ലൈസൻസുള്ളവരെല്ലാം മികച്ച ഡ്രൈവറാകണമെന്നില്ല. അതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വാഹനമോടിക്കാൻ അറിയുന്ന ലൈസൻസുള്ള ആർക്കും ഡ്രൈവറാകാം. എന്നാൽ, എല്ലാ ഡ്രൈവർമാരും മികച്ച ഡ്രൈവറാകണമെന്നില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല ഡ്രൈവിങ്.

മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്. ഡ്രൈവിങ്ങിന് നല്ല ഏകാഗ്രതയും ദിശാബോധവും അത്യാവശ്യമാണ്. കൂടാതെ ക്ഷമയും അച്ചടക്കവും കൂടിയേ കഴിയൂ. ഡ്രൈവിങ് കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ചില വിദ്യകൾ പരിശോധിക്കാം.


വാഹനം പരിചയപ്പെടുക

വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. വാഹനത്തെക്കുറിച്ചും അതിന്‍റെ പ്രധാന നിയന്ത്രണങ്ങളെക്കുറിച്ചും ഡ്രൈവർക്ക് എപ്പോഴും പരിചയമുണ്ടാകണം. വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നാണ് വാഹനം നിർമിച്ചിരിക്കുന്നത്.

ഈ ഘടകങ്ങളിൽ ഓരോന്നും ഒരുകൂട്ടം ബട്ടണുകൾ, ലിവറുകൾ, നോബുകൾ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. അതിനാൽ ഏതൊരു വാഹനവും ഓടിക്കാൻ തുടങ്ങുന്നതിനുമുമ്പ് ഈ നിയന്ത്രണങ്ങൾ എവിടെയാണെന്നും അവയുടെ യഥാർഥ പ്രവർത്തനം എന്താണെന്നും അറിയേണ്ടത് അനിവാര്യമാണ്.

ഡ്രൈവിങ് പൊസിഷൻ

ഒരു വാഹനത്തിന്‍റെ പ്രധാന നിയന്ത്രണങ്ങളെല്ലാം നിങ്ങൾക്ക് പരിചിതമായി കഴിഞ്ഞാൽ, അടുത്തഘട്ടം സൗകര്യപ്രദമായ ഡ്രൈവിങ് പൊസിഷൻ ക്രമീകരിക്കുക എന്നതാണ്. ഓരോ പെഡലുകളും നിയന്ത്രിക്കുമ്പോൾ നിങ്ങളുടെ കാലുകൾ ആയാസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിക്കേണ്ടത്.

ഒപ്പം മുന്നിലേക്കും സൈഡിലേക്കുമെല്ലാം നല്ല രീതിയിൽ കാഴ്ച ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ സ്റ്റിയിറങ്ങിനോട് വളരെ അടുത്തും ഏറെ ദൂരത്തുമായും സീറ്റ് ക്രമീകരിക്കരുത്. കൂടാതെ നിങ്ങളുടെ കാഴ്ചക്കനുസരിച്ച് രണ്ട് വശത്തെയും പിറകിലേക്കുമുള്ള മിററുകൾ ക്രമീകരിക്കണം.

സ്റ്റിയറിങ് വീൽ

സ്റ്റിയറിങ്ങാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തെ നിയന്ത്രിക്കാൻ ഡ്രൈവറെ അനുവദിക്കുന്ന പ്രധാന ഘടകം. അതിനാൽ സ്റ്റിയറിങ് വീലിലെ നിങ്ങളുടെ പിടിത്തം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും സ്റ്റിയറിങ്ങിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ സീറ്റ് ക്രമീകരിച്ചുകൊണ്ട് ആരംഭിക്കുക.

സ്റ്റിയറിങ് വീൽ ശരിയായ രീതിയിലാണ് പിടിക്കുന്നതെന്ന് ഉറപ്പാക്കണം. നിങ്ങളുടെ സ്റ്റിയറിങ് വീൽ ഒരു ക്ലോക്ക് ആണെന്ന് സങ്കൽപിക്കുക. വലതുകൈ 3 മണി സ്ഥാനത്തും ഇടതു കൈ 9 മണി സ്ഥാനത്തും വെക്കുക. ശരിയായ നിയന്ത്രണത്തിനും പരമാവധി ഗ്രിപ്പിനുമായി ഈ രണ്ട് സ്ഥാനങ്ങളിലും മുറുകെ പിടിക്കുക. ഇതാണ് സ്റ്റിയറിങ് പിടിക്കുന്നതിലെ ഏറ്റവും മികച്ച രീതി.

അനാവശ്യ ക്ലച്ചിങ് വേണ്ട

ഗിയർ മാറുമ്പോൾ എൻജിനും ഗിയർബോക്സും തമ്മിലുള്ള ബന്ധം താൽക്കാലികമായി വേർതിരിക്കാനുള്ള ഘടകമാണ് ക്ലച്ച്. പക്ഷേ പുതിയതും പരിചയസമ്പന്നരുമായ ഡ്രൈവർമാർ ഒരുപോലെ ചെയ്യുന്ന തെറ്റാണ് അനാവശ്യ ക്ലച്ചിങ്. അതായത് ഡ്രൈവ് ചെയ്യുമ്പോൾ ആവശ്യമില്ലാതെ ക്ലച്ച് അമർത്തുക. ഇതുകാരണം ക്ലച്ച് പ്ലേറ്റ് അമിതമായ തേയ്മാനത്തിന് വിധേയമാകുന്നു. അതുപോലെ വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് കൃത്യമായ സമയത്ത് ക്ലച്ച് ചവിട്ടി ഗിയർ മാറ്റുകയും വേണം.


ട്രാഫിക് നിയമങ്ങൾ പാലിക്കുക

സുരക്ഷ ഏറ്റവും പ്രധാന ഘടകമാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് വഴി നിങ്ങൾ സുരക്ഷിതരായിരിക്കുക മാത്രമല്ല, ചുറ്റുമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. മാത്രമല്ല ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമം ചുമത്തുന്ന കനത്ത പിഴകളിൽനിന്ന് രക്ഷ നേടുകയും ചെയ്യാം.

സിഗ്നലുകൾ അനുസരിക്കുക, കാൽനടക്കാർ ഉണ്ടെങ്കിൽ സീബ്രാ ക്രോസിങ്ങുകൾക്ക് മുമ്പ് നിർത്തുക, ഗതാഗതക്കുരുക്കിൽ ലൈൻ ജംപിങ് ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. ട്രാഫിക് പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുക, തെറ്റായ പാതയിലൂടെ വാഹനമോടിക്കൽ, അമിത ഹോൺ ഉപയോഗം, നിയമവിരുദ്ധമായ മോഡിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക.


ഓവർ സ്പീഡ് വേണ്ട

ഒരു ഡ്രൈവർ എപ്പോഴും താൻ സഞ്ചരിക്കുന്ന വേഗത്തെക്കുറിച്ച് ജാഗ്രത പുലർത്തണം. ഉയർന്ന വേഗത്തിലുള്ള ഓട്ടം അൽപനേരത്തേക്ക് നിങ്ങളെ ആവേശം കൊള്ളിച്ചേക്കാം. പക്ഷേ, നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷയെ അത് അപകടത്തിലാക്കുന്നു. അതിനാൽ ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അതത് റോഡുകളിലെ വേഗപരിധിക്കുള്ളിൽ ഡ്രൈവ് ചെയ്യുകയും വേണം.

ടേൺ സിഗ്നൽ ഉപയോഗിക്കുക

പലപ്പോഴും പലരും അവഗണിക്കുന്ന ഒന്നാണ് ടേൺ സിഗ്നലുകൾ. മറ്റു റോഡുകളിലേക്ക് തിരിയുമ്പോഴും പാതകൾ മാറുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴും എല്ലാം ടേൺ ഇൻഡിക്കേറ്ററുകൾ പ്രധാനമാണ്. നിങ്ങൾ വാഹനവുമായി ചെയ്യാൻ പോകുന്ന ടേൺ, ഓവർടേക്ക്, ലെയ്ൻ ചേഞ്ച് എന്നീ സമയങ്ങളിൽ അവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

മാത്രമല്ല, അനാവശ്യമായി ടേൺ ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് പിന്നിലുള്ള വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ഇത് അപകടങ്ങൾക്ക് കാരണമാകും. അതിനാൽ ആവശ്യം കഴിഞ്ഞയുടൻ ഇൻഡിക്കേറ്റർ ഓട്ടോമാറ്റിക് ഓഫ് ആയി എന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ഓഫ് ചെയ്യുക.

ടെയിൽഗേറ്റിങ് ഒഴിവാക്കുക

മുന്നിലുള്ള വാഹനത്തോട് വളരെ ചേർന്ന് വാഹനം ഓടിക്കുന്നതിനെയാണ് ടെയിൽഗേറ്റിങ് എന്ന് പറയുന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന പ്രവണതയാണിത്. നിങ്ങൾ ടെയിൽഗേറ്റിങ്ങിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക. മുന്നിലുള്ള വാഹനത്തിന്‍റെ വളരെ അടുത്തായി വാഹനമോടിക്കുന്നത് നിങ്ങളുടെ കാഴ്ച തടയുക മാത്രമല്ല, അടിയന്തര ഘട്ടങ്ങളിൽ പ്രതികരണത്തിനുള്ള സമയം കുറക്കുകയും ചെയ്യുന്നു.

പ്രത്യേകിച്ച് നല്ല വേഗത്തിൽ പോകുമ്പോൾ ബ്രേക്ക് ചവിട്ടിയാലും മുന്നിലെ വാഹനത്തിൽ ഇടിക്കാൻ സാധ്യതയുണ്ട്. അതുപോലെ സുരക്ഷിത അകലത്തിൽനിന്ന് മാത്രം ഓവർടേക്ക് ചെയ്യുക. ഭാരം കയറ്റിയ വാഹനങ്ങളോട് വളരെ ചേർന്ന് പിന്തുടരരുത്.

ബോണസ് ടിപ്

ഡ്രൈവിങ് തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്‍റെ ഓയിൽ ലെവൽ, റേഡിയേറ്റർ കൂളന്‍റ് ലെവൽ, ടയർ പ്രഷർ, ബാറ്ററി, ബ്രേക്ക്, ലൈറ്റുകൾ എന്നിവ പരിശോധിക്കുക. മാത്രമല്ല, ഓയിൽ ചേഞ്ച്, കൂളന്‍റ് ചേഞ്ച്, ടയർ മാറ്റിയിടൽ തുടങ്ങിയ ചെറിയ കൈവിദ്യകൾ ഡ്രൈവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

അത്യാവശ്യ സാഹചര്യങ്ങളിൽ ഉപകാരപ്രദമാകും. ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, വാഹന ഇൻഷുറൻസ് പോളിസി എന്നീ രേഖകൾ കൃത്യമാണെന്ന് ഉറപ്പാക്കുക.




Tags:    
News Summary - Be the best driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.