‘വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ലെങ്കിലും സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറയാൻ സാധിക്കില്ല’- നടി ധന്യ അനന്യ

ജാതി വിവേചനം സഹിക്കാനാകാതെ കോളജിൽ ആത്മഹത്യ ചെയ്ത വിദ്യ, സസ്പെൻഷൻ നേരിട്ട പൊലീസുകാരി ജെസി, ഒരു വാക്കു പോലുമുരിയാടാതെ ത​ന്‍റെയുള്ളിലെ വേദന പങ്കുവെക്കുന്ന ജാനകി, ഒരു മരുമകളുടെ ജീവിതം പ്രതിഫലിപ്പിച്ച നസീമ...

ധന്യ അനന്യയുടെ കഥാപാത്രങ്ങളിൽ ഏറെയും ഉള്ളുപൊള്ളിക്കുന്ന ചലച്ചിത്ര കാഴ്ചകളാണ്​. വ്യത്യസ്തതയാർന്ന വേഷങ്ങളിലൂടെ മലയാളസിനിമയിൽ വലിയ ഇടം നേടി ഇൗ കൊട്ടാരക്കരക്കാരി. നായികയായില്ലെങ്കിലും തനിക്കു കാമ്പുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ മതിയെന്ന്​ വിവരിക്കുകയാണ്​ അവർ. ഒപ്പം സിനിമയിലെ ചില അവസ്ഥകളും..


എന്തൊക്കെയാണ് പുതിയ സിനിമ വിശേഷങ്ങൾ?

പുതുവർഷത്തിൽ തമിഴ് വർക്കാണ് ആദ്യം. കഴിഞ്ഞ വർഷം ചെയ്ത ഒരു സിനിമയുടെ ഷൂട്ടിങ് ബാക്കിയുണ്ട്. രണ്ടുമൂന്നു വർക്കുകൾ പരിഗണനയിലുണ്ട്. ​

ആദ്യ സിനിമ സംഭവിച്ചത് എങ്ങനെ?

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലായിരുന്നു ബിരുദ പഠനം. മാസ് കമ്യൂണിക്കേഷനാണ് പഠിച്ചത്. ജേണലിസം വിദ്യാർഥികൾക്ക് ഡോക്യുമെന്‍ററിയും മറ്റുമായി ഒരുപാട് പ്രോജക്ട് വർക്കുകൾ ഉണ്ടാകുമല്ലോ. അതുവഴി ഷോർട്ട് ഫിലിമും മ്യൂസിക് ആൽബവുമൊക്കെ ചെയ്യാൻ കഴിഞ്ഞു. അഭിനയം നല്ല രസകരമായി തോന്നി.

ഒരു തിയറ്റർ വർക്ക്​േഷാപ്പിൽ പ​​ങ്കെടുത്തു. അതോടെ തിയറ്റർ ലോകം വളരെ വലുതാണെന്ന് മനസ്സിലായി. അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ താൽപര്യം തോന്നി. അങ്ങനെയാണ് കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ എം.എ തിയറ്റർ ആർട്സ് ചെയ്യുന്നത്. അതോടെ ആക്ടിങ്ങും പ്രാക്ടിസും സ്ക്രിപ്റ്റ് വായനയുമെല്ലാം ജീവിതത്തി​ന്‍റെ ഭാഗമായി. ആ രണ്ടുവർഷം അഭിനയം എന്നത് ഏറ്റവും അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞു. അവിടെനിന്നാണ് അഭിനയം തുടരാൻ തീരുമാനിക്കുന്നത്.

പിന്നീട് ഗോപൻ ചിദംബരം ഒരുക്കിയ ‘തുറമുഖം’ എന്ന നാടകത്തി​ന്‍റെ ഭാഗമായി. അതിനുശേഷം ‘അതിരൻ’ എന്ന സിനിമയിൽ അഭിനയിച്ചു. വലിയ റോൾ ഒന്നുമല്ല ആ സിനിമയിൽ. എന്നാലും, സിനിമയിലേക്ക് ഒരു എൻട്രി വേണമായിരുന്നു. ആ നിലക്കാണ് അതിരൻ ചെയ്തത്. അതിനു ശേഷം ചെയ്ത സിനിമയാണ് 41. പിന്നീട് അയ്യപ്പനും കോശിയുമടക്കമുള്ള കുറെ സിനിമകൾ കിട്ടി. ഇതെല്ലാം എളുപ്പത്തിൽ സംഭവിച്ചതല്ല. ഒരുപാട് ക്ഷമയോടെ കാത്തിരുന്ന് കിട്ടിയ റോളുകളാണ്.


41ലെ സുമയല്ലേ ഐഡന്‍റിറ്റി നേടിത്തന്ന കഥാപാത്രം?

ഉറപ്പായിട്ടും. 41ലേക്കുള്ള കാസ്റ്റിങ് അവിചാരിതമായിരുന്നു. ​കണ്ണൂരിലായിരുന്നു അതി​ന്‍റെ ഓഡിഷൻസ്. അപ്പോൾ കൊച്ചിയിലായിരുന്നു ഞാൻ. അതി​ന്‍റെ തിരക്കഥാകൃത്ത് പ്രജീഷേട്ടൻ ഒരു ഫോട്ടോ കണ്ടിട്ടാണ്​ വിളിച്ചത്. പിറ്റേദിവസം പ്രജീഷേട്ടനെയും ലാലുവേട്ടനെയും കുമാറേട്ടനെയും നേരിട്ട് കണ്ടു. എനിക്കായി തീരുമാനിച്ച കഥാപാത്രത്തെ കുറിച്ച് അവർ പറഞ്ഞുതന്നു. എ​ന്‍റെ മുമ്പത്തെ ഒരു പെർഫോമൻസും കാണാതെയാണ് ആ സിനിമയിലെ സുമയെന്ന കഥാപാത്രം ചെയ്യാൻ ധൈര്യപൂർവം ഏൽപിക്കുന്നത്. ചെയ്യാമെന്ന് എനിക്കും വിശ്വാസം തോന്നി.

മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രമാണ് അതിലെ ജെസി. എങ്ങനെയായിരുന്നു അതി​ന്‍റെ ഭാഗമായത്?

എക്സ്പീരിയൻസ്ഡ് ആയ ഒരു സംവിധായകനും വലിയ ഒരു ടീമിനുമൊപ്പം ജോലി ചെയ്യാൻ ലഭിച്ച അവസരമായിരുന്നു അത്. ഓഡിഷനു പോയപ്പോൾ അവിടെ സച്ചിയേട്ടനും അസിസ്റ്റന്‍റ് ഡയറക്ടർമാരും ഒക്കെയുണ്ട്. സിനിമയിലുണ്ടായിരുന്ന സീനുകൾ അവിടെ ചെയ്യിപ്പിച്ചു.

അതുകഴിഞ്ഞ് പറയാം എന്നുമാത്രമേ പറഞ്ഞുള്ളൂ. കുറച്ചു ദിവസം കാത്തിരുന്നു. പ്രതികരണം വരാതിരുന്നപ്പോൾ അവർക്ക് വേറെ ആൾ ഒ.കെയായിട്ടുണ്ടാകുമെന്ന് വിചാരിച്ചു. ഒരു ദിവസം അപ്രതീക്ഷിതമായാണ് വിളി വരുന്നത്. കാസ്റ്റിങ് ലിസ്റ്റിലേക്ക് പോസ്റ്റ് ചെയ്യാൻ ഒരു ഫോ​​ട്ടോ ആവശ്യപ്പെട്ടാണ് അന്നു വിളിച്ചത്. അങ്ങനെയാണ് ജെസിയാകുന്നത്.

ഇത്രയും കാലം കഴിഞ്ഞിട്ടും ആളുകൾ എന്നോട് പെട്ടെന്ന് ചോദിക്കുന്ന കഥാപാത്രം ജെസിയെ കുറിച്ചാണ്. ആ കഥാപാത്രത്തിന് അത്രയും ഡെപ്ത്തുണ്ട്. സച്ചിയേട്ടൻ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളാണ്. ഒരു ആക്ടറെ മോൾഡ് ചെയ്യുന്ന രീതിയൊക്കെ വളരെ രസകരമാണ്.

എനിക്ക് ഷൂട്ടിങ് ഇല്ലെങ്കിലും സച്ചിയേട്ടൻ മറ്റുള്ളവരുമായി ഇടപെടുന്നതും വർക് ചെയ്യുന്ന രീതിയും മറ്റുള്ളവർ അഭിനയിക്കുന്നത് കാണാനുമായി ലൊക്കേഷനുകളിൽ പോയി ഇരുന്നിട്ടുണ്ട്. ഓരോ സംവിധായകന്റെയും ഒപ്പമുള്ള അനുഭവം വ്യത്യസ്തമാണ്. അതുപോലെ മറ്റ് ആക്ടേഴ്സി​​ന്‍റെ അടുത്തുനിന്നും ഒരുപാട് പഠിക്കാനുണ്ട്.

41ലും അയ്യപ്പനും കോശിയിലും ബിജു മേനോനൊപ്പമാണ് അഭിനയിച്ചത്. എങ്ങനെയായിരുന്നു എക്സ്പീരിയൻസ്?

ഒപ്പം അഭിനയിക്കാൻ നല്ല എളുപ്പമുള്ള ആക്ടറാണ് ബിജു​ച്ചേട്ടൻ. ഒപ്പമുള്ളവർക്ക്​ നല്ല സ്പേസ് തരുന്ന ഒരു ആക്ടറാണ്. കുറച്ചുകൂടി റിലാക്സ്ഡും. സെറ്റിൽ കുറെ തമാശകൾ പറയും. എന്നാൽ, അഭിനയം വരുമ്പോൾ അതിൽ മുഴുകും.

സൗദി വെള്ളക്കയിലെ നസീമയെ കുറിച്ച്?

അയ്യപ്പനും കോശിക്കും ശേഷം ഓപറേഷൻ ജാവയാണ് ചെയ്യുന്നത്. ജാനകി എന്ന കഥാപാത്രം. തരുൺ ആണ് സംവിധായകൻ. അന്ന് ആ കഥാപാത്രം ചെയ്യുമ്പോൾ വളരെ ഡെപ്ത്തുള്ള സിനിമയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു വാക്കുപോലും പറയാതെയാണ് ആ കഥാപാത്രം ചെയ്യേണ്ടത്.

ഒരു വാക്കുപോലുമില്ലാതെ കമ്യൂണിക്കേറ്റ് ​െചയ്യുക എന്നതായിരുന്നു ഒരു ആക്ടർ എന്ന നിലയിൽ എന്നെ സ്വാധീനിച്ച ഒരു കഥാപാത്രം. അദ്ദേഹത്തി​ന്‍റെ തന്നെ സിനിമയാണ് സൗദി വെള്ളക്ക. ജാനകിയിൽനിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് നസീമ. രണ്ടു സിനിമയുടെയും തിരക്കഥയും തരുൺ തന്നെയാണ്. ഒരു ആക്ടറിന് കൂടുതൽ സ്പേസ് തരുന്ന ഡയറക്ടറാണ് ​അദ്ദേഹം.


ഇതുവരെ ചെയ്തതിൽ നായികവേഷമല്ല. എങ്കിലും, കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ. അതേക്കുറിച്ച്?

നായിക, നായകൻ എന്ന ഒരു സംഭവം എ​ന്‍റെ മനസ്സിൽ ഇല്ല. സിനിമയിലെ പെർഫോമൻസും കാരക്ടേഴ്സും വളരെ പ്രധാനമാണ്. സ്ക്രിപ്റ്റും പ്രധാനമാണ്. ജനഗണമനയിലെ വിദ്യയായാലും ഭീഷ്മയിലെ എൽസയായാലും അയ്യപ്പനും കോശിയും സിനിമയിലെ ജെസിയായാലും എല്ലാ കഥാപാത്രങ്ങൾക്കും ആ സിനിമകളിൽ അത്രയും ഡെപ്ത്തുണ്ട്. സിനിമ എന്നത് നായികയും നായകനും മാത്രമല്ല, ഓരോ കഥാപാത്രവും ആളുകളിൽ എത്തുന്നുണ്ട്.

കഥയാണ് പരമപ്രധാനം. അയ്യപ്പനും കോശിയും സിനിമയിലെ ഓരോ കഥാപാത്രത്തെയും ആളുകൾ ഓർക്കുന്നതിന് കാരണം തിരക്കഥയിലെ കെട്ടുറപ്പാണ്. തിരക്കഥ ശക്തമാകുമ്പോഴേ പെർഫോമൻസും ഒപ്പം നിൽക്കൂ. സിനിമയിലെ ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹീറോ, ഹീറോയിൻ എന്നൊരു ലേബലി​ന്‍റെ ആവശ്യമേയില്ല.

ഒരു കഥാപാത്രം ചെയ്യുമ്പോൾ അതിനെത്ര ഡ്യുറേഷനുണ്ട് എന്നുപോലും നോക്കേണ്ടതില്ല. സ്ക്രിപ്റ്റ് കൈയിൽ കിട്ടി വായിച്ചുനോക്കിയാണ് ഓരോ സിനിമയും ചെയ്യുന്നത്. സിനിമ ഒന്നും ഇല്ലല്ലോ എന്നാൽ, വരുന്നത് ചെയ്തേക്കാം എന്ന നിലപാടേയില്ല.

കഥാപാത്രങ്ങളാകാൻ പ്രത്യേക മുന്നൊരുക്കമുണ്ടോ?

ഓരോ കഥാപാത്രത്തിനും മുന്നൊരുക്കം എടുക്കാറുണ്ട്. 41ലെ സുമ ചെയ്തപ്പോൾ (ടെയ്ലറായിരുന്നു ആ കഥാപാത്രം) അടുത്തുള്ള ഒരു ടെയ്ലറിങ് കടയിൽ പോയി പ്രാക്ടിസ് ചെയ്തിട്ടുണ്ട്. ഭാഷ പഠിക്കാൻ കണ്ണൂരിൽ പോയി നിന്നിട്ടുണ്ട്. ജെസിയുടെ കഥാപാത്രം ചെയ്യുമ്പോൾ കാലടിയിലെ പൊലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ കഥാപാത്രത്തിനും ചെയ്യാറുണ്ട്.

നാടകത്തിലും സിനിമയിലും പരിചയമുണ്ടല്ലോ, രണ്ടും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ്?

തിയറ്ററിന്​ ഒരുപാട് കാലത്തെ പ്രാക്ടിസ് ആവശ്യമാണ്. ദിവസവും റിഹേഴ്സൽ. എല്ലാം കഴിഞ്ഞ് ലൈവായിട്ട് ആളുകൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. കട്ടും ടേക്കും ​ഒന്നുമില്ല.

സിനിമയിൽ ഷൂട്ടിങ് കഴിഞ്ഞ് ഉടനെ ആളുകളിലേക്ക് എത്തുന്നില്ല. ഷൂട്ടിങ്ങിനു തന്നെ ഒരുപാട് ടേക്കുകൾ എടുക്കേണ്ടിവരും. എല്ലാം കഴിഞ്ഞ് എഡിറ്റിങ് ചെയ്യും. മ്യൂസിക് കൊടുക്കും. ഏതു മീഡിയ ആയാലും അഭിനയത്തിന് വ്യത്യാസമൊന്നുമില്ല.

തിയറ്റർ എക്സ്പീരിയൻസുള്ള ഒരാൾ സിനിമയിലെത്തുമ്പോൾ അഭിനയം കുറെക്കൂടി എളുപ്പമാ​ണോ​?

ഒരു തിയറ്റർ ബാക്ഗ്രൗണ്ടും ഇല്ലാത്ത ആളുകൾ പോലും നന്നായി അഭിനയിക്കുന്നത് കാണാറില്ലേ. ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

ആരു ചെയ്താലും അവരുടേതായ ഒരു അധ്വാനം കൊടുക്കുന്നുണ്ടല്ലോ. ഒട്ടും എളുപ്പമല്ല അത്. ഓരോ കഥാപാത്രം ചെയ്യുമ്പോൾ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അത്. ഇതെല്ലാം തരണം ചെയ്തു വേണമല്ലോ അഭിനയിക്കാനെന്ന്.

കാസ്റ്റിങ് കൗച്ച് സിനിമയിൽ നിലനിൽക്കുന്നില്ലേ?

വ്യക്തിപരമായി അങ്ങനെയൊരു അനുഭവം ഞാൻ നേരിട്ടിട്ടില്ല. എന്നുവെച്ച് കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറയാൻ സാധിക്കില്ല. ഇതേക്കുറിച്ച് ആളുകൾ തുറന്നുപറയുന്നുണ്ട് ഇപ്പോൾ. എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നത് കാരണം മുമ്പത്തെ അപേക്ഷിച്ച് കാസ്റ്റിങ് കൗച്ച് കുറച്ച് കുറവാണെന്നാണ് തോന്നുന്നത്.

ആൺ/പെൺ എന്നതിലുപരി എല്ലാവരും ഈ പ്രശ്നം നേരിടുന്നുണ്ട്. ഇങ്ങ​ന​ത്തെ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത, കുറച്ചുകൂടി സ്വതന്ത്രമായി എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന ഒരിടം ഉണ്ടാവണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജോലി ചെയ്യുന്നതിന് മതിയായ പ്രതിഫലം കിട്ടണം. ഓരോരുത്തർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണം. പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ അതിനെതിരെ നടപടിയുണ്ടാകുകയും വേണം.


പ്രതിഫലത്തി​ന്‍റെ കാര്യം പറഞ്ഞല്ലോ... സിനിമയിൽ പ്രതി ഫലക്കാര്യത്തിൽ ലിംഗസമത്വം സാധ്യമായിട്ടില്ലല്ലോ ഇപ്പോഴും?

പ്രതിഫലം വ്യത്യസ്തം തന്നെയാണ്. തുല്യവേതനം എന്നതിനെ കുറിച്ച് പറയുമ്പോൾ, ഓരോ ആളും ചെയ്യുന്ന റോൾ വ്യത്യസ്തമായിരിക്കും. എക്സ്പീരിയൻസും പ്രധാനമാണ്. എന്നെ സംബന്ധിച്ച് ചെയ്യുന്ന റോളിന് നിശ്ചയിച്ച പ്രതിഫലം കൃത്യമായി നൽകണം എന്നാണ്. എന്നെക്കാൾ മുതിർന്ന നടീനടന്മാർക്ക് ഒപ്പം അഭിനയിക്കുമ്പോൾ, അവരുടെ അതേ പ്രതിഫലം വേണമെന്നു പറയാൻ സാധിക്കില്ല.

എന്നാൽ, ഓരോ സിനിമ ചെയ്യുമ്പോഴും നമ്മൾ കൂടുതൽ പരിചയസമ്പന്നരായി മാറുകയാണ്. അത് പ്രതിഫലത്തി​ന്‍റെ കാര്യത്തിലും കാണണം. അതായത്, ആദ്യ സിനിമയിൽ നൽകിയ അതേ പ്രതിഫലം ആകരുത് അടുത്ത സിനിമ ചെയ്യുമ്പോൾ എനിക്ക് കിട്ടേണ്ടത്. ഓരോ സിനിമ ചെയ്യുമ്പോഴും ആക്ടർ എന്ന നിലയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പേമെന്റ് കിട്ടണം എന്നത് പ്രധാനമാണ്.

ഇതുവ​രെ ചെയ്തതിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയ കഥാപാത്രം?

ശരിക്കും പറഞ്ഞാൽ ഓരോ കഥാപാത്രവും കുറെക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. ഓരോ സിനിമ കഴിയുമ്പോഴും നടീനടന്മാർ വളർന്നുകൊണ്ടിരിക്കുകയാണ്.

സ്വപ്നകഥാപാത്രം എന്നൊന്നുണ്ടോ മനസ്സിൽ?

ഡ്രീം കഥാപാത്രമല്ല, അഭിനയം രസകരമാക്കാൻ നമ്മൾ പല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കും. ഒരേ രീതിയിൽ പോവുകയാണെങ്കിൽ നമുക്ക് തന്നെ ബോറടിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഏതുതരം കഥാപാത്രമായാലും.

കുടുംബത്തെ കുറിച്ച്?

വീട് കൊട്ടാരക്കരയിലാണ്. അച്ഛൻ രാധാകൃഷ്ണൻ, അമ്മ ശൈലജ. ഒരു ചേച്ചിയുണ്ട്. ചേച്ചിക്ക് രണ്ടു മക്കൾ. എല്ലാവരുമായി അടിച്ചുപൊളിച്ചു പോകുന്നു. അച്ഛന് ജോലി കേരളത്തിനു പുറത്തായതിനാൽ ഏഴാം ക്ലാസ് വരെ മീററ്റിലായിരുന്നു. പിന്നീട് കൊട്ടാരക്കരയിലേക്ക് താമസം മാറി.

Tags:    
News Summary - Meet Dhanya Ananya, a Malayalam actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.