ബിനോയും മകൾ റിയയും


ഓഫ്റോഡിൽ ‘ഫുൾ ഓൺ’ ആയി ഈ അച്ഛനും മകളും

വാഹനപ്രേമികളുടെ ഹരമാണ് എന്നും ഓഫ്റോഡ് ഇവന്‍റുകൾ. കല്ലും ചളിയും വെള്ളവും പാറക്കെട്ടുകളും നിറഞ്ഞ അതികഠിനമായ വഴികളിലൂടെ ഫോർവീൽ ജീപ്പുകൾ അനായാസം കുതിച്ചുപായുമ്പോൾ കണ്ടിരിക്കുന്നവരിൽ രോമാഞ്ചമുണ്ടാവുക സ്വാഭാവികം.

ഇത്തരം മത്സരങ്ങളിൽ ആരാധകരുടെ മനം കവർന്ന ഒരു പാലാക്കാരനും മകളുമുണ്ട്. ഓഫ്റോഡ് ഡ്രൈവർമാർക്കിടയിൽ സൂപ്പർ സ്റ്റാറായ പാലാ കവീക്കുന്ന് സ്വദേശി ബിനോ ജോസും ടി.ടി.സി വിദ്യാർഥി റിയ മേരിയും.

കൈലിമുണ്ടും വള്ളിച്ചെരിപ്പുമിട്ട്, മീശപിരിച്ച്, തന്‍റെ സ്വതഃസിദ്ധമായ ശൈലിയിൽ ജീപ്പിന്‍റെ വളയംപിടിച്ച് ട്രാക്കുകൾ അനായാസം കീഴടക്കുകയാണ് ബിനോ. പിതാവിന്‍റെ വാഹനക്കമ്പം പിന്തുടർന്നാണ് റിയയും ട്രാക്കിലെത്തുന്നത്. വിവിധ മത്സരങ്ങളിൽനിന്നായി ഇരുവരും വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങളാണ്.


30 വർഷത്തെ പരിചയസമ്പത്ത്

30 വർഷമായി ബിനോ ജീപ്പ് ഓടിക്കാൻ തുടങ്ങിയിട്ട്. പിതാവിന് മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനുവേണ്ടിയാണ് ജീപ്പ് ഓടിക്കാൻ തുടങ്ങുന്നത്. ഏറെ ദുർഘടംപിടിച്ച വഴികളായിരുന്നു നിലമ്പൂരിൽ. അഞ്ചു വർഷത്തോളം ആ മലനിരകളിലൂടെ ബിനോയുടെ ജീപ്പ് കുതിച്ചുപാഞ്ഞു.

2004ലാണ് പുതുപുത്തൻ മഹീന്ദ്രയുടെ മേജർ ജീപ്പ് സ്വന്തമാക്കുന്നത്. ഇന്നും മത്സരങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ വാഹനംതന്നെ. ക്വാറിയിലേക്കാവശ്യമായ ആളുകളെയും സാധനങ്ങളുമെല്ലാം കൊണ്ടുപോകലാണ് ഈ ജീപ്പിന്‍റെ പ്രധാന ദൗത്യം. അതിനാൽത്തന്നെ ഓഫ്റോഡിന് ആവശ്യമായ കൂടുതൽ മോഡിഫിക്കേഷനൊന്നും ജീപ്പിൽ വരുത്താറില്ല.

മറ്റുള്ളവരെല്ലാം ലക്ഷങ്ങൾ മുടക്കിയാണ് വാഹനം മത്സരത്തിനായി ഒരുക്കാറ്. നിലവിലെ ഓഫ്റോഡ് ജീപ്പുകളിൽ കട്ട് ബ്രേക്ക്, ലോക്കർ, വിലകൂടിയ സസ്പെൻഷൻ എന്നിവയെല്ലാം പതിവുകാഴ്ചയാണ്. ഇതോടെ ഡ്രൈവർമാരുടെ പണി കുറയും. വാഹനത്തിനാണ് ജോലി കൂടുതൽ.

വണ്ടിയുടെ കഴിവിനേക്കാൾ ഡ്രൈവറുടെ വൈദഗ്ധ്യമാണ് ബിനോക്ക് താൽപര്യം. ഇതാണ് ശരിക്കും മത്സരമെന്നും ഈ 50കാരൻ പറയുന്നു. മത്സരത്തിനിറങ്ങും മുമ്പ് ടയർ മാത്രമാണ് മാറ്റാറ്. ചെലവെല്ലാം സ്വന്തമായി വഹിക്കും. വാഹനക്കമ്പം കാരണം മെക്കാനിക്കൽ പണിയും നല്ലവശമാണ്. മഹീന്ദ്ര മേജർ കൂടാതെ ഒരു കട്ട്ചേസ് ജീപ്പും മാരുതി ജിപ്സിയും സ്വന്തമായുണ്ട്.

പാലാ മുതൽ മുംബൈ വരെ

2014ൽ പാലായിൽവെച്ചാണ് ബിനോ ആദ്യമായി ഓഫ്റോഡ് ട്രാക്കിലേക്ക് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽതന്നെ അതിന്‍റെ ഹരം തലക്കുപിടിച്ചു. പിന്നീട് കഴിയാവുന്ന മത്സരങ്ങളിലെല്ലാം ഭാഗഭാക്കാകാൻ തുടങ്ങി. ഹൈദരാബാദ്, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങളും നേടി. കൂടെ സഹോദരൻ ജോസും ഉണ്ടാകും. ഇടക്ക് അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പാറമടക്കുകളും ക്വാറികളും നിരവധി തവണ താണ്ടിയ ഇവർക്ക് ഇതെല്ലാം നിസ്സാരം.


ട്രാക്കിലെ പെൺകരുത്ത്

പിതാവിന്‍റെ പാതയിൽ ജീപ്പ് ഓടിച്ച് സമ്മാനങ്ങൾ നേടുകയാണ് മകൾ റിയയും. ചെറുപ്പംമുതലേ വാഹനങ്ങളോട് ഇഷ്ടംകൂടിയതാണ്. ബുള്ളറ്റാണ് ആദ്യമായി ഓടിക്കാൻ പഠിക്കുന്നത്. പിന്നീട് പിതാവിനൊപ്പം ജീപ്പിന്‍റെ വളയംപിടിക്കാൻ തുടങ്ങി. ബിനോ വണ്ടി ഓടിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും കണ്ടാണ് ഓഫ്റോഡിലേക്ക് താൽപര്യം വരുന്നത്. ട്രാക്കിലിറങ്ങുന്നതും പഠിച്ചതുമെല്ലാം ഒരേ വണ്ടിയിലാണ്. മത്സരങ്ങളിൽ കൂടെ കോഡ്രൈവറായി പിതാവുമുണ്ടാകും.


തുടക്കക്കാലത്ത് ചെറിയ രീതിയിൽ പേടിയുണ്ടായിരുന്നു. ഒന്നുരണ്ട് ട്രാക്കിൽ ഇറങ്ങിയപ്പോഴേക്കും പേടി മാറിത്തുടങ്ങി. ടി.ടി.സി പഠനത്തിനിടയിൽ ലഭിക്കുന്ന ഒഴിവുസമയത്താണ് മത്സരത്തിനിറങ്ങുന്നത്. ഏറ്റുമാനൂരിലായിരുന്നു ആദ്യ മത്സരം. പിന്നീട് ഇടുക്കിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വാഗമണിൽ നടന്ന ഇവന്‍റിൽ വണ്ടി മറിഞ്ഞെങ്കിലും യങ്ങെസ്റ്റ് ലേഡി ഡ്രൈവറായി റിയയെയാണ് തിരഞ്ഞെടുത്തത്. ഏകദേശം 10 മത്സരത്തിൽ ഇതുവരെ പങ്കെടുത്തു.

2016ൽ കോതമംഗലത്തുനിന്ന് എടുത്ത ബിനോയുടെ വൈറൽ ചിത്രം


വൈറൽ ചിത്രം

ബിനോയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു 2016ൽ കോതമംഗലത്ത് നടന്ന മത്സരം. മൂന്നാം സ്ഥാനമാണ് നേടിയതെങ്കിലും കാണികളുടെ മനസ്സിൽ ഇടംപിടിച്ചത് ബിനോയായിരുന്നു. ചളിനിറഞ്ഞ കുഴികൾ അനായാസം മറികടന്നതും പാറക്കെട്ടുകൾക്ക് മുകളിലൂടെ വാഹനം ഉയർന്നുപൊങ്ങിയതുമെല്ലാം ആരാധകരുടെ മനസ്സിനെ കോരിത്തരിപ്പിച്ചു.


മത്സരശേഷം അദ്ദേഹത്തെ വണ്ടിയുടെ മുകളിൽ കയറ്റിനിർത്തി ആരാധകർ ചുറ്റുംനിന്ന് കൈയടിച്ചു. ജനസഞ്ചയത്തിന് നടുവിൽ നാടൻ വസ്ത്രവുമണിഞ്ഞ് ജീപ്പിനു മുകളിൽ കയറിനിൽക്കുന്ന ചിത്രം വൈറലായതോടെ ബിനോ ഓഫ്റോഡ് ട്രാക്കിലെ മിന്നുംതാരമായി ഉയർന്നു. പിന്നീട് ഇദ്ദേഹം മത്സരത്തിനിറങ്ങുമ്പോഴെല്ലാം കാമറയുമായി ആരാധകർ ഒപ്പംകൂടാറുണ്ട്.


സിനിമയിലേക്ക്

ബിനോയും റിയയും അവരുടെ വാഹനങ്ങളും സിനിമയിലും മുഖംകാണിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ, ഓഫ്റോഡ് റേസിങ് പശ്ചാത്തലമായ മഡ്ഡി എന്ന മലയാള സിനിമയിലേക്കാണ് ഇവർ ജീപ്പ് ഓടിച്ചുകയറുന്നത്. നായകൻ ഉപയോഗിച്ചത് ബിനോയുടെ മേജർ ജീപ്പായിരുന്നു.

തങ്ങളുടെ മറ്റു വാഹനങ്ങളായ ജിപ്സിയും കട്ട് ചേസ് ജീപ്പും ബിനോയും റിയയും ഓടിച്ചു. ഫഹദ് ഫാസിൽ നായകനായി വരുന്ന ഹനുമാൻ ഗിയർ എന്ന സിനിമ ബിനോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയപ്പെടുന്നു. കോതമംഗലത്തുവെച്ച് ബിനോയുടെ വൈറലായ ചിത്രത്തിന്‍റെ മാതൃകയിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആശയാണ് ബിനോയുടെ ഭാര്യ. റോസ്. റോണ, റിച്ചു എന്നിവർ മറ്റു മക്കൾ.





Tags:    
News Summary - A riding family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.