നമ്മളാരുംതന്നെ സ്വപ്നത്തിൽകൂടി ചിന്തിക്കാത്ത തരത്തിലുള്ള ഒരവസ്ഥയിലൂടെയാണ് കഴിഞ്ഞ രണ്ടു വർഷം ലോകം കടന്നുപോയത്. രാജ്യാതിർത്തികളും നാട്ടുവഴികളും, എന്തിന് വീട്ടുവാതിലുകൾപോലും അടച്ചിടപ്പെട്ട നാളുകൾ. രാജ്യാന്തര യാത്രകൾ ഇനി സാധ്യമാകുമോ എന്ന് ആശങ്കപ്പെട്ട അവസ്ഥയിൽനിന്നു വൈകിയെങ്കിലും ഒരു മാറ്റം കൈവരിച്ചപ്പോൾ ഏറെക്കാലമായി അടച്ചുവെച്ച യാത്രാ മോഹം വീണ്ടും ഉണർന്നെണീറ്റു.
താരതമ്യേന സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഒരു സ്ഥലം നോക്കിയുള്ള അന്വേഷണം എത്തിനിന്നത് കിഴക്കൻ യൂറോപ്യൻ രാജ്യമായ സെർബിയയിലാണ്. കോവിഡ് നിയന്ത്രണവിധേയവും മാസ്ക് ഇല്ലാതെ പുറത്ത് സഞ്ചരിക്കാൻ കഴിയും എന്നതിനു പുറമേ ഇന്ത്യക്കാർക്ക് വിസ വേണ്ട എന്നുള്ളതാണ് സെർബിയൻ യാത്ര ഏറ്റവും എളുപ്പമാക്കുന്നത്. യൂഗോസ്ലോവ്യ വിഭജിച്ചുണ്ടായ രാജ്യങ്ങളിൽ ഒന്നാണ് സെർബിയ.
അബൂദബിയിൽനിന്ന് ബജറ്റ് വിമാന സർവിസായ വിസ് എയറിൽ സെർബിയയിൽ പോയി വരാനുള്ള ടിക്കറ്റിന് കേവലം 10,000 രൂപയേ ആവുകയുള്ളൂ. പക്ഷേ, ലഗേജിന് വേറെ ചാർജ് കൊടുക്കണം. വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യമുണ്ടെങ്കിൽ പൈസ കൊടുത്ത് വാങ്ങണം. അഞ്ചു മണിക്കൂറാണ് യാത്രാസമയം.
സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡ് എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പിന്നിലാണ് സെർബിയൻ ക്ലോക്ക്.
ടൂർ ഏജൻസിയിൽ ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഡ്രൈവർ കാറുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. 20 മിനിറ്റിനുള്ളിൽ ബെൽഗ്രേഡ് സിറ്റി ഹോട്ടലിൽ എത്തി. ഇവിടെ റൂമിന് കുറഞ്ഞ നിരക്കേ ഉള്ളൂ. നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ. നടക്കാവുന്ന ദൂരത്തിൽ റസ്റ്റാറന്റുകളും സൂപ്പർ മാർക്കറ്റും ഒക്കെയുണ്ട്. സെർബിയൻ ദീനാറാണ് ഇവിടത്തെ കറൻസി. ഒരു സെർബിയൻ ദീനാർ ഏകദേശം ഇന്ത്യയുടെ 75 പൈസ വരും. ഭക്ഷണസാധനങ്ങൾക്കൊക്കെ മിതമായ വിലയേ ഉള്ളൂ. പക്ഷേ, പെട്രോളിന് ഇന്ത്യയിലേക്കാൾ വില കൂടുതലാണ്.
ബെൽഗ്രേഡിൽനിന്ന് ഏകദേശം 230 കിലോമീറ്റർ പടിഞ്ഞാറായുള്ള ലാതിബോർ (Zlatibor) എന്ന ഹിൽ സ്റ്റേഷനിലേക്കാണ് ഞങ്ങളുടെ ആദ്യ സന്ദർശനം. സെർബിയയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ മഞ്ഞുകാലത്ത് സ്കീയിങ്ങിന് ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. കൂടാതെ ട്രക്കിങ്, പാരാഗ്ലൈഡിങ് എന്നിവയും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും നീളംകൂടിയ ഗൊണ്ടോല (Gondola) കേബ്ൾ കാർ ലാതിബോറിലാണ്.
ഡ്രൈവർ ലൂക്ക രാവിലെ 10ഓടെ കാറുമായി വന്ന് ഞങ്ങളെ പിക് ചെയ്തു. നല്ല റോഡുകൾ. സിറ്റി കഴിഞ്ഞ് ഹൈവേയിലൂടെ കാർ ഓടിത്തുടങ്ങിയപ്പോൾ വിശാലമായ കൃഷിയിടങ്ങൾ പ്രത്യക്ഷമായിത്തുടങ്ങി. സെർബിയയുടെ പ്രധാന വരുമാനസ്രോതസ്സും കൃഷിതന്നെയാണ്.
കൃഷിയിടങ്ങൾ പിന്നിട്ട് സമതലപ്രദേശങ്ങളിലേക്കു കടന്നപ്പോൾ ഭംഗിയുള്ള കുഞ്ഞു വീടുകൾ കാണാറായി. ചിലതിന് ചുറ്റും മരത്തടികൾകൊണ്ട് ചെറിയ വേലി കെട്ടിയത് വീടിന്റെ ഭംഗി കൂട്ടുന്നു. ഓരോരോ ഇടങ്ങളിൽ അഞ്ചോ ആറോ വീടുകളുടെ ഒരു കൂട്ടമായിട്ടാണ് കാണുന്നത്. ഈ വീടുകളുള്ള ഭാഗങ്ങളിലെല്ലാം റോഡിന്റെ വശത്ത് വാഹനശബ്ദങ്ങൾ വീട്ടുകാർക്ക് ശല്യമാകാതിരിക്കാൻ സർക്കാർ ഫെൻസ് സ്ഥാപിച്ചിട്ടുണ്ട്. അൽപദൂരംകൂടി പിന്നിട്ടപ്പോൾ വിശാലമായ താഴ്വാരങ്ങളും മലനിരകളും ചെറിയ പുഴകളും ലൈംസ്റ്റോൺ കുന്നുകളും കണ്ണിനു വിരുന്നായി കാറിന്റെ ചില്ലുജാലകത്തിലൂടെ ഓടിമറഞ്ഞുകൊണ്ടിരുന്നു.
ഉച്ചയോടെ ലാതിബോറിലെ ഹോട്ടലിൽ ഞങ്ങളെത്തി. ചെക്ക് ഇൻ ചെയ്തശേഷം ഉച്ചഭക്ഷണത്തിനായി റസ്റ്റാറന്റിൽ കയറി മഷ്റൂം സൂപ്പും ട്രൗട് ഫിഷ് ഗ്രില്ലും സാലഡും ഓർഡർ ചെയ്തു. ഇവിടുത്തെ കാബേജ് സാലഡ് രുചികരമായി തോന്നി. പാൽപ്പാടയിൽനിന്നുണ്ടാക്കുന്ന കൈമക്, മാംസവും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന സർമാ, റൊട്ടി എന്നിവയാണ് സെർബിയൻ പരമ്പരാഗത വിഭവങ്ങൾ.
അടുത്ത ദിവസം ഞങ്ങൾക്ക് കൂട്ടിന് ലൂക്കയെ കൂടാതെ നിക്കോളെ എന്ന ഗൈഡും കൂടിയുണ്ടായിരുന്നു. പ്രകൃതിദത്തമായ സ്റ്റോപിക ഗുഹ കാണാനാണ് ആദ്യം പോയത്.
മലനിരകളിലൂടെ കയറിയിറങ്ങിയുള്ള യാത്ര സമ്മാനിക്കുന്നത് പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചയാണ്. മൊട്ടക്കുന്നുകളും പുൽമേടുകളും ചെമ്മരിയാടുകളും പശുക്കളും കുതിരകളും മേയുന്ന താഴ്വരകളും വിവിധ വർണങ്ങൾ ചൂടിയ വൃക്ഷനിരകളും ചരിഞ്ഞ മേൽക്കൂരയോടുകൂടിയ കുഞ്ഞു വീടുകളും കണ്ണിന് പകരുന്ന ആനന്ദം വാക്കുകൾക്കതീതമാണ്. മൗണ്ട് ലാതിബോറിന്റെ ചരിവിലൂടെ നടന്ന് കുറച്ച് താഴേക്കിറങ്ങി വേണം പ്രാപഞ്ചിക സ്മാരകമായി സംരക്ഷിക്കപ്പെടുന്ന സ്റ്റോപിക ഗുഹയിൽ എത്താൻ. ചുറ്റുമുള്ള പ്രകൃതിയുടെ അകൃത്രിമ സൗന്ദര്യം നുകർന്നുകൊണ്ട് പടവുകൾ ഇറങ്ങി ചെല്ലുന്നത് വിശാലമായ ഗുഹാമുഖത്തേക്കാണ്. 1691 മീറ്റർ നീളം വരുന്ന ഈ ഗുഹയുടെ ഉള്ളിലെ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തും. വെള്ളം ഒലിച്ചിറങ്ങി ഘനീഭവിച്ചതുപോലെയുള്ള രൂപങ്ങൾ ഗുഹയുടെ മേലാപ്പിൽനിന്ന് താഴേക്ക് തൂങ്ങിനിൽക്കുന്നു.
ഒഴുകുന്ന അരുവിയെ കൂടാതെ 10 മീറ്റർ ഉയരത്തിലുള്ള വെള്ളച്ചാട്ടംകൂടി ഇതിനകത്തുണ്ട്. റിവർ കേവ് എന്നറിയപ്പെടുന്ന സ്റ്റോപിക ഗുഹയിലൂടെ ത്രിനൗസ്കി (Trnavski) അരുവി ഒഴുകിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായുള്ള ഈ ഒഴുക്കിന്റെ ഫലമായി ചുണ്ണാമ്പുപാറയിൽ ബാത്ടബ് പോലെയുള്ള നിർമിതികൾ രൂപപ്പെട്ടിട്ടുണ്ട്.
തട്ടുതട്ടായി കാണപ്പെടുന്ന ഈ ടബുകളിൽ വെള്ളം നിറഞ്ഞ് ഒന്നിൽനിന്ന് അതിന്റെ താഴേക്കുള്ളതിലേക്ക് ഒഴുകി വീണു കൊണ്ടിരിക്കുന്നു. ഗുഹക്കുള്ളിൽ ക്രമീകരിച്ച വർണവിളക്കുകളുടെ പ്രകാശം ഈ ജലധാരക്കു പകരുന്ന മാസ്മരഭംഗി ഒന്നു കാണേണ്ടതുതന്നെയാണ്.
ലാതിബോർ പർവതപ്രദേശത്തുതന്നെയുള്ള ഗോസ്റ്റിയെ വെള്ളച്ചാട്ടം കാണാനാണ് പിന്നീട് പോയത്. അത്ര ഉയരത്തിൽനിന്നല്ലാതെ താഴേക്കു പതിക്കുന്ന നാലഞ്ച് ചാലുകൾ മാത്രമാണെങ്കിലും വെള്ളച്ചാട്ടം കാണുന്നത് ഒരു സുഖംതന്നെയല്ലേ. പക്ഷേ, ആ പ്രദേശത്തിന്റെ ഭംഗി ഹൃദയം കവരുന്നതു തന്നെയാണ്. മലനിരകളുടെ മടിത്തട്ടിലെ പച്ചവിരിച്ച വിശാലമായ താഴ്വരയിലൂടെ സ്വച്ഛസുന്ദരമായ തണുത്ത കാറ്റേറ്റ് പ്രകൃതിയുടെ നിശ്ശബ്ദതയിലലിഞ്ഞ് അങ്ങനെ നടക്കാം. അരികിലൂടെ ഒഴുകുന്ന നേർത്ത പുഴയെ നോക്കിനിൽക്കാം. ഒരു വശത്തുള്ള കാടിന്റെ മർമരത്തിന് കാതോർക്കാം. പ്രകൃതിയെ പുണർന്ന് എല്ലാ ടെൻഷനുകളും മറക്കാം.
സിറോജിനോ ഓൾഡ് വില്ലേജ് മ്യൂസിയത്തിലേക്കാണ് ഇനി യാത്ര. മൗണ്ട് ലാതിബോറിലുള്ള ഈ ഓപൺ മ്യൂസിയത്തിൽ 19ാം നൂറ്റാണ്ട് മുതൽ 20ാം നൂറ്റാണ്ടിന്റെ തുടക്കംവരെയുള്ള പരമ്പരാഗത സെർബിയൻ ഗ്രാമമാണ് ഒരുക്കിയിട്ടുള്ളത്. ആകർഷകമായ പ്രവേശനകവാടം കടന്നാൽ ആദ്യം ശ്രദ്ധയിൽപെടുന്നത് ഒരു ചെറിയ ചർച്ചും അതിന്റെ പിറകിലായുള്ള സെമിത്തേരിയുമാണ്. ഇത്ര ഭംഗിയുള്ള ഒരു ശ്മശാനം ആദ്യമായി കാണുകയാണ്.
19.14 കി.മീ വിസ്തൃതിയുള്ള ഓപൺ വില്ലേജ് മ്യൂസിയത്തിൽ സെർബിയൻ വീടുകളും അതോടനുബന്ധിച്ചുള്ള ആട്ടിൻകൂട്, ധാന്യപ്പുര തുടങ്ങിയവയും കാണാം. വീടുകൾക്കകത്ത് 19ാം നൂറ്റാണ്ടിൽ ലാതിബോറിലെ വിവിധ പ്രദേശങ്ങളിൽനിന്നായി ശേഖരിച്ച പരമ്പരാഗത പാത്രങ്ങൾ, വിളക്കുകൾ, ആയുധങ്ങൾ തുടങ്ങിയ വീട്ടുസാധനങ്ങളും പഴയ കാലത്തെ അടുപ്പും തട്ടിൻപുറവും എല്ലാം ഒരുക്കിവെച്ചിരിക്കുന്നു. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റസ്റ്റാറൻറും ബേക്കറിയുംകൂടി വില്ലേജിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് മൊക്ര ഗോര ഗ്രാമത്തിലേക്ക് തിരിക്കുമ്പോൾ ഒരു ട്രെയിനിൽ കയറാൻ പോകുന്നു എന്നേ ചിന്തിച്ചുള്ളൂ. ദിവസത്തിൽ രണ്ടു തവണയാണ് ഈ ട്രെയിൻ സർവിസുള്ളത്. 10 യൂറോ ആണ് ടിക്കറ്റ് നിരക്ക്. സെർബിയയിൽ എല്ലായിടത്തും സെർബിയൻ ദീനാറിനു പുറമെ യൂറോയും സ്വീകരിക്കും. ആകാശക്കാഴ്ചയിൽ 8 എന്നെഴുതിയപോലെ തോന്നുന്ന റെയിൽ ട്രാക്ക് ആയതിനാലാണ് ഇതിനെ സർഗൻ എയ്റ്റ് എന്നു വിളിക്കുന്നത്. ലോകത്തിലെ നാരോഗേജ് റെയിൽവേയിലെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന ഇത് യൂറോപ്പിലെ ഏറ്റവും ആകർഷകമായ റെയിൽവേ ആണ്.
മരംകൊണ്ട് നിർമിച്ച നാല് ബോഗികൾ മാത്രമുള്ള ട്രെയിൻ മലഞ്ചരിവുകളിലൂടെ ഓടിത്തുടങ്ങുമ്പോൾ ഏതോ മായാലോകത്തിലെന്ന് തോന്നിപ്പിച്ചുകൊണ്ട് ഓടിമറയുന്ന പ്രകൃതിയുടെ സുന്ദരദൃശ്യങ്ങൾ. വർണാഭമായ കാടുകൾ, മലകൾ, അരുവികൾ, തുരങ്കങ്ങൾ....ദൂരെ നമുക്ക് താഴെയായി കാണുന്ന ടൗണുകൾ. മനസ്സ് ആഹ്ലാദത്താൽ നിറയുന്ന നിമിഷങ്ങളാണ് ആ യാത്ര സമ്മാനിച്ചത്. സെർബിയ സന്ദർശിക്കുന്നവർ ഈ ട്രെയിൻയാത്ര നഷ്ടപ്പെടുത്തരുത്.
തൊട്ടടുത്തുതന്നെയുള്ള ഡ്രവൻഗ്രാഡ് വുഡൺ ടൗണിലേക്കായിരുന്നു അടുത്ത യാത്ര. സെർബിയൻ ഭാഷയിൽ ടിമ്പർ ടൗൺ എന്നാണ് ഡ്രവൻഗ്രാഡ് എന്ന വാക്കിന്റെ അർഥം. പ്രശസ്ത സിനിമാസംവിധായകൻ Emir Kusturica അദ്ദേഹത്തിന്റെ 'ലൈഫ് ഇസ് എ മിറക്ക്ൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിർമിച്ചതാണ് ഈ പരമ്പരാഗത ടൗൺ സമുച്ചയം. സിനിമ ചിത്രീകരണത്തിനുശേഷം മനോഹരമായ ഈ സ്ഥലം ടൂറിസ്റ്റിക് സെന്ററായി നിലനിർത്തുകയായിരുന്നു.
ഇവിടെയുള്ള വീടുകളും റസ്റ്റാറന്റും പ്ലേഗ്രൗണ്ടും എല്ലാം മരത്തിൽ നിർമിച്ചതാണ്. 2008 മുതൽ എല്ലാ വർഷവും ഇവിടെ നടക്കുന്ന ഫിലിം ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്നു.
സുവനീർ ഷോപ്പുകളിൽ സെർബിയൻ ഹോംമെയ്ഡ് മദ്യമായ അറാക്കിയ വിൽപനക്കു വെച്ചിട്ടുണ്ട്. പഴങ്ങളിൽനിന്നുണ്ടാക്കുന്ന ഈ മദ്യം സെർബിയക്കാർക്ക് വിശിഷ്ട വസ്തുവാണ്. വുഡൺ ടൗണിലെ റസ്റ്റാറന്റിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ഞങ്ങൾ ബെൽഗ്രേഡിലേക്ക് യാത്രതിരിച്ചു.
സെർബിയൻ ഭാഷയിൽ ബെൽ എന്നാൽ വൈറ്റ് എന്നും ഗ്രേഡ് എന്നാൽ സിറ്റി എന്നുമാണ് അർഥം. അതുകൊണ്ടാണ് ബെൽഗ്രേഡിന്നെ വൈറ്റ് സിറ്റി എന്ന് വിളിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിന്റെ ആഢ്യത്വം ഇല്ലെങ്കിലും വൃത്തിയും ഭംഗിയുമുള്ള ഒരു നഗരംതന്നെയാണ് ബെൽഗ്രേഡ്. നിരവധി യുദ്ധങ്ങളും ബോംബാക്രമണങ്ങളും നേരിട്ട രാജ്യമാണ് സെർബിയ. ബോംബിങ്ങിൽ നാശനഷ്ടങ്ങൾ സംഭവിച്ച കെട്ടിടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട് ബെൽഗ്രേഡിൽ.ഡാന്യൂബ്-സാവ നദികൾ നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. സെർബിയയുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സ്മാരകമായ ബെൽഗ്രേഡ് ഫോർട്രസ്സ് ഡാന്യൂബ്-സാവ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.അതിന്റെ മുകളിൽനിന്നുമുള്ള ബെൽഗ്രേഡ് സിറ്റിയുടെ കാഴ്ച അതിമനോഹരമാണ്. സെയ്ന്റ് സാവ ചർച്ച്, റിപ്പബ്ലിക് സ്ക്വയർ, മ്യൂസിയം എന്നിവ സന്ദർശിച്ചശേഷം ബെൽഗ്രേഡ് സിറ്റി വാക്കിലൂടെ ഒന്ന് ചുറ്റിനടന്നു. ബെൽഗ്രേഡ് സിറ്റിയുടെ വിവിധ ഭാഗങ്ങൾ കാണിച്ചുതരുന്ന ഡാന്യൂബ് റിവർ ക്രൂസും ഏറെ രസകരമായിരുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.