“അവരോടൊന്നും മുട്ടാൻ നിൽക്കണ്ട, നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല” -സമൂഹത്തിൽ സ്വാധീനവും അധികാരവുമുള്ളവരിൽനിന്ന് അനീതി നേരിടുന്നവർക്ക് കൂടെയുള്ളവർ നൽകുന്ന ഉപദേശമാണിത്. പ്രിവിലേജ്ഡ് പൊസിഷനിൽ ഇരിക്കുന്നവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻപോലും നമുക്കാവില്ല എന്ന പൊതുബോധം നിലവിലുണ്ട്.
അതിനെതിരെ നിലപാട് എടുക്കുന്നവരെ പിന്തിരിപ്പിക്കുന്നവര്‍ക്കും പഞ്ഞമുണ്ടാവില്ല. ഇര സ്ത്രീയാണെങ്കില്‍ പിന്തിരിപ്പിക്കാൻ ആളുകൾ കൂടും. ഇത്തരം പിന്തിരിപ്പിക്കലുകൾക്കും പൊതുബോധത്തിനും മുന്നിൽ മുട്ടുമടക്കാതെ ഭരണകര്‍ത്താക്കളുടെയും അധികാരത്തിന്‍റെ ഇടനാഴികളില്‍ ഏറെ സ്വാധീനമുള്ള മെഡിക്കല്‍ ബ്യൂറോക്രാറ്റുകളുടെയും അനീതിക്കെതിരെ മുഷ്ടി ചുരുട്ടിയ ഹർഷിനയുടെ സന്ധിയില്ലാസമരത്തിനാണ് ഒരു വര്‍ഷത്തോളമായി കോഴിക്കോട് സാക്ഷിയാവുന്നത്.
12 സെന്‍റിമീറ്റര്‍ നീളമുള്ള ആര്‍ട്ടറി ഫോര്‍സെപ്‌സ് (കത്രിക) വയറ്റില്‍ കുടുങ്ങിയതറിയാതെ അഞ്ചു വര്‍ഷത്തോളം അനുഭവിച്ച കഠിന പരീക്ഷണങ്ങളാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷിനയെ തെരുവിലിറക്കിയത്.
മൂന്നു പ്രസവശസ്ത്രക്രിയ നടത്തിയ ഹര്‍ഷിനയുടെ വയറ്റില്‍ എവിടെനിന്നാണ് 12 സെന്‍റിമിറ്റർ നീളമുള്ള കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയില്ല എന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിലപാട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ ശസ്ത്രക്രിയക്കുശേഷമാണ് തനിക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതെന്ന് ഹര്‍ഷിന പറഞ്ഞത് ചെവിക്കൊള്ളാന്‍ അവര്‍ തയാറായില്ല. മാത്രമല്ല, ആഭ്യന്തര അന്വേഷണം നടത്തിയ മെഡിക്കല്‍ കോളജ് അധികൃതരും ആരോഗ്യവകുപ്പും കത്രിക മെഡിക്കല്‍ കോളജിന്റേതല്ല എന്ന് ആണയിട്ടു.
അഞ്ചു വര്‍ഷം മുമ്പുള്ള കത്രിക എവിടെനിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെയും ന്യായം. “കത്രിക ഞാന്‍ വിഴുങ്ങിയതാണോ” എന്ന് ഹര്‍ഷിന തിരിച്ചുചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിനും ഉത്തരംമുട്ടി.
പോരാട്ടത്തിന്‍റെ ഭാഗിക വിജയം
മന്ത്രിക്കും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സമരത്തിനെത്തിയത്. ആറു ദിവസം നീണ്ടപ്പോള്‍ ആരോഗ്യമന്ത്രി നേരിട്ടെത്തി സമരം ഒത്തുതീര്‍പ്പാക്കി.
ഹര്‍ഷിനയെ കെട്ടിപ്പിടിച്ച്, മാന്യമായ നഷ്ടപരിഹാരവും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും ഉറപ്പു നല്‍കി. എന്നാല്‍, പ്രഖ്യാപിച്ച സഹായം വളരെ കുറവായിരുന്നു. അത് തിരസ്‌കരിച്ച ഹര്‍ഷിന മാന്യമായ നഷ്ടപരിഹാരവും നിയമനടപടിയും ആവശ്യപ്പെട്ട് വീണ്ടും മെഡിക്കല്‍ കോളജിനു മുന്നില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു.
സമരസമിതിയുടെ തലപ്പത്ത് കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയായതിനാല്‍ സമരത്തിന് രാഷ്ട്രീയ മുഖം നല്‍കാനായിരുന്നു അധികാരകേന്ദ്രങ്ങളുടെ ആദ്യശ്രമം. ഹര്‍ഷിന സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് കത്രിക വയറ്റില്‍ അകപ്പെട്ടത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.
2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനക്ക് മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയത്. അതിന്‍റെ 10 മാസം മുമ്പ് എടുത്ത എം.ആര്‍.ഐ സ്‌കാനിങ് റിപ്പോർട്ടിൽ ശരീരത്തില്‍ ഇത്തരത്തിലുള്ള ലോഹങ്ങൾ ഉണ്ടായിരുന്നില്ല എന്ന ശാസ്ത്രീയ തെളിവാണ് പൊലീസ് ഹാജരാക്കിയത്.
എന്നിട്ടും മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണോ അതിനുമുമ്പ് താമരശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണോ കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ ഒന്നടങ്കം വിധിയെഴുതി. ഇതിനെതിരെ സമരം ചെയ്ത ഹര്‍ഷിനയെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതും കേരളം കണ്ടു.
മെഡിക്കല്‍ കോളജിനു മുന്നിൽനിന്ന് സിവില്‍ സ്‌റ്റേഷന്‍, കമീഷണര്‍ ഓഫിസ്, തിരുവനന്തപുരം സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്ക് അവർ സമരപ്പന്തൽ മാറ്റിക്കെട്ടി. ഇതിനിടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിചേര്‍ത്ത് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
നീതി ലഭിക്കാതെ പിന്തിരിയില്ലെന്ന ഒരു സ്ത്രീയുടെ പോരാട്ടവീര്യത്തിന്‍റെ ഭാഗിക വിജയമായിരുന്നു അത്. തെരുവിലെ സമരപ്പന്തലിലെ ബോർഡിൽ ‘104ാം ദിവസം’ എന്ന് രേഖപ്പെടുത്തിയിരുന്നു അപ്പോൾ.
വേണം മാന്യമായ നഷ്ടപരിഹാരം
കത്രിക വയറ്റില്‍ കിടന്ന അഞ്ചു വര്‍ഷം കാരണമറിയാത്ത വേദനയുമായി അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. കുടുംബാംഗങ്ങളെപ്പോലും തന്‍റെ പ്രയാസം ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. എതിരാളി സര്‍ക്കാര്‍തന്നെയായതിനാല്‍ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും തന്‍റെ ഭാഗത്ത് സത്യമുള്ളതിനാല്‍ തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്ന് ഹര്‍ഷിന പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ എന്നപോലെതന്നെ ചികിത്സപ്പിഴവിനിരയാക്കപ്പെടുന്നവര്‍ക്കും നീതി ഉറപ്പാക്കാനുള്ള നിയമനിര്‍മാണം സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്ന ആവശ്യംകൂടിയാണ് ഇവര്‍ ഉയര്‍ത്തിയത്. ചികിത്സകളും സമരകാലവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേതുകൂടിയായിരുന്നു കുടുംബത്തിന്. നീണ്ട സമരത്തിനിടെ ഭര്‍ത്താവിന്‍റെ ബിസിനസ് എല്ലാം തകര്‍ന്നു.
പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ‍്യസ്ഥരായവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തന്നില്‍ ശാരീരികവും സാമ്പത്തികവും മാനസികവുമായി ഏൽപിച്ച മുറിവിന് മാന്യമായ നഷ്ടപരിഹാരം ലഭിച്ചാലേ പൂര്‍ണ നീതി ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കുമ്പോൾ ഹർഷിനയുടെ മുഖത്ത് കണ്ട പോരാട്ടവീര്യം ഒരു അധികാരിക്കും കെടുത്താനാവില്ല, തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.