മഹിമ ആദ്യമായി എന്റെ അടുക്കൽ എത്തുന്നത് മകന്റെ ശ്രദ്ധയില്ലായ്മക്കും പഠനത്തിലെ പെട്ടെന്നുള്ള പിന്നാക്കാവസ്ഥക്കും പരിഹാരം തേടിയാണ്. ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധിച്ചതാണ് അവരുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി. ഏകമകന്റെ കുസൃതികളും പ്രശ്നങ്ങളും പറയുന്നതിനിടയിൽ ഭർത്താവിന്റെ തിരക്കുകളെക്കുറിച്ചും വാചാലയായി. ഓരോ വാക്കിലും നിറഞ്ഞുനിന്നത് അയാളോടുള്ള സ്നേഹവും കരുതലും. കുട്ടിയുടെ സെഷനുകൾക്കിടയിൽ ഒന്നുരണ്ടുവട്ടം ഭർത്താവിനെയും കണ്ടിരുന്നു.
കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷത്തോടെ മടങ്ങിപ്പോയ മഹിമയെ മൂന്നു മാസങ്ങൾക്കുശേഷം കൺസൽട്ടേഷൻ റൂമിൽ കാണുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ നിറഞ്ഞ ചിരി മാഞ്ഞിരുന്നു. ഭർത്താവിൽനിന്ന് കൈപ്പറ്റിയ വിവാഹമോചന നോട്ടീസ് കാണിച്ച് അവൾ പൊട്ടിക്കരഞ്ഞു.
മാതാപിതാക്കളോടും സഹോദരനോടും വഴക്കിട്ട് സ്വന്തമാക്കിയതാണ് പ്രണയിച്ച പുരുഷനുമൊത്തുള്ള ജീവിതം. അന്നുമുതൽ അവളുടെ ലോകം ഭർത്താവും കുഞ്ഞും അവരുടെ വാടകവീടുമായി ചുരുങ്ങി. സ്വന്തം വീട്ടുകാർ കൊടുത്ത സ്വർണവും പുരയിടവും പണയംവെച്ചു തുടങ്ങിയ ഭർത്താവിന്റെ ബിസിനസ് ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. അതുവഴി ഭർത്താവിന് കിട്ടിയ പെൺസൗഹൃദത്തിന്റെ ബാക്കിപത്രമാണ് വിവാഹ മോചന നോട്ടീസ്.
കെട്ടിപ്പടുത്തു പുതിയൊരു ജീവിതം
സാമ്പത്തികമായി പൂർണമായും ഭർത്താവിനെ ആശ്രയിച്ചിരുന്ന മഹിമക്ക് സ്വന്തമായി ബാക്കി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഏകമകനും മാത്രമാണ്. പിന്നിൽ അടക്കപ്പെട്ട വാടകവീടിന്റെ വാതിലിനു മുന്നിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നപ്പോൾ തെളിഞ്ഞത് അച്ഛനമ്മമാരുടെ മുഖം തന്നെ. വളരെ കുറച്ചു സെഷനുകൾക്കുശേഷം ജീവിതത്തിലേക്ക് അവൾ തിരിച്ചെത്തി.
ഇന്നിപ്പോൾ സ്വന്തം സംരംഭവുമായി അവൾ അഭിമാനപൂർവം ജീവിക്കുന്നു. ആരുടെയും മുന്നിൽ കൈ നീട്ടാതെ മകനെ പഠിപ്പിക്കുന്നു. സ്വപ്‌നങ്ങൾ അവിടെയും ഒതുക്കിയില്ല. സൈക്കോളജിയോടുള്ള ഇഷ്ടം കൂടി ഇപ്പോൾ അതിൽ വിദൂരപഠന കോഴ്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.
തന്നെപ്പോലെ ജീവിതയാത്രയിൽ തളർന്നുപോകുന്നവർക്ക് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നു മഹിമ. വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങളെ അവൾ അതിജീവിച്ചത് അത്ര അനായാസമൊന്നുമല്ല.
വിവാഹമോചനം സ്ത്രീകൾക്ക് വെല്ലുവിളി നിറഞ്ഞതാണ്. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിലും വ്യക്തിത്വത്തിലും ബന്ധങ്ങളിലും ഇത് അപ്രതീക്ഷിത ആഘാതങ്ങൾ സൃഷ്ടിക്കും. വിവാഹ മോചനത്തിനുശേഷം സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികൾ നിരവധിയാണ്.
ഇമോഷനൽ റോളർ കോസ്റ്റിങ്
വിവാഹ മോചനത്തിനുശേഷം സ്ത്രീകൾ പലപ്പോഴും ദുഃഖം, കോപം, ആശയക്കുഴപ്പം എന്നിവയുൾപ്പെടെ പലതരം വികാരങ്ങളിലൂടെ കടന്നുപോകും. തന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ, ഒറ്റപ്പെടൽ, അകാരണമായ ദേഷ്യം, ആശയക്കുഴപ്പം തുടങ്ങിയവ അവരിൽ പ്രകടമാകും. ജീവിതത്തിലെ സുപ്രധാന ബന്ധത്തിന് വിരാമമായി എന്ന യാഥാർഥ്യം ഉൾക്കൊള്ളാനും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനുമുള്ള ശ്രമങ്ങൾ അവരിൽ വൈകാരിക വിക്ഷോഭങ്ങൾക്ക് വഴിവെക്കും.
വിവാഹബന്ധത്തിന്റെ തകർച്ചക്ക് അവളും ഉത്തരവാദിയാണെന്ന് കരുതുന്നുണ്ടെങ്കിൽ വൈകാരിക പ്രതിസന്ധി അതിരൂക്ഷമാകും. നഷ്ടബോധം, വിവാഹമോചനവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം എന്നിവ അവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പിടിച്ചുലക്കും.
എങ്ങനെ നേരിടാം
ഈ സാഹചര്യങ്ങൾ മറികടക്കാൻ ഒരു തെറപ്പിസ്റ്റിന്റെ സഹായം തേടാം. കോപ്പിയിങ് സ്കില്ലുകളിലൂടെ വൈകാരിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാധിക്കും. തെറപ്പിയിലൂടെയും കൗൺസലിങ്ങിലൂടെയും മാനസിക ബുദ്ധിമുട്ടുകളെ പ്രതിരോധിക്കാം. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുമായുള്ള സഹവാസവും അത്തരം കൂട്ടായ്മകളിൽ അംഗമാകുന്നതും ഒരു പരിധിവരെ സഹായകരമായിരിക്കും. സ്വയം പ്രചോദന രീതികളും പരീക്ഷിക്കാം.
സാമൂഹിക ഒറ്റപ്പെടൽ
വിവാഹമോചിത നേരിടുന്ന ഏറ്റവും കടുപ്പമേറിയ വെല്ലുവിളി സാമൂഹികമായ ഒറ്റപ്പെടലാണ്. അടുത്ത സുഹൃത്തുക്കളിൽനിന്നോ കുടുംബങ്ങളിൽനിന്നോ ഏറ്റവുമടുത്ത ബന്ധുക്കളിൽനിന്നുപോലും അകൽച്ച ഉണ്ടായേക്കാം. അതുവരെ ലഭ്യമായിരുന്ന സാമൂഹിക സഹവാസങ്ങളും സ്വാഭാവികമായ ആവാസ സംവിധാനവും പെട്ടെന്ന് നഷ്ടപ്പെടാം.
വിവാഹം കാരണം വീട്ടിൽനിന്നോ ബന്ധുക്കളിൽനിന്നോ അകലേണ്ടിവന്നവരാണെങ്കിൽ വിവാഹമോചനം അവരെ അഭയമറ്റവരുമാക്കിയേക്കാം. ഇതിനെല്ലാം പുറമെയാണ് വിവാഹമോചിതരോടുള്ള പൊതുസമൂഹത്തിന്റെ മുൻവിധി. ഇത്തരം സാഹചര്യങ്ങൾ വൈകാരികമായ ഒറ്റപ്പെടലിലേക്ക് നയിക്കാനിടയുണ്ട്.
അത്താണിയാകണം കുടുംബാംഗങ്ങൾ
സാധ്യമാകുന്നവരെയെല്ലാം ചേർത്തുനിർത്തുകയും അവരോട് ചേർന്നുനിൽക്കുകയും ചെയ്യുകയെന്നത് ഇത്തരം സമയങ്ങളിൽ സുപ്രധാനമാണ്. അതാദ്യം വേണ്ടത് കുടുംബത്തിൽനിന്നാണ്. അവരെ മാനസികമായി ചേർത്തുനിർത്താൻ കുടുംബങ്ങളും ബന്ധുക്കളും തന്നെ മുൻകൈയെടുക്കണം.
കുടുംബവും സുഹൃത്തുക്കളും ഇവരെ ചേർത്തുപിടിച്ചാൽ ഒറ്റപ്പെടലിൽനിന്ന് വിമുക്തിയും മുന്നോട്ടുപോകാനുള്ള ശക്തിയും അവർക്ക് ലഭിക്കും. പ്രഫഷനൽ കൗൺസലിങ്ങോ തെറപ്പിയോ തേടുന്നത് വികാരങ്ങൾ പ്രോസസ് ചെയ്യുന്നതിനും ആത്മാഭിമാനവും ആത്മവിശ്വാസവും നിലനിർത്തുന്നതിനും സഹായകരമാകും.
സാമ്പത്തിക അസ്ഥിരത
വിവാഹമോചനം സ്ത്രീകളിലും പുരുഷന്മാരിലും സാമ്പത്തിക അസ്ഥിരത ഉണ്ടാക്കാൻ ഇടയുണ്ട്. സാമ്പത്തികമായി ഇണയെ പൂർണമായും ആശ്രയിക്കുന്ന സ്ത്രീകളിൽ മാനസിക സംഘർഷം അതിരൂക്ഷമായിരിക്കും. ഭയം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയിലേക്കും അതുവഴി ആത്മഹത്യയിലേക്കുംവരെ എത്തിച്ചേരാനുള്ള കാരണമായി സാമ്പത്തിക അസ്ഥിരത മാറാറുണ്ട്.
മുൻകൂട്ടി കാണണം
വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന് ബോധ്യമായാൽ ഉടനെ സ്വന്തം വിദ്യാഭ്യാസത്തിനും കഴിവിനും അനുസൃതമായ ജോലികൾ കണ്ടെത്താൻ ശ്രമിക്കണം. ആ സമയങ്ങളിലെ മാനസിക സമ്മർദം ഇത്തരം ആലോചനകളിലേക്ക് സ്വാഭാവികമായി എത്തുന്നതിന് സഹായകമാകാറില്ല. എങ്കിലും, സാമ്പത്തിക സ്വാശ്രയത്വത്തിനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കണം. വിവാഹമോചനം സൃഷ്ടിക്കുന്ന വൈകാരികാഘാതങ്ങളിൽനിന്ന് മനോവ്യാപാരങ്ങളെ വഴിതിരിച്ചുവിടാനും ഇത് സഹായിക്കും.
യോഗ്യതക്കനുസരിച്ച ജോലികൾ കണ്ടെത്തണം. അല്ലെങ്കിൽ ജോലിസാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ചെയ്യാം. പുതിയ തൊഴിൽ മേഖലകൾ കണ്ടുപിടിക്കാൻ സർക്കാർ സഹായങ്ങളും ലഭ്യമാകും. ഇത്തരം സഹായ സാധ്യതകളെക്കുറിച്ച് അവബോധം ആർജിക്കണം. സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യംകൂടി ആസ്വദിച്ച് ജോലിചെയ്യാനും സഹായിക്കും. വൈകാരിക വ്യതിയാനങ്ങൾ തൊഴിൽ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയുള്ളവർക്ക് കൂടുതൽ ഉചിതമാകുക സ്വന്തം സംരംഭങ്ങളായിരിക്കും.
ഒറ്റക്കാകുന്നവരുടെ ആത്മബോധം
വിവാഹമോചനം ഒരു സ്ത്രീയുടെ സ്വത്വബോധത്തിലും അഭിമാനബോധത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും. വിവാഹബന്ധം പങ്കാളിത്ത ജീവിതമെന്ന തത്ത്വത്തെയാണ് സാക്ഷാത്കരിക്കുന്നത്. പങ്കാളിയുടെ ഐഡന്റിറ്റി, പരസ്പരം പങ്കുവെക്കുന്ന ആശയങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവയെല്ലാം വൈവാഹിക ജീവിതത്തിനകത്ത് സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. വിവാഹമോചനം സംഭവിക്കുമ്പോൾ, ഐഡന്റിറ്റിയുടെ ഈ ഘടകങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നു. പരസ്പരം പങ്കിടുക എന്ന ജീവിതരീതിയിൽനിന്ന് ഒറ്റക്ക് നേരിടുക എന്ന ആത്മബോധത്തിലേക്കാണ് അവർ പരിണമിക്കുക. ഈ മാറ്റം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരിക്കും.
കണ്ടെത്തണം സന്തോഷം
വ്യക്തിപരമായ സന്തോഷങ്ങളും താൽപര്യങ്ങളും കണ്ടെത്തിയാൽ അവയിലൂടെ നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ സാധിക്കും. വ്യക്തിഗത വളർച്ച പ്രോത്സാഹിപ്പിക്കുന്ന തൊഴിൽ മേഖലകൾ കണ്ടെത്തുന്നതും ഗുണകരമാണ്. പങ്കാളിത്ത ഐഡന്റിറ്റിക്ക് പകരം സ്വന്തമായി ഒരു ഐഡന്റിറ്റി നേടിയെടുക്കാനും ഇത് സാമൂഹികമായും നിയമപരമായും സ്ഥാപിച്ചെടുക്കാനും വിദഗ്ധോപദേശം തേടാവുന്നതാണ്. ആവശ്യമായ പിന്തുണ തേടുന്നതിലൂടെയും സ്വയം കരുത്താർജിക്കുന്നതിലൂടെയും മുന്നിലെത്തുന്ന ഓരോ വെല്ലുവിളിയെയും മറികടക്കാനും ശക്തരാകാനും കഴിയും
ബന്ധങ്ങളിലെ അവിശ്വാസം
വിവാഹമോചനം കുടുംബത്തിലെ എല്ലാ ബന്ധങ്ങളിലും ഉലച്ചിൽ വരുത്തും. മോചിതരായ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലാണ് ഏറ്റവും കൂടുതൽ ആഘാതം സംഭവിക്കുക. വിശ്വാസം, പരസ്പരമുള്ള മനസ്സിലാക്കൽ, ആശയങ്ങൾ പങ്കുവെക്കൽ, വൈകാരിക ബന്ധം എന്നിവയുടെ തകർച്ച ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യും. കൂടാതെ പിരിഞ്ഞ ബന്ധത്തിൽ അനുഭവിച്ച വിശ്വാസമില്ലായ്മ ഭാവിയിലെ പ്രണയബന്ധങ്ങളെ ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്.
വിവാഹമോചനം അനുഭവിച്ച വ്യക്തികൾ പുതിയ ബന്ധങ്ങളിലേക്ക് പോകുമ്പോഴും പ്രതിബദ്ധതയെക്കുറിച്ച ഭയം അല്ലെങ്കിൽ വിശ്വാസ പ്രശ്‌നങ്ങൾ കടന്നുവരാനിടയുണ്ട്. ബന്ധങ്ങളെ വിശ്വസിക്കുക എന്ന മനോഘടന പുനഃസ്ഥാപിക്കുന്നതും വൈകാരിക അടുപ്പം നേടിയെടുക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്.
വിശ്വാസം, പരസ്പരമുള്ള മനസ്സിലാക്കൽ, ആശയങ്ങൾ പങ്കുവെക്കൽ, വൈകാരിക ബന്ധം എന്നിവ വ്യക്തികൾക്കനുസരിച്ചു വ്യത്യസ്തമായിരിക്കും. ഒരു ബന്ധത്തിൽ സംഭവിച്ച താളപ്പിഴകൾ മറ്റൊന്നിൽ സംഭവിക്കണമെന്നില്ല. ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്.
സിംഗ്ൾ പാരന്‍റിങ്
സിംഗ്ൾ പാരന്‍റിങ്ങിന്റെ ക്രമീകരണങ്ങളും കുട്ടികളുടെ സംരക്ഷണ പ്രശ്‌നങ്ങളും വളരെ സങ്കീർണവും വൈകാരികമായി ബാധിക്കാൻ ഇടയുള്ളതുമാണ്. കൗൺസലിങ്, നിയമപരമായ മാർഗനിർദേശം തേടൽ എന്നിവ ഈ വെല്ലുവിളികളെ നേരിടാനും ആരോഗ്യകരമായ രക്ഷാകർതൃ ബന്ധങ്ങൾ വളർത്തിയെടുക്കാനും സഹായിക്കും. കുട്ടികൾക്കും ആവശ്യമായ മാനസിക പിന്തുണയും തെറപ്പിസ്റ്റിന്റെ സഹായവും തേടാവുന്നതാണ്.
എല്ലാവരിലും ഈ ആഘാതങ്ങൾ ഒരേ രീതിയിൽ സംഭവിക്കില്ല. ചില വ്യക്തികൾ വിവാഹമോചനത്തിലൂടെ കടന്നുപോയാലും ശക്തമായ തിരിച്ചറിവുകളിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും. ഇത്തരം വ്യക്തികൾ അവരുടെ ആവശ്യങ്ങളെയും അതിരുകളെയും യാഥാർഥ്യബോധത്തോടെ മനസ്സിലാക്കും. ആരോഗ്യകരമായ കോപ്പിയിങ് രീതികളിലൂടെ അവർ ഈ അവസ്ഥകളെ മറികടക്കും. ആത്മാഭിമാനം, വ്യക്തിത്വം, ബന്ധങ്ങൾ എന്നിവയിൽ വിവാഹമോചനം സൃഷ്ടിക്കുന്ന ആഘാതം വ്യക്തിഗത പ്രതിരോധശേഷി, പിന്തുണ സംവിധാനങ്ങൾ, കോപ്പിയിങ് മെക്കാനിസങ്ങൾ, വിവാഹമോചനത്തിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുക.
ചെറുക്കണം ഗാർഹിക പീഡനം
ഡിവോഴ്സാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നംപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഗാർഹിക പീഡനം. ഗാർഹിക അക്രമം എന്നത് ഒരു ബന്ധത്തെ ശാരീരികമോ വൈകാരികമോ ലൈംഗികമോ സാമ്പത്തികമോ ആയി ദുരുപയോഗം ചെയ്യലാണ്. എല്ലാ ലിംഗഭേദങ്ങളിലും പ്രായത്തിലും സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലുമുള്ള വ്യക്തികളെ ഇത് ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഓരോ മൂന്നു സ്ത്രീകളിൽ ഒരാൾ അവരുടെ ജീവിതകാലത്ത് അടുപ്പമുള്ള ഒരു പങ്കാളിയിൽനിന്ന് ശാരീരികമോ ലൈംഗികമോ ആയ അക്രമം അനുഭവിക്കുന്നുണ്ട്. പുരുഷന്മാരും ഗാർഹിക പീഡനത്തിന് ഇരയാകാമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ഗാർഹിക പീഡന ഇരകൾ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധശേഷി നേടിയെടുക്കണം. തങ്ങൾക്കുവേണ്ടി വാദിക്കാൻ മറ്റുള്ളവരിൽനിന്ന് സഹായവും പിന്തുണയും തേടാനും പഠിക്കണം.
ഗാർഹിക പീഡനത്തിന് ഇരയാകുന്നവർ ആർജിക്കേണ്ടത്
1 തങ്ങളെയും കുട്ടികളെയും സംരക്ഷിക്കാൻ അപകടകരമായ സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെടാനോ പീഡനം ലഘൂകരിക്കാനോ ഉള്ള തന്ത്രങ്ങൾ ഉൾക്കൊള്ളുന്ന സുരക്ഷ പദ്ധതികൾ വികസിപ്പിക്കണം.
2 ദുരുപയോഗം ചെയ്യപ്പെടുന്ന അന്തരീക്ഷത്തിൽ ജീവിക്കുന്നത് ഒരാളുടെ വൈകാരിക അവബോധവും സഹാനുഭൂതിയും വർധിപ്പിക്കും. ഗാർഹിക പീഡനത്തെ അതിജീവിക്കുന്നവർക്ക് സ്വന്തം വികാരങ്ങളോടും മറ്റുള്ളവരുടെ വികാരങ്ങളോടും കൂടുതൽ ഇണങ്ങിച്ചേരാൻ കഴിയണം.
3 ഗാർഹിക പീഡനത്തിന് ഇരയായ പലരും സാമ്പത്തിക നിയന്ത്രണമോ സാമ്പത്തിക ദുരുപയോഗമോ നേരിടുന്നു. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുക, കുടുംബ ബജറ്റ് പഠിക്കുക, ചെലവുകൾ കൈകാര്യം ചെയ്യുക, സാമ്പത്തിക സ്വാതന്ത്ര്യം വികസിപ്പിക്കുക എന്നിവ ദീർഘകാല സാമ്പത്തിക സ്ഥിരതക്ക് നിർണായകമാണ്.
4 ദുരുപയോഗത്തിന്റെയും അപകടകരമായ സാഹചര്യങ്ങളുടെയും ലക്ഷണങ്ങളോ മുന്നറിയിപ്പോ തിരിച്ചറിയാൻ പഠിക്കണം.
5 ഗാർഹിക അക്രമം ഒരു വ്യക്തിയുടെ അതിരുകളെ കുറിച്ചുള്ള ബോധത്തെ ഇല്ലാതാക്കും. അതിനാൽത്തന്നെ ബന്ധങ്ങളിലും ദൈനംദിന ഇടപെടലുകളിലും ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കാനും ഉറപ്പിക്കാനും പഠിക്കണം.
6 സുഹൃത്തുക്കൾ, കുടുംബം, പിന്തുണ ഗ്രൂപ്പുകൾ, പ്രഫഷനൽ കൗൺസലിങ് എന്നിവയിലൂടെ സഹായ നെറ്റ്‌വർക്കുകളുമായി ബന്ധപ്പെടാൻ അറിഞ്ഞിരിക്കണം. ഇത് ഇരയായവർക്ക് ഒരു പ്രധാന കൈത്താങ്ങാണ്.
7 ആഘാതം അനുഭവിച്ചാൽ സ്വയം പരിചരണം അത്യാവശ്യമാണ്. സ്വയം പരിചരണത്തിന് മുൻഗണന നൽകാനും റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കാനും മാനസികവും ശാരീരികവുമായ ക്ഷേമം കൈവരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പഠിക്കുന്നത് ശാക്തീകരണത്തിന് അനിവാര്യമാണ്.
തൊഴിലിടത്തിലും പൊരുതണം
ജോലിസ്ഥലത്ത് നേരിടുന്ന ഉപദ്രവങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ജോലിസ്ഥലത്തെ ഉപദ്രവം, തൊഴിൽ ക്രമീകരണങ്ങളിലും മറ്റുമുള്ള വിവേചനം, ഭീഷണി, വാക്കാലുള്ള ഉപദ്രവം, ലൈംഗിക പീഡനം എന്നിങ്ങനെയുള്ള നിന്ദ്യമായ പെരുമാറ്റത്തിന്റെ വിവിധ രൂപങ്ങൾ തൊഴിലിടങ്ങളിൽ കണ്ടേക്കാം. ഇതിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് ഇത് കടുത്ത മാനസികവും വൈകാരികവും തൊഴിൽപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടേണ്ടത്?
1 കോപം, സങ്കടം അല്ലെങ്കിൽ ഭയം പോലുള്ള അനുഭവങ്ങളെ തിരിച്ചറിയുക. നിങ്ങൾ നേരിടുന്ന ഉപദ്രവത്തിനുള്ള മനസ്സിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇവയെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
2 ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് വൈകാരിക പിന്തുണ നൽകാൻ കഴിയുന്ന വിശ്വസ്തരായ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സഹപ്രവർത്തകരെയോ സമീപിക്കുക. നിങ്ങളെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തികളുമായി അനുഭവങ്ങൾ പങ്കിടുന്നത് മനസ്സിന് ശക്തി നൽകും.
3 ജോലിസ്ഥലത്തെ അവകാശങ്ങളും ഉപദ്രവം ചെറുക്കുന്നതിന് ആവശ്യമായ നിയമങ്ങളും എന്താണെന്ന് മനസ്സിലാക്കുന്നത് ഈ ഘട്ടത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും.
4 ട്രോമ റിക്കവറിയിലോ ജോലിസ്ഥലത്തെ ഉപദ്രവത്തിലോ പരിചയമുള്ള പ്രഫഷനലുകളിൽനിന്ന് തെറപ്പിയോ കൗൺസലിങ്ങോ തേടാം. വികാരങ്ങൾ പ്രോസസ് ചെയ്യാനും നേരിടാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും ഒരു തെറപ്പിസ്റ്റിന് സഹായിക്കാനാകും.
5 ജോലിസ്ഥലത്ത് വ്യക്തമായ അതിരുകൾ സൂക്ഷിക്കുക. ഇത്തരം അതിർവരമ്പുകൾ ലംഘിക്കുന്നത് ആരായാലും മേലുദ്യോഗസ്ഥരോട് പരാതിപ്പെടുക.
6 ശാരീരികവും വൈകാരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ഇതിൽ ക്രമമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, യോഗ, മെഡിറ്റേഷൻ, ജേണലിങ് അല്ലെങ്കിൽ സന്തോഷം നൽകുന്ന ഹോബികളിൽ ഏർപ്പെടൽ എന്നിവ ഉൾപ്പെടുത്താം.
7 സപ്പോർട്ട് ഗ്രൂപ്പുകളിലൂടെയോ ഓൺലൈൻ കമ്യൂണിറ്റികളിലൂടെയോ ജോലിസ്ഥലത്തെ പീഡനം അനുഭവിച്ച മറ്റു വ്യക്തികളുമായി ബന്ധപ്പെടാവുന്നതാണ്. അനുഭവങ്ങൾ പങ്കുവെക്കുന്നതും ഉപദേശങ്ങൾ കൈമാറുന്നതും പരസ്പരം പിന്തുണക്കുന്നതും വളരെയധികം ഗുണം ചെയ്യും.
8 നിങ്ങളുടെ സ്‌ട്രെങ്ത്തുകൾ, കഴിവുകൾ, നേട്ടങ്ങൾ എന്നിവ എത്ര ചെറുതാണെങ്കിലും അവ അംഗീകരിക്കുകയും ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. പോസിറ്റിവായ സ്വയം സംസാരം നല്ലതാണ്. കൈവരിക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യുകയും അവ ലിസ്റ്റ് ചെയ്യുകയും നേടിയെടുക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുക. വിജയങ്ങൾ എത്ര ചെറുതാണെങ്കിലും ആഘോഷിക്കുക.
9 വൈദഗ്ധ്യവും അറിവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൈക്കൊള്ളുന്നത് ആത്മവിശ്വാസം വർധിപ്പിക്കുകയും പുതിയ തൊഴിൽ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യും. ഇതിനായി പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് ഇവന്റുകൾ അല്ലെങ്കിൽ മെന്റർഷിപ് അവസരങ്ങൾ എന്നിവയിൽ പങ്കെടുക്കുക.
10 നിയമപരമായ അറിവു നേടാൻ ഒരു അഭിഭാഷകനെ സമീപിക്കുന്നതിൽ തെറ്റില്ല. ഉപദ്രവത്തിന്റെ തീവ്രതയെയും ബാധകമായ നിയമങ്ങളെയും ആശ്രയിച്ച്, നീതിയും നഷ്ടപരിഹാരവും തേടുന്നതിനുള്ള നിയമനടപടി ഇതിലൂടെ സാധ്യമാകുന്നു.
ഓർക്കുക, സ്വയം ശക്തി നേടുക എന്നത് ഒരു വ്യക്തിഗത യാത്രയാണ്. ഓരോ വ്യക്തിക്കും ഈ പ്രക്രിയ വ്യത്യസ്തമായിരിക്കും. ആവശ്യമായ സമയമെടുത്തു ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുക. ആവശ്യമുള്ളപ്പോഴെല്ലാം പ്രഫഷനൽ സഹായവും പിന്തുണയും തേടുക. നിങ്ങൾ ഒറ്റക്കല്ലെന്ന് ഓർക്കുക.
(ഫോൺ: 8590043039)
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.