ്ടിക്കുന്നവർ ആണെന്നും സ്ത്രീകൾ അങ്ങനെയല്ലെന്നും എങ്ങനെ പറയാനാകും?

ഒരു സ്ത്രീ, പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീയാണ് പ്രശ്‌നമെന്ന് വരുത്തിത്തീർക്കുന്നത് എന്തു​കൊണ്ട്? സ്ത്രീ കേന്ദ്രീകൃത കഥകളും ട്രാൻസ്‌ജെൻഡർ കഥകളും പറയുന്നതിൽനിന്ന് നിങ്ങളെ തടയുന്നതെന്താണ്? എങ്ങനെയാണിവർക്ക് യാഥാർഥ‍്യങ്ങൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയുന്നത്​?

മലയാള ചലച്ചിത്ര ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച് ഹേമ കമ്മിറ്റി റി​പ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഡബ്ല്യു.സി.സി സ്ഥാപക അംഗം കൂടിയായ പത്മപ്രിയ ‘മാധ‍്യമം കുടുംബ’ത്തോട് സംസാരിക്കുന്നു​.

കോഴിക്കോട് മടപ്പള്ളി ഗവ. കോളജിൽ എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണത്തിന് പത്മപ്രിയ എത്തിയപ്പോൾ


● സിനിമ മേഖലയിലെ പവർ ഗ്രൂപ്പാണിപ്പോൾ ചർച്ച. എങ്ങനെയാണ് ഈ വിമർശനത്തെ നോക്കിക്കാണുന്നത്?

പവർ ഗ്രൂപ് എല്ലാ സിനിമ മേഖലയിലുമുണ്ട്. ആധിപത്യമാണ് പ്രശ്നം. എനിക്ക് 25-26 വയസ്സുള്ള സമയത്ത് ഇപ്പോഴത്തെ പ്രധാന പ്രൊഡക്ഷൻ മാനേജരായ ഒരാൾ, ഇത്രയും പ്രായമായില്ലേ, നിർത്തിക്കൂടെ എന്നു ചോദിച്ചിട്ടുണ്ട്. സിനിമയിൽനിന്ന് ഇടവേള എടുക്കാനുള്ള കാരണങ്ങളിൽ ഒന്നിതാണ്.

● ചലച്ചിത്രരംഗത്തെ ലിംഗനീതി പ്രധാന വിഷയമായിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചക്ക് തിരികൊളുത്തിക്കഴിഞ്ഞല്ലോ. ലിംഗവിവേചനത്തെക്കുറിച്ച്?

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകളില്ല. ടെക്‌നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം നന്നേ കുറവ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രയാസം നേരിടുന്നുണ്ട്. കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ആഴത്തിൽ വേരൂന്നിയ ലിംഗവിവേചനമാണിവിടെ. ഇതാണ്, കഥകളുടെ കാര്യത്തിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നതിലേക്കും തുല്യതയില്ലായ്മയിലേക്കും നയിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ സ്ത്രീകൾ എല്ലായിടത്തും ദുർബലരാണോ​? ഇത്, നാമോരോരുത്തരും സ്വയം ചോദി​ക്കേണ്ടതാണ്. ഇപ്പോൾ മലയാളത്തിൽ എന്നെ ഡബ്ല്യു.സി.സി അംഗം മാത്രമായി കാണുന്നവരുണ്ട്. ഞാൻ അഭിനേത്രിയാണ്. പക്ഷേ, അത് രണ്ടാമതാണ് വരുന്നത്. എനിക്ക് നിലവിലുള്ളത് ജോലിചെയ്ത് കിട്ടിയ പേരാണ്. അല്ലാതെ വിവാദങ്ങൾ ഉണ്ടാക്കി നേടിയതല്ല.


● ഈ വിവേചനങ്ങളോട് എങ്ങനെ പ്രതികരിക്കാം?

ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല. എന്‍റെ മാത്രം പ്രശ്നമല്ല. ഇതൊരു തൊഴിൽ പ്രശ്നമാണ്. 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ അമ്മ, സഹോദരി കഥാപാത്രങ്ങളായി മാത്രം നിൽക്കണം. എന്നാൽ, ഇത് പുരുഷന്മാർക്ക് ബാധകമല്ല.

സൈനിക ഉദ്യോഗസ്ഥൻ, അഭിഭാഷകൻ തുടങ്ങി കരുത്തുറ്റ കഥാപാത്രങ്ങൾ ഏറെയും പുരുഷന്മാർക്കുള്ളതാണ്. ദുഃഖപുത്രികളും നർത്തകികളും സുന്ദരിയായ വീട്ടമ്മമാരുമാകാനാണ് സ്ത്രീകളെ ക്ഷണിക്കുന്നത്. ഇതാണ് ലിംഗവിവേചനം.

ലിംഗ പക്ഷപാതത്തെക്കുറിച്ച് നിരന്തരം സംസാരിക്കുക, സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക. സൂക്ഷ്മമായ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ, അത് തിരിഞ്ഞടിക്കും. അതാണ് കാലം നമ്മെ പഠിപ്പിക്കുന്നത്.

● ഹേമ കമ്മിറ്റിക്ക് മുമ്പും പിമ്പുമായി ചലച്ചിത്രലോകം മാറിയോ? ഇംപാക്ട് എത്രത്തോളമാണ്?

ഹേമ കമ്മിറ്റിയെക്കുറിച്ച് കേരളത്തിന് പുറത്തും ചർച്ചയുണ്ട്. സിനിമരംഗത്ത് മാത്രമല്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുൾപ്പെടെ അന്വേഷണമുണ്ട്. ഈ വിഷയത്തിൽ കൃത്യമായ നിയമപരിരക്ഷ ഉണ്ടാകണം. എന്‍റെ തൊഴിലിടത്തെ പ്രശ്നങ്ങൾ ഞാൻതന്നെ അടയാളപ്പെടുത്തണം. എട്ടുവർഷം മുമ്പ് ഈ മേഖല വിട്ടതുകൊണ്ട് എനിക്ക് ഏറെ പറയാനായി. ഞാൻ ചോദിച്ചിട്ടല്ല സ്ത്രീയായത്. എന്‍റെ എട്ടു വർഷം പോയി. എന്നാലിപ്പോൾ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നതുതന്നെ വലിയ കാര്യം.


● ഡബ്ല്യു.സി.സിയുടെ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ സംഘടന വഴി മേഖലയിലുണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

പുതിയ പടത്തിന്‍റെ സാധ്യത വന്നപ്പോൾ ഞാൻ ചോദിച്ചു, കഥയെന്താണെന്ന്. വലിയ സംവിധായകനാണ്. അയാൾ പറയാൻ കൂട്ടാക്കിയില്ല. എങ്കിൽ വേണ്ടെന്നു ഞാൻ പറഞ്ഞു. ഇത്തരം നിലപാട് എടുത്താൽ പിന്നെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തും. പക്ഷേ, എനിക്ക് കൃത്യമായ അറിവുണ്ട്.

ആ സിനിമ സെറ്റിൽ പോയാൽ അസ്വസ്ഥത കൂടും. അതിലും ഭേദം ജോലി ചെയ്യാതിരിക്കുന്നതാണ്. ഇവിടെ, വരുമാനം എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷേ, ഈ നിലപാട് ആവശ്യമാണ്. ഇതിനുള്ള ഇടം ഉണ്ടാക്കുകയാണ് ഡബ്ല്യു.സി.സി ചെയ്തത്. എന്‍റെ 18ാമത്തെ വയസ്സിൽ ആദ്യ റിലേഷൻഷിപ്പിൽ ഏ​ർപ്പെട്ട നാളിൽതന്നെ ഈ പവർഗ്രൂപ് എന്താണെന്ന് മനസ്സിലായി (ചിരിക്കുന്നു).

● സിനിമ മേഖലയിൽ മാത്രമല്ലല്ലോ മറ്റു മേഖലയിലും സ്ത്രീകൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ലേ?

സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത് വ്യാപകമാണ്, എല്ലായിടങ്ങളിലും പോരാടേണ്ടതുണ്ട്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവെച്ച് മർദിച്ചു. ഏറെ വേദനയും രോഷവുമുണ്ടാക്കിയ അനുഭവമാണത്. ‘മൃഗം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ അടിച്ചത്. എന്നാൽ, വാർത്തകൾ പ്രചരിച്ചത് ഞാൻ സംവിധായകനെ മർദിച്ചു എന്നാണ്. ഈ വിഷയം ഉന്നയിച്ചതിന്‍റെ ഫലമായി ധാരണയായിരുന്ന പല സിനിമകളും നഷ്ടമായി.

ഈ സംഭവത്തിനുശേഷം കുറേക്കാലം ഞാൻ കരുതിയത് ഞാനാണ് പ്രശ്‌നമെന്നാണ്. നന്നായി അഭിനയിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായകൻ കരണത്തടിച്ചത്. എന്നാൽ, ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു എന്നതാണ് രസകരമായ കാര്യം.


● ‘അമ്മ’ നേതൃത്വം നടത്തിയ കൂട്ട രാജി?

‘അമ്മ’ നേതൃത്വത്തിന്‍റെ കൂട്ട രാജി ഞെട്ടലാണുണ്ടാക്കിയത്. തലയും നട്ടെല്ലും ഇല്ലാത്ത സംഘടനയായി മാറി. ഞാനിപ്പോഴും അമ്മയിൽ അംഗമാണ്. എന്ത് ധാർമികതയുടെ പേരിലാണ് രാജി എന്നു മനസ്സിലാകുന്നില്ല. എന്തെങ്കിലും പുരോഗമനപരമായ കാര്യം ചെയ്തിട്ട് രാജിവെച്ചാൽ ധാർമികതയുണ്ടെന്ന് പറയാമായിരുന്നു.

മുഴുവൻ എക്സിക്യൂട്ടിവ് കമ്മിറ്റിയും രാജിവെച്ചു​. ഇവർ ആർക്കാണ് രാജി സമർപ്പിച്ചത്. നിരുത്തരവാദപരമായ നടപടിയാണ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അധികാര മനോഭാവമാണ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്ക് വഴി​വെക്കുന്നത്. ഇതിൽ മാറ്റം വരണം. അതിനായുള്ള പരിശ്രമമാണ് നടക്കേണ്ടത്.

ഇങ്ങനെയായിരുന്നില്ല മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കേണ്ടത്. ഇവർ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് ആരാണ് വിശ്വസിക്കുക? സമൂഹം വലിയ സ്ഥാനം അവർക്ക് നൽകിയിട്ടുണ്ട്. അത് മനസ്സിലാക്കി തിരുത്താനാണ് ശ്രമിക്കേണ്ടത്.

ഡബ്ല്യു.സി.സി അംഗങ്ങൾ പോയി കണ്ടതിനു പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് വലിയ കാര്യമാണ്. എന്തുകൊണ്ടാണ് നാലരവർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത്? ഇങ്ങനെയൊക്കെ ചിന്തിക്കാതിരിക്കാൻ കഴിയുമോ?

● വ്യക്തി ജീവിതത്തിൽ ഇക്കാലയളവിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും?

ഏറെ അവാർഡുകൾ കിട്ടി. അതുമാത്രം പോരാ. സിനിമയിൽ പലതും ചെയ്യാൻ കഴിയും. കഥയിൽ താൽപര്യം തോന്നിയാൽ പണത്തിന് പ്രധാന്യം കൽപിക്കാറില്ല. പണം ആവശ്യമാണ്. അതിനെക്കാൾ പ്രധാനം കഥയാണ്. ബംഗാളി സിനിമ ചെയ്തപ്പോൾ ഏറെ പഠിക്കാനായി.

നഷ്ടപ്പെട്ട പലതും തിരിച്ചുകിട്ടിയപോലെ... സിനിമ നിർമാണരംഗത്തേക്കിറങ്ങണം. നല്ല നിർമാതാക്കളെ സിനിമ മേഖല ആവശ്യപ്പെടുന്നുണ്ട്. തമിഴിൽ കുമാരരാജയെ പോലുള്ളവർ ഉദാഹരണമാണ്. മലയാളത്തി​ലും നല്ല കഥകൾ തേടിപ്പോയ നിർമാതാക്കളുണ്ട്.

ആണായാലും പെണ്ണായാലും നല്ല കഥയാണെങ്കിൽ സിനിമ വിജയിക്കും. വലിയ കാശുണ്ടാക്കിയില്ലെങ്കിലും നഷ്ടമാകില്ല. വിവേചനത്തെക്കുറിച്ചുള്ള ചിന്തകൾ ഏറെ അസ്വസ്ഥപ്പെടുത്താറുണ്ട്. അതിനെ അതിജീവിക്കുന്നത് വായനയിലൂടെയാണ്.

പുതിയത് പഠിക്കും. അതുകൊണ്ടാണല്ലോ ഡബ്ല്യു.സി.സിതന്നെ പിറന്നത്. വിവേചനങ്ങൾ അറിയാതെയാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ രക്ഷിതാക്കളായ ജാനകി രാമനും വിജയലക്ഷ്മിയും തന്നെയാണ് എന്‍റെ റോൾ മോഡൽ.




Tags:    
News Summary - pathmapriya talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.