പുരുഷന്മാർക്ക് പെണ്ണ് കിട്ടുന്നില്ലേ?; പെൺകുട്ടികൾക്കും പറയാനുണ്ട്...

വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുന്നെന്നും നാട്ടിൽ അവിവാഹിതരായ പുരുഷന്മാർ പെരുകുന്നുവെന്നുമുള്ള ചർച്ചകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണിപ്പോൾ. കാലത്തോടൊപ്പം വിവാഹസങ്കൽപങ്ങളിലും മാറ്റങ്ങളുണ്ടായി. 18 വയസ്സായാൽ പെണ്ണുകാണൽ ചടങ്ങിന് ഒരുങ്ങാൻ വിധിക്കപ്പെട്ടവരല്ല ഇന്നത്തെ പെൺകുട്ടികൾ. അവർക്ക് അവരുടേതായ സങ്കൽപങ്ങളുണ്ട്.

വിവാഹമല്ല ജീവിതത്തിലെ പരമപ്രധാന കാര്യമെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കിത്തുടങ്ങി എന്നതാണ് സത്യം. അതവർ മുഖത്ത് നോക്കി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പെണ്ണ് കാണലിലൂടെയല്ല തങ്ങളുടെ ബാക്കിയുള്ള ജീവിതം നിശ്ചയിക്കാനെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്.

പഠിക്കണം, ജോലി വാങ്ങണം, സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ജീവിക്കണം തുടങ്ങി ലക്ഷ‍്യങ്ങളേറെയുണ്ടവർക്ക്. കേരളത്തിലെ പെൺകുട്ടികൾക്കുമുണ്ട് അവരുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ. വിവാഹത്തോട് പെൺകുട്ടികൾ ‘നോ’ പറയുന്നുണ്ടെങ്കിൽ അതിന് കാരണം ഈ സമൂഹവും മാറാത്ത ചിന്താഗതിയുമാണെന്ന് അവർ തുറന്ന് സമ്മതിക്കുന്നു.

സ്ത്രീധന പീഡനം, വിവാഹപ്രായം, കുടുംബ ജീവിതം... പുതുതലമുറക്ക് പറയാനുള്ളത് എന്തൊക്കെയാണെന്ന് കേൾക്കാം...

ആൻസ് മരിയ ലൂയിസ്


ആണിന് മാത്രമല്ല, പെണ്ണിനും ഡിമാൻഡുകളുണ്ട്

ആൻസ് മരിയ ലൂയിസ്
Thamarassery

നേരത്തേ കല്യാണം കഴിക്കുന്നതുമൂലം സ്വന്തം ജീവിതത്തിൽ ഫോക്കസ് ചെയ്യാൻ സാധിക്കില്ല. 28 വയസ്സൊക്കെ ആകുമ്പോൾ പെൺകുട്ടികളുടെ പഠിത്തം കഴിയും, ജോലി കിട്ടും, സ്വന്തമായി നിൽക്കാൻ പറ്റും. ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. വിവാഹം വേണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടതുകൊണ്ടാണത്. പിന്നെ വിവാഹമെന്നത് ഒരാളെ അടിച്ചേൽപിക്കേണ്ട കാര്യമായി തോന്നിയിട്ടില്ല.

സ്ത്രീധനം എന്നത് പരസ്യമായി ഇപ്പോൾ ആരും ചോദിക്കാറില്ല. മകൾക്ക് കൊടുക്കുന്നത് കൊടുത്തോളൂ എന്ന് പറയാതെ പറയും. കല്യാണസമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കല്യാണം കഴിഞ്ഞ് ഭർത്താവിന്‍റെ വീട്ടിലെത്തിയാൽ അവൾക്കെന്ത് കൊടുത്തു, അവൾക്കെന്ത് കിട്ടി എന്ന ചോദ്യം ഉറപ്പാണ്.

മാതാപിതാക്കൾക്ക് മകൾക്ക് എന്തെങ്കിലും കൊടുക്കണമെന്നുണ്ടെങ്കിൽ അത് നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമില്ല. സ്വർണമായി കൊടുക്കുന്നവർ അങ്ങനെ കൊടുക്കട്ടെ, പക്ഷേ എല്ലാം മകളുടെ പേരിൽ മാത്രം കൊടുക്കുക.

പിന്നെ എന്തായാലും തനിക്കെന്ത് കിട്ടി എന്നതിനെക്കുറിച്ച് കൃത്യമായി ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കണം. നമുക്ക് ഏതെങ്കിലും സമയത്ത് ബുദ്ധിമുട്ട് വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടിയാകും മാതാപിതാക്കൾ സ്വർണമൊക്കെ തരുന്നത്. അല്ലാതെ ഭർത്താവിന് ചെലവഴിക്കാൻ വേണ്ടിയല്ല. കല്യാണം എങ്ങനെ നടത്തണമെന്നത് ഓരോരുത്തരുടെയും ചോയ്സാണ്. അവരവരുടെ സാമ്പത്തികം പോലിരിക്കും.

കല്യാണം, ഉടൻ കുട്ടികൾ... ഈ കാഴ്ചപ്പാടിനോട് യോജിപ്പില്ല. ചുരുങ്ങിയത് മൂന്നു മാസം, കൂടിപ്പോയാൽ ആറുമാസം. അതുവരെയൊക്കെയേ വിവാഹത്തിന്‍റേതായ പുതുമോടിയുണ്ടാകൂ. പിന്നീടങ്ങോട്ട് യഥാർഥ ജീവിതലോകത്തേക്ക് കടക്കേണ്ടിവരും. ജീവിച്ചുതുടങ്ങുമ്പോഴാണ് പല കാര്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങുന്നത്.

കുട്ടികളുണ്ടാകുക, അവരെ വളർത്തുക എന്നൊക്കെ പറയുന്നത് അത്ര നിസ്സാര കാര്യമല്ല. ആണിന് മാത്രമല്ല പെണ്ണിനും ഡിമാൻഡുകളുണ്ടെന്ന് തിരിച്ചറിയുക. ഇരുകൂട്ടരും അവരവരുടെ ഡിമാൻഡുകൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കുകയാണ് എപ്പോഴും ഒരു ഹെൽത്തി റിലേഷനിലുണ്ടാകുന്നത്.

വിവാഹത്തോടെ പെൺകുട്ടികളുടെ സ്വാതന്ത്ര്യം നഷ്ടമാകുമോ എന്നതൊക്കെ വിവാഹം കഴിക്കുന്ന ആളെയും അയാളുടെ കുടുംബത്തെയും അനുസരിച്ചിരിക്കും.

നുസ്മിയ ഹബീബ് റഹ്മാൻ ടി


വേണം ഒരു ‘എക്സിറ്റ് ഡോർ’

നുസ്മിയ ഹബീബ് റഹ്മാൻ ടി
Malappuram

വിവാഹത്തോട് പുതുതലമുറക്ക് നെഗറ്റിവ് കാഴ്ചപ്പാട് ഉണ്ടായിട്ടുണ്ടെങ്കിൽ നമ്മുടെ സമൂഹംതന്നെയാണ് അതിന് കാരണം. ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ കഷ്ടപ്പെട്ട് ഒത്തുപോകുക എന്ന രീതി മാറിയിട്ട്, പുറത്തേക്ക് പോകാനുള്ള ഒരു എക്സിറ്റ് ഡോർ ഉണ്ടായിരിക്കണം.

വിവാഹത്തിന് മുമ്പേതന്നെ പങ്കാളികൾ അവരുടെ ഡിമാൻഡുകൾ പറയുകയും അത് അംഗീകരിക്കുകയും വേണം. അത് എവിടെ ബ്രേക്ക് ആവുന്നുവോ അവിടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിവാഹജീവിതത്തിൽ വേണം. വിവാഹമെന്നതു പോലെതന്നെ വിവാഹമോചനത്തോടുമുള്ള കാഴ്ചപ്പാടുകളും മാറേണ്ടിയിരിക്കുന്നു.

ഒരു വിവാഹത്തിന്, കുടുംബ ജീവിതത്തിന് താൻ ഓക്കെയാണെന്ന് ഒരു പെൺകുട്ടിക്ക് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ഇക്കാലത്ത് പലരും സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നുപറയാൻ ധൈര്യപ്പെടുന്നുണ്ട്. വിവാഹത്തെക്കുറിച്ചും വിവാഹശേഷം നഷ്ടമാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീധനത്തെ ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം പലരും പറയുന്നത് കേട്ടിട്ടുണ്ട്.

കൂടാതെ, വിവാഹശേഷം സ്വന്തം വ്യക്തിത്വം നഷ്ടമാകുന്നതും അഡ്ജസ്റ്റ്മെന്‍റ് ജീവിതവുമെല്ലാം ചുറ്റും കണ്ടിട്ടുണ്ട്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിവാഹമേ വേണ്ടെന്ന് തോന്നിയിട്ടുണ്ട്. ലിവിങ് ടുഗതർ എന്ന രീതിയോട് യോജിപ്പില്ല. അതുപോലെതന്നെ വിവാഹമെന്നാൽ കുടുംബം, പിന്നീട് കുട്ടികളെ വളർത്തുക എന്നത് മാത്രമായി ഒതുങ്ങുന്നതിലും താൽപര്യമില്ല.

വിവാഹം ഉറപ്പിക്കുന്നത് പെണ്ണ് കാണാൻ വരുന്ന അഞ്ചു മിനിറ്റുകൊണ്ടാവരുത്. കുടുംബങ്ങൾ തമ്മിൽ മാത്രം തീരുമാനിക്കുകയും ചെയ്യരുത്. പഠിക്കണം, ജോലിക്ക് പോകണം തുടങ്ങിയ കാര്യങ്ങൾ പെൺകുട്ടികൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ അത് ഡിമാൻഡുകളല്ല, അവരുടെ അവകാശമാണ്.

വിവാഹത്തോടെ ഒട്ടുമിക്ക പെൺകുട്ടികളുടെയും സ്വാതന്ത്ര്യം നഷ്ടമാകുമെന്നത് സത്യമാണ്. ആ ഭയം ഉള്ളതുകൊണ്ടാണ് ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ ഡിമാൻഡുകൾ വെക്കുന്നതെന്ന് തിരിച്ചറിയണം.

രാജേശ്വരി വാസു അയ്യർ


വിവാഹപ്രായം 25 ആക്കണം

രാജേശ്വരി വാസു അയ്യർ
Research Scholar, CUSAT

30ാമത്തെ വയസ്സിലേക്ക് കടക്കുന്ന എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് ഞാനിപ്പോഴും കുട്ടിയാണ്. വിവാഹം എപ്പോൾ വേണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വിവാഹം കഴിക്കാൻ മാനസികമായി തയാറാണെങ്കിൽ എപ്പോൾ വേണമെങ്കിലുമാകാം. പെൺകുട്ടികളുടെ വിവാഹപ്രായം ചുരുങ്ങിയത് 25 വയസ്സാക്കണമെന്നാണ് അഭിപ്രായം. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനൊക്കെ ആ പ്രായമാകുമ്പോഴേ സാധിക്കൂ.

സ്ത്രീധനം, ആർഭാട വിവാഹം ഇതിനോടൊന്നും താൽപര്യമില്ല. ഞാൻ കല്യാണം കഴിക്കുകയാണെങ്കിൽ രജിസ്റ്റർ മാര്യേജാണ് തിരഞ്ഞെടുക്കുക. വിവാഹകാര്യത്തിൽ മുമ്പത്തെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് തീരുമാനമെടുക്കാനുള്ള അവകാശവും അത് അംഗീകരിച്ച് കൊടുക്കുന്ന മാതാപിതാക്കളും കൂടിയിട്ടുണ്ട്. പെണ്ണ് കണ്ട് മിനിറ്റുകൾക്കകം കല്യാണമുറപ്പിക്കുന്ന രീതിയോട് താൽപര്യമില്ല.

വിവാഹാഘോഷങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ന്യൂജൻ വിവാഹങ്ങളോടൊന്നും വലിയ താൽപര്യമില്ല. ഒട്ടുമിക്ക കല്യാണങ്ങൾക്കും ഇന്ന് പോകാറുമില്ല. രജിസ്റ്റർ മാര്യേജ് ആവുമ്പോൾ മൂന്നോ നാലോ മണിക്കൂറുകൊണ്ട് കാര്യം കഴിയും.

അൻസിയമോൾ യൂസഫ്


വെറും ഡിമാൻഡുകളല്ലത്, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്

അൻസിയമോൾ യൂസഫ്
Ernakulam

വിവാഹശേഷം പങ്കാളിയോടുള്ള സമീപനം മാറുന്നവർ ഏറെയാണ്. സ്ത്രീയുടെ മേൽ അധികാര മനോഭാവം കാണിക്കുന്ന നിരവധി പുരുഷന്മാരെ കണ്ടിട്ടുണ്ട്. വിവാഹശേഷം സ്ത്രീകൾക്ക് അവരായി ഇരിക്കാൻ കഴിയാതെ പോകാറുണ്ട്. ഇക്കാരണങ്ങൾകൊണ്ടുതന്നെ വിവാഹമേ വേണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആർഭാടം, സ്ത്രീധനം ഇതിനോടൊന്നും ഒട്ടും താൽപര്യമില്ല. ലിവിങ് ടുഗതറിലേതുപോലെ വ്യക്തി സ്വാതന്ത്ര്യവും യോജിച്ചുപോകുന്നില്ലെങ്കിൽ ആ ബന്ധം അവിടെവെച്ച് അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യവും വേണം. എന്നാൽ, സമൂഹം വിവാഹത്തെ വേറൊരു ചട്ടക്കൂടാക്കി മാറ്റിയിരിക്കുകയാണ്.

പാരന്‍റിങ് എന്നത് വേറെത്തന്നെയുള്ള ചുമതലയാണ്. അത് ഏറ്റെടുക്കാൻ കഴിയാത്തവർ ഒരിക്കലും അടുത്ത തലമുറയെ സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്. നമ്മളിലൂടെ ഭൂമിയിലേക്ക് വരുന്ന ജീവനാണ് കുട്ടികൾ. അവർക്ക് ജീവിക്കാനാവശ്യമായ അന്തരീക്ഷവും ചുറ്റുപാടും ഒരുക്കിക്കൊടുക്കുക എന്നത് വലിയ ചുമതലയാണ്. പങ്കാളിയെക്കുറിച്ചും നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകും എന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമായി മനസ്സിലാക്കിയശേഷം കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.

കേരളത്തിലെ പുരുഷന്മാർക്ക് പെണ്ണ് കിട്ടുന്നില്ലെന്ന് പറയുന്നുണ്ടെങ്കിൽ പെൺകുട്ടികളുടെ ചിന്താഗതി മാറി എന്നുതന്നെയാണ് സാരം. അല്ലെങ്കിൽ ഇവിടത്തെ വിവാഹമെന്ന സമ്പ്രദായത്തിന്, ‘കേരളത്തിലെ ഭർത്താക്കന്മാർക്ക്’ എന്തൊക്കയോ തകരാറുണ്ട് എന്നല്ലേ കരുതേണ്ടത്. പണ്ട് കാലത്തെപോലെയല്ല, ഇന്ന് കേരളത്തിലെ പെൺകുട്ടികൾ. അവർ സാമ്പത്തിക ഭദ്രത കൈവന്നവരാണ്. നിവർന്നുനിന്ന് കാര്യം പറയാനുള്ള തന്‍റേടം അവർക്കുണ്ട്.

എന്‍റെ ജീവിതത്തിൽ ഇതൊക്കെ വേണമെന്ന് ഒരു പെൺകുട്ടി പറയുന്നുണ്ടെങ്കിൽ അതവളുടെ കാഴ്ചപ്പാടാണ്. അതിനെ ഡിമാൻഡുകളെന്ന് പറഞ്ഞ് തള്ളരുത്. അംഗീകരിക്കാൻ പറ്റാത്ത ഡിമാൻഡുകളാണെങ്കിൽ അവരെ വിട്ടേക്കുക.

ആതിര പി. തമ്പി


പെണ്ണ് കിട്ടുന്നില്ലെങ്കിൽ കാരണം പുരുഷന്മാർ തന്നെ

ആതിര പി. തമ്പി
Student,
Kingston University,
London

വിവാഹംകൊണ്ട് ഏറ്റവും ഉപകാരം പുരുഷന്മാർക്കും കഷ്ടപ്പാട് സ്ത്രീകൾക്കുമാണ്. കേരളത്തിൽ പുരുഷന്മാർക്ക് പെണ്ണ് കിട്ടുന്നില്ലെങ്കിൽ അവരുടെ സ്വഭാവംകൊണ്ട് തന്നെയായിരിക്കും. ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ധാരാളം പഠിക്കുകയും ലോകം കാണുകയും ചെയ്യുന്നുണ്ട്.

വിവാഹമെന്ന സങ്കൽപത്തിലെ കള്ളത്തരത്തെക്കുറിച്ചും പെൺകുട്ടികൾക്ക് നല്ല ബോധ്യം വെച്ചുതുടങ്ങി. എന്തുവേണം, എന്തുവേണ്ട എന്ന് കൃത്യമായി അവർക്കറിയാം. അതുകൊണ്ടാണ് ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നതും തനിക്ക് ചേരാത്ത ആളുകളെ വേണ്ടെന്ന് മടിയില്ലാതെ തുറന്നു പറയുന്നതും.

കുടുംബമഹിമയോ പണമോ ഒന്നുമല്ല, പുരുഷന്‍റെ സ്വഭാവം നോക്കിയാണ് പെൺകുട്ടികൾ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്. പെൺകുട്ടികൾക്ക് കുറേ ഡിമാൻഡാണെന്ന് പരാതി പറയുന്നവർ അവരുടെ കുറവുകളെക്കുറിച്ചുള്ള ബോധ്യമാണ് തുറന്നുകാട്ടുന്നത്.

എന്നിരുന്നാലും ഓരോ പെൺകുട്ടിയും ജീവിച്ചുവരുന്ന സാഹചര്യമനുസരിച്ച് വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാറ്റംവരുന്നുണ്ട്. വിവാഹം കഴിക്കുമ്പോൾ വീട്ടുകാർക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത രീതിയിലാകണം എന്നാണ് ആഗ്രഹം.

കല്യാണം കഴിഞ്ഞാലും ജീവിതം അവിടെ തീരുന്നില്ല

ഇഷ
Malappuram

വിവാഹമെന്നത് കുട്ടിക്കളിയല്ല. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യമാണ്. ജീവിതം പങ്കുവെക്കാൻ ഒരാളുണ്ടാകുക എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. കല്യാണം കഴിഞ്ഞാലും ജീവിതം അവിടെ തീരുന്നില്ല. വിവാഹമേ വേണ്ടെന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല.

സ്ത്രീധനത്തോടും ആർഭാട വിവാഹത്തോടും താൽപര്യമില്ല. കല്യാണം വളരെ സിംപ്ൾ ആയിരിക്കണം. മഞ്ഞക്കല്യാണം, പച്ചക്കല്യാണം, ഗുലാബി നൈറ്റ്, അരിക്കുത്ത്.... അങ്ങനെ കുറേ ചടങ്ങൊക്കെ ഇന്ന് കാണാറുണ്ട്. അതിലൊന്നും ഒരു താൽപര്യവുമില്ല. ഒരു ഫെയറി ടെയ്ൽപോലെ ആവണം കല്യാണം.

ഇന്നത്തെ പെൺകുട്ടികൾക്ക് വിവാഹക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. പങ്കാളിയാകാൻ പോകുന്നയാളെ ചുരുങ്ങിയത് ഒരു വർഷമെങ്കിലും പരിചയപ്പെട്ടശേഷം മാത്രം കല്യാണത്തിലേക്ക് കടക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലാതെ ഒറ്റദിവസത്തെ പെണ്ണ് കാണലിൽ കല്യാണം ഉറപ്പിക്കുന്നതിനോട് താൽപര്യമില്ല. അര മണിക്കൂർകൊണ്ടൊക്കെ എങ്ങനെയാണ് ഒരാളെ മനസ്സിലാക്കാൻ സാധിക്കുക.








Tags:    
News Summary - Girls talk about marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.