ശ്രീറാം പ്രസാദ്


വെബ് ഡിസൈനിങ് കമ്പനിയിലെ ജോലി രാജിവെച്ച് ശ്രീറാം പ്രസാദ് ഇലകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനി തുടങ്ങി; ഇന്ന് വാർഷിക വിറ്റുവരവ് 1.3 കോടി!

വെബ് ഡിസൈനിങ് കമ്പനിയിലെ മടുപ്പിക്കുന്ന ജോലിയാണ് ശ്രീറാം പ്രസാദ് എന്ന ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഏറെ ആലോചനകൾക്കുശേഷം തമിഴ്നാട് മധുര സ്വദേശിയായ ആ യുവാവ് കാർഷിക സംരംഭത്തിലേക്ക് തിരിയാൻ തീരുമാനിച്ചു.

ഭക്ഷണത്തിനായി നൂറുകണക്കിന് ഇലകൾ ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് വിരലിലെണ്ണാവുന്നവ മാത്രമേ വിപണിയിലുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീട് ഇതേക്കുറിച്ച് പഠനം നടത്തുകയും കർഷകരിൽനിന്ന് ഈ സസ്യ വിത്തുകൾ ശേഖരിക്കുകയും ചെയ്തു. അങ്ങനെ ശ്രീറാം തന്‍റെ സംരംഭത്തിന് തുടക്കം കുറിച്ചു.


2017ൽ ‘കീരൈകടൈ’ എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്തു. കോയമ്പത്തൂരിൽ കെട്ടിടം വാടകക്കെടുത്ത് വിവിധ ഇലകളുടെ പ്രദർശനം സംഘടിപ്പിച്ച് അവയുടെ ഗുണങ്ങൾ ആളുകൾക്ക് വിശദീകരിച്ചുകൊടുത്തു. പ്രദേശത്തെ കർഷകർക്ക് വിത്തുകൾ നൽകുകയും അവർ വിളയിക്കുന്ന ഇലകൾ വാങ്ങി കഴുകി വൃത്തിയാക്കി പാക്ക് ചെയ്ത് ആവശ‍്യക്കാർക്ക് എത്തിക്കുകയും ചെയ്തു. ഇതായിരുന്നു തുടക്കം. മികച്ച പ്രതികരണമാണ് ലഭിച്ചത്. അതോടെ ആവശ‍്യക്കാരും വർധിച്ചു.

പിന്നീട് കാർഷിക സർവകലാശാലയുടെ സഹായത്തോടെ ഇലകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ തുടങ്ങി. മുരിങ്ങയില, ബ്രഹ്മി, പേരയില, ആടലോടകം തുടങ്ങിയവയും അവയുടെ പൊടികളും ഉപയോഗിച്ച് തയാറാക്കുന്ന ഡിപ്പ് സൂപ്പുകൾ, ചെമ്പരത്തി, ശംഖുപുഷ്പം, ചമോമൈൽ എന്നിവയുടെ ഹെർബൽ ടീ, വിവിധ വെറൈറ്റിയിലുള്ള കുക്കീസ്, ഇല വിഭവങ്ങൾ തുടങ്ങിയവയാണവ.

ഇന്ന് 60ലധികം ജീവനക്കാരും 1500 കർഷകരും കീരൈകടൈയുടെ ഭാഗമാണ്. കൃഷിയിടത്തിൽനിന്ന് നേരിട്ടാണ് ഇലകൾ ശേഖരിക്കുന്നത്. പൂർണമായും ജൈവികമാണ് കൃഷി. ഇലകളുടെയും ഉൽപന്നങ്ങളുടെയും വിൽപനക്കായി മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. നിലവിൽ 1.3 കോടി രൂപയാണ് കീരൈകടൈയുടെ വാർഷിക വിറ്റുവരവ്.




Tags:    
News Summary - Harvest from the leaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.