Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
girls
cancel

ലോകത്തെ ഏറ്റവും വലിയ ധനവാൻ ആരാണെന്ന്​ നമുക്കറിയാം, രാജ്യം തിരിച്ചും ഭൂഖണ്ഡം തിരിച്ചുമുള്ള സമ്പന്നരുടെ പട്ടിക ഓരോ വർഷവും പുറത്തിറങ്ങുന്നുണ്ട്​. ലോകത്തെ ഏറ്റവും ധീരതയേറിയ വ്യക്തി ആരാണെന്ന്​ ആർക്കെങ്കിലുമറിയുമോ, അത്തരത്തിൽ ഒരു പട്ടിക പുറത്തിറങ്ങുന്നുണ്ടോ? പറഞ്ഞുകേട്ടിട്ടില്ല.

അങ്ങനെ ഒരു ലിസ്​റ്റ്​ സമാഹരിച്ചാലും ഇല്ലെങ്കിലും ആദ്യത്തെ അഞ്ചു പേരുകളെങ്കിലും സ്​ത്രീകളുടേതായിരിക്കും. അത്​ സംവരണമോ ഔദാര്യമോ അല്ല, അങ്ങേയറ്റം അർഹതയും അവകാശവുമുള്ള സ്ഥാനങ്ങൾ.


വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ലോകത്ത്​ ഒരു സ്​ത്രീ ഒരേ സമയം പൊരുതേണ്ടത്​ എന്തെന്തെല്ലാം അധികാര ഘടനകളോടാണ്​, അവൾ മറികടക്കേണ്ടത്​ എത്രമാത്രം പ്രതിബന്ധങ്ങളെയാണ്.​ അവൾ പിൻനിരയിലേക്ക്​ പോകണമെന്ന്​, ഭൂമുഖത്തു നിന്നേ നിഷ്​ക്രമിക്കണമെന്ന്​ ആക്രോശിച്ചു കൊണ്ടേയിരിക്കുന്നു ആണഹന്തകൾ. യുദ്ധങ്ങളും കലാപങ്ങളും ഏതു കോണിൽ നടന്നാലും ആയുധമുനകൾ ഉന്നമിടുന്നത്​ സ്​ത്രീകളുടെ മനസ്സിനെ, ശരീരത്തെ, നിശ്ചയദാർഢ്യത്തെ.

പറഞ്ഞു പഴകിയ കഥയാവാം, പലരും മറക്കാനും മറച്ചുപിടിക്കാനും ശ്രമിക്കുന്നുമുണ്ടാവാം. എങ്കിലും ബിൽക്കീസ്​ ബാനുവി​ന്‍റെ ഗാഥ ഇവിടെ ഒരിക്കൽക്കൂടി ഓർക്കാതിരിക്കാനാവില്ല. ഈ മഹാരാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പുരുഷ-പുരുഷ ശക്തികളാണ്​ അവരെ തകർക്കാനും തളർത്താനും ശ്രമിച്ചത്​.

ഉഗ്രതയേറിയ അനീതികളാണ്​ അരങ്ങേറിയത്​. ഭീകരർ, അധികാരികൾ, നീതിപീഠം എന്നുവേണ്ട ശക്തരിൽ ശക്തരായ എല്ലാവരും മറുഭാഗത്തായിരുന്നു. ഏതൊരാളും പിൻമടങ്ങാൻ തീരുമാനിച്ചു പോകുന്ന നിർബന്ധിതാവസ്ഥ. എന്നിട്ടും ബിൽക്കീസ്​ പൊരുതാനുറച്ചു.


കൊത്തിവലിക്കപ്പെട്ട സ്​ത്രീത്വത്തിനുവേണ്ടി, വെട്ടിനുറുക്കപ്പെട്ട കുഞ്ഞിനും ഉമ്മക്കും വേണ്ടി. ഇടശ്ശേരിക്കവിതയിലെ പൂതത്തെപ്പോലെ നരിയായും പുലിയായും കാറ്റായും തീയായുമെല്ലാം വന്ന്​ പിൻതിരിപ്പിക്കാൻ ​ശ്രമിച്ചു മറുഭാഗം. ഉണ്ണിയെത്തിരികെത്തരാൻ പറഞ്ഞ അമ്മ​യോളം ആർജവത്തോടെ അനക്കമേതുമില്ലാതെ നിന്നു ബിൽക്കീസ്​.

രണ്ടാമതൊരു വ്യാഴവട്ടത്തോടടുക്കുന്നു നീതികേടുകളും അതിനെതിരായ പോരാട്ടവും. ഈ പോരാട്ടത്തിന്​ ഒപ്പം നടന്ന, നീതി ഉറപ്പാക്കിയ എല്ലാവർക്കും പൊതുവായുണ്ടായത്​ ധീരതയായിരുന്നു, അവരെല്ലാം സ്​ത്രീകളായിരുന്നു. തീയിൽ കരിഞ്ഞ വൈക്കോൽകൂനയെ ഓർമിപ്പിക്കും വിധത്തിൽ നശിപ്പിക്കപ്പെട്ട ഗസ്സ നഗരത്തിലെ ആശുപത്രികൾ നാമാവശേഷമായ ഘട്ടം, ആതുരസേവകരെല്ലാം പലായനം ചെയ്യാൻ നിർബന്ധിതമായ നിമിഷം.

അങ്ങിങ്ങ്​ അവ​ശേഷിക്കുന്ന ജീവന്‍റെ തുടിപ്പുകൾകൂടി ഇല്ലാതായെന്നുറപ്പിക്കാൻ അപ്പോഴും തോക്കുകളും റോക്കറ്റുകളും അത്യധ്വാനം ചെയ്​തുകൊണ്ടിരിക്കുന്നു. അതിനിടയിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ തീയുണ്ടകളെ ഗൗനിക്കാതെ​ എടുത്തുചാടി ജീവിതത്തിലേക്ക്​ കോരിയെടുക്കാൻ പരിശ്രമിച്ച ധീരതക്ക്​ ഡോ. അമീറ അസ്സോലി എന്ന്​ പേര്​.

നാളെ അമ്മമാർ കുഞ്ഞുങ്ങൾക്കായി പാടിക്കൊടുക്കുന്ന താരാട്ടിന്‍റെ ഈണങ്ങൾ ബിൽക്കീസിന്‍റെ കരളുറപ്പിനെക്കുറിച്ചായിരിക്കും, പ്രഫ. രൂപ്​ രേഖ വർമയുടെ സ്​ഥൈര്യത്തെയും ജസ്​റ്റിസ്​ നാഗരത്​നയുടെ നീതിബോധത്തെയും ഡോ. അമീറയുടെ വീര്യത്തെയും കുറിച്ചായിരിക്കും. ആകയാൽ ലോകമേ, എഴുത്താളരോട്​ പറഞ്ഞേക്കുക, കണ്ണുനീർത്തുള്ളി​യെ സ്​ത്രീയോട്​ ഉപമിക്കുന്ന കാവ്യഭാവന കാലഹരണപ്പെട്ടുവെന്ന്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkudumbamnallavakku
News Summary - Time to rewrite the parables
Next Story