ജൂഡോ പഠിക്കാൻ മോഹിച്ച ജപ്പാനിലെ ബാലൻ റോഡപകടത്തിൽപെട്ടു. ഇടത്തേ കൈ നഷ്ടപ്പെട്ടു. എന്നിട്ടും അവന് ജൂഡോ പഠിക്കണം. സെൻസെയ് സമ്മതിച്ചു. അടിസ്ഥാന മുറകൾ പഠിപ്പിച്ചു. അടവുകൾ പഠിക്കാറായപ്പോൾ ഒറ്റ അടവു മാത്രം പഠിപ്പിച്ചിട്ട് സെൻസെയ് പറഞ്ഞു: ''ഇത് മതി. ഇനി നന്നായി പരിശീലിക്കുക.''
ഒരു കൈ ഇല്ല. അടവ് ഒന്നു മാത്രം. പലരും കളിയാക്കി. ചൂളാതെ, സെൻസെയ് അവനെ ആദ്യ ടൂർണമെന്റിൽതന്നെ ഇറക്കി. ന്യൂനത മറികടക്കാൻ നന്നായി പരിശീലിച്ചിരുന്ന അവൻ ആദ്യ മത്സരങ്ങൾ ഒരുവിധം ജയിച്ചു.സെമിഫൈനൽ കടുപ്പമായിരുന്നു. പക്ഷേ, കൈയില്ലാത്തവനെ നിസ്സാരമാക്കിയ എതിരാളിയുടെ ഒരബദ്ധം മുതലെടുത്ത് അവൻ ജയിച്ചു. ഇനി ഫൈനൽ.
കരുത്തനും പരിചയസമ്പന്നനുമാണ് എതിരാളി. കൈയില്ലാത്ത ബാലൻ തോൽക്കുമെന്ന് തോന്നി. പെട്ടെന്ന്, എതിരാളിയുടെ ശ്രദ്ധ നിമിഷാർധനേരത്തേക്ക് പാളിയത് കണ്ട അവൻ, താൻ പഠിച്ച ഒരേ ഒരടവുകൊണ്ട് എതിരാളിയെ പൂട്ടി -ചാമ്പ്യൻ!മടക്കയാത്രക്കിടെ സെൻസെയിയോട് അവൻ ചോദിച്ചു: ഇതെങ്ങനെ? സെൻസെയ് പറഞ്ഞു: ആ അടവിന് മറുപടി ഒന്നേയുള്ളൂ -നിന്റെ ഇടതുകൈക്ക് പിടിക്കുക. നിനക്ക് ഇടൈങ്ക ഇല്ലാത്തതിനാൽ അയാൾ തോറ്റു.
ഏറ്റവും വലിയ ദൗർബല്യം ഏറ്റവും വലിയ കരുത്തായി. പുറമേക്കു കാണുന്ന കുറവുകൾ പരിഹരിക്കാൻ വേണ്ടത് വിശ്വാസത്തിന്റെ ഉൾക്കരുത്താണ്. അല്ലെങ്കിലും എന്താണ് ദൗർബല്യം? മുഴുകൈകളും പാദങ്ങളുമുള്ള പലർക്കും ചെയ്യാനാകാത്തത് നൂർ ജലീല എന്ന പെൺകുട്ടി ചെയ്യുമ്പോൾ ദൗർബല്യം ആർക്കാണ്? അവൾ ചിത്രം വരക്കും, പാടും, വയലിൻ വായിക്കും, എഴുതും, പ്രസംഗിക്കും, സാന്ത്വനചികിത്സാരംഗത്ത് സേവനം ചെയ്യും.
വിശ്വാസമാണ് ബലം. പുറമേക്ക് അത് പ്രത്യക്ഷപ്പെടുക കുറവുകളെയും കരുത്താക്കിക്കൊണ്ടാണ്. കുറവുകളിലൂടെയാണ് മഹത്ത്വം സ്വയം പ്രകടിപ്പിക്കുക എന്ന് ജലാലുദ്ദീൻ റൂമി. ഒരു ഫ്രഞ്ച് മാഗസിന്റെ എഡിറ്ററായിരുന്നു ഷാങ് ഡൊമിനിക് ബോബി. 1995ൽ പക്ഷാഘാതം വന്ന് ബോധം പോയി. 20 ദിവസം കഴിഞ്ഞ് ഉണർന്നപ്പോൾ 'ലോക്ഡ്-ഇൻ സിൻഡ്രോം' എന്ന രോഗം പിടിച്ചിരിക്കുന്നു.
എല്ലാം കാണും, കേൾക്കും, അറിയും. പക്ഷേ, ശരീരം അനക്കമറ്റിരിക്കുന്നു. ബോബിക്ക് അനക്കാവുന്ന ഏക ശരീരഭാഗം ഇടത്തേ കൺപോള മാത്രം.
ഈ അവസ്ഥയിൽ ബോബി ഒരു പുസ്തകമെഴുതി. എങ്ങനെയെ
ന്നോ? ഒരു കേട്ടെഴുത്തുകാരിയെ നിയമിച്ചു. അവൾ ഫ്രഞ്ച് ഭാഷയിലെ 26 അക്ഷരങ്ങൾ ഓരോന്നായി ഉച്ചരിക്കും. എഴുതേണ്ട അക്ഷരമെത്തുമ്പോൾ ബോബി കൺപോള അടച്ചുതുറക്കും. അതെഴുതി അവൾ, അടുത്ത അക്ഷരത്തിനായി വീണ്ടും അക്ഷരമാല ഉരുവിടും.
രണ്ടു മാസം. രണ്ടു ലക്ഷം അക്ഷരങ്ങളുള്ള പുസ്തകം അങ്ങനെ വാർന്നുവീണു. 1997 മാർച്ച് ഏഴിന് പുസ്തകം പ്രസിദ്ധീകരിച്ചു. രണ്ടാം നാൾ ബോബി മരിച്ചു. 'ദ ഡൈവിങ് ബെൽ ആൻഡ് ദ ബട്ടർൈഫ്ല' എന്ന തന്റെ രോഗാനുഭവങ്ങൾ കുറിച്ച, ആ പുസ്തകം യൂറോപ്പിൽ ബെസ്റ്റ് സെല്ലറായി.
കൺപോളകൊണ്ടും പുസ്തകമെഴുതുന്നു, മനുഷ്യൻ എന്ന അത്ഭുതം. ചുറ്റും നോക്കൂ. എന്തെന്ത് പ്രയാസങ്ങളെ മനുഷ്യൻ വിശ്വാസത്താൽ തരണംചെയ്യുന്നു! പ്രയാസവും പരിമിതിയും നമ്മെ നിരാശരാക്കാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.