ജോൺസൺ                                                                                                                ചിത്രങ്ങൾ: ബൈജു കൊടുവള്ളി

12ാം വയസ്സില്‍ മദ്യപാനം തുടങ്ങിയതാണ് ജോൺസൺ. ജോലി വിറകുവലിക്കൽ. തുച്ഛമായ കൂലി. നൂറ് ചാരായം വാങ്ങിച്ച് ജീരകസോഡയില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതായിരുന്നു ഹോബി. മദ്യത്തിന്റെ അളവ്കൂ ടുന്നതിനനുസരിച്ച് കൂട്ടുകാരുടെ എണ്ണവും കൂടി. ഇന്ന് നൂറുകണക്കിനുപേർ ജോൺസൺ പൊതിച്ചോറുമായെത്തുന്നതും കാത്തിരിക്കുന്നു

''ഫുള്‍ബോട്ടില്‍ മദ്യം. അതിന്റെ അടപ്പങ്ങ് പൊട്ടിക്കുമ്പോ ചുറ്റും കൂക്കുവിളിയും കൈയടിയും. ആ ആവേശത്തില്‍ ബ്ലേഡുകൊണ്ടു വരഞ്ഞ മുഖത്തേക്ക് കുപ്പിയുടെ വായ ചേര്‍ത്തുവെച്ചൊരു കുലുക്കുണ്ട്്. ചോരയും നീരും കലര്‍ന്ന മദ്യം ഒരു തുള്ളിവെള്ളം കൂട്ടാണ്ട് പിന്നെ ഒരറ്റയടിയാ...'' 15 വയസ്സുകാരന്‍ കാണിക്കുന്ന ഈ മദ്യക്കസര്‍ത്ത് കാണാന്‍ വൈപ്പിന്‍കരയിലെ പെരുമാള്‍പ്പടിയില്‍ ആളുകള്‍ പ്രായഭേദമന്യേ കൂട്ടംകൂടി നിന്നിരുന്നു.

35 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ പെരുമാള്‍പ്പടിയിലും വൈപ്പിന്റെ പല മേഖലകളിലും ഇയാളെ കാത്ത് നിരവധിയാളുകള്‍ റോഡരികില്‍ കാത്തുനില്‍ക്കുന്നുണ്ട്. കൈയിൽ പേക്ഷ ആ ഫുള്‍ ബോട്ടില്‍ മദ്യമില്ല. പകരമുള്ളത് വിശപ്പടക്കാനുള്ള പൊതിച്ചോറ്. ഒന്നല്ല, നൂറോളം വയറുകള്‍ നിറക്കാനുള്ളത്രയും പൊതിച്ചോറ്. മുഴുക്കുടിയനില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കയറിവന്നയാളാണ് ജോണ്‍സണ്‍. മദ്യത്തില്‍ മുങ്ങിക്കുളിച്ച് ജീവിതം ആഘോഷിക്കുന്നതിനിടയിലുണ്ടായ തിരിച്ചറിവുകള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായി മാറുകയാണ് ഇന്ന്.

കോമാളി ഹീറോ

കപ്പിത്താന്‍ പറമ്പില്‍ ജോര്‍ജ്-ഫ്രാന്‍സിസ്‌ക ദമ്പതികളുടെ 12 മക്കളില്‍ ആറാമനാണ് ജോണ്‍സണ്‍. വീട്ടിലെ കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം മൂത്ത രണ്ടു സഹോദരങ്ങളും നാടുവിട്ടുപോയി. താഴെയുള്ള അനുജന്മാരുടെ വിദ്യാഭ്യാസം, സഹോദരിമാരുടെ വിവാഹം തുടങ്ങി കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം തന്റെ ചുമലിലാകുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അതില്‍നിന്നുണ്ടായ നിരാശയിലും മടുപ്പിലും മദ്യത്തില്‍ അഭയംതേടി. 12ാം വയസ്സില്‍ മദ്യപാനം തുടങ്ങി. ചാരായത്തിലാണ് തുടക്കം. വിറകുവലിക്കാനാണ് ആ പ്രായത്തില്‍ പോയിരുന്നത്. തുച്ഛമായ കൂലി. അന്ന് ചാരായത്തിനും വലിയ വിലയില്ല. നൂറ് ചാരായം വാങ്ങിച്ച് ജീരകസോഡയില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതായിരുന്നു ഹോബി. പിന്നെ മൂന്നു ബിരിയാണി. അത് ഒറ്റയിരിപ്പിനകത്താക്കുന്നത് ആള്‍ക്കാരെ ഹരംകൊള്ളിക്കാനായിരുന്നു.

അങ്ങനെ അതിനുവേണ്ടി മാത്രം അല്ലറചില്ലറ പണികള്‍ ചെയ്തു. മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂട്ടുകാരുടെ എണ്ണവും കൂടി. രാവിലെ എട്ടുമണിക്ക് ഫുള്‍ബോട്ടില്‍ മദ്യം കുടിച്ചുകൊണ്ടാണ് തുടക്കം. അതിനൊരു ജോണ്‍സണ്‍ സ്‌റ്റൈല്‍കൂടി കൊണ്ടുവന്നപ്പോള്‍ അതു കാണാനായി മാത്രം ആളുകള്‍ തടിച്ചുകൂടി. പിന്നെ സ്റ്റോപ്പില്‍ ബസ് തടയും. നിര്‍ത്താതെ പോകുന്ന ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറുമായും കണ്ടക്ടറുമായും തല്ലുണ്ടാക്കും.

മദ്യത്തിന്റെ പുറത്താണ് അന്ന് ഈ സാഹസമൊക്കെ നടന്നിരുന്നതെന്ന് ഇന്ന് ജോണ്‍സണ്‍ ചിരിയടക്കാനാകാതെ പറയുന്നു. 98 കിലോ ഉണ്ടായിരുന്നു. മദ്യപിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ഒരു ഹീറോയാണെന്നൊക്കെ തോന്നും. മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യനാകുന്നതും കോമാളിയാകുന്നതും തിരിച്ചറിയണമെങ്കില്‍ കെട്ടിറങ്ങണം. രാത്രിയില്‍ എഴുന്നേറ്റാല്‍ പിന്നെ ഉറങ്ങണമെങ്കില്‍ മദ്യം വേണമെന്ന അവസ്ഥയില്‍ ആര് അതൊക്കെ അറിയുന്നു...

ഹൃദയം പണിതന്നിട്ടും...

പെട്ടെന്നൊരു ദിവസം നെഞ്ചുവേദനയുണ്ടായി. ഹൃദയത്തിന്റെ വാല്‍വിന് തകരാര്‍. മരിച്ചുപോകുമെന്ന് ഡോക്ടര്‍ വിധിയെഴുതി. എന്നിട്ടും ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ചികിത്സക്കായി 500 രൂപ കൊടുത്ത് ഒരാഴ്ച കിടക്കും, പിന്നെ ഇറങ്ങിപ്പോരും. വീണ്ടും പഴയപടി. മദ്യപിക്കാതെ എഴുന്നേറ്റുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. കരിങ്കല്ലുപണിക്കാണ് പോകുക. രാത്രിയാണ് കൂടുതലും പണി. പത്തഞ്ഞൂറു രൂപയുണ്ടാക്കും. അതുവെച്ച് കുടിക്കും. ഈ ഒരു ചിന്തമാത്രം, ഒപ്പം ചുരുട്ടുവലിയും.

1992 സെപ്റ്റംബര്‍ 17ന് മൂത്ത ചേട്ടൻ മുംബൈയിൽനിന്ന് വന്നു. അനിയനെ നന്നാക്കിയെടുക്കണമെന്ന ഒറ്റ തീരുമാനത്തില്‍ എത്തിയതാണ്. ചേട്ടൻ പറഞ്ഞു, ''ചാലക്കുടിയില്‍ ഒരു ധ്യാനകേന്ദ്രമുണ്ട്. നമുക്ക് അവിടെവരെ പോകാം'' എന്ന്. നിര്‍ബന്ധത്തിന് വഴങ്ങി പോകാന്‍ തയാറായി. പക്ഷേ, കണ്ടീഷന്‍ വെച്ചു. ''ഒരു പാക്കറ്റ് വില്‍സും ഒരു ഫുള്‍ ബോട്ടില്‍ മദ്യവും കുറച്ച് ആപ്പിളും വേണം.'' അതു സമ്മതിച്ച് ഒരു ശനിയാഴ്ച കൂടെ പോയി. ധ്യാനകേന്ദ്രത്തിലാക്കി കടയില്‍ പോയവരെ കാണാതായപ്പോള്‍ ജോൺസൺ ബഹളംവെക്കാന്‍ തുടങ്ങി. അതു കണ്ടുവന്ന സെക്യൂരിറ്റി പിടിച്ചൊരു തള്ള്. അങ്ങനെ ധ്യാനകേന്ദ്രത്തിലെ 12,000 പേരിൽ ഒരാളായി ജോൺസണും. പലപ്പോഴും ഒരു തുള്ളി മദ്യത്തിനായി കെഞ്ചി കരഞ്ഞു. ബുധനാഴ്ച ധ്യാനം തുടങ്ങി. വേറെ വഴിയില്ലാതെ ജോൺസണും പ്രസംഗം കേള്‍ക്കാനിരുന്നു. പെട്ടെന്ന് അച്ഛന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ''ജോണ്‍സണ്‍ എന്നൊരു പയ്യന്‍ ഇവിടെ ഇരിപ്പുണ്ട്. അവന്റെ ഹൃദയം തകരാറിലാണ്. കുടിച്ചു കുടിച്ച് അവന്‍ തകര്‍ന്നു. മരണത്തിന്റെ വക്കിലാണ് അവനിേപ്പാള്‍'' എന്ന് മദ്യത്തിന്റെ പിന്‍ബലമില്ലാതെ ആദ്യമായി മരണത്തെ കേട്ടപ്പോള്‍ പകച്ചുപോയി.

''12,000 പേരോളം അന്നവിടെയുണ്ടായിരുന്നു. അവരെല്ലാം 40 മിനിറ്റുകൊണ്ട് ഭക്ഷണം കഴിച്ച് തിരിച്ചെത്തുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരിവന്നു. നാട്ടില്‍ 100 പേര്‍ക്ക് ചോറുണ്ടാക്കാന്‍ 100 ദിവസം മുമ്പേ ആളുകള്‍ ഓടുന്നത് നമ്മള്‍ കണ്ടിട്ടുള്ളതല്ലേ. അതുകൊണ്ട് ആ 40 മിനിറ്റ് കാണാന്‍ ഞാന്‍ ഓടിച്ചെന്നു. ജീവിതത്തിലെ ആ കാഴ്ചയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. അതുവരെയും ഭക്ഷണം ഒരു ചടങ്ങ് മാത്രമായിരുന്നെങ്കില്‍, അന്ന് പക്ഷേ അവഗണനയുടെനോട്ടങ്ങള്‍ക്കു മുന്നില്‍ വിശന്നൊട്ടിയ വയറുമായി ജീവിച്ചവരുടെ പച്ചയായ, സത്യസന്ധമായ മുഖങ്ങള്‍ ഞാനവിടെ കണ്ടു. വിശപ്പടങ്ങിയാല്‍ മനുഷ്യന്‍ ശാന്തനാകുന്നതും കണ്ടു. കുറെ നേരം കണ്ണെടുക്കാതെ നോക്കിനിന്നു. ചില കാഴ്ചകള്‍ ജീവിതത്തെ അടിമുടി പിടിച്ചുലക്കും. ഏഴു ദിവസം ഏഴു വര്‍ഷംപോലെ കഠിനമായി തോന്നിയെങ്കിലും അത് ഒരു ആയുഷ്കാലത്തേക്കുവേണ്ടിയുള്ള പരുവപ്പെടലാണെന്ന് ബോധ്യപ്പെട്ടു'' -ജോൺസൺ പറയുന്നു.

എല്ലാം തുടങ്ങിയത് 500 രൂപയില്‍

''വീട്ടിലെത്തി ആദ്യം മറ്റുള്ളവരെ ആകര്‍ഷിക്കാനും ചിരിപ്പിക്കാനുമായി കൊണ്ടുനടന്നിരുന്ന ജോണ്‍സണ്‍ സ്‌റ്റൈലിനെ അങ്ങ് കത്തിച്ചുകളഞ്ഞു. എന്റെ വസ്ത്രങ്ങള്‍ക്കെല്ലാം പ്രത്യേകതയുണ്ടായിരുന്നു. ഷര്‍ട്ടിലെ പോക്കറ്റിന് ഒരു നിറമാണെങ്കില്‍ കോളറിന് വേറെ നിറം. മൂന്നാമതൊരു നിറത്തില്‍ വരകള്‍. എല്ലാവരും ശ്രദ്ധിക്കാനായി കൊണ്ടുനടന്നിരുന്ന അവയെല്ലാം കൂട്ടിയിട്ട് തീയിട്ടു. അമ്മ പറഞ്ഞു, അത് ഏതെങ്കിലും പാവപ്പെട്ടവനു കൊടുത്തൂടേ എന്ന്. പക്ഷേ, എന്റെ ഭൂതകാലം മറ്റൊരാളും ഇനി എടുത്തണിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. 500 രൂപക്കാണ് മദ്യം കഴിച്ചിരുന്നത്. ആ പണം പാവപ്പെട്ടവന്റെ വിശപ്പടക്കാന്‍ ചെലവഴിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. അതൊരു വാശിയായി മാറി എന്നു പറയുന്നതാകും ശരി.

വളപ്പ് പള്ളിയില്‍ യാചനക്കിരിക്കുന്നവരെ വിളിച്ചുകൊണ്ടുപോയി പിറ്റേദിവസം ഭക്ഷണം വാങ്ങിക്കൊടുത്തു. കരിങ്കല്ലുപണി കൂടാതെ പാല്‍ കച്ചവടവും തുടങ്ങി. അങ്ങനെ എന്റെ ഭക്ഷണം കാത്ത് 20 പേര്‍ സ്ഥിരം ഇരിക്കാന്‍ തുടങ്ങി. അത് വലിയൊരു ഉത്തരവാദിത്തമായി തോന്നി. പണ്ട് ഒരു കുടുംബത്തെ നോക്കാന്‍ മടിച്ച് മദ്യപിച്ച് മദോന്മാദനായി നടന്നവനാണ് ഈ ഇരുപതോളം യാചകരെ ഊട്ടാന്‍ ഇന്ന് പണിയെടുക്കുന്നതെന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ചിരിച്ചു. പ്രതികാരത്തിന്റെ കാര്യത്തില്‍ ഈ പുണ്യാളനും ഒരു സംഭവമാണെന്ന് അന്നെനിക്കു മനസ്സിലായി.

പോക്കറ്റു കാലിയാക്കി ഭക്ഷണം വാങ്ങി നല്‍കുന്നത് കണ്ട് ചായക്കടക്കാരും മറ്റും കളിയാക്കാന്‍ തുടങ്ങി. ഇരുട്ടിലായ പകലുകളും വിഷാദം കവര്‍ന്ന രാത്രികളും എന്റേതുമാത്രമായിരുന്നല്ലോ, അതുകൊണ്ട് അവര്‍ക്കുള്ള മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി. പക്ഷേ, എനിക്കുവേണ്ടി കൈയടിച്ചവരും കൂക്കുവിളിച്ചവരും മദ്യപാനത്തില്‍നിന്നും മോചനം ആഗ്രഹിച്ച് എന്നെ സമീപിച്ചപ്പോള്‍ ജീവിതത്തിന്റെ സൗന്ദര്യവും ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവരെയും കൊണ്ടുപോയി. അവര്‍ക്കും മാറ്റങ്ങളുണ്ടായി. ആ കുടുംബങ്ങളില്‍ പലരും വിളിച്ച് നന്ദി പറഞ്ഞു. പരിശോധനയില്‍ കിഡ്‌നി വീക്കം മാറി.'' 

തിരിച്ചുവന്ന ജീവിതം

വിവാഹം കഴിക്കുന്നതും കുടുംബജീവിതം നയിക്കുന്നതും എന്റെ സ്വപ്‌നങ്ങളില്‍പോലും ഉണ്ടായിരുന്നില്ല. പക്ഷേ, അപ്പച്ഛനും വീട്ടുകാരും നിര്‍ബന്ധിച്ചപ്പോള്‍ ആ സാഹസത്തിനും മുതിര്‍ന്നു. വീണ്ടും കണ്ടീഷന്‍ വെച്ചു. കറുത്ത പെണ്ണായിരിക്കണം. സ്ത്രീധനം കൊടുക്കാനില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിലെ പെണ്‍കുട്ടിയായിരിക്കണം. ഇത്തവണ എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. '98 നവംബറില്‍ കല്യാണം നടന്നു. അങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ഷിനി കടന്നുവരുന്നത്. മൂന്നു മക്കളുണ്ടായി. ജൂലിയറ്റ്, ജിസ്‌ന, ജോഷ്‌ന. പിന്നീടങ്ങോട്ട് സഭയുടെ നേതൃത്വത്തിലും അല്ലാതെയും മദ്യപർക്ക് ക്ലാസ് എടുക്കാന്‍ പോയിത്തുടങ്ങി. എട്ടുവര്‍ഷം പള്ളിയുടെ നേതൃത്വത്തില്‍ അച്ചന്റെ കൂടെ പോയി.

മനസ്സുനിറക്കുന്ന ഭക്ഷണപ്പൊതികൾ

ജോൺസണും ഭാര്യയും ചേര്‍ന്നാണ് ഭക്ഷണം പാകംചെയ്യുന്നത്. അതിനായി ജോലിസമയം ക്രമീകരിച്ചു. വിതരണം ചെയ്തുപോന്ന 20 ഭക്ഷണപ്പൊതികള്‍ പിന്നീട് നൂറായി, രണ്ടായിരമായി. ഇന്ന് വൈപ്പിന്‍കരയിലാകെയായി മാസം 5000ത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നു ജോൺസൺ. മുമ്പ് 20 പേരുടെ വയറുനിറക്കാന്‍ ഒറ്റക്കാണ് പണിയെടുത്തതെങ്കില്‍ ഇന്ന് അതില്‍ അനേകംപേർ പങ്കാളികളായി. സ്‌കൂള്‍കുട്ടികള്‍ മുതല്‍ യുവജന സംഘടനകള്‍വരെ കൂടെനിന്നു. വ്യക്തികളും സംഘടനകളും നല്‍കുന്ന അരിയും നിരാലംബരായവരുടെ വീടുകളില്‍ വിതരണം ചെയ്തുവരുന്നു. ആവശ്യാനുസരണം വസ്ത്രം, മരുന്ന് എന്നിവയും അവര്‍ക്ക് എത്തിച്ചുകൊടുക്കും. തികയാതെ വരുമ്പോള്‍ പള്ളികളില്‍നിന്നും പരിചയക്കാരില്‍നിന്നും സഹായം ചോദിച്ചുവാങ്ങും.

ഈ കാലയളവില്‍ അഞ്ഞൂറോളം പേരെ ലഹരിയിൽനിന്ന് മുക്തരാക്കാൻ ജോണ്‍സണ് സാധിച്ചിട്ടുണ്ട്. മദ്യപാനം ഒരു രോഗമാകുമ്പോള്‍ സ്‌നേഹവും പരിഗണനയും നല്‍കിയാണ് ചികിത്സിക്കേണ്ടതെന്ന് തന്റെ ജീവിതം ചൂണ്ടിക്കാട്ടി ജോണ്‍സണ്‍ പറയുന്നു.

''റോഡില്‍നിന്നു പിടിക്കുന്നവരെയും അലഞ്ഞുതിരിയുന്നവരെയും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി ആദ്യം ഞാനൊരു മുത്തം കൊടുക്കും. പിന്നെ വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ച് വയറുനിറയെ ഭക്ഷണം കഴിപ്പിച്ച് പള്ളിവക ഡീഅഡിക്ഷന്‍ സെന്ററുകളിലോ സര്‍ക്കാര്‍ വക സെന്ററുകളിലോ കൊണ്ടുപോയി ഏൽപിക്കും. കൊട്ടാരക്കര, പുനലൂര്‍, കൂനമ്മാവ് എന്നിവിടങ്ങളില്‍ ഇതിനോടകം അഞ്ഞൂറോളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.'' ജോൺസൺ പറയുന്നു. പൊലീസുകാര്‍ക്കും പ്രിയപ്പെട്ട സഹായിയാണ് ജോണ്‍സണ്‍. ഏതു പാതിരാത്രിയില്‍ വിളിച്ചാലും സഹായമനസ്‌കതയോടെ ഓടിയെത്തുന്ന മനുഷ്യസ്‌നേഹി.

മനുഷ്യനെ മാറ്റുന്ന കാഴ്ചകള്‍

''ഒരു ദിവസം ഭക്ഷണവുമായി ധിറുതിയില്‍ പാഞ്ഞുപോകുമ്പോള്‍ വഴിയരികില്‍ ഞാനൊരു കാഴ്ച കണ്ടു. മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ പോഞ്ഞിക്കര എത്തിയപ്പോള്‍ ഒരാള്‍ കോഴിവേസ്റ്റ് കടിച്ചുപറിക്കുന്നു. പച്ച മാംസം. വായില്‍ നിറയെ ചോര. ഞാനവന്റെ അടുത്തെത്തി ചേര്‍ത്തു പിടിച്ച് നല്ല ഭക്ഷണം വണ്ടിയിലുണ്ട്, അതു തരാം എന്നുപറഞ്ഞു. അതുകേട്ട് അവന്‍ മുന്നോട്ടുനീങ്ങി. വീണ്ടും ഞാന്‍ ആവര്‍ത്തിച്ചു. ഞാന്‍ പറയുന്നത് അവനും അവന്‍ പറയുന്നത് എനിക്കും മനസ്സിലാകുന്നില്ല. എന്നിട്ടും അവന്‍ വെറുതെ ചിരിക്കുന്നുണ്ട്. ഏതോ ഭാഷയില്‍ എന്തൊക്കെയോ പറയുന്നു. അവനെ നേരെ കൂനമ്മാവ് കപ്പേളയില്‍ കൊണ്ടുവന്ന് കുളിപ്പിച്ച് പുതിയ ഉടുപ്പൊക്കെ ഇടീച്ചു. അപ്പോഴും അവന്റെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു. ഒന്നിലും വേവലാതിപ്പെടാതെ ആകാശം മാത്രം മേല്‍ക്കൂരയായിട്ടുള്ളവന്റെ പുഞ്ചിരി. വിശപ്പാണ് പ്രശ്‌നം.

ഒരിക്കല്‍ ഒരമ്മച്ചി വിളിച്ചു. വീടിനടുത്ത് ഒരു ചെറുപ്പക്കാരനുണ്ട്. മഹാപ്രശ്‌നക്കാരനാണ്. ലഹരിയായി അവന്‍ ഉപയോഗിക്കാത്തതൊന്നുമില്ല. ഒരു കൊലക്കേസിലും പ്രതിയാണ്. എല്ലാവരിലും മാറ്റം കൊണ്ടുവരുന്നവനല്ലേ ജോണ്‍സണ്‍, അവനില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ പറ്റുമോന്ന് ചോദിച്ചു. ഞാന്‍ നോക്കാമെന്നു പറഞ്ഞു. പിന്നെയും അമ്മച്ചിയെ പലയിടത്തായി വെച്ചു കണ്ടു. ഞാന്‍ ആ കേസില്‍ ഉപേക്ഷവരുത്തിയെന്ന മട്ടില്‍ നോക്കാന്‍ തുടങ്ങി. ഒരു ദിവസം ഭക്ഷണവുമായി പോകുമ്പോള്‍ അമ്മച്ചി പറഞ്ഞ കക്ഷി ഗോശ്രീ പാലത്തിനു മുകളില്‍ നില്‍ക്കുന്നു.

ഞാനവനെ വണ്ടിയിലേക്കു വിളിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നെ കൂടെ വന്നു. പോകുന്ന വഴിക്ക് കാര്യമെന്താണെന്നവന്‍ ചോദിക്കുന്നുണ്ട്. വണ്ടി നിര്‍ത്തി ഭക്ഷണമിറക്കി ഞാനവനോട് പറഞ്ഞു. ഇവിടെ 200 കുട്ടികളുണ്ട്. നിന്റെ കൈ കഴക്കുന്നതുവരെ നീ അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്ക്. കുറെ കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയപ്പോള്‍ അവന്‍ മതിലില്‍ തല തല്ലി കരയുന്നു. ഓട്ടിസം ബാധിച്ചും മറ്റു രോഗങ്ങൾകൊണ്ടും കിടപ്പിലായ കുട്ടികളുടെ ദയനീയത കണ്ടാണ് അവന്‍ പൊട്ടിക്കരയുന്നത്.

ജോലിയില്ലാത്ത ദിവസങ്ങളിലും ഞായറാഴ്ചകളിലും അവനാണ് ഭക്ഷണവിതരണം നടത്തുന്നത്. ഞാന്‍ പറഞ്ഞില്ലേ, ചില കാഴ്ചകള്‍ മാത്രം മതി മനുഷ്യന് മാറാന്‍. പക്ഷേ, അത് കാണണം. കൊടുത്ത ഭക്ഷണത്തിന്മേല്‍ നന്ദിയുടെ ചായം പൂശിയ ഔപചാരികയില്ലാത്ത വിശപ്പിനോളം മറ്റൊരു ലഹരിയും ലോകത്തില്ലെന്നു തിരിച്ചറിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍!'' പറഞ്ഞുനിർത്തുമ്പോൾ ജോൺസന്റെ കണ്ണുകളിൽ ആത്മസംതൃപ്തിയു​െട കണ്ണീർ നിറഞ്ഞിരുന്നു.

Tags:    
News Summary - Johnson is fit here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.