ആറു വയസ്സുള്ള അന്ന, അമ്മയുടെ ഷാളിൽ പിടിച്ചു മടിച്ചുമടിച്ചാണ് കൺസൽട്ടിങ് റൂമിലേക്ക് വന്നത്. ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ അമ്മയുടെ മടിയിൽ തലതാഴ്ത്തി കിടക്കുകയാണ്. എന്തു ചോദിച്ചിട്ടും അവൾ ഒന്നു തലപൊക്കി നോക്കുകപോലും ചെയ്യുന്നില്ല.

കാര്യം തിരക്കിയപ്പോൾ ‘‘രണ്ട് മാസമായി രാവിലെ സ്കൂളിൽ പോകാൻ മടി. ചെറുതായി വയറുവേദനയും. കൂടുതൽ ദിവസങ്ങളും സ്കൂളിൽ ആബ്സെന്‍റാവുന്നു. പീഡിയാട്രീഷനെ കണ്ടു, കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഇല്ല’’ -അമ്മ പറഞ്ഞു. ശേഷവും ഇതേ അവസ്ഥ തുടർന്നപ്പോഴാണ് കൺസൽട്ടേഷനു​ വരുന്നത്.

ഇതുപോലെ 13 വയസ്സുള്ള ആദം വന്നത് പരീക്ഷക്ക് നിരന്തരം മാർക്ക് കുറഞ്ഞതോടെയാണ്. കൂടുതൽ ചോദിച്ചപ്പോഴാണ് പരീക്ഷയുടെ ഒരാഴ്ച മുമ്പേ ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു എന്ന് അറിഞ്ഞത്.

നന്നായി പഠിച്ചാലും പരീക്ഷ ഹാളിൽ കയറി ചോദ്യപേപ്പർ കൈയിൽ കിട്ടിയാൽ എല്ലാം മറന്നു പോകുന്ന സ്ഥിതി. പരീക്ഷ ഹാളിൽവെച്ച് ചെറിയ രീതിയിൽ തലകറക്കവും ഉണ്ടായി. കൈ വിയർത്തതിനാൽ പേന ശരിക്കു പിടിക്കാനും സാധിക്കുന്നില്ല.

മേൽപറഞ്ഞ ആദ്യത്തെ അവസ്ഥ കുട്ടികളിൽ 4-5 ശതമാനം വരെയും പരീക്ഷയെ കുറിച്ചുള്ള ഭയം 20-40 ശതമാനം വരെയും കണ്ടുവരുന്നുണ്ട്. ആദ്യത്തേത് സെപ്പറേഷൻ ആങ്സൈറ്റിയും (Separation Anxiety) രണ്ടാമത്തേത് എക്സാം റിലേറ്റഡ് ഫിയറും (Exam Related Fear) ആണ്. കുട്ടികളിലെ ഭയം തിരിച്ചറിഞ്ഞ് കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വഴികളറിയാം...


ഭയത്തിന്‍റെ സൈക്കോളജി

നമ്മുടെ തലച്ചോറിൽ ഭയ​ത്തെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്‍റെ പേര് അമിഗ്ഡല (Amygdala) എന്നാണ്. ഈ കേന്ദ്രമാണ് ഭയമുണ്ടാകുമ്പോൾ ശരീരത്തെ പ്രതികരിക്കാൻ സഹായിക്കുന്നത്. സഹജമായി (Instinctual) നമുക്ക് ലഭിച്ചിട്ടുള്ളത് രണ്ടു തരത്തിലുള്ള ഭയമാണ്.

● വലിയ ശബ്ദത്തെ ഭയക്കൽ (Fear of Loud Sounds)

● വീഴുമോ എന്ന ഭയം (Fear of Heights or Falling)

ബാക്കി ഭയമെല്ലാം നാം ഒരുതരത്തിൽ പഠിച്ചെടുക്കുന്നതാണ്.

● സ്വയം അനുഭവത്തിൽനിന്ന് പഠിച്ച ഭയങ്ങൾ ഉണ്ടാവാം. ഉദാ: വള്ളത്തിൽ കയറിയപ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവംമൂലം പിന്നീട് വെള്ളത്തിനടുത്തേക്ക് പോകാൻ തന്നെ ഭയം.

● ചില വസ്തുക്കൾ/ ജീവികൾ/ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളോട് മറ്റുള്ളവര്‍ വിവരിക്കുമ്പോള്‍ ഭയത്തോടെയാണെങ്കിൽ ആ വസ്തുക്കളോടും ജീവികളോടും കുട്ടികള്‍ക്ക് ഭയമുണ്ടാകാം.

● മറ്റുള്ളവരുടെ ഭയം നിരീക്ഷിച്ചതിന്‍റെ ഫലമായി ഉണ്ടാകാവുന്ന ഭയം. അത് മാതാപിതാക്കളിൽനിന്നോ കുട്ടികളുമായി അടുത്തിടപഴകുന്ന മറ്റു ആളുകളുടെ പെരുമാറ്റത്തിൽനിന്നോ ആകാം.

● ഭയം ഉളവാക്കുന്ന കഥകൾ കേട്ടതിന്‍റെ ഭാഗമായി. ഭയപ്പെടുത്തുന്ന കഥകൾ, സിനിമകൾ (Fantasy) കണ്ടതിനാൽ.

● നിരുപദ്രവകരവും അപകടം തെല്ലുമില്ലാത്തതുമായ വസ്തുക്കളോടോ സാഹചര്യങ്ങളോടോ ഒക്കെ കുട്ടികള്‍ കാണിക്കുന്ന ഭയം. ഉദാ: ഇരുട്ട്, ചില പ്രത്യേക സമയത്ത് പുറത്തിറങ്ങാൻ ഭയം.

● ഭാവനയില്‍ അല്ലെങ്കില്‍ ചിന്തകളില്‍ക്കൂടി ഉണ്ടാകുന്ന ഭയങ്ങളും കുട്ടികളില്‍ കാണാറുണ്ട്. ഉദാ: പ്രേതം, അന്യഗ്രഹ ജീവികള്‍ എന്നിവയോടുള്ള പേടി.


ഭയത്തെ അമിതമായി ഭയക്കേണ്ടതില്ല

ഭയം നമ്മുടെ നിലനിൽപിന് (Survival) ആവശ്യമായ ഭാവം/വികാരം ആണ്. അതിനാൽ, ഭയത്തെ അമിതമായി ഭയക്കേണ്ടതില്ല. ഭയംമൂലം ശരീരത്തിലുണ്ടാകുന്ന ചില പ്രതികരണങ്ങൾ നമ്മെ സംരക്ഷിക്കും.

നായ് കടിക്കാൻ വന്നാൽ ഓടി മാറാൻ സഹായിക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതികരണങ്ങളാണ്. ഉദാ: ഹൃദയമിടിപ്പ് കൂടുക, മാംസ പേശികൾ മുറുകുക, ശ്വാസോച്ഛ്വാസം വേഗത്തിൽ ആവുക, ശരീരം നന്നായി വിയർക്കുക (ഇത് ശരീര ഊഷ്മാവ് കൂടുന്നതിനെ നിയന്ത്രിക്കാൻ), കൂടാതെ പലവിധം മാറ്റങ്ങളുടെ ഒരു ആകത്തുകയാണ് ഒരു അപകടത്തിൽ നമുക്ക് ഉണ്ടാകുന്ന പ്രതികരണം. ഇതിനെ ഫൈറ്റ് ഓർ ഫ്ലൈറ്റ് റെസ്പോൺസ് (Fight-or-flight response) എന്നു പറയുന്നു.

കളിയാക്കരുത് കുട്ടികളിലെ ഭയത്തെ

കുട്ടികളുടെ ഭയത്തെ കളിയാക്കിയും വഴക്കുപറഞ്ഞ് അവഗണിച്ചും കൈകാര്യം ചെയ്യുന്ന രീതിയാണ് പൊതുവേ മുതിര്‍ന്നവരില്‍ കാണാറുള്ളത്. അതുപോലെ ‘പേടിക്കുന്നത്’ നാണക്കേടാണ് എന്ന ചിന്തയും നല്‍കാറുണ്ട്.

ഭയം അനിവാര്യമെങ്കിലും അമിതമായാൽ അത് മാനസിക പ്രശ്നങ്ങൾക്കിടയാക്കിയേക്കാം. ദൈനംദിന ജീവിതത്തെയും ബാധിച്ചേക്കാം. സ്കൂളിൽ പോകാതിരിക്കൽ, പഠനത്തിൽ ശ്രദ്ധക്കുറവ് എന്നിവക്ക് കാരണമായേക്കാം. ഭയത്തെ ചൊല്ലി കുട്ടികളെ കളിയാക്കാതിരിക്കുക. അക്കാരണത്താൽ ഭയത്തെക്കുറിച്ച് പറയുന്നത് അവർ നിർത്തുകയും അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും.

സമയാനുസൃതം കുട്ടികളിലെ ഭയം നേരിട്ടിട്ടില്ലെങ്കിൽ ചുരുക്കം ചില ഭയങ്ങൾ ഫോബിയയായോ മറ്റ് ഉത്കണ്ഠാ രോഗങ്ങളായോ (Anxiety disorder) മാറാൻ കാരണമായേക്കാം.

പേടിയും ഫോബിയയും തമ്മിലുള്ള വ്യത്യാസം

പേടി/ഭയം, ഫോബിയ എന്നത് ഒരു സ്പെക്ട്രത്തിന്‍റെ രണ്ട് അറ്റങ്ങളാണ്. ഭയം ഒരു സ്വാഭാവിക വികാരം എന്ന് പറയാമെങ്കിൽ ഫോബിയ യുക്തിക്ക് അതീതമായി വരുന്ന അവസ്ഥയാണ്. ഉദാ: പാമ്പുപോലുള്ള വിഷജന്തുക്കളെ നമുക്ക് ഭയക്കാം. കാരണം ആ ഭയം നമ്മെ സംരക്ഷിക്കാനുള്ള പ്രതികരണങ്ങൾ നൽകുന്നു.

എന്നാൽ, ഒരു ഫോട്ടോയിൽ അല്ലെങ്കിൽ വിഡിയോയിൽ ഒരു പാമ്പിനെ കണ്ടാൽത്തന്നെ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയും ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്താൽ അത് ഫോബിയയുടെ ലക്ഷണങ്ങളാവാം. അമിത ഭയം പലപ്പോഴും ഫോബിയയിലേക്ക് മാറാൻ സാധ‍്യതയുണ്ട്.

ഫോബിയക്ക് പലതരത്തിലുള്ള ചികിത്സ ലഭ‍്യമാണ്. അതിന്‍റെ കാഠിന്യം അനുസരിച്ച് മരുന്നു ചികിത്സയും അതോടൊപ്പം സൈക്കോതെറപ്പിയും ഫലവത്താണ്. അതിനായി മെന്‍റൽ ഹെൽത്ത് പ്രഫഷനലിനെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ സമീപിക്കാം.

എങ്ങനെ കുട്ടികളിലെ ഭയം തിരിച്ചറിയാം

കുട്ടികൾ തങ്ങളുടെ ഭയം പലരീതിയിൽ പ്രകടമാക്കാം. മുതിർന്നവർ ഭയത്തെക്കുറിച്ച് വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോൾ എല്ലാ കുട്ടികൾക്കും അതേപടി പ്രകടിപ്പിക്കാൻ സാധ്യമാകണമെന്നില്ല. അവർ അത് മറ്റു പല രീതിയിലും പ്രകടിപ്പിച്ചേക്കാം.

● കുട്ടികളുടെ ദിനചര്യയിൽ പ്രകടമായ മാറ്റം

● ദേഷ്യവും കരച്ചിലും കൂടുതലായിവരുക.

● സാധാരണയിൽ കൂടുതലായി അച്ഛനമ്മമാരെയും സംരക്ഷകരെയും വിട്ടുമാറാതിരിക്കുക (Clingy behaviour).

● കുട്ടികളുടെ ഉറക്കത്തിലുള്ള വ്യത്യാസം

● ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങൾ നിരന്തരം കാണുക

● ശാരീരിക വേദനകൾ ഉണ്ടാവുക

● ഛർദി

● വയറുസംബന്ധ ബുദ്ധിമുട്ടുകൾ

● പഠനത്തിലെ ശ്രദ്ധക്കുറവ്

● പിടിവാശി

പേടിയുള്ള കുട്ടികളോട് എങ്ങനെ പെരുമാറണം

കുട്ടികളിലുണ്ടാകുന്ന ഭയം മാതാപിതാക്കൾ പല രീതിയിൽ അഡ്രസ് ചെയ്യാൻ ശ്രമിക്കണം. ഉദാ: മോഡലിങ് (Modelling): ഭയമുള്ള വസ്തു/സന്ദർഭത്തെ എങ്ങനെ നേരിടാമെന്ന് കുട്ടികൾക്ക് കാണിച്ചുകൊടുക്കാം. കുട്ടി അത് മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങുമ്പോൾ ചെറിയ പ്രോത്സാഹനങ്ങളും നൽകാം. അങ്ങനെ പടിപടിയായി കുട്ടികളിലെ ഭയം ഇല്ലാതാക്കാൻ സഹായിക്കാം.

● കുട്ടികളിലെ ഭയത്തെ തള്ളിക്കളയുകയോ ലഘൂകരിക്കുകയോ പുച്ഛിച്ചുതള്ളുകയോ ചെയ്യാതിരിക്കുക.

● അവർക്ക് പറയാനുള്ളത് മുഴുവനായി കേൾക്കുക.

● സമാശ്വസിപ്പിക്കുകയും ധൈര്യം കൊടുക്കുകയും ചെയ്യുക.

● ഭയം അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെയൊ​ക്കെ ബാധിക്കുന്നു എന്നു സംസാരിച്ച് മനസ്സിലാക്കുക.

● കുട്ടികളിലെ ഭയത്തിന്‍റെ മറ്റു ലക്ഷണങ്ങളെ എങ്ങനെ കുറവുവരുത്താം എന്ന് നോക്കുക.

● വേദനയുണ്ട് എന്ന് കുട്ടി പറയുമ്പോൾ അത് നിന്‍റെ തോന്നലാണ് എന്നുപറഞ്ഞ് നിസ്സാരവത്കരിക്കാതിരിക്കുക.

● അവരെ സ്ഥിരമായി എന്തെങ്കിലും തരത്തിലുള്ള കായികമായ കളികളിലേക്ക് തിരിച്ചുവിടുക.

● പേടി സ്വാഭാവിക വികാരമാണെന്നും മിക്ക പേടികളും കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് മാറുകയും പുതിയ പേടികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മാതാപിതാക്കള്‍ മനസ്സിലാക്കുക.

● പേടിക്കേണ്ട വസ്തുക്കളെയും സാഹചര്യങ്ങളെയും പേടിക്കാത്തതും അത്ര നന്നല്ല എന്നതും തിരിച്ചറിയുക.

● കുഞ്ഞിന്‍റെ പേടി എന്താണെന്നും എങ്ങനെ ഉണ്ടായി എന്നും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. പേടിക്കുന്ന കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുട്ടിയുടെ പേടി ആനുപാതികമല്ലെന്ന് തോന്നിയാല്‍, മനശ്ശാസ്ത്രജ്ഞന്‍റെ സഹായം തേടുക. പേടിക്കുന്ന വസ്തുക്കളോ സാഹചര്യങ്ങളോ ഒഴിവാക്കിക്കൊടുത്താലും ആ പേടി കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ എന്ന് തിരിച്ചറിയുക.

● കുട്ടികളെ സംബന്ധിച്ച് കുട്ടിക്കാല കളികൾ വളരെ ഗൗരവമുള്ളതാണെന്ന് ഓർക്കുക.

കുട്ടികളിൽ പേടി കൂടിയാൽ എന്തുചെയ്യണം

ഭയം അന്നയുടെയും ആദമിന്‍റെയും ദൈനംദിന ജീവിതത്തെയും സ്കൂൾ ജീവിതത്തെയും ബാധിച്ചപ്പോഴാണ് മാതാപിതാക്കൾ കൺസൽട്ടേഷന് തയാറായത്.

സ്കൂളിൽ പോകാൻ വിസമ്മതിക്കുന്ന കുട്ടിയെ എത്രയുംവേഗം ഒരു മാനസികാരോഗ്യ വിദഗ്ധനെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ കാണിക്കണം. പഴക്കംതോറും മാറാൻ പ്രയാസം കൂടിവരുകയും അതുമൂലം മറ്റു പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്തേക്കാം.

സൈക്കിൾ ചവിട്ടിയപ്പോൾ വീണുപരിക്കേറ്റ കുട്ടി വീണ്ടും സൈക്കിൾ ചവിട്ടാൻ മടി കാണിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടിയെ വളരെ ജെന്‍റിലായി, സൗമ്യമായി തിരിച്ച് അതേ പ്രവൃത്തിയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കണം. അവന്‍റെ കളിസ്ഥലത്ത് മാതാപിതാക്കൾ കൂടി ചെന്ന് അവരുടെ സാമീപ്യത്തിലൂടെ പ്രോത്സാഹനം നൽകാം. അങ്ങനെ ഭയത്തെ പടിപടിയായി ഇല്ലാതാക്കി അവനെ വീണ്ടും ആ പ്രവൃത്തിയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കാം.








Tags:    
News Summary - Recognize fear in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.