ലോകത്തെ ഏറ്റവും വലിയ ധനവാൻ ആരാണെന്ന് നമുക്കറിയാം, രാജ്യം തിരിച്ചും ഭൂഖണ്ഡം തിരിച്ചുമുള്ള സമ്പന്നരുടെ പട്ടിക ഓരോ വർഷവും പുറത്തിറങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും ധീരതയേറിയ വ്യക്തി ആരാണെന്ന് ആർക്കെങ്കിലുമറിയുമോ, അത്തരത്തിൽ ഒരു പട്ടിക പുറത്തിറങ്ങുന്നുണ്ടോ? പറഞ്ഞുകേട്ടിട്ടില്ല.
അങ്ങനെ ഒരു ലിസ്റ്റ് സമാഹരിച്ചാലും ഇല്ലെങ്കിലും ആദ്യത്തെ അഞ്ചു പേരുകളെങ്കിലും സ്ത്രീകളുടേതായിരിക്കും. അത് സംവരണമോ ഔദാര്യമോ അല്ല, അങ്ങേയറ്റം അർഹതയും അവകാശവുമുള്ള സ്ഥാനങ്ങൾ.
വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ലോകത്ത് ഒരു സ്ത്രീ ഒരേ സമയം പൊരുതേണ്ടത് എന്തെന്തെല്ലാം അധികാര ഘടനകളോടാണ്, അവൾ മറികടക്കേണ്ടത് എത്രമാത്രം പ്രതിബന്ധങ്ങളെയാണ്. അവൾ പിൻനിരയിലേക്ക് പോകണമെന്ന്, ഭൂമുഖത്തു നിന്നേ നിഷ്ക്രമിക്കണമെന്ന് ആക്രോശിച്ചു കൊണ്ടേയിരിക്കുന്നു ആണഹന്തകൾ. യുദ്ധങ്ങളും കലാപങ്ങളും ഏതു കോണിൽ നടന്നാലും ആയുധമുനകൾ ഉന്നമിടുന്നത് സ്ത്രീകളുടെ മനസ്സിനെ, ശരീരത്തെ, നിശ്ചയദാർഢ്യത്തെ.
പറഞ്ഞു പഴകിയ കഥയാവാം, പലരും മറക്കാനും മറച്ചുപിടിക്കാനും ശ്രമിക്കുന്നുമുണ്ടാവാം. എങ്കിലും ബിൽക്കീസ് ബാനുവിന്റെ ഗാഥ ഇവിടെ ഒരിക്കൽക്കൂടി ഓർക്കാതിരിക്കാനാവില്ല. ഈ മഹാരാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പുരുഷ-പുരുഷ ശക്തികളാണ് അവരെ തകർക്കാനും തളർത്താനും ശ്രമിച്ചത്.
ഉഗ്രതയേറിയ അനീതികളാണ് അരങ്ങേറിയത്. ഭീകരർ, അധികാരികൾ, നീതിപീഠം എന്നുവേണ്ട ശക്തരിൽ ശക്തരായ എല്ലാവരും മറുഭാഗത്തായിരുന്നു. ഏതൊരാളും പിൻമടങ്ങാൻ തീരുമാനിച്ചു പോകുന്ന നിർബന്ധിതാവസ്ഥ. എന്നിട്ടും ബിൽക്കീസ് പൊരുതാനുറച്ചു.
കൊത്തിവലിക്കപ്പെട്ട സ്ത്രീത്വത്തിനുവേണ്ടി, വെട്ടിനുറുക്കപ്പെട്ട കുഞ്ഞിനും ഉമ്മക്കും വേണ്ടി. ഇടശ്ശേരിക്കവിതയിലെ പൂതത്തെപ്പോലെ നരിയായും പുലിയായും കാറ്റായും തീയായുമെല്ലാം വന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചു മറുഭാഗം. ഉണ്ണിയെത്തിരികെത്തരാൻ പറഞ്ഞ അമ്മയോളം ആർജവത്തോടെ അനക്കമേതുമില്ലാതെ നിന്നു ബിൽക്കീസ്.
രണ്ടാമതൊരു വ്യാഴവട്ടത്തോടടുക്കുന്നു നീതികേടുകളും അതിനെതിരായ പോരാട്ടവും. ഈ പോരാട്ടത്തിന് ഒപ്പം നടന്ന, നീതി ഉറപ്പാക്കിയ എല്ലാവർക്കും പൊതുവായുണ്ടായത് ധീരതയായിരുന്നു, അവരെല്ലാം സ്ത്രീകളായിരുന്നു. തീയിൽ കരിഞ്ഞ വൈക്കോൽകൂനയെ ഓർമിപ്പിക്കും വിധത്തിൽ നശിപ്പിക്കപ്പെട്ട ഗസ്സ നഗരത്തിലെ ആശുപത്രികൾ നാമാവശേഷമായ ഘട്ടം, ആതുരസേവകരെല്ലാം പലായനം ചെയ്യാൻ നിർബന്ധിതമായ നിമിഷം.
അങ്ങിങ്ങ് അവശേഷിക്കുന്ന ജീവന്‍റെ തുടിപ്പുകൾകൂടി ഇല്ലാതായെന്നുറപ്പിക്കാൻ അപ്പോഴും തോക്കുകളും റോക്കറ്റുകളും അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ തീയുണ്ടകളെ ഗൗനിക്കാതെ എടുത്തുചാടി ജീവിതത്തിലേക്ക് കോരിയെടുക്കാൻ പരിശ്രമിച്ച ധീരതക്ക് ഡോ. അമീറ അസ്സോലി എന്ന് പേര്.
നാളെ അമ്മമാർ കുഞ്ഞുങ്ങൾക്കായി പാടിക്കൊടുക്കുന്ന താരാട്ടിന്‍റെ ഈണങ്ങൾ ബിൽക്കീസിന്‍റെ കരളുറപ്പിനെക്കുറിച്ചായിരിക്കും, പ്രഫ. രൂപ് രേഖ വർമയുടെ സ്ഥൈര്യത്തെയും ജസ്റ്റിസ് നാഗരത്നയുടെ നീതിബോധത്തെയും ഡോ. അമീറയുടെ വീര്യത്തെയും കുറിച്ചായിരിക്കും. ആകയാൽ ലോകമേ, എഴുത്താളരോട് പറഞ്ഞേക്കുക, കണ്ണുനീർത്തുള്ളിയെ സ്ത്രീയോട് ഉപമിക്കുന്ന കാവ്യഭാവന കാലഹരണപ്പെട്ടുവെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.