പാരന്‍റിങ് എന്നത് കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതാണ്. മി​ല്ലേനിയൽ, ജെൻ സീ, ജെൻ ആൽഫ എന്നൊക്കെ തലമുറകളെ പേരുവിളിച്ച് കൃത്യമായ വ്യത്യാസങ്ങൾ ചിന്താധാരകളിലും രീതിയിലും അടയാളപ്പെടുത്തുന്ന കാലഘട്ടമായതിനാൽ പരമ്പരാഗത, അതോറിറ്റേറ്റിവ്, ഓട്ടോക്രാറ്റിക്, ഡെമോക്രാറ്റിക് എന്നൊക്കെയുള്ള രീതികൾ സദാ ഫലപ്രദമായിക്കൊള്ളണമെന്നില്ല.

എന്നാൽ, കൃത്യമായ, ഏവർക്കും സ്വീകാര്യമായ ഒറ്റമാർഗം എന്നൊന്നില്ല. അതുകൊണ്ട്, ശിക്ഷയല്ല ശിക്ഷണമാണ് വേണ്ടത് എന്ന ആശയം ഉൾക്കൊള്ളുന്ന പോസിറ്റിവ് പാരന്‍റിങ്ങാണ് പുതിയ കാലത്ത് സ്വീകരിക്കേണ്ടത്.


പോസിറ്റിവ് പാരന്‍റിങ്ങിന്‍റെ തത്ത്വങ്ങൾ

● കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങളെ അവരുടെ കുറ്റമായി കാണേണ്ടതില്ല. പ്രശ്നങ്ങൾ നമ്മോട് ആശയവിനിമയം ചെയ്യാനുള്ള ഒരു മാർഗമായാണ് കാണേണ്ടത്, അവരുടെ മാത്രം കുറ്റമായിട്ടല്ല.

● കുഞ്ഞുങ്ങളുടെ പ്രവൃത്തികളുടെ റിസൽട്ടിനെക്കാൾ അവരുടെ ശ്രമങ്ങളെ (Effort) സാധൂകരിക്കുന്ന സമീപനമാണ് ആവശ്യം.

● നിങ്ങൾക്ക് തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്ന, വ്യക്തി എന്ന രീതിയിലുള്ള ബഹുമാനം കുട്ടിക്കും നൽകിക്കൊണ്ടാണ് അവരോട് സംസാരിക്കേണ്ടത്.

● കുട്ടികൾക്കുണ്ടാകുന്ന നെഗറ്റിവ് ഫീലിങ്ങുകൾക്ക് അവരെ ശിക്ഷിക്കരുത് (ദേഷ്യം, അസൂയ, സങ്കടം etc).

● അവരുടെ കഴിവുകളിൽ തികഞ്ഞ ആത്മവിശ്വാസം രക്ഷിതാക്കൾക്കുള്ളതായി പ്രകടിപ്പിക്കുകയും അത് അവർക്ക് ബോധ്യപ്പെടുകയും വേണം.

● ഓർമിക്കുക, കാര്യങ്ങൾ എത്ര മോശമായും വൈകാരികമായും അവർക്ക് തോന്നുന്നുവോ, അത്രയും കൂടുതൽ പെരുമാറ്റപ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുന്നതാണ്.


കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന, പരിപോഷിപ്പിക്കുന്ന മാർഗങ്ങൾ

● പൂർണമനസ്സോടെ, ഇടക്ക് കയറാതെ അവരെ കേൾക്കുക. വ്യക്തമായ, തികഞ്ഞ ധാരണകൾക്കുശേഷം മാത്രം അഭിപ്രായങ്ങൾ പറയുക.

പുതുതലമുറയുടെ ഏറ്റവും വലിയ പരാതി, രക്ഷിതാക്കൾ എടുത്തുചാടി അവരെ കുറ്റപ്പെടുത്തുന്നു, അവരുടെ ഭാഗം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്. അങ്ങനെ വരുമ്പോൾ അവർക്ക് കുടുംബം സന്തോഷമുള്ള ഒരു ഇടം ആകില്ല. മറിച്ച് അത്തരം ഇടങ്ങൾ തേടിയുള്ള യാത്രകൾ അവർ തുടങ്ങുകയും പ്രശ്നങ്ങളിൽ ചെന്നുചാടുകയും ചെയ്യും.

● ക്ഷമ പരിശീലിക്കുക. ഗെയിമുകളും ഫോണും എല്ലാം ചേർന്ന് ജീവിതത്തിന്‍റെ സ്പീഡ് വളരെ കൂടിയിരിക്കുന്ന അവസ്ഥയിൽ ‘ക്ഷമ ആട്ടിൻസൂപ്പിന്‍റെ ഗുണം ചെയ്യും’ എന്ന പഴഞ്ചൊല്ല് ഓർമിക്കുക. നിങ്ങൾ എടുത്തുചാടുന്നത് അവർ അനുകരിക്കുകതന്നെ ചെയ്യും!

● അവരുടെ വികാരങ്ങൾ സാധൂകരിക്കുകയും മാനിക്കുകയും ചെയ്യുന്നപോലെ നിങ്ങളുടെ ഫീലിങ്സും തുറന്നുപറയുക. ഉള്ളിൽ ഒന്നുവെച്ച് പുറത്ത് മറ്റൊന്ന് കാണിക്കരുത്. അത് നല്ല രീതിയിൽ അവതരിപ്പിക്കുക. നമ്മുടെ ടോൺ വളരെ പ്രധാനപ്പെട്ടതാണ്.

● നമ്മുടെ പെരുമാറ്റത്തിലും വാക്കുകളിലും സുസ്ഥിരത പാലിക്കുക. ഇത് കുട്ടികളിലും അനുകരണീയ മാതൃക സൃഷ്ടിക്കും. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാതിരിക്കുക. വിശ്വാസ്യത നഷ്ടപ്പെടാൻ മറ്റൊന്നും ആവശ്യമില്ല. നിങ്ങൾ കുട്ടികളുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിശ്വാസ്യതയാണ് നിങ്ങളെ ആശ്രയിക്കാനും ബഹുമാനിക്കാനും കുടുംബത്തോട് ചേർന്നുനിൽക്കാനും അവരെ പ്രാപ്തരാക്കുന്നത്. അത് കുട്ടികളുടെ മനസ്സിൽ മാനസികവും വൈകാരികവുമായ സുരക്ഷിതത്വബോധം സൃഷ്ടിക്കും.

● കുടുംബമായി സമയം ചെലവഴിക്കുന്നത് പ്ലാനിങ്ങോടെതന്നെ ചെയ്യുക. കൃത്യമായി നടപ്പാക്കുക. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കും താൽപര്യമുണ്ടെന്നത് അവർക്ക് ബോധ്യപ്പെടുകയും കുടുംബം ഉല്ലാസകരമായ ഒരു സ്​പേസ് തന്നെയാണ് എന്നവർ മനസ്സിലാക്കുകയും ചെയ്യും.

● കൃത്യമായ അതിർവരമ്പുകൾ പാലിക്കുക. കൂടുതലായി കാര്യങ്ങളിൽ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കുട്ടികളെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലോസരപ്പെടുത്തും. അത് അവരിലെ വ്യക്തി ഒരു പ്രത്യേക ദിശയിൽ വളർന്നുവരുന്ന സമയമായതിനാൽ രക്ഷിതാക്കളുടെ മൈക്രോ മാനേജ്മെന്‍റ് കാരണം അവർ ദിശതെറ്റി സഞ്ചരിക്കാതെയും ചുറ്റുമുള്ളവർ അവരെ ദുരുപയോഗം ചെയ്യാതെയും ശ്രദ്ധിക്കണം.

● ചോദിക്കുന്ന ചോദ്യങ്ങൾ കൂടുതൽ ഓപൺ എൻഡഡ് ആക്കാൻ ശ്രമിക്കുക. അതിൽനിന്ന് അവർ ഒരു ആശയത്തെപ്പറ്റി എന്തെല്ലാം മനസ്സിലാക്കിയിട്ടുണ്ട്, തെറ്റുകളോ തെറ്റിദ്ധാരണകളോ ഉണ്ടോ, അവരുടെ നിലപാടുകൾ എന്താണ് എന്നൊക്കെ വ്യക്തമായി അറിയാൻ ശ്രമിക്കുക. Yes/No എന്ന ക്ലോസ്ഡ് എൻഡഡ് ചോദ്യങ്ങൾ ഗുണകരമല്ല.

● അവരാഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ മാനസികമായും വൈകാരികമായും ഒരു പാരന്‍റ് എന്ന രീതിയിൽ ലഭ്യമായിരിക്കുക (Be available). ഞാൻ എന്ത് ചെയ്യും, എവിടെ പോകും, ആരോട് പറയും എന്നൊക്കെയുള്ള വൈകാരിക സംഘർഷങ്ങൾ അങ്ങനെയുള്ള അവസ്ഥയിൽ കുട്ടികളിൽ ഉണ്ടാവില്ല. അവരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം നിങ്ങളുടേതുതന്നെയായിരിക്കും.


കുഞ്ഞുങ്ങളോട് ചോദിക്കാം:
(ഇന്നെന്ത് പഠിപ്പിച്ചു എന്ന കാലഹരണപ്പെട്ട ചോദ്യം തീർത്തും ഒഴിവാക്കുക)

● ഇന്ന് ഏറ്റവും രസകരമായ കാര്യം എന്തായിരുന്നു?

● ആർക്കൊപ്പമാണ് ഏറ്റവും അധികം ചിരിച്ചത്?

● നിങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിച്ചോ? (pleasing എന്ന അർഥത്തിൽ അല്ല).

● ക്ഷീണമുണ്ടോ?

● ഇന്നിനി എന്ത് ചെയ്യണം. എന്തുതോന്നുന്നു?

● ഉറങ്ങുന്നതിനു മുമ്പുള്ള സമയം നമ്മളൊന്ന് പ്ലാൻ ചെയ്താലോ?

● എന്തെങ്കിലും ചെയ്തിട്ട് ശരിയായില്ല എന്ന തോന്നലുണ്ടോ?

● തോറ്റുപോകുമോ എന്ന് പേടിയുണ്ടോ?

● ഇന്ന് ചലഞ്ചിങ്ങായ എന്തെങ്കിലും ചെയ്തോ?


പ്രോത്സാഹനപരമായ വാചകങ്ങൾ:

● എനിക്ക് നിന്‍റെ കൂടെയിരിക്കാൻ ഒരുപാടിഷ്ടമാണ്.

● നീ ഒരു മിടുക്കനാണ്/മിടുക്കിയാണ്.

● ഇന്ന് നീ തനിയെ മേശ വൃത്തിയാക്കിയത്/ഷൂ ലേസ് കൃത്യമായി കെട്ടിയത്, പെറ്റ്സിനെ താലോലിച്ചത്, പുസ്തകം എടുത്തുവെച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു.

● എനിക്കെന്‍റെ കുഞ്ഞിനെ മനസ്സിലാവും.

● എന്‍റെ കുഞ്ഞ് എത്ര പ്രയത്നിച്ചെന്ന് എനിക്കറിയാം.

● നിന്‍റെ അഭിപ്രായങ്ങൾ കേൾക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്.

● നമുക്ക് നിന്‍റെ രീതിയിൽ ഒന്ന് ശ്രമിച്ചുനോക്കാം.

● ആരും പെർഫെക്ട് അല്ല. ശ്രമങ്ങളും കൃത്യനിഷ്ഠയുമാണ് പ്രധാനം.

പാരന്‍റ്സ് മാറേണ്ടത് എവിടെ?

നിങ്ങളുടെ കുഞ്ഞ് പെൻസിൽ പിടിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവന്/അവൾക്ക് കളിമണ്ണ് അല്ലെങ്കിൽ പ്ലേ ഡാഷ് വാങ്ങി നൽകി പരിശീലിപ്പിക്കുക. അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ലെങ്കിൽ താൽപര്യം ജനിപ്പിക്കുന്ന ഒരു കഥപറഞ്ഞ്/പാട്ടുപാടി അവരുടെ ശ്രദ്ധയാകർഷിക്കുക. പ്രത്യേകിച്ച് അവർ ഭക്ഷണം കഴിക്കുമ്പോൾ കഥ വായിച്ചു കേൾപ്പിക്കാം.

നിങ്ങളുടെ കുട്ടി നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആ രീതിയിൽ ചെയ്യുന്നില്ല എന്നു കരുതി ദേഷ്യം പ്രകടിപ്പിക്കാതെ അവരെവിടെയാണോ മാനസികമായി ഉള്ളത് അവരെ അങ്ങോട്ട് ചെന്ന് കാണുക.




Tags:    
News Summary - Parenting can be made easy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.