കടൽപോലെയാണ് ജീവിതം. ചിലപ്പോൾ ശാന്തമായങ്ങനെ ഒഴുകിപ്പരക്കും, മറ്റു ചിലപ്പോൾ സൂനാമിത്തിരകളെപ്പോലെ ആർത്തലക്കും. ജീവിതം കൈപ്പിടിയിൽനിന്ന് ഊർന്നുപോയെന്നു തോന്നിയ നിമിഷത്തിലാണ് അത് തിരികെ പിടിക്കണമെന്ന് തനൂറ ശ്വേത മേനോൻ ഉറപ്പിക്കുന്നത്.
ജീവിതം പരീക്ഷണങ്ങൾ നൽകിയപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടു. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണവർ.
ആരാണീ തനൂറ ശ്വേത മേനോൻ എന്നല്ലേ? പ്രശസ്ത കിഡ്സ് വെയർ ബ്രാൻഡായ സോൾ ആൻഡ് സേറയുടെ സ്ഥാപകയാണീ 39കാരി. വിവാഹമോചനത്തിനുശേഷമാണ് തനൂറ ബിസിനസ് രംഗത്തേക്ക് പൂർണ ശ്രദ്ധ പതിപ്പിച്ചത്.
10 വർഷം മുമ്പുവരെ തനൂറ ശ്വേത മേനോൻ എന്ന പേര് കുറച്ചു പേർക്കു മാത്രമറിയാവുന്ന ഒന്നായിരുന്നു. ഇന്നത് അവരുടെ വസ്ത്ര ബ്രാൻഡ് പോലെ അറിയപ്പെടുന്ന ഒന്നാണ്.
കണ്ണാടിയുടെ മുന്നിലെ ഇന്‍റർവ്യൂ
പത്തിൽ പഠിക്കുന്ന സമയം. അന്ന് ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായരുടെ നമ്മൾ തമ്മിൽ എന്ന ഇന്റർവ്യൂ ഉണ്ട്. ആ പരിപാടി കഴിഞ്ഞാലുടൻ അലമാരയുടെ മുന്നിൽ കസേരയിട്ടിരുന്ന് ശ്വേത മേനോൻ എന്ന തനൂറ സ്വയം ഇന്റർവ്യൂ ചെയ്യും. കണ്ണാടിക്ക് അപ്പുറത്തിരിക്കുന്ന ആൾ ശ്രീകണ്ഠൻ നായർ ആയിരിക്കും. മറുപടി പറയുന്നത് ശ്വേതയും.
പഠിക്കുന്ന കാലത്ത് മികച്ച വിദ്യാർഥിയോ കലാകാരിയോ കായികതാരമോ ഒന്നുമായിരുന്നില്ല. ക്ലാസിലെ മിഡിൽ ബെഞ്ചിലിരുന്ന ഒരാൾ. പോരാത്തതിന് അന്തർമുഖിയുമായിരുന്നു. ഒന്നിനും കൊള്ളാത്ത ഒരാളാണ് താനെന്ന വിചാരം പലപ്പോഴും മനസ്സിലിട്ടു നടന്നു.
വീർപ്പുമുട്ടുമ്പോൾ എന്തുകൊണ്ടാ ഡാഡീ ഞാനിങ്ങനെ ആയിപ്പോയതെന്ന് ചോദിക്കും. അപ്പോൾ ഡാഡി അവളെ ആശ്വസിപ്പിക്കും. ‘‘ഒരിക്കൽ നീ ലോകമറിയുന്ന ഒരാളാകും. ഒരുപാട് ജീവിതങ്ങൾക്ക് അർഥമുണ്ടാക്കിക്കൊടുക്കുന്ന ഒരാളായി മാറും’’. പിന്തിരിഞ്ഞുനോക്കുമ്പോൾ തനൂറക്ക് ഡാഡിയുടെ വാക്കുകൾ നിമിത്തമായിത്തോന്നും.
ജീവിതം പഠിപ്പിച്ച അറിവുകൾ
തന്‍റെ ജീവിതം അനിശ്ചിതത്വങ്ങൾക്ക് നടുവിലാണെന്നും എന്നാൽ, അതിനൊരു ബ്യൂട്ടിയുണ്ടെന്നും തനൂറ പറയും. സിനിമകളിലൊക്കെ കാണുന്നതുപോലെയാണ് ജീവിതമെന്നാണ് അന്ന് വിചാരിച്ചത്. സ്വപ്നംകണ്ടപോലൊരാൾ കൂട്ടിനെത്തിയപ്പോൾ എതിർപ്പുകളെ മറികടന്ന് ജീവിതം തുടങ്ങി.
ആ യാത്ര മുന്നോട്ടുനീക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു. ഒരു തീരുമാനത്തിലെത്തിയപ്പോഴേക്കും മൂന്നു മക്കളും പിറന്നിരുന്നു. ഒടുവിൽ വേർപിരിയുക എന്ന തീരുമാനമെടുക്കുമ്പോൾ ഒപ്പം നിൽക്കാൻ ആളുണ്ടാകുമോ എന്നൊന്നും ഓർത്തില്ല.
ഇറങ്ങിപ്പോന്നപ്പോഴാണ് തന്‍റെ കാലിനെ വലിഞ്ഞുമുറുക്കിയ ചങ്ങലകളുടെ ബലം തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് ഒരു നെട്ടോട്ടമായിരുന്നു. യാത്രകളായിരുന്നു ആകെയുണ്ടായിരുന്ന സന്തോഷം.
വസ്ത്ര ബിസിനസിലേക്ക്; തനൂറയെന്ന് പേര്
തനൂറയുടെ ഉള്ളിലെ ബിസിനസുകാരിയെ പുറത്തുകൊണ്ടു വന്ന പല സന്ദർഭങ്ങളുമുണ്ട്. 2010ൽ കോഴിക്കോട്ട് ഒരു ബുട്ടീക് തുടങ്ങിയത് അതിലൊന്നാണ്. തനൂറ എന്നായിരുന്നു ബുട്ടീക്കിന്‍റെ പേര്. അന്തരിച്ച സംവിധായകൻ സിദ്ദീഖാണ് ആ പേരിട്ടത്. തനൂറയാണ് കേരളത്തിൽ ഒരു ബുട്ടീക് തരംഗത്തിന് തുടക്കമിടുന്നത്.
എല്ലായിടത്തും ബുട്ടീക്കുകളെക്കൊണ്ട് നിറഞ്ഞപ്പോൾ കളംവിടുന്നത് നല്ലതാണെന്ന് തോന്നിത്തുടങ്ങി. എന്നാൽ, ആ ബുട്ടീക്കിന്‍റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിക്കുന്നത് അവർ അത്ഭുതത്തോടെ കണ്ടു. ഇന്ന് അടുപ്പമുള്ളവർക്ക് ശ്വേത മേനോൻ തനുവാണ്.
അറിയാത്തവർ പോലും അവരെ തനൂറയെന്ന് സ്നേഹത്തോടെ വിളിക്കുന്നു. ശ്വേത എന്നു വിളിക്കുന്നത് വീട്ടുകാരും കമ്പനിയിലെ ചിലരും മാത്രം.
18 വയസ്സു മുതൽ ട്യൂഷനെടുക്കുമായിരുന്നു. അതിലൂടെ ലഭിച്ച വരുമാനംകൊണ്ട് ഡ്രസ് മെറ്റീരിയലുകൾ മൊത്തമായി വാങ്ങി ഒപ്പമുള്ള കുടുംബശ്രീയിലെ സ്ത്രീകൾക്കിടയിൽ വിൽപന നടത്തുമായിരുന്നു. അതിൽനിന്ന് വരുമാനമൊക്കെ ലഭിച്ചെങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല.
എന്തുകൊണ്ട് വസ്ത്ര ബിസിനസ്?
‘‘ഒരു മനുഷ്യൻ ജനിച്ചുവീഴുമ്പോൾ അവനെ പൊതിഞ്ഞെടുക്കുന്നത് തുണിയിലാണ്. മരിച്ചുപോകുമ്പോൾ ഒരു തുണിക്കീറിലാണ് പോകുന്നത്. ഇങ്ങനെ വസ്ത്രംപോലെ മനുഷ്യനുമായി ഏറ്റവും ഒട്ടിനിൽക്കുന്ന മറ്റെന്തുണ്ട്? കുറച്ചു നേരം വിശന്നിരിക്കാൻ കഴിഞ്ഞാലും വസ്ത്രമില്ലാതെ നമുക്ക് കഴിയാനാവില്ല.
അതുകൊണ്ടാണ് വസ്ത്ര ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. കുട്ടികൾക്കും എനിക്കും മാന്യമായി ജീവിക്കാനുള്ള വകയുണ്ടാക്കുക എന്നായിരുന്നു തുടക്കത്തിൽ ലക്ഷ്യം. ഒരാളുടെയും കീഴിലായിരിക്കരുത് ജോലിയെന്ന് നിർബന്ധമുണ്ടായിരുന്നു. ബിസിനസ് ആകുമ്പോൾ ബോസ് നമ്മൾ തന്നെയാകും’’ -തനൂറ പറയുന്നു.
സോൾ ആൻഡ് സേറ
സോൾ ആൻഡ് സേറ എന്നാണ് തനൂറയുടെ കിഡ്ഡീസ് ബ്രാൻഡിന്‍റെ പേര്. ചുരുങ്ങിയ വർഷംകൊണ്ടാണ് സോൾ ആൻഡ് സേറക്ക് വലിയ ജനപ്രീതി ലഭിച്ചത്. കേരളവും ഇന്ത്യയും കടന്ന് ബിസിനസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വളർന്നുപന്തലിച്ചിരിക്കുകയാണ്. ഓരോയിടങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ വസ്ത്രങ്ങളൊക്കെ കൗതുകപൂർവം തനൂറ ശ്രദ്ധിക്കുമായിരുന്നു.
ഓരോ മാതാപിതാക്കളുടെയും ആത്മാവാണ് മക്കൾ. അവർക്ക് ഏറ്റവും നല്ലത് നൽകാനാണ് എല്ലാവരും ശ്രദ്ധിക്കുക. അങ്ങനെയാണ് കുട്ടികളുടെ വസ്ത്രങ്ങളിലേക്ക് ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്.
ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ കസ്റ്റമറുടെ പൈസക്ക് മൂല്യം ഉറപ്പാക്കണമെന്നത് ഞങ്ങൾക്ക് നിർബന്ധമാണ്. പിറന്നുവീഴുന്ന കുഞ്ഞിന്‍റെ മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് സോൾ ആൻഡ് സേറ നെയ്തെടുക്കുന്നത്. വാങ്ങുന്ന പ്രോഡക്ടിന് എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ മൂന്നുമാസം വരെ സമയമുണ്ട്.
കോവിഡ് കാലത്താണ് പെരിന്തൽമണ്ണയിൽ ആദ്യമായി സ്റ്റോർ തുടങ്ങിയത്. പിന്നീട് തമിഴ്നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്റ്റോറുകൾ തുടങ്ങി. ജലന്ധറിലും ഡൽഹിയിലും തുടങ്ങാനിരിക്കുന്നു. തമിഴ്നാട്ടിലേക്ക് ബ്രാൻഡ് എത്തിയപ്പോഴാണ് തനൂറ ഇതിനെ ഗൗരവമായെടുത്തത്. റിലയൻസുമായി ടൈഅപ്പുണ്ടാക്കിയതാണ് വഴിത്തിരിവായത്. റിലയൻസിന്‍റെ 100ഓളം സ്റ്റോറുകളിൽ ഈ ബ്രാൻഡ് ഉണ്ട്.
ലോകത്താദ്യമായി ഒരു കിഡ്സ് വെയർ ബ്രാൻഡിന് ആനിമേഷൻ കാരക്ടേഴ്സ് ഉണ്ടാക്കിയത് സോൾ ആൻഡ് സേറയാണ്. അഞ്ഞൂറോളം വിൽപനശാലകൾ തുറക്കാനാണ് പ്ലാൻ. ഇന്ത്യക്ക് പുറത്ത് ഇപ്പോൾ ബഹ്റൈനിൽ ഫ്രാഞ്ചൈസി തുടങ്ങി. സൗദിയിലും ഖത്തറിലും ഫ്രാഞ്ചൈസി തുറക്കണം -തനൂറ സ്വപ്നങ്ങൾ പറയുന്നു.
ഡിവോഴ്സിനുശേഷവും ജീവിതമുണ്ട്
ഒന്നാലോചിച്ചാൽ തന്‍റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും വിവാഹജീവിതത്തിനുംകൂടി പങ്കുണ്ടെന്നാണ് തനൂറ പറയുക. ഭർത്താവിന് ഉത്തരവാദിത്തമില്ലാത്തതുകൊണ്ടാണ് അവർക്ക് കൂടുതൽ റിസ്ക് എടുക്കേണ്ടിവന്നത്. അദ്ദേഹം ഏറ്റവും നല്ല ഭർത്താവായിരുന്നെങ്കിൽ തനൂറ ശ്വേത മേനോൻ എന്ന വ്യക്തി ഇന്നുണ്ടാകില്ല.
ആറു വർഷം മുമ്പ് ബിസിനസ് ടൂറുകൾക്കായി പോകുമ്പോൾ മക്കളെ ആരു നോക്കും എന്നായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. എന്നാൽ, എവിടെയാണ് അടുത്ത സ്റ്റോർ എന്നാണ് ഇപ്പോഴത്തെ ചോദ്യം. അത്രത്തോളം ആളുകളെ മാറിച്ചിന്തിപ്പിക്കാൻ സാധിച്ചു -തനൂറ പറയുന്നു.
‘വുമൺ എൻട്രപ്രണർ’ ടാഗ് ഇട്ടു തന്നിട്ട് ഒരു ശതമാനം ഓഫറോ ഡിസ്കൗണ്ടോ സ്ത്രീക്ക് ലഭിക്കുന്നില്ല. ഞങ്ങൾക്ക് വേണ്ടത് എൻട്രപ്രണർ എന്ന ടാഗ് ആണ് -അവർ കൂട്ടിച്ചേർത്തു.
യാത്രകൾ പഠിപ്പിച്ചത്
26 രാജ്യങ്ങളിൽ യാത്രചെയ്തിട്ടുണ്ട് തനൂറ. ആദ്യം പോയത് ശ്രീലങ്കയിലേക്കാണ്; ഒരുപക്ഷേ ഏറ്റവും കൂടുതൽ യാത്ര ചെയ്തതും. യാത്രകളാണ് അടിമുടി മാറ്റിയത്. സംസാരിക്കാൻ ആത്മവിശ്വാസം നൽകിയതും. യാത്രകൾ തുടങ്ങിയ ശേഷമാണ് ജീവിതം മാറിമറിഞ്ഞത്. അതുവരെ സംസാരിക്കാൻ പോലും വിമുഖതയുള്ള ഒരാളായിരുന്നു.
ഓരോന്നും നിരീക്ഷിക്കാനും പഠിക്കാനും യാത്ര അവസരങ്ങൾ തന്നുകൊണ്ടേയിരുന്നു. കണ്ടുമുട്ടിയ ആളുകളാണ് ജീവിതത്തിൽ പലതും പഠിപ്പിച്ചത്. മുൻകൂട്ടി തീരുമാനിച്ചായിരുന്നു ആദ്യമൊക്കെ യാത്രകൾ. ഇപ്പോൾ അങ്ങനെയൊരു പ്ലാനേയില്ല.
ചങ്ങലകൾ പൊട്ടിത്തുടങ്ങുന്നു
34 വയസ്സുവരെ ചങ്ങലക്കിട്ടയാളെപ്പോലെയായിരുന്നു. നടന്നുതുടങ്ങുമ്പോഴേ നമ്മുടെ കാലുകളിൽ ചങ്ങലയുള്ള കാര്യം മനസ്സിലാവുകയുള്ളൂവെന്നും തനൂറ പറയുന്നു. ഇത്രയേറെ ആത്മവിശ്വാസത്തോടെ ജീവിതം നേരിട്ട തനൂറ രണ്ടുതവണ മരണം മുഖാമുഖം കണ്ടിട്ടുണ്ട്. അതിലൊന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് ചിന്തിച്ചപ്പോഴായിരുന്നു. മറ്റൊന്ന് അർബുദം വന്നപ്പോഴും. രണ്ട് അവസ്ഥകളും മറികടന്നു.
ഒറ്റക്കുള്ള ജീവിതം എളുപ്പമുള്ള ഒന്നല്ല. എങ്കിലും ചുറ്റുമുള്ള ആളുകൾ പ്രകാശം വിതറിക്കൊണ്ടിരിക്കുമ്പോൾ ജീവിതം മനോഹരമായി മുന്നോട്ടുപോകുമെന്നും അവർ പറയുന്നു. കുട്ടികളുമായി കോഴിക്കോട് സെറ്റിൽ ചെയ്തിരിക്കുകയാണ് തനൂറ. മൂത്ത മകൻ ഷാഹിൻ ഫർസീൻ പ്ലസ് ടുവിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ ശ്വേഹ സറീൻ ഏഴാം ക്ലാസിലും. 10 വയസ്സുള്ള അശ്വിൻ മേനോനാണ് ഇളയ മകൻ.
2018ൽ ‘തട്ടമിട്ട മേനോത്തി’ എന്ന പേരിൽ തനൂറയുടെ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ പുസ്തകം ഈ വർഷം പുറത്തിറങ്ങും. ചുരുക്കത്തിൽ വിവാഹമോചനത്തോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്നവർക്ക്, സമൂഹത്തിൽ പ്രത്യേക ടാഗ് ലൈനിട്ട് മാറ്റിനിർത്തുന്നവർക്ക്, ജീവിതത്തിൽ കുറവുകളിൽ ദുഃഖിച്ചിരിക്കുന്നവർക്ക് പ്രചോദനമാണ് തനൂറ ശ്വേത മേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.