മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്, ടി.വി, ഗെയിമിങ് ഡിവൈസുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ടെക്‌നോളജി നിരവധി ഗുണങ്ങൾ നൽകുമ്പോഴും ഗാഡ്‌ജറ്റുകളുടെ അമിതോപയോഗം കുട്ടികളിലും കുടുംബത്തിനുള്ളിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
മുമ്പ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്‌ജറ്റുകൾ മുതിർന്നവർക്കുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഓരോ കുഞ്ഞും ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരെ ഡിജിറ്റൽ നേറ്റിവ്സ് (Digital Natives) എന്ന് വിശേഷിപ്പിക്കുന്നു.
എന്നാൽ, ഈ ഡിവൈസുകൾ വളരെ കുറച്ച് മാത്രമുണ്ടായിരുന്ന കാലത്ത് ജനിച്ചുവളർന്ന് പിന്നീട് കൂടുതൽ ടെക്നോളജിയിലേക്ക് കടന്നുവന്നവരാണ് ടെക് ഇമിഗ്രന്‍റ്സ് (Tech Immigrants) അഥവാ ഇന്നത്തെ മുതിർന്ന തലമുറ. അപ്പോൾ ടെക്നോളജിയോട് ഏറ്റവും കൂടുതൽ ഇഴുകിച്ചേരുന്നത് അതിൽതന്നെ ജനിച്ചു വളർന്ന കുട്ടികൾ (Digital Natives) തന്നെയാണ്.
ഇറങ്ങാം സ്‌ക്രീനിൽനിന്ന്
ടെക്നോളജിയിലേക്ക് ജനിച്ചുവീണത് കൊണ്ടുതന്നെ പുതിയ കാലത്തെ കുട്ടികൾ സ്‌ക്രീനിൽ അസാമാന്യ മിടുക്ക് കാണിക്കാറുണ്ട്. പലപ്പോഴും മുതിർന്നവർപോലും കുട്ടികളുടെ സഹായത്തോടെയാണ് ടെക്നിക്കലായ പല സംശയങ്ങൾക്കും പരിഹാരം കാണുന്നത്. ഏതു വിഷയത്തിലും അറിവ് ലഭിക്കാനുള്ള സാധ്യതയും അവർക്ക് കൂടുതലാണ്.
അതോടൊപ്പം ഓൺലൈൻ വർക്ക്, വർക്ക് ഫ്രം ഹോം തുടങ്ങി സീരിയൽ, സിനിമ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പോലുള്ള കാര്യങ്ങളാൽ രക്ഷിതാക്കളും സ്‌ക്രീനിൽനിന്ന് ഇറങ്ങാത്ത അവസ്ഥയിലാണ്.
അതിവേഗം ബഹുദൂരം
അതിവേഗത്തിലാണ് ടെക്നോളജിയുടെ വളർച്ച. കോവിഡിന് മുമ്പുവരെ ഡിജിറ്റൽ ഡിവൈസുകൾ കൂടുതലും വിനോദോപാധി എന്ന രീതിയിലാണ് കുട്ടികൾ ഉപയോഗിച്ചത്. എന്നാൽ, കോവിഡിനുശേഷം ഓൺലൈൻ ക്ലാസുകളിലൂടെയും ആപ്പുകളിലൂടെയുള്ള കോഴ്‌സുകൾ വഴിയുമെല്ലാം വിദ്യാഭ്യാസത്തിന്‍റെകൂടി ഭാഗമായി.
വിദ്യാഭ്യാസത്തിന്‍റെ അനന്ത സാധ്യതകളാണ് ഇന്‍റർനെറ്റ് കുട്ടികൾക്കുമുന്നിൽ തുറന്നുവെക്കുന്നത്. അതുകൊണ്ടുതന്നെ ഗാഡ്‌ജറ്റുകൾ ഉപയോഗിക്കാതിരിക്കുക, അല്ലെങ്കിൽ ഇതില്ലാത്ത ലോകത്തേക്ക് തിരിച്ചുപോവുക എന്നത് ഒരിക്കലും സാധ്യമല്ല.
മൊബൈൽ അമിതോപയോഗം കുട്ടികളിൽ ശാരീരികവും മാനസികവും സാമൂഹികവുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. അവരുടെ പഠനം, വളർച്ച എന്നിവയെ കാര്യമായി ബാധിക്കുന്നു.
എങ്ങനെ മനസ്സിലാക്കാം മൊബൈൽ അഡിക്ഷൻ?
പൂർണമായും മൊബൈലിൽ ലയിച്ചുപോവുക, കമ്യൂണിക്കേഷൻ കുറയുക, പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക, ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, കുറച്ചുസമയം മൊബൈൽ മാറ്റിവെച്ചാൽ അസ്വസ്ഥതയുണ്ടാവുക, ഉറക്കം നഷ്ടപ്പെടുക തുടങ്ങി മൊബൈൽ ഉപയോഗം ഒരാളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ അത് അഡിക്ഷന്‍റെ ലക്ഷണമായിരിക്കാം.
എന്തുകൊണ്ട് അഡിക്ഷൻ?
മദ്യം, മയക്കുമരുന്ന്, ചൂതാട്ടം പോലെയുള്ള അഡിക്ഷനുകളോടാണ് വിദഗ്ധർ മൊബൈൽ അഡിക്ഷനെ താരതമ്യപ്പെടുത്തുന്നത്. ഇവക്കൊക്കെ പ്രത്യേകം വയസ്സ് നിർണയിച്ചിട്ടുണ്ടെങ്കിലും ഗാഡ്‌ജറ്റ് അഡിക്ഷന് അതില്ല.
മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ ഡോപമിൻ എന്ന ബ്രെയിൻ ഹോർമോൺ ഉണ്ടാകുന്നു. അത് വീണ്ടും വീണ്ടും ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ആ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് ഓരോ മൊബൈൽ ആപ്പും ഗെയിമുകളുമെല്ലാം ഡിസൈൻ ചെയ്യുന്നത്.
കുറഞ്ഞ പ്രയത്നത്തിലൂടെ കൂടുതൽ റിസൽട്ട് (Law of least effort), അംഗീകാരങ്ങൾ എന്നിവ ലഭിക്കുന്ന രീതിയിലാണ് മൊബൈലിലെ ഓരോ പ്രോഗ്രാമുകളും ഡിസൈൻ ചെയ്യുന്നത്. ഒരു വർഷം മുഴുവനും സ്കൂളിൽ പഠിച്ചാൽ ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ അമ്പതോ നൂറോ മാർക്ക് കിട്ടുമെങ്കിൽ ഒരു ഗെയിമിൽ ഒരു തവണ ഒരു ഘട്ടം കടക്കുമ്പോൾ തന്നെ ആയിരക്കണക്കിന് പോയന്‍റ് കിട്ടുന്നു.
ഈ അംഗീകാരം വീണ്ടും വീണ്ടും മൊബൈൽ ഉപയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. സാധാരണ കളികളെല്ലാം നിശ്ചിത സമയം കഴിഞ്ഞാൽ അവസാനിക്കുമെങ്കിൽ മൊബൈൽ ഗെയിമുകൾ ഓരോ ഘട്ടം കഴിയുമ്പോഴും പുതിയ ഘട്ടങ്ങളിലേക്ക് അനന്തമായി കൊണ്ടുപോകുന്നു.
നിത്യജീവിതത്തിൽ ആളുകൾ അംഗീകരിക്കാൻ ഒരുപാട് പ്രയാസമാണെന്നിരിക്കെ സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ കൂടുതൽ അംഗീകാരം ലഭിക്കാൻ കാരണമാവുന്നു. അതുകൊണ്ടുതന്നെ അവർ അംഗീകാരവും ഇൻവോൾവ്മെന്‍റും ഉണ്ടാവുന്ന സോഷ്യൽ മീഡിയയിലെ ഇടപെടൽ വർധിപ്പിക്കുന്നു.
സാധാരണ രക്ഷിതാക്കൾ ചെയ്യുന്നത്
കുട്ടികൾക്ക് മൊബൈൽഫോൺ ഒട്ടും കൊടുക്കാതിരിക്കുക എന്ന രീതി പലരും ശ്രമിച്ചുനോക്കാറുണ്ട്, ഒട്ടും ഫോൺ ഉപയോഗിക്കാതിരുന്നാൽ പുതിയ കാലത്ത് കുട്ടികൾ പിന്നിലായിപ്പോയേക്കാം. കുട്ടികളെ വഴക്ക് പറഞ്ഞും ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയുമെല്ലാം മൊബൈൽ ഫോൺ ഉപയോഗം കുറക്കുക എന്നതാണ് ഭൂരിപക്ഷം രക്ഷിതാക്കളും ചെയ്യുന്ന മറ്റൊരു കാര്യം.
ഇത് കുട്ടിയും രക്ഷിതാക്കളുമായുള്ള ബന്ധം കുറയാനിടയാക്കും. പുറമെ അനുസരണ കാണിക്കുമെങ്കിലും അവരുടെയുള്ളിൽ അതൊരു പ്രതിഷേധമായിക്കിടക്കും. ചില സന്ദർഭങ്ങളിൽ പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിനും കാരണമാവും.
കുട്ടികൾ അവരുടെ ഇഷ്ടത്തിന് മൊബൈൽ ഉപയോഗം നിർത്തട്ടെ എന്ന രീതിയിൽ പൂർണമായി കൈയൊഴിയുന്ന രക്ഷിതാക്കളുമുണ്ട്. ചെറിയ പ്രായത്തിൽ അസാമാന്യ വിൽപവറോടെ കുട്ടികൾ സ്വയം തീരുമാനമെടുത്ത് മൊബൈൽ ഉപയോഗം കുറക്കാൻ സാധ്യത വളരെ കുറവാണ്.
എന്താണ് പരിഹാരം?
മൊബൈലിൽ ഇങ്ങനെ തോണ്ടി ഇരിക്കല്ലേ എന്ന് കുട്ടികളെ ഉപദേശിക്കാൻ എളുപ്പമാണ്. എന്നാൽ, ഇതിന് പകരം എന്തുചെയ്യണമെന്നോ എങ്ങനെയാണ് മൊബൈൽ ഉപയോഗം കുറക്കേണ്ടതെന്നോ പറഞ്ഞു കൊടുക്കാൻ പലപ്പോഴും കഴിയാറില്ല.
ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുറക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാനും രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണ്:
● വ്യക്തമായ അതിരുകൾ നിർണയിക്കുക
കുട്ടികൾ ഒരു ദിവസം എത്രസമയം ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നെന്ന് നിരീക്ഷിക്കുക. അത് അമിതമാണെങ്കിൽ ഓരോ ദിവസവും സ്ക്രീൻ ഉപയോഗത്തിന് നിശ്ചിത സമയം നിശ്ചയിക്കുക. അവരുടെ പഠനാവശ്യങ്ങൾ കൂടെ മനസ്സിലാക്കി വേണം സമയം ക്രമീകരിക്കാൻ. യഥാർഥത്തിൽ കുട്ടികളുടെ സ്‌ക്രീൻ ടൈമുമായി ബന്ധപ്പെട്ട ഒരു മാർഗരേഖയും ഇല്ല എന്നതാണ് സത്യം.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നത് രണ്ടു വയസ്സ് വരെ കുട്ടികൾ സ്ക്രീൻ ഉപയോഗിക്കരുതെന്നാണ്. രണ്ടുമുതൽ അഞ്ചുവയസ്സ് വരെ ഒരു മണിക്കൂറും ആറുമുതൽ 18 വയസ്സുവരെ രണ്ടുമണിക്കൂറുമാണ് പരമാവധി മൊബൈൽ ഉപയോഗിക്കാവുന്നത്.
മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുതിർന്ന കുട്ടികൾക്ക് രണ്ടുമുതൽ മൂന്നുമണിക്കൂർ വരെയാണ് പഠനമല്ലാത്ത ആവശ്യങ്ങൾക്ക് പരമാവധി ഫോൺ ഉപയോഗിക്കാവുന്നത്.
● സ്ക്രീൻ ടൈം കർശനമായി പാലിക്കുക
ഒരു ദിവസം ഫോൺ ഉപയോഗിക്കാവുന്ന സ്ക്രീൻ ടൈം കുട്ടിയുമായി സംസാരിച്ച് ധാരണയിലെത്തുകയും നിയമം സെറ്റ് ചെയ്യുകയും വേണം. നിശ്ചിത സമയം കഴിഞ്ഞാൽ ഫോൺ ഉപയോഗം നിർത്താൻ ആവശ്യപ്പെടുക. ഇത് എങ്ങനെ ആവശ‍്യപ്പെടുന്നു എന്നത് പ്രധാനമാണ്. ഈ വിഷയത്തിൽ വഴക്കോ ദേഹോപദ്രവമോ ഇല്ലാതെ കമ്യൂണിക്കേറ്റ് ചെയ്യുക.
● കുട്ടികളോട് സംസാരിക്കുക
ആരോഗ്യകരമായ ടെക് ഉപയോഗത്തെക്കുറിച്ച് അറിവ് നൽകുക. മിതമായ രീതിയിലുള്ള സ്ക്രീൻ ഉപയോഗത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക. അമിതമായി സ്ക്രീൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും ആരോഗ്യകരമായ ഒരു ബാലൻസ് നിലനിർത്തുന്നതിന്‍റെ ഗുണങ്ങളും ചർച്ച ചെയ്യുക.
● പാരന്‍റൽ കൺട്രോളുകൾ ഉപയോഗിക്കുക
കുട്ടികൾ ഡിജിറ്റൽ ഗാഡ്ജറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നെന്ന് രക്ഷിതാക്കൾ അറിയണം. അവർ എന്തൊക്കെ കാണുന്നു, വായിക്കുന്നു, കളിക്കുന്നു എന്നതിനെക്കുറിച്ച് അറിയുക. സ്ക്രീൻ സമയത്തെക്കുറിച്ചും നിശ്ചിത സമയത്തിനുശേഷവും ഫോൺ ഉപയോഗിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുക. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ആപ്പുകളും വെബ്സൈറ്റുകളും പാരന്‍റൽ കൺട്രോൾ ആപ്പുകൾ ഉപയോഗിച്ച് നിയന്ത്രിക്കുക.
● രക്ഷിതാക്കൾ മാതൃകയാവുക
കുട്ടികൾ വളരുന്നത് രക്ഷിതാക്കളെ കോപ്പി ചെയ്തുകൊണ്ടുകൂടിയാണ്. ആരോഗ്യകരമായ ടെക്നോളജി ഉപയോഗം കാണിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതുണ്ട്. കുട്ടികളുടെ പഠനസമയത്ത് ടി.വി കാണുക, മൊബൈൽ ഉപയോഗിക്കുക എന്നിവ രക്ഷിതാക്കൾ ഒഴിവാക്കുക.
വർക്ക് ഫ്രം ഹോം ആണെങ്കിൽ കഴിവതും വീട്ടിൽ ഒരു വർക്ക് സ്റ്റേഷൻ ഒരുക്കുക. അവിടെ വർക്ക് ചെയ്യുക. വീട്ടിൽ വായിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക. രക്ഷിതാക്കൾ ഒഴിവുസമയത്ത് വായിക്കുക, അതുകണ്ട് കുട്ടികളും വായിക്കും. വീട്ടിൽ ലൈബ്രറി ഒരുക്കുക, കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്ന പുസ്തകങ്ങൾ അവിടെ സജ്ജീകരിക്കുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്.
● ആവശ്യമെങ്കിൽ പ്രഫഷനൽ സഹായം തേടുക
മൊബൈൽ അമിതോപയോഗം സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെങ്കിൽ കൗൺസലിങ്, തെറപ്പി പോലുള്ള പ്രഫഷനൽ സഹായം തേടുക. കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ടാവുക എന്നത്.
ടെക്നോളജി ഒരിക്കലും ഒരു മോശം കാര്യമല്ല. അതുകൊണ്ടുതന്നെ അതിൽനിന്ന് അകലലല്ല പരിഹാരം, ഗാഡ്‌ജറ്റ് ഉപയോഗിക്കുന്നത് ശരിയായ ബാലൻസോടെ ആയിരിക്കുന്നതിലാണ് കാര്യം. ഓർക്കുക, ടെക്‌നോളജിയെ ഉപേക്ഷിക്കലല്ല പരിഹാരം, മറിച്ച് അതുമായുള്ള ആരോഗ്യകരമായ ബന്ധം വളർത്തുക എന്നതാണ്.
സ്‌ക്രീനിനു പുറത്ത് സമയം ചെലവഴിക്കാം
ഒരു കാര്യം ഒരുപാട് തവണ ചെയ്യുമ്പോഴാണ് അതൊരു ശീലമാവുന്നത്. അത് തലച്ചോറിൽ പുതിയ ന്യൂറൽ കണക്ഷനുകൾ (neural connections) സൃഷ്ടിക്കുകയും ആവർത്തിക്കുന്നതനുസരിച്ച് കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. മൊബൈൽ ഒഴിവാക്കുക എന്ന് പറയുന്നതിന്‍റെ കൂടെ അതിനു പകരം എന്തുചെയ്യാം എന്നതിൽ വ്യക്തതയുണ്ടാവണം. ഗാഡ്‌ജറ്റുകൾ ഉപയോഗിക്കാതിരിക്കുമ്പോൾ ലഭിക്കുന്ന ഫ്രീ ടൈം ക്രിയാത്മകമായി ചെലവഴിക്കൽ പ്രധാനമാണ്.
ഒരു ദുശ്ശീലം ഒഴിവാക്കാനുള്ള മാർഗം പുതിയ ശീലങ്ങൾ ഉണ്ടാകുക എന്നതാണ്. അതിനായി കുടുംബാംഗങ്ങൾ തമ്മിൽ ഒരുമിച്ച് ഇടപഴകാൻ കഴിയുന്ന കാര്യങ്ങൾ പ്ലാൻ ചെയ്യുക. സ്ക്രീനിൽനിന്ന് ഇടവേള എടുക്കുന്ന സമയങ്ങളിൽ ഗെയിമുകൾ, ഒരുമിച്ചുള്ള ഹോബികൾ, ശാരീരിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഔട്ട്ഡോർ പ്രവർത്തനങ്ങൾ, പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് എന്നിവ ഉൾപ്പെടുത്താം.
ടെക്-ഫ്രീ സമയം ഉണ്ടാവുക
ഭക്ഷണം കഴിക്കുന്നത് പോലുള്ള സമയങ്ങളിൽ ഫോൺ ഉപയോഗിക്കാതിരിക്കുക. രണ്ട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ അവ ഒരുമിച്ചാണ് തലച്ചോറിൽ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഫോൺ കാണിച്ചുകൊടുത്തു ഭക്ഷണം കൊടുക്കുക, ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗിക്കുക എന്നിവ ഒരുമിച്ച് ചെയ്യുമ്പോൾ ഈ ശീലങ്ങൾ ഒരുമിച്ച് ശക്തിപ്പെടുന്നു.
അതുകൊണ്ടുതന്നെ പിന്നീട് മൊബൈൽ ഇല്ലാതെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ വരുന്നു. ചില സമയങ്ങൾ ടെക്-ഫ്രീ ആയി നിർണയിക്കുകയും ആ സമയത്ത് വീട്ടിൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.