തയ്യൽക്കാരിയായ അമ്മയുടെ മകൾ പഠിച്ചത് ഫാഷൻ ടെക്നോളജി. അമ്മയുടെ പാഷൻ തന്നെ മകൾക്കും വഴികാട്ടിയായപ്പോൾ പിറന്നത് വലിയൊരു സംരംഭം. കുഞ്ഞുടുപ്പുകളിലൂടെ മായാജാലം തീർക്കുന്ന ജാറ്റോസിന്റെത് ആർക്കും പ്രചോദനം പകരുന്ന കഠിനാധ്വാനത്തിന്‍റെ കഥയാണ്.
കുടുംബ വസ്ത്രവിപണിയിലെ സിഗ്നേച്ചർ നെയിമായ ജാറ്റോസ് ഡിസൈൻസിന്‍റെ അമരക്കാരിയായ ജാറ്റോസ് പാലാക്കാരിയാണ്. ബാല്യകൗമാരങ്ങൾ പിന്നിട്ടത് ഇടുക്കിയിൽ. ഇപ്പോൾ ജീവിതം എറണാകുളത്ത്. മാതാപിതാക്കളായ ജാൻസിയുടെയും ടോമിയുടെയും ഹൃദയപതിപ്പായ മകൾക്ക് അവർ പേരിന്റെ പാതി തന്നെ പകുത്തു നൽകി. അപ്പോൾ പിറന്നതാണ് ഈ കൗതുകപ്പേര് - ജാറ്റോസ്. അതങ്ങ് പടർന്നിപ്പോൾ ജാറ്റോസ് മരിയ ലിന്റോ എന്നതിലെത്തി.
മാസ്റ്റർ ടൈലർ ജാറ്റോസ്
പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ പിൻബലമുള്ള ബ്രാൻഡാണ് ഇന്ന് ജാറ്റോസ് ഡിസൈൻസ്. കുട്ടികളുടെ വസ്ത്രനിർമാണത്തിൽ തുടങ്ങി ഇപ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം വേണ്ട വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തയ്ച്ചൊരുക്കുന്ന സംരംഭം. ജാറ്റോസ് ഡിസൈൻസിലെ മാസ്റ്റർ ടെയ്ലർ ബേർഡാണ് 32കാരിയായ ജാറ്റോസ്. ലക്ഷങ്ങൾ വിറ്റുവരവുള്ള സംരംഭത്തിന് നൂൽനൂറ്റയാൾ. മിൽമിയോ(Milmio), ഫ്രിൽസ് ആൻഡ് ബൗസ് (Frills and Bows) എന്നീ വ്യാപാരനാമങ്ങളിലാണ് പ്രമുഖ വസ്ത്രശാലകളിലൂടെയുള്ള വിൽപന.
ഇടുക്കിക്കാരിയുടെ വെട്ടിപ്പിടിത്തം
ഫാഷൻ ടെക്നോളജിയിൽ ബിരുദ പഠനത്തിന് ഇടുക്കി മലയിറങ്ങിയതാണ് ജാറ്റോസ്. ബിരുദപഠനത്തിനൊപ്പംതന്നെ പാർട്ട് ടൈം ജോലിയിൽ ഹരിശ്രീ കുറിച്ചിരുന്നു. മൂന്നു മക്കളിലെ മൂത്തയാളുടെ പഠനച്ചെലവു തന്നെ വീട്ടുകാർക്ക് കീറാമുട്ടിയാകും എന്നറിയാം. അതിനായി, അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന മട്ടിലാണ് പഠനത്തിനൊപ്പം ജോലിക്ക് പോയത്.
21ാം വയസ്സിൽ സംരംഭക
ചെറിയ ജോലിയാണ് ചെയ്യുന്നതെങ്കിലും അധ്വാനത്തിനുള്ള പരിഗണന വേണമെന്നത് നിർബന്ധമായിരുന്നു. ഇത്ര അധ്വാനിച്ചിട്ടും വേണ്ടത്ര പരിഗണന ഇല്ലാത്തിടത്ത് സമയം കളയണോ എന്ന വീണ്ടുവിചാരത്തിൽനിന്നാണ് 21ാം വയസ്സിൽ സംരംഭക പിറന്നത്. 21കാരിയുടെ നട്ടപ്പിരാന്തല്ല അതെന്ന് കാലം തെളിയിച്ചു.
പുലർച്ചെ മുതൽ അധ്വാനം
തുടക്കം ആലുവയിലാണ്. ഒരു സഹായിയുടെ മാത്രം പിൻബലത്തിൽ. പാർട്ട് ടൈം ജോലിയിലെ നീക്കിയിരിപ്പായിരുന്നു മൂലധനം. പുലർച്ചെ മൂന്നുമണിക്ക് തുടങ്ങും അത്യധ്വാനം. വീട്ടുകാരിയുടെ പണി ആദ്യം. പിന്നീട് കുഞ്ഞുടുപ്പിന്റെ അഴകളവുകൾ വെട്ടിയൊരുക്കൽ. അത് കഴിഞ്ഞ് തയ്ക്കാനുള്ള രീതി പറഞ്ഞു കൊടുക്കൽ. പുതിയ മോഡലുകൾ ഡിസൈൻ ചെയ്യൽ. തയ്ച്ചൊരുക്കിയ ഉടുപ്പുകൾ പെട്ടിയിൽ ചുമന്ന് നേരിട്ട് കടകളിലെത്തിക്കൽ.
മാർക്കറ്റിങ് എന്ന ചുമടെടുക്കൽ
മാർക്കറ്റിങ് എന്നൊക്കെ ഭംഗിക്ക് പറയാമെങ്കിലും സത്യത്തിൽ ചുമടെടുപ്പായിരുന്നു. ബസിലും ട്രെയിനിലുമായി ജില്ലകൾ തോറും സഞ്ചാരം. ഉടുപ്പ് വിറ്റ ശേഷം മാത്രം കാശ് തരുക എന്ന ക്രെഡിറ്റ് രീതിക്ക് ഒരു സാധ്യതയും തന്റെ സംരംഭത്തിലില്ല. ഉടുപ്പിന്റെ കാശ് റൊക്കം കിട്ടിയാലല്ലാതെ അടുത്തതിന് തുണി വാങ്ങാൻ കാശില്ലാത്ത കാലം.
ഈ കാരണം കൊണ്ടുതന്നെ വിൽപന തിരിച്ചടിയായ അനുഭവങ്ങൾ ഏറെയുണ്ട്. പിന്നെ പതിയെ, വ്യാപാരികളുടെ ആവശ്യം അനുസരിച്ചുള്ള ഉൽപന്നങ്ങൾ നൽകിത്തുടങ്ങി. അതോടെ, മെല്ലെമെല്ലെ അവരുടെ വിശ്വാസം നേടാനായി. ഉടുപ്പുകളുടെ നിലവാരവും ഫാഷനും തനിമയും നന്നെന്ന് അവർ പറഞ്ഞു തുടങ്ങി. കൊള്ളാമെന്നും നന്നായി വിറ്റുപോകുന്നുവെന്ന വാക്കാണ് സംരംഭകയുടെ ജീവശ്വാസം.
ബസിൽ നിന്ന് കാറിലേക്ക്
വളർച്ചയുടെ ആദ്യപടവിലേക്കു കാൽ വെച്ചത് കെ.എസ്. ആർ.ടി.സി ബസ് യാത്ര തേർഡ് ഹാൻഡ് മാരുതി കാറിലേക്ക് മാറ്റിയതോടെയാണ്. സമയലാഭവും കൂടുതൽ ഉൽപന്നങ്ങളുമായി പോകാം എന്നതുമായിരുന്നു മെച്ചം. പാതിരാത്രിയിൽ തിരിച്ചെത്തിയിരുന്നത് ആറ് - ഏഴ് മണിയെന്ന നിലയിലെത്തി. പിന്നെ വളർച്ചയുടെ പടികൾ ഓരോന്നായി കയറി. ഒരാളിൽ നിന്ന് ജീവനക്കാരുടെ എണ്ണം പത്തിലെത്തി. മൂലധനം കൂട്ടാനായി 10 ലക്ഷം രൂപ ബാങ്ക് വായ്പ തരപ്പെട്ടു.
രാപകൽ ഭേദമില്ലാതെ ഒറ്റക്കാണ് യാത്ര. അവിവാഹിതയാണ്. പോകുന്നതെവിടേക്കാണെങ്കിലും ഒന്ന് വിളിച്ചു പറഞ്ഞേക്കണേടി മോളേ എന്നു മാത്രമാണ് അപ്പൻ പറഞ്ഞത്. ആരേലും മകളെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറയുമ്പോൾ എന്നോട് പറഞ്ഞാ പോയത് എന്ന് ചങ്കുറപ്പോടെ പറയാനായി അപ്പൻ ആവശ്യപ്പെട്ടത് അതു മാത്രമാണ്. അത് ഇന്നേവരെ തെറ്റിച്ചിട്ടില്ല.
ആൺതുണ, ആൾതുണ
എല്ലാം ഒറ്റക്ക് എന്നതിന്റെ സ്വഭാവം സാവകാശം മാറി. സംരംഭം വലുതാവുകയാണ്. പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കാൻ ആളു വേണം. ഫിനാൻസിന് മറ്റൊരാളും. രണ്ടും വളരെ പ്രധാനമാണ്. ഇതിനായി കട്ട ഫ്രണ്ട്സ് എന്ന് പറയാവുന്ന രണ്ടുപേരെ കിട്ടിയതാണ് പിന്നത്തെ വിജയത്തിന്റെ ആണിക്കല്ല്.
അതിലൊരാൾ ജീവിതപങ്കാളിയായി പേര് ലിന്റോ. ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഇപ്പോൾ മക്കൾ മൂന്നുണ്ട്. കെട്ടും കുട്ടികളെ പോറ്റലുമൊന്നും സംരംഭ വികസനത്തെ ബാധിച്ചതേയില്ല. എല്ലാം അതിന്റെ വഴിക്ക് കൃത്യമായി നടന്നു.
മറ്റെങ്ങും കിട്ടാത്തത് നൽകുന്ന വിജയം
ഓരോ ഉടുപ്പിലും ജാറ്റോസിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കും. ഡിസൈനിലാകാം അല്ലെങ്കിൽ പാറ്റേണിൽ. വേറെ എവിടെയെങ്കിലും ഉള്ളതിന്റെ തനി പകർപ്പ് ഇവിടെ കാണില്ല എന്നതാണ് സവിശേഷത. കാക്കനാടുള്ള ഷോറൂമും ഓഫിസ് സ്പേസും വളർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
സ്ഥാപനം വലുതാകുമ്പോൾ വർക്ക് ഷെയർ ചെയ്ത് കൃത്യമായി മാനേജ് ചെയ്യുന്നതാണ് മിടുക്ക്. അതിലും കഴിവു തെളിയിച്ചു ഇവർ. നിലവിൽ കേരളത്തിലെ മികച്ച ഏഴ് ബ്രാൻഡിനും കസ്റ്റമൈസ്ഡ് വസ്ത്രമെത്തിക്കുന്നത് ഇപ്പോൾ ജാറ്റോസാണ്.
ഉടുപ്പ് വളർന്നു; സംരംഭവും
കുട്ടിയുടുപ്പിൽ നിന്ന് കൊല്ലം പിന്നിടുന്തോറും ബാല്യവും കടന്ന് ഉടുപ്പിന്റെ വലുപ്പവും വളർന്നു. ആവശ്യക്കാർക്ക് വേണ്ട വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് ഏറ്റവും ഗുണനിലവാരത്തോടെ കൈമാറുന്ന സംരംഭമായി മാറി. ഏത് ചടങ്ങിനും വേണ്ട വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തയ്ച്ചൊരുക്കി നൽകുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.
അര നൂറ്റാണ്ടെങ്കിലും താമസിക്കാനുള്ള വീടൊരുക്കാൻ ആർക്കിടെക്ടിനോട് ചർച്ച ചെയ്യുന്ന പോലെ പ്രാധാന്യം വന്നിരിക്കുന്നു ഇപ്പോൾ കുടുംബങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്ക്. അവയിൽ പലതിലും രൂപകൽപനയുടെ കൈയൊപ്പ് പതിഞ്ഞത് ജാറ്റോസിന്റെയാണ്.
തീം കോസ്റ്റ്യൂമിന്‍റെ കാലം
ആവശ്യക്കാരുടെ താൽപര്യത്തിന് അനുസരിച്ചാണ് ഡിസൈനിങ്. വ്യത്യസ്തതയും കംഫർട്ടും ക്വാളിറ്റിയുമൊക്കെ ഏറ്റവും പ്രധാനമാണ്. ലക്ഷങ്ങൾ തൊടുന്ന തീം കോസ്‌റ്റ്യൂം അണിയുന്നവർ കേരളത്തിൽ കുറവല്ല എന്ന് അടിവരയിടുന്നു ഈ മേഖലയിൽ സ്വന്തമായി വഴിയൊരുക്കി ഇടം പിടിച്ച ജാറ്റോസ്. ക്വാളിറ്റിയിൽ മാത്രം ഒത്തുതീർപ്പില്ല.
കസ്റ്റമൈസ്ഡ് വസ്ത്രങ്ങളുടെ മൊത്തവിൽപനക്കാർ എന്ന നിരയിലേക്ക് ചുവടുവെക്കാനായത് വ്യക്തമായ മാർക്കറ്റ് സ്‌റ്റഡിയിലൂടെയാണ്. ഓരോ നാട്ടിലെയും കുട്ടികളുടെ പ്രായവും ശരീരവളർച്ചയും ഹൃദിസ്ഥമായി. നാടു മാറുന്നതിന് അനുസരിച്ച് കുട്ടികളുടെ അഴകളവുകളിൽ വ്യത്യാസം വരുന്നത് അനുഭവത്തിലൂടെ മനസ്സിലാക്കി. അവർക്ക് വേണ്ടത് രൂപകൽപന ചെയ്തു. അതിനകം 200 ലേറെ കടകൾ സ്ഥിരം കസ്റ്റമേഴ്സിന്റെ പട്ടികയിലെത്തി.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.