എം. അംബിക

പ്രതികൂല സാഹചര്യം മൂലം എസ്.എസ്.എൽ.സി എഴുതാതെ പഠനം നിർത്തി. 45ാം വയസ്സിൽ എൽഎൽ.ബി ഫസ്റ്റ് ക്ലാസോടെ പാസ്... അംബികയുടേത് ‘വിയർപ്പ് തുന്നിയിട്ട’ വക്കീൽ കുപ്പായം

വർഷം 2009. സാക്ഷരത മിഷന്‍റെ തുല്യത പരീക്ഷ കോഓഡിനേറ്റർ ഓമന തങ്കപ്പനെ യാദൃച്ഛികമായി കണ്ടുമുട്ടിയതോടെ കുട്ടിക്കാലത്ത് താലോലിച്ചിരുന്ന സ്വപ്നങ്ങൾ യാഥാർഥ‍്യമാകുമെന്ന് അംബിക മനസ്സിലുറപ്പിച്ചു.

പ്രതികൂല സാഹചര്യങ്ങൾ മൂലം എസ്.എസ്.എൽ.സി പരീക്ഷ എഴുതാതെ പഠനം നിർത്തേണ്ടിവന്ന എം. അംബിക ഇപ്പോൾ അഭിഭാഷകയായി എൻറോൾ ചെയ്യാനുള്ള ഒരുക്കത്തിലാണ്. പ്രതിസന്ധികളോട് പൊരുതിയാണ് പട്ടികജാതി വിഭാഗത്തിൽപെട്ട ആ 45കാരി സ്വപ്നങ്ങൾ യാഥാർഥ‍്യമാക്കിയത്.

പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ അംബികക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ അമ്മിണിയും ഒമ്പതാം വയസ്സിൽ അച്ഛൻ കൃഷ്ണനും വിടപറഞ്ഞു. സഹോദരിമാരായ വസന്തയുടെയും ശാന്തിയുടെയും തണലിലായിരുന്നു ജീവിതം.

18ാം വയസ്സിൽ പ്രതിമ നിർമാണക്കമ്പനി തൊഴിലാളി തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ടയിലെ എൻ.വി. അയ്യപ്പനുമായി വിവാഹം. ഭർത്താവ് ജോലി ചെയ്യുന്ന കമ്പനിയിൽ അച്ചിൽ നിർമിക്കുന്ന പ്രതിമകൾക്ക് കണ്ണും കാതും വരക്കുന്ന തൊഴിലിന് അംബികയും പോയിത്തുടങ്ങി.

ഭർത്താവിനും മകൾക്കുമൊപ്പം

ഇതിനിടെയാണ് തുല്യത പരീക്ഷ കോഓഡിനേറ്ററെ കണ്ടുമുട്ടിയതും അവർ നൽകിയ പ്രോത്സാഹനത്തിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതുന്നതും നല്ല മാർക്കോടെ വിജയിക്കുന്നതും. പിന്നീട് 2017ൽ പ്ലസ് ടു തുല്യത പരീക്ഷയും പാസായി.

കട്ട സപ്പോർട്ടുമായി ഭർത്താവ് കൂടെ നിന്നതോടെ എൽഎൽ.ബി എൻട്രൻസ് കോച്ചിങ്ങിന് പോവുകയും പാലക്കാട് കുളപ്പുള്ളി അൽ അമീൻ ലോ കോളജിൽ ബി.ബി.എ എൽഎൽ.ബിക്ക് അഡ്മിഷനെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിൽ എൽഎൽ.ബി ഫസ്റ്റ് ക്ലാസോടെ പാസായി. ഇപ്പോൾ ഇരിങ്ങാലക്കുട കോടതിയിൽ അഭിഭാഷകൻ എ.എ. ബിജുവിനുകീഴിൽ പ്രാക്ടീസ് ചെയ്യുകയാണ്.

അനന്തുവും അനാമികയുമാണ് മക്കൾ. 25കാരൻ അനന്തു മസ്കറ്റിൽ വയലിൻ ആർട്ടിസ്റ്റാണ്. ഭിന്നശേഷിക്കാരിയായ 18കാരി അനാമിക സ്പെഷൽ സ്കൂളിലാണ് പഠിക്കുന്നത്.





Tags:    
News Summary - Ambika's success was fought against crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.