ചെക്കൂട്ടി

14 മുതൽ 103 വയസ്സുവരെ കൃഷിയിൽ സജീവമായ ചെക്കൂട്ടിയുടേത് പ്രായത്തിന് ചെക്ക്പറഞ്ഞ കർഷക ജീവിതം

അധ്വാനിക്കാൻ പ്രായം വിലങ്ങുതടിയായി തോന്നിയിട്ടുണ്ടെങ്കിൽ ചെക്കൂട്ടിയെ കണ്ടുപഠിക്കണം. പ്രായത്തിന് ചെക്ക്പറഞ്ഞ കോഴിക്കോട് ബാലുശ്ശേരി മണ്ണാംപൊയിൽ അരീപ്രം മുക്കിലെ കർഷകനായ ചെക്കൂട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്.

ഇതിഹാസം ഒളിപ്പിച്ച വീട്ടിൽ ഓർമകൾ പേറിക്കഴിയുന്ന ഇദ്ദേഹത്തിന് പറയാനുള്ളത് തലമുറകളെ ഊട്ടിയതിന്‍റെ കഥകളാണ്.


കൃഷിയേ ഉലകം

വയസ്സ് 106ലെത്തിയെങ്കിലും ചെക്കൂട്ടിക്ക് കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്‍റെ തിളക്കമാണ്. നേരം വെളുത്താൽ കൃഷിയറിയാനും പഠിക്കാനും നാട്ടുകാരും കുട്ടികളും തേടിയെത്തും. വർഷങ്ങളും സംഭവങ്ങളും വ്യക്തികളുമെല്ലാം തെറ്റാതെ ഓർത്തെടുത്ത് അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയും.

ജന്മിത്വ വാഴ്ചയുടെ ഭീകരത കണ്ടുവളർന്ന കുട്ടിക്കാലം. അച്ഛൻ രാരിച്ചനും അമ്മ കുഞ്ഞിപ്പെണ്ണും കർഷകരായിരുന്നു. അച്ഛൻ കൃഷി ചെയ്തിരുന്ന പത്തേക്കർ സ്ഥലത്ത് തുടങ്ങി 14ാം വയസ്സിൽ പാടത്തിറങ്ങിയതു മുതൽ 103ാം വയസ്സിലും കൃഷിയിൽ സജീവമായിരുന്നു. നെല്ല് കൊയ്ത് കൂനകൂട്ടി മുറ്റത്തും വീടിനകത്തും അറയിലുമൊക്കെ നിറച്ചിട്ടിരുന്ന കാഴ്ച ഇപ്പോഴും ഉള്ളിലുണ്ട്.

നന്മണ്ട കരുണാറാം സ്കൂളിൽനിന്ന് എട്ടാം ക്ലാസ് ജയിച്ചെങ്കിലും തുടർപഠനത്തിന് നഗരത്തിലെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. മണ്ണിനെ വിശ്വസിച്ചിറങ്ങിയ ചെക്കൂട്ടിക്ക് വർഷങ്ങൾക്കിപ്പുറവും കൃഷിയെന്നു കേട്ടാൽ ജീവശ്വാസംതന്നെ.

വിഷരഹിത കാർഷിക വിഭവങ്ങൾ ആഗ്രഹിക്കുന്ന ഒരുനാടിന്‍റെ ആശ്രയമാണ് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചെക്കൂട്ട്യേട്ടൻ. തിപ്പലി, രാമച്ചം, മുഞ്ഞ, മഞ്ഞൾ, വാതം കൊല്ലി, രക്തചന്ദനം, ആടലോടകം തുടങ്ങി നാൽപതോളം ഔഷധ സസ്യങ്ങൾ രാസവളത്തിന്‍റെ സഹായമില്ലാതെ സജീവമായി വളർന്ന ചരിത്രമുണ്ട് പറയാൻ.

വിളയിച്ചെടുത്ത ചേനയും ചേമ്പും വാഴക്കുലയുമെല്ലാം അന്ന് ബാലുശ്ശേരിയിലെ ഓണച്ചന്തയിലും എത്തുമായിരുന്നു. നെൽകൃഷി കഴിഞ്ഞാൽ പാടത്ത് മറ്റു കൃഷികളിറക്കും. പറമ്പിൽ തെങ്ങുമുതൽ റബർ വരെയുണ്ടായിരുന്നു.

ആറും ഏഴും ഏക്കറിൽ കൃഷിയിറക്കി തലമുറകളെ ഊട്ടിയതിന്‍റെ അനുഭവമാണ് മണ്ണിനോട് മല്ലിടാൻ ഈ കർഷകന്‍റെ പ്രചോദനം. ഇന്ന് കൃഷി ചെയ്യാൻ ആരോഗ്യമനുവദിക്കുന്നില്ലെങ്കിലും കൃഷിതന്നെ ഉലകം.


സമരമുഖത്തെ ചെക്കൂട്ടി

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ​​ചെക്കൂട്ടിയുടെ ഓർമയിൽ പഴയകാലം ഒളിമങ്ങാതെയുണ്ട്. കൂത്താളി, ജീരകപ്പാറ, എരമംഗലം, എഴുകണ്ടി തുടങ്ങിയ മിച്ചഭൂമി സമരങ്ങളിൽ സജീവമായിരുന്ന കാലത്ത് പലതവണ പൊലീസ് മർദനമേറ്റ് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.

ഒളിവിൽ കഴിയുകയായിരുന്ന ഇ.എം.എസ്, എ.കെ.ജി ഉൾപ്പെടെയുള്ള നേതാക്കന്മാർക്ക് സഹായിയായി പ്രവർത്തിച്ച ഓർമകൾ പങ്കുവെക്കുമ്പോൾ പ്രായത്താൽ ചുളിവുവീണ മുഖത്ത് ചെറുപ്പത്തിന്‍റെ ആവേശം. ഒട്ടേറെ കർഷക സമരങ്ങൾ നടന്ന നാടെന്ന നിലയിൽ ഒരുപാട് കമ്യൂണിസ്റ്റ്‌ നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നതും ചെക്കൂട്ടിയുടെ വീട്ടിലായിരുന്നു.

106ാം വയസ്സിൽ കേൾവിക്കുറവ് മാത്രമാണ് ഇദ്ദേഹത്തെ അലട്ടുന്ന ആരോഗ്യ പ്രശ്നം. തന്‍റെ ആരോഗ്യം കൃഷി തന്നതാണെന്ന് അഭിമാനത്തോടെ പറയുന്ന ചെക്കൂട്ടി പോയകാലത്തിന്‍റെ കർഷക നന്മയുടെ തുടർച്ചകൂടിയാണ്.




Tags:    
News Summary - Farming life of Chekootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.