ആൽബിൻ ആന്‍റണി

കമ്പ്യൂട്ടർ പഠിക്കാൻ 16 കിലോമീറ്റർ കാട്ടിലൂടെ നടത്തം, തോട്ടം തൊഴിലാളിയായ അമ്മയുടെ വേതനം ഉപയോഗിച്ച് പഠനം, ഇന്ന് അഡ്വൈർടൈസിങ് കമ്പനിയുടെ സി.ഇ.ഒ... അറിയാം, കഠിനാധ്വാനം മൂലധനമാക്കിയ ആൽബിൻ ആന്‍റണിയുടെ വളർച്ചയുടെ കഥ

തെർമോക്കോൾകൊണ്ട് കമ്പ്യൂട്ടർ മോണിറ്ററിന്‍റെ മാതൃക നിർമിച്ചും കാൽക്കുലേറ്റർ കീബോർഡായി സങ്കൽപിച്ചും കളിച്ചിരുന്ന ആ ബാലന് കുട്ടിക്കാല വിനോദം മാത്രമായിരുന്നില്ല അത്. കമ്പ്യൂട്ടറിനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ആ കുട്ടി ഇന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ഡിസൈൻ ചെയ്തുകൊടുക്കുന്ന സ്ഥാപനത്തിന്‍റെ സി.ഇ.ഒയാണ്.

ദരിദ്ര പശ്ചാത്തലത്തിൽ വളർന്ന് കഠിനാധ്വാനം മൂലധനമാക്കിയ ഇടുക്കി പീരുമേട് പാമ്പനാർ സ്വദേശി ആൽബിൻ ആന്‍റണിയുടെ വളർച്ച ആർക്കും പ്രചോദനമേകുന്നതാണ്.

അച്ഛൻ ആന്‍റണിയുടെ മരണശേഷം അമ്മ ലൂർദ് മേരി തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്താണ് ആൽബിനെയും സഹോദരി ബ്രിറ്റിയെയും വളർത്തിയത്. യു.പി സ്കൂൾ പഠനകാലത്ത് 16 കിലോമീറ്ററോളം ദിവസവും കാട്ടിലൂടെ നടന്നാണ് പീരുമേട്ടിലെ സെന്‍ററിൽ പോയി ആൽബിൻ കമ്പ്യൂട്ടർ പഠിച്ചിരുന്നത്.

അമ്മയുടെ വേതനത്തിനൊപ്പം, പഠനത്തിൽ മിടുക്കിയായ സഹോദരിയുടെ സ്കോളർഷിപ് തുകയും ഉപയോഗിച്ചായിരുന്നു പഠനം. ‘കമ്പ്യൂട്ടർ ഭ്രാന്തി’നൊപ്പം ചിത്രരചനയിലും അഭിരുചിയുണ്ടായിരുന്നു.

പ്ലസ് ടുവിനുശേഷം ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമയുമെടുത്ത് ജോലി ആവശ‍്യാർഥം കൊച്ചിയിലേക്ക് വണ്ടികയറി. ഏതെങ്കിലും കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാവുകയായിരുന്നു ആഗ്രഹമെങ്കിലും വി ഗാർഡിന്‍റെ വെയർ ഹൗസിലാണ് ജോലി ലഭിച്ചത്. എങ്കിലും ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്തു.

ഒരു പ്രതിസന്ധി ഘട്ടത്തിൽ സോഫ്റ്റ് വെയറിന്‍റെ സഹായത്താൽ പ്രശ്നം പരിഹരിച്ചതോടെ ആൽബിൻ കമ്പനിക്ക് പ്രിയങ്കരനായി. അങ്ങനെ ഡിസൈനിങ് മേഖലയിൽ പുനർ നിയമനം ലഭിച്ചു. ആത്മാർഥമായി ജോലി ചെയ്യുന്നതിനൊപ്പം ഡിസൈനിങ് മേഖലയിൽ പുതിയ അറിവുകൾ സ്വായത്തമാക്കാൻ അത്യധ്വാനവും ചെയ്തു.

പിന്നീട് വി ഗാർഡിന്‍റെ പുതിയ ഫാനുകളുടെ കവർ ഡിസൈൻ ചെയ്തത് ആൽബിനായിരുന്നു. സ്വന്തമായി ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം തുടങ്ങുക എന്ന ലക്ഷ‍്യത്തിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമായി എട്ടു വർഷത്തിനുശേഷം രാജിവെച്ച് മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു.

നാലു വർഷത്തിനുശേഷം അവിടെ നിന്നിറങ്ങി സി.എൻ.എം എന്ന പേരിൽ സ്വന്തമായി കമ്പനിക്ക് തുടക്കം കുറിച്ചു. നാലു ജീവനക്കാരുമായിട്ടായിരുന്നു തുടക്കം. എന്നാൽ, പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആദ്യം പതറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ കഠിനാധ്വാനം ചെയ്തു. യുനീക് ഡിസൈനുകളാൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താനായി.


ആറു വർഷത്തിനിപ്പുറം 45ലധികം ജീവനക്കാരുമായി മികച്ച അഡ്വൈർടൈസിങ് ആൻഡ് ഡിസൈനിങ് സ്ഥാപനമായി സി.എൻ.എം വളർന്നു. എന്തു കാര്യമാണെങ്കിലും കഷ്ടപ്പെട്ട് ചെയ്യാതെ ഇഷ്ടപ്പെട്ട് ചെയ്യുക എന്നതാണ് തന്‍റെ വിജയ രഹസ്യമെന്ന് ആൽബിൻ ആന്‍റണി പറയുന്നു. കമ്പനിയുടെ ചീഫ് ഫിനാൻഷ‍്യൽ ഓഫിസറായ ഭാര്യ അനു പൂർണ പിന്തുണയുമായി കട്ടക്ക് കൂടെയുണ്ട്.






Tags:    
News Summary - albin antony's success story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.