അതിശക്തമായ മഴ. മഴയൊന്നു ശമിച്ചപ്പോൾ മരച്ചുവട്ടിൽ അഭയം തേടിയതാണ് ആ തള്ളക്കുരങ്ങും കുഞ്ഞും. ദേഹമാസകലം നനഞ്ഞു, രോമങ്ങൾ ദേഹത്തോട് ഒട്ടിയിരിക്കുന്നു. ചെറുതായി വിറക്കുന്ന കുരങ്ങൻകുഞ്ഞിനെ അമ്മ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്.
പലരും ഈ കാഴ്ച കണ്ടു. ചിലർ ഫോട്ടോയും വിഡിയോയുമൊക്കെയെടുത്തു. കുടുംബസമേതം ആ വഴി യാത്ര ചെയ്യുകയായിരുന്ന ഒരാൾ കാർ നിർത്തി, നിപ്പിൾ ഉള്ള ഒരു കുപ്പിയിൽ പാലുമായി ആ അമ്മയുടെയും കുഞ്ഞിന്‍റെയും അടുത്തേക്ക് ചെന്നു.
പാൽക്കുപ്പിയുടെ നിപ്പിൾ കുഞ്ഞിന്‍റെ ചുണ്ടിലേക്കടുപ്പിച്ചു. മഴമൂലം ഭക്ഷണവും വെള്ളവുമൊന്നും കിട്ടാത്ത ആ കുഞ്ഞ് ആർത്തിയോടെ കുപ്പിയിലെ പാൽ മുഴുവൻ കുടിച്ചു. അതിനു മതിയായശേഷമാണ്, വിശപ്പും ദാഹവുമുണ്ടായിരുന്നിട്ടും അമ്മക്കുരങ്ങ് ബാക്കി പാൽ ആർത്തിയോടെ കുടിച്ചത്.
നമ്മുടെ ചുറ്റും നന്മയുടെ ഇടപെടൽ ആവശ്യമായ അനേകം ഇടങ്ങളും കാഴ്ചകളുമുണ്ട്. ചിലർക്കത് ദുരന്തമുഖങ്ങളിൽ ഉൾപ്പെടെ ഫോട്ടോയും വിഡിയോയും എടുക്കാനും ആകാംക്ഷയോടെ കാണാനുമുള്ള അവസരങ്ങളാണ്. മറ്റു ചിലർക്കാവട്ടെ, ആരും പറയാതെത്തന്നെ പ്രവർത്തിക്കാനുള്ള, കരുണ നിറഞ്ഞ സാമൂഹിക ഇടപെടലിനുള്ള അവസരവും. അതാണ് സാമൂഹിക പ്രതിബദ്ധത.
സാമൂഹിക പ്രതിബദ്ധത ഒറ്റദിവസംകൊണ്ട് പൊട്ടിമുളച്ചുവരുന്നതല്ല. മറിച്ച്, ബാല്യം മുതൽ, വളരുന്ന അന്തരീക്ഷത്തിൽനിന്നുൾപ്പെടെ ലഭിക്കുന്ന പരിശീലനത്തിലൂടെയും സദ്മാതൃകകളിലൂടെയും ലഭിക്കുന്നതാണ്. സ്വാർഥതയുടെ കൂട് പൊട്ടിച്ച് പുറത്തുവരുന്നതാണ്.
സ്വാർഥരായവർ തങ്ങൾക്ക് ഗുണകരമായത് മാത്രം ചെയ്യുമ്പോൾ സാമൂഹിക പ്രതിബദ്ധതയുള്ളവർ പ്രകൃതിയോടും സഹജീവികളോടുമുള്ള കരുണയും ഉത്തരവാദിത്തവും അറിഞ്ഞ് പ്രവർത്തിക്കുന്നു. അവർ പ്രവൃത്തികളുടെ കണക്ക് സൂക്ഷിക്കാറില്ല.
സാമൂഹിക പ്രതിബദ്ധതയെന്നത് സമൂഹത്തിൽ ചെയ്യുന്ന നന്മ പ്രവൃത്തികൾ മാത്രമല്ല, സമൂഹത്തിന്‍റെ ചെറിയ പതിപ്പായ സ്വന്തം കുടുംബത്തോടും മാതാപിതാക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റൽ കൂടിയാണ്. സഹജീവികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവാണിത്.
മറ്റുള്ള സസ്യ-ജീവജാലങ്ങളോടുള്ള സഹാനുഭൂതിയും കരുണയും ഭയവും കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവുമെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ളവരിൽ കാണാം.
സാമൂഹിക പ്രതിബദ്ധതയുള്ളവർ ചെയ്യുന്നത്
● പൈപ്പിൽ വെള്ളം പാഴാകുന്നത് കണ്ടാൽ വീട്ടിലാണെങ്കിലും പുറത്താണെങ്കിലും ഓഫ് ചെയ്യും.
● വൈദ്യുതി, ഭക്ഷണം എന്നിവ അനാവശ്യമായി പാഴാക്കില്ല.
● ദുർബലരോട് കരുണ കാണിക്കും. ബസിലും മറ്റും ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുമായി വരുന്നവർ, പ്രായമായവർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്കായി സ്വന്തം സീറ്റ് നൽകാൻ തയാറാവും.
● മറ്റുള്ളവരോടുള്ള സംസാരത്തിലും പ്രവൃത്തികളിലും മര്യാദ പാലിക്കും.
● മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയില്ല: ഒരിക്കൽ നടൻ മമ്മൂട്ടി ഒരു വിദേശരാജ്യത്തുവെച്ച് ഓറഞ്ച് തൊലി വേസ്റ്റ് ബിന്നിൽ തള്ളാൻ നാല് കിലോമീറ്റർ യാത്ര ചെയ്തകാര്യം പങ്കുവെച്ചപ്പോൾ മലയാളി അത് ട്രോളാക്കി. ഇതിനിത്രയും ദൂരം യാത്ര ചെയ്യേണ്ടതുണ്ടോ, പുറത്തേക്ക് വലിച്ചെറിഞ്ഞാൽ പോരേ എന്നായിരുന്നു ചിലരുടെ കമന്‍റും മനോഭാവവും. ആ മനോഭാവംതന്നെ മലയാളി മാറ്റണം.
എന്തുകൊണ്ട് സാമൂഹിക പ്രതിബദ്ധത?
● നന്മ പ്രവൃത്തികൾ കുട്ടികളെ ആത്മ സംതൃപ്തിയിലേക്കും സന്തോഷത്തിലേക്കും നയിക്കും.
● സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികൾക്ക് ശക്തവും പ്രസാദാത്മകവുമായ ബന്ധങ്ങൾ സഹപാഠികളോട് ഉണ്ടാവും.
● മറ്റുള്ളവരെ കൂടുതൽ നന്നായി മനസ്സിലാക്കാനും പരിഗണിക്കാനും ദയാലുവായിരിക്കാനും അവർക്ക് കഴിയും.
● സാമൂഹിക പ്രതിബദ്ധത ശീലിക്കുന്നത് കുട്ടികൾക്ക് മറ്റുള്ളവരോട് അനുകമ്പയും ഹൃദയബന്ധവും വളർത്താൻ സഹായിക്കും.
● സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികൾക്ക് പ്രശ്നങ്ങളെ സമാധാനപരമായും ഏവർക്കും സ്വീകാര്യമായ രീതിയിലും പരിഹരിക്കാൻ കഴിയും.
ചെറിയ പ്രായത്തിൽ സാമൂഹിക പ്രതിബദ്ധത ശീലമാക്കുന്നത് ഭാവിയിൽ ഉത്തരവാദിത്തബോധവും ധാർമികതയുമുള്ള മികച്ച വ്യക്തികളായി കുട്ടികളെ രൂപാന്തരപ്പെടുത്തും.
ഓരോ പ്രായത്തിലും എങ്ങനെ സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്താം
1. ശൈശവത്തിന്‍റെ ആരംഭം (2-5 വയസ്സിനിടയിൽ):
● ദയയുടെയും കരുണയുടെയും ആദ്യപാഠങ്ങൾ ഈ പ്രായത്തിൽ പകർന്നുനൽകാം.
a. പെരുമാറ്റ അനുകരണം: കുട്ടികൾ മറ്റുള്ളവരെ കണ്ടുപഠിക്കുന്ന പ്രായമാണിത്. മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കുട്ടികൾക്ക് മാതൃകയാവുന്ന രീതിയിൽ സഹജീവിസ്നേഹം പ്രകടിപ്പിക്കണം. വീട്ടിൽ വരുന്ന അഗതികളോടും പക്ഷിമൃഗാദികളോടും മറ്റും കരുണകാണിക്കാം. അവക്ക് ഭക്ഷണവും വെള്ളവും നൽകാം. എന്തുകൊണ്ട് കാരുണ്യ പ്രവൃത്തികൾ ചെയ്യുന്നുവെന്ന് കുഞ്ഞുങ്ങളോട് വിവരിക്കാം.
b. കഥപറച്ചിൽ: ദയ, കരുണ, മറ്റുള്ളവരെ സഹായിക്കൽ, പ്രകൃതിസംരക്ഷണം എന്നിവ ഉയർത്തിപ്പിടിക്കുന്ന കഥകളും ജീവിതസംഭവങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.
c. പങ്കുവെക്കൽ: കഴിക്കുമ്പോൾ ഭക്ഷണവും കളിക്കുമ്പോൾ കളിപ്പാട്ടങ്ങളും മറ്റും കൂടെയുള്ളവർക്ക് പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കാം. ഒപ്പം മറ്റുള്ളവരുമായി ചേർന്ന് കളിക്കാനും പ്രോത്സാഹനം നൽകാം.
2. ശൈശവത്തിന്‍റെ മധ്യകാലം (6-11 പ്രായത്തിനിടയിൽ):
● ഈ പ്രായത്തിൽ കൂടുതൽ ഗഹനമായ ആശയങ്ങൾ മനസ്സിലാക്കാനും കൂടുതൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്യാനും കുട്ടികൾക്ക് കഴിയും.
a. ഒരുമിച്ചുള്ള സന്നദ്ധസേവനം: സ്കൂളിലും മറ്റും പച്ചക്കറിത്തോട്ടം നിർമിക്കൽ, പൂന്തോട്ട പരിപാലനം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി മറ്റു കുട്ടികളോട് ചേർന്നുള്ള സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാം.
b. നാട്ടുകാര്യങ്ങൾ ചർച്ചചെയ്യാം: സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും അവയിൽ എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാമെന്നും മറ്റും കുട്ടികളുമായി സംസാരമധ്യേ ചർച്ച ചെയ്യാം.
c. ഉത്തരവാദിത്തങ്ങൾ ഏൽപിക്കാം: വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തം കുട്ടികൾക്ക് നൽകാം. ഉദാ: കഴിച്ച പാത്രം കഴുകുക, ഓമന ജീവികൾക്ക് ഭക്ഷണം നൽകുക തുടങ്ങിയവ. ഭാവിയിൽ സാമൂഹിക ഉത്തരവാദിത്തം വളർത്താൻ ഇത് സഹായിക്കും.
3. കൗമാരം (12 മുതൽ മുകളിലേക്ക്):
● കൗമാരക്കാർക്ക് കൂടുതൽ സ്വതന്ത്രമായി സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കും.
a. സാമൂഹിക സേവന പദ്ധതികൾ: ജീവകാരുണ്യ, പരിസ്ഥിതി, സാംസ്കാരിക പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം നൽകാം. നാഷനൽ സർവിസ് സ്കീം (NSS), നാഷനൽ കാഡറ്റ് കോർപ്സ് (NCC), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് (SPC), ഹയർസെക്കൻഡറി തലത്തിലുള്ള സൗഹൃദ ക്ലബുകൾ, വിവിധ സ്കൂൾ ക്ലബുകൾ തുടങ്ങിയ സംഘടനകളിലെ പ്രവർത്തനങ്ങൾ സാമൂഹിക ബോധം ഊട്ടിയുറപ്പിക്കും.
b. ധാർമിക സംശയങ്ങൾ ചർച്ചചെയ്യാം: സാമൂഹിക വിഷയങ്ങളുടെ വിവിധ വശങ്ങൾ ചർച്ചചെയ്യുന്നതുവഴി, കൗമാരക്കാരുടെ പ്രവർത്തനങ്ങളെ, സംശയങ്ങൾ അകറ്റി ശരിയായ രീതിയിൽ നയിക്കാൻ സാധിക്കുന്നു.
c. സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുക: പൊതുസ്ഥലത്ത് മാലിന്യം തള്ളുക, തുപ്പുക, പുകവലിക്കുക, അശ്രദ്ധയോടെ റോഡ് ക്രോസ് ചെയ്യുക, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കുക, അശ്രദ്ധയോടെ വാഹനമോടിക്കുക, വഴിതടഞ്ഞ് റാലി നടത്തുക, ചതുപ്പുനിലങ്ങൾ മണ്ണിട്ട് നികത്തുക, കുന്നുകൾ ഇടിച്ച് നിരത്തുക തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ പ്രോത്സാഹിപ്പിക്കുക.
പങ്കാളിയാവാം, എല്ലാ കുട്ടികൾക്കും
● വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സംഭാവന നൽകാം: കുട്ടികൾ ഇപ്പോൾ ഉപയോഗിക്കാത്ത നല്ല കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അർഹരായവർക്ക് കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കുക.
● കൃതജ്ഞത കുറിപ്പുകൾ എഴുതാം: ആരെങ്കിലും ഒരു ഉപകാരം ചെയ്യുകയോ സമ്മാനം നൽകുകയോ ചെയ്യുമ്പോൾ അവർക്ക് നന്ദിപറഞ്ഞ് കത്തെഴുതാൻ പഠിപ്പിക്കാം.
● പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ നിർമിക്കാനും പരിപാലിക്കാനും കുട്ടികളെ പ്രേരിപ്പിക്കാം. ഇത് ഉത്തരവാദിത്തബോധം വളർത്തും.
● ഓമനജീവി പരിപാലനം, ലവ് ബേഡ്സ്, അലങ്കാര മത്സ്യങ്ങൾ, പൂച്ച, നായ് എന്നിവയെ വളർത്തുന്നതും പരിപാലിക്കുന്നതും അവയുമായി സമയം ചെലവഴിക്കുന്നതും സഹജീവി സ്നേഹം വർധിപ്പിക്കും. ഒപ്പം ടെൻഷൻ, സ്ട്രെസ് എന്നിവ അകറ്റും. മനസ്സ് ശാന്തമാകും.
● വീടിനടുത്ത പാതയോരങ്ങൾ വൃത്തിയാക്കാം, അവിടെ ചെടികൾ നട്ടുവളർത്താം.
● പുതിയ വിദ്യാർഥികളെയും അയൽക്കാരെയും സ്വാഗതംചെയ്ത് സൗഹൃദം സ്ഥാപിക്കാം.
● ഇടക്ക് അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുകയും അവിടെയുള്ളവരുമായി സമയം ചെലവഴിക്കുകയും അവർക്ക് സഹായം നൽകുകയും ചെയ്യാം.
● ഒപ്പം പഠിക്കുന്ന വിദ്യാർഥികളെയും മറ്റും സഹായിക്കാൻ മുന്നിട്ടിറങ്ങാം.
● ചെറിയ രീതിയിൽ പണം സേവ് ചെയ്ത് നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കാം. ഒപ്പം പണത്തിന്‍റെ മൂല്യം മനസ്സിലാക്കി വളർത്താം. അവർക്ക് ആവശ്യത്തിന് പണം നൽകുക, അത് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
● കൊടും വേനലിൽ കിളികൾക്കായി വെള്ളം വീടിനു പുറത്ത് പാത്രത്തിൽ വെപ്പിക്കാം.
● പൊതുസ്ഥലത്ത്, തീൻമേശയിൽ, ഫോണിൽ സംസാരിക്കുമ്പോൾ, മറ്റുള്ളവരുടെ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉൾപ്പെടെ സാമൂഹിക മര്യാദകൾ ശീലിപ്പിക്കാം.
● വിനയം, എളിമ എന്നിവ ശീലിപ്പിക്കാം. ഒരു കാര്യം ചോദിക്കുമ്പോൾ Please, മറ്റുള്ളവർ ഒരു കാര്യം ചെയ്തുകൊടുക്കുമ്പോൾ, നൽകുമ്പോൾ ‘Thank you’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ ശീലിപ്പിക്കാം.
● മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടക്ക് കയറി പറയാതെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കാം. അത്യാവശ്യമാണെങ്കിൽ Excuse me എന്ന് പറഞ്ഞശേഷം സംസാരിക്കാൻ ശീലിപ്പിക്കാം.
● കൂട്ടുകാരുടെ ജന്മദിനങ്ങളിൽ കൊച്ചുകൊച്ചു സമ്മാനങ്ങൾ കൊടുക്കാൻ പ്രേരിപ്പിക്കാം.
● നന്മ പ്രവൃത്തികൾ ആഘോഷിക്കാം: എത്ര ചെറുതാണെങ്കിലും കുട്ടികൾ ചെയ്യുന്ന നന്മ പ്രവൃത്തികളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും തയാറാവുക.
● തുറന്നു സംസാരിക്കാം: കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുമ്പോൾ അവരുമായി തുറന്നു സംസാരിക്കുക. അവരുടെ ചോദ്യങ്ങൾക്ക് മുൻവിധിയില്ലാതെ ഉത്തരം നൽകണം. അവരുടെ അനുഭവങ്ങൾ കേൾക്കണം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കണം. ഇത് കൂടുതൽ പ്രവർത്തിക്കാൻ അവർക്ക് ഊർജം നൽകും.
● മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും സ്വയം മാതൃകയായി സാമൂഹിക പ്രതിബദ്ധത കാണിച്ചുകൊടുക്കാം. മറ്റുള്ളവരുടെ വാക്കുകളെക്കാൾ പ്രവൃത്തിയാണ് കുട്ടികൾ അനുകരിക്കുന്നത്.
● തെറ്റായ സന്ദേശം നൽകുന്ന സിനിമകൾക്കെതിരെ ബോധവത്കരണം കൊടുക്കാം.
സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കുന്ന കാര്യങ്ങൾ പരിശീലിപ്പിക്കുന്നത് ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കാനും ഒപ്പം മറ്റുള്ളവരെ മനസ്സിലാക്കാനും മറ്റുള്ളവരോട് കരുണയും കരുതലും കാത്തുസൂക്ഷിക്കാനും സഹായിക്കും.
സാമൂഹിക പ്രതിബദ്ധത ബാല്യത്തിലേ അഭ്യസിപ്പിക്കുന്നത് ഭാവിയിലേക്കുള്ള ധാർമിക മൂല്യങ്ങളുടെ നിക്ഷേപംകൂടിയാണ്. മാതാപിതാക്കളോടും സമൂഹത്തോടും സഹജീവികളോടുമുള്ള ഉത്തരവാദിത്തങ്ങളും കടമയും മനസ്സിൽ ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.