ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയിൽ ഓരോ മിനിറ്റിലും ഒരു സ്ത്രീ കുറ്റകൃത്യത്തിന് ഇരയാവുന്നു എന്നാണ് കണക്ക്.
വിശാഖ വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ എന്ന കേസിൽ സുപ്രീംകോടതി, ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് ചില മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2013ലെ, തൊഴിലിടങ്ങളിലെ സ്ത്രീപീഡന നിയമം മുതൽ പിന്നീടുണ്ടായ എല്ലാ സ്ത്രീ നിയമ പരിരക്ഷകളിലും ഈ മാർഗനിർദേശങ്ങൾ തന്നെയാണ് ചട്ടക്കൂടായി മാറിയിരിക്കുന്നത്. അറിയാം, സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച്...
എന്താണ് ലൈംഗികാതിക്രമം?
● ലൈംഗിക ബന്ധവും അതിന്‍റെ തുടർച്ചയും
● ലൈംഗിക ആവശ്യത്തിനായി താൽപര്യം പ്രകടിപ്പിക്കുകയും നിരന്തര അഭ്യർഥന നടത്തുകയും ചെയ്യുക
● ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ
● അശ്ലീലം കാണിക്കുക
● ലൈംഗിക സ്വഭാവമുള്ളതോ മറ്റേതെങ്കിലും ഇഷ്ടപ്പെടാത്ത ശാരീരികമോ വാക്കാലുള്ളതോ അല്ലാത്തതോ ആയ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടിക്കൽ
● തൊഴിലുമായി നേരിട്ട് ബന്ധപ്പെട്ട ഏതെങ്കിലും ലൈംഗിക പ്രവർത്തനങ്ങൾ ആവശ്യപ്പെടുക
● സ്ത്രീക്ക് അപമാനകരമാവുന്ന ഏത് തരത്തിലുള്ള പെരുമാറ്റവും
● സ്ത്രീയുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പെരുമാറ്റവും അതുമൂലം സ്ത്രീക്ക് വ്യക്തിപരമായും സമൂഹത്തിലും അപമാനമുണ്ടാവുകയും ചെയ്യുക
പോഷ് നിയമം
രാജ്യത്ത് ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന നിയമങ്ങളൊന്നും പ്രത്യക്ഷമായി ഉണ്ടായിരുന്നില്ല. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 354 (ഭാരതീയ ന്യായ സംഹിത വകുപ്പ് 74) (സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ) സെക്ഷൻ 509 (BNS സെക്ഷൻ 79) (മാന്യതയെ അപമാനിക്കുക) തുടങ്ങിയ വകുപ്പുകളുപയോഗിച്ചായിരുന്നു കേസുകൾ പ്രധാനമായും എടുത്തിരുന്നത്.
എന്നാൽ, ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 2013ൽ നിലവിൽ വന്ന പോഷ് നിയമം (Prevention of Sexual Harassment -POSH ACT) രാജ്യത്തെ നിയമനിർമാണ വ്യവസ്ഥയിലെ നാഴികക്കല്ലാണ്.
പോഷ് നിയമത്തിന്‍റെ പ്രത്യേകതകൾ
● ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്ക് സ്ത്രീകൾക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്
● ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിന് ശാരീരിക സ്പർശനം എല്ലായ്പോഴും അനിവാര്യമല്ല, സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന വാക്കായാലും പ്രവൃത്തിയായാലും കുറ്റകൃത്യമായി കണക്കാക്കും
● പ്രതികൂല തൊഴിൽ അന്തരീക്ഷം തടയുന്നു
● ഇഷ്ടപ്പെടാത്ത പെരുമാറ്റം ഒഴിവാക്കുന്നു
● ‘ക്വിഡ് പ്രോക്വോ’ ഉപദ്രവം: ജോലിയുടെ അനന്തര ഫലങ്ങൾ മുൻനിർത്തി ഭീഷണിപ്പെടുത്തുകയും ലൈംഗിക പ്രീതിക്കായി ആവശ്യപ്പെടുകയും ചെയ്യുക, പദവിയിലും വേതനത്തിലും തരംതാഴ്ത്തുക, ഉയർന്ന ജോലികൾ നൽകുമെന്ന വാഗ്ദാനം, അവസരങ്ങൾ നിഷേധിക്കുകയും മാറ്റിനിർത്തുകയും ചെയ്യുക, പ്രസവാനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികൾ ഇതിന്‍റെ പരിധിയിൽ വരുന്നു.
ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി പ്രവർത്തനം
● 10 ജീവനക്കാരിലധികമുള്ള ഏത് സ്ഥാപനത്തിലും അതിന്‍റെ അനുബന്ധ ശാഖകളിലും ഇന്‍റേണൽ കമ്മിറ്റി രൂപവത്കരിക്കണം.
● സീനിയർ വനിതയായിരിക്കണം കമ്മിറ്റിയുടെ പ്രിസൈഡിങ് ഓഫിസർ.
● ചുരുങ്ങിയത് നാല് അംഗങ്ങളുണ്ടായിരിക്കണം. തൊഴിലിടങ്ങളിൽ തന്നെയുള്ള വ്യക്തിയോ അല്ലെങ്കിൽ സാമൂഹിക സേവനത്തിലോ നിയമത്തിലോ പരിജ്ഞാനമുള്ള വ്യക്തിയോ ആയിരിക്കണം സമിതിയിലെ അംഗങ്ങൾ.
● ആകെ അംഗങ്ങളിൽ പകുതിയിലധികവും സ്ത്രീകളായിരിക്കണം.
● സംഭവം നടന്ന് മൂന്നുമാസത്തിനുള്ളിൽ പരാതി എഴുതി നൽകേണ്ടതാണ്.
● അനുരഞ്ജനത്തിനുള്ള ഒത്തുതീർപ്പ് സാധ്യതകൾ നിയമം അനുവദിക്കുന്നു.
● പ്രദമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം ബി.എൻ.എസ് 74, 75 (ഐ.പി.സി 354, 354 (എ) വകുപ്പ്) പ്രകാരവും മറ്റു ബന്ധപ്പെട്ട ക്രിമിനൽ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
● ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി രൂപവത്കരിക്കാതിരിക്കുകയോ പരാതികളിൽ അന്വേഷണം നടത്താതിരിക്കുകയോ വാർഷിക റിപ്പോർട്ട് നൽകാതിരിക്കുകയോ മറ്റു നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ തൊഴിലുടമ 50,000 രൂപ പിഴയടക്കേണ്ടിവരും. വീണ്ടും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും.
● തൊഴിലിടങ്ങളിലെ ഇത്തരം പരാതികളിൽ പൊലീസ് നേരിട്ട് കേസെടുക്കാറില്ല. ഇരയുടെയോ ആഭ്യന്തര പരാതി പരിഹാര സമിതികളുടെയോ പ്രാദേശിക സമിതികളുടെയോ നിർദേശപ്രകാരം നൽകുന്ന പരാതികളിൽ മാത്രമാണ് നടപടിയെടുക്കുന്നത്.
● തൊഴിലാളികൾ കുറവുള്ള സ്ഥാപനങ്ങളിലെ പരാതികൾ ജില്ല കലക്ടറോ ഡെപ്യൂട്ടി കലക്ടറോ നേതൃത്വം നൽകുന്ന ജില്ല പ്രാദേശിക സമിതിയിൽ നൽകാം.
ലൈംഗികാതിക്രമ പരിധിയിൽ വരുന്ന പരാതികൾ
● ശാരീരിക ആക്രമണങ്ങൾ
● ലൈംഗിക ബന്ധത്തിന് നിർബന്ധിക്കൽ
● ലൈംഗിക ചേഷ്ടകൾ കാണിക്കൽ
● അശ്ലീല വിഡിയോ/ചിത്രം കാണിക്കൽ (പോണോഗ്രഫി)
● ശരീര ഭാഷയിലൂടെയോ സംഭാഷണത്തിലൂടെയോ സ്ത്രീകളെ അവമതിക്കുന്ന ചിഹ്നങ്ങൾ പുറപ്പെടുവിക്കൽ
● സമൂഹ മാധ‍്യമങ്ങൾ വഴിയുള്ള അപകീർത്തിപ്പെടുത്തലും നഗ്നതാ പ്രദർശനവും ഭീഷണിയും ലൈംഗിക പീഡനം മാത്രമല്ല ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യം കൂടിയാണ്.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 2017ൽ ഭേദഗതി ചെയ്യുകയും രണ്ടു കുട്ടികളുണ്ടാവുന്നതുവരെ ശമ്പളത്തോടെയുള്ള പ്രസവാവധി 26 ആഴ്ചയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദത്തെടുക്കുന്നവർക്കും വാടക ഗർഭത്തെ ആശ്രയിക്കുന്ന അമ്മമാർക്കും 12 ആഴ്ചത്തെ അവധി ലഭിക്കും.
രാത്രി ജോലി ചെയ്യുന്നവർക്ക് തിരിച്ചു താമസസ്ഥലത്ത് എത്താനാവശ്യമായ വാഹനസൗകര്യം ഉടമ ഏർപ്പെടുത്തേണ്ടതുണ്ട്. അഞ്ചുപേരെങ്കിലുമുണ്ടെങ്കിൽ മാത്രമേ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂവെന്നും നിർദേശിക്കുന്നു.
സൗജന്യ നിയമ സഹായം
പൊതു, സ്വകാര്യ ഇടങ്ങളിൽ ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നവർക്ക് സഖി വൺ സ്റ്റോപ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വനിത ഹെൽപ് ലൈൻ (1091), നിർഭയ ടോൾ ഫ്രീ (1800 425 1400), മിത്ര (181), ചൈൽഡ് ലൈൻ (1098) ഇവയിൽ ഏതെങ്കിലും നമ്പറിൽ വിളിച്ചോ സഹായം തേടാം.
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് കേരള സ്‌റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റ് സെന്‍ററുമായി ബന്ധപ്പെട്ടാൽ സൗജന്യ നിയമ സഹായവും ആവശ്യമായ കൗൺസലിങ്ങും ലഭ്യമാവും. കൂടാതെ വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകാനുള്ള കേരള സർക്കാർ പദ്ധതിയായ ‘ഭൂമിക’യും (Gender - based violence management centre) ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.