കാനഡയിലെ ടൊറന്‍റോയിൽനിന്ന്​ യു.എസിലെ ടെക്സസിലേക്ക്​ കൂറ്റൻ ട്രെയിലറും ഓടിച്ചു പോകുന്നതിനിടെയാണ്​ mallu_trucker_girl എന്ന സൗമ്യ സജിയെ ഇൻസ്റ്റ​ഗ്രാമിൽ ഓൺലൈനിൽ കിട്ടിയത്. ടൊറന്‍റോയിൽനിന്ന്​ തിങ്കളാഴ്ച പുറപ്പെട്ട്​ 2600 കിലോമീറ്റർ അകലെയുള്ള ടെക്സസിൽ എത്തി ചരക്കിറക്കി തിരികെ വെള്ളിയാഴ്ചയോടെ ടൊറന്‍റോയിൽ എത്തുന്ന അതിശയകരമായ യാത്ര.

ഇക്കുറി ‘യീസ്റ്റാ’ണ്​ കാർഗോയിൽ. കൂട്ടുള്ളത്​ ജീവിത പങ്കാളി ജിതിൻ. ഭാര്യയുടെ ‘വണ്ടിപ്രാന്തി’ന്​ കുടപിടിച്ച്​ കാനഡയിലെ സർക്കാർ ജോലിയിൽനിന്ന്​ ദീർഘാവധി എടുത്ത്​ ​ട്രക്കിൽ കയറിയതാണ്​ ഈ തൊടുപുഴക്കാരൻ. ഇരുവരും മിണ്ടിയും പറഞ്ഞും ഉറങ്ങിയും ഉണർന്നും ഒരാഴ്ചയിൽ അഞ്ചു ദിവസം നീളുന്ന ട്രക്ക് ജീവിതം. ഇടക്ക്​ യൂട്യൂബിൽ വിഡിയോയും പോസ്റ്റും.

എറണാകുളം സെന്‍റ്​ തെരേസാസിൽനിന്ന്​ ഡിഗ്രി കഴിഞ്ഞ്​ കാനഡയിലേക്ക്​ ഉന്നത പഠനത്തിനായി ചേക്കേറിയതാണ്​ അമ്പലമുകൾ സ്വദേശി സൗമ്യ. ​ഹൈവേയിൽ മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രക്കിന്‍റെ ഇരമ്പത്തിനിടെ ഇൻസ്റ്റയിൽ സൗമ്യയുമായി ഒരു വോയിസ്​ ചാറ്റ്​...

എങ്ങനെ എത്തി കാനഡയിൽ?

2019 ആഗസ്റ്റിൽ ന്യൂട്രീഷ്യൻ മാനേജ്​മെന്‍റ്​ സ്റ്റഡീസ്​ കോഴ്​സ്​ ചെയ്യാൻ എത്തിയതാണ് കാനഡയിൽ​. ഡിഗ്രിക്ക്​ ശേഷം ഉന്നത പഠനത്തിനായാണ്​ വന്നത്​.

ട്രക്ക് ഡ്രൈവറായതിനു​ പിന്നിൽ?

നാട്ടിൽ വെച്ചുതന്നെ ഡ്രൈവിങ്​ ഇഷ്ടമാണ്​. കാറാണ്​ ഓടിച്ചിരുന്നത്​. കാനഡയിൽ എത്തിയപ്പോൾ പാർട്ട്​ടൈം ജോലിക്ക്​ പോയിരുന്നത് ബസിലാണ്. ഒരു ബസിൽ സൗത്ത്​ ഇന്ത്യയിൽ നിന്നൊരാളെ ഡ്രൈവറായി കണ്ടപ്പോൾ പരിചയപ്പെട്ട്​ ജോലിക്കാര്യങ്ങൾ സംസാരിച്ചിരുന്നു.

ബസ്​ ഓടിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹമാണ്​ ട്രക്ക് ഓടിക്കൂവെന്ന്​ ആവശ്യപ്പെട്ടത്​. ട്രക്ക് ഓടിക്കുന്ന വനിതകളുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. എന്‍റെ കൂട്ടുകാർ പലരും ട്രക്കുമായി ബന്ധപ്പെട്ട ​​​​വ്ലോഗുകൾ കാണുന്നവരാണ്​. അവരുമായി ആഗ്രഹം പങ്കുവെച്ചപ്പോൾ ഏറെ പിന്തുണ കിട്ടി. അങ്ങനെ ട്രക്ക് ഓടിക്കണമെന്ന ആഗ്രഹം മുളപൊട്ടി.

കാനഡയിലെ ചരക്കുലോറി ഓടിക്കാൻ കടമ്പകൾ എന്തൊക്കെയാണ്​?

മലയാളി പെൺകുട്ടികൾ ആരും കാനഡയിൽ ട്രക്ക് ഓടിക്കുന്നില്ലെന്ന്​ മനസ്സിലായിരുന്നു. സ്റ്റഡി പീരിയഡ്​ കഴിഞ്ഞ്​ വർക് വിസ ലഭിച്ച്​ വർക് പെർമിറ്റിന്‍റെ അടിസ്ഥാനത്തിലാണ്​ ട്രക്കിങ്​ സീരിയസാക്കിയത്​. ട്രക്ക് ഡ്രൈവിങ്​ ലൈസൻസ് നേടുന്നതിന്‍റെ ആദ്യപടിയായി മെഡിക്കൽ എടുക്കണം.

പിന്നീട്​ എഴുത്തുപരീക്ഷ. അതുകഴിഞ്ഞ്​ എയർ ബ്രേക്കിന്‍റെ പ്രാക്ടിക്കലും തിയറിയും പരീക്ഷ കടക്കണം. അതും കഴിഞ്ഞാണ്​ ട്രക്കിന്‍റെ തിയറിയും പ്രാക്ടിക്കൽ ടെസ്റ്റും നടക്കുന്നത്​. രണ്ടുമൂന്നുമാസം നീളുന്നതാണ്​ ഈ പ്രക്രിയ. കാനഡയിലെ ഓരോ പ്രവിശ്യയിലും ഈ നടപടിക്രമങ്ങളിൽ മാറ്റമുണ്ട്​.

വാഹനം ഓടിക്കുമ്പോൾ കേരളവും കാനഡയും തമ്മിൽ വ്യത്യാസങ്ങൾ എന്തൊക്കെയാണ്​?

കാനഡയും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും എടുത്തുപറയേണ്ടത്​ റോഡുകളാണ്​. കുണ്ടും കുഴിയും ഒന്നുമില്ലാതെ കൃത്യമായി ​നിലവാരം പുലർത്തുന്നതാണ്​ കാനഡയിലെ റോഡുകൾ. കൃത്യമായി ലൈനുകൾ മാർക്ക്​ ചെയ്തിട്ടുണ്ട്​. ഒരു ലൈനിൽനിന്നും മറ്റൊന്നിലേക്ക്​ മാറുമ്പോൾ സിഗ്​നൽ നൽകും.

എല്ലാവരും ലൈൻ നിഷ്കർഷ പാലിക്കും. തോന്നിയപോലെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച്​ കടക്കില്ല. നാട്ടിലെപ്പോലെ ഗതാഗത നിയമങ്ങൾ പാലിക്കാത്ത അവസ്ഥയില്ല. റോഡ്​ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്​.

ഒരു വഴിയിൽനിന്ന്​ മറ്റൊന്നിലേക്ക്​ മാറുമ്പോൾ പാലിക്കേണ്ട സ്പീഡ്​ ലിമിറ്റ്​ പോസ്റ്റിൽ കാണാം. ആ വഴിയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

അപകടം പിടിച്ചതാണോ ചരക്കുലോറി ഡ്രൈവിങ്​?

കാനഡയിൽ സുരക്ഷിതമാണ്​ ഡ്രൈവിങ്.​ ഓരോ ഡ്രൈവറെയും ഇവിടെ കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ട്​. ഷിഫ്​റ്റ്​ തുടങ്ങിയാൽ എട്ടു മണിക്കൂറിനുശേഷം നിർബന്ധമായി അരമണിക്കൂർ വിശ്രമം എടുക്കണം. മൊത്തം ഷിഫ്​റ്റ്​ 13 മണിക്കൂർ കഴിയുമ്പോൾ ദിവസത്തിൽ പിന്നീടുള്ള 11 മണിക്കൂർ ട്രക്ക് ഓടിക്കാൻ പാടില്ല. ഈ സമയം ഡ്രൈവർ സ്ലീപ്പറിൽ ആയിരിക്കണം.

അതായത്​ 24 മണിക്കൂറിൽ 13 മണിക്കൂർ മാത്രമേ ജോലിചെയ്യാനുള്ള ഓപ്​ഷനുള്ളൂ. ഇതെല്ലാം ട്രക്കിൽ പിടിപ്പിച്ചിട്ടുള്ള ‘ഇ ലോഗ്​’​ ടാബ്​ലെറ്റ്​ വഴി മോണിറ്റർ ചെയ്യുന്നുണ്ടാകും. വാഹനം ഓടിച്ച മണിക്കൂറുകൾ, വേഗം, പോയ വഴികൾ, വിശ്രമിച്ച സമയം എല്ലാം അതിൽ രേഖപ്പെടുത്തിയിരിക്കും. ആ ടാബിൽ എന്തെങ്കിലും മാറ്റം വരുത്താൻ നമുക്ക്​ കഴിയില്ല. ഉറക്കമില്ലാതെ ട്രക്ക് ഓടിക്കുന്ന അവസ്ഥ ഇവിടെയില്ല. അത്രക്ക്​ നിയന്ത്രിതമാണ്​ കാര്യങ്ങൾ.

ജോലിക്ക്​ ഇറങ്ങുമ്പോഴുള്ള മുൻകരുതലുകൾ എന്തൊക്കെയാണ്​?

ട്രക്കിങ്​ മേഖലയിൽ സുരക്ഷിതത്വം ഇവിടെ പ്രധാനമാണ്​. എന്‍റെ ഷിഫ്​റ്റ്​ തുടങ്ങുംമുമ്പ്​ ട്രക്കും ട്രെയിലറും ഞാൻ തന്നെ പരിശോധിക്കണം. ടയറിന്‍റെ കാറ്റ്​, പഞ്ചർ, എയർലീക്ക്​, എൻജിൻ കൂളന്‍റ്​, എൻജിൻ ഓയിൽ, സസ്​പെൻഷൻ, ലൈറ്റുകൾ, ബോഡി എന്നിവയെല്ലാം പരിശോധിച്ച്​ ഇൻസ്​പെക്ഷൻ റിപ്പോർട്ട്​ സബ്​മിറ്റ്​ ചെയ്താൽ മാത്രമേ എനിക്ക്​ ജോലി തുടങ്ങാനാകൂ.

ഇതെല്ലാം ഒരു ആപ്​ വഴി നിയന്ത്രിക്കുന്നുണ്ട്​. തോന്നിയപോലെ വന്ന്​ വണ്ടിയെടുത്തു പോകാനാകില്ലെന്ന്​ ചുരുക്കം. വാഹനത്തിന്‍റെ തകരാറുകൊണ്ട്​ ഇവിടെ അപകടം ഉണ്ടാകാറില്ല. ഇവിടത്തെ മോട്ടോർ വാഹന വകുപ്പ്​ (എം.ടി.ഒ) ഇവയെല്ലാം നിരീക്ഷിക്കുന്നുണ്ട്​.

ട്രക്ക് ഡ്രൈവിങ്​ പ്രഫഷനായി സ്വീകരിക്കുകയാണോ, അത്​ മലയാളികൾക്ക്​ പറ്റുമോ?

ട്രക്ക് ഡ്രൈവിങ്​ ഇവിടെ മികച്ച ജോലിയാണ്​. ട്രക്ക് ഡ്രൈവർമാർ എന്നല്ല ‘പ്രഫഷനൽ ഡ്രൈവർ’ എന്നാണ്​ തസ്തികയുടെ പേര്​. എന്നാലും ഞാനും ഭർത്താവും അല്ലാതെ ഒരു മലയാളി ഫാമിലി ഇവിടെ ഓടിക്കുന്നതായി കണ്ടിട്ടില്ല.

നോർത്തിന്ത്യൻ, ചൈനീസ്​, അമേരിക്കൻ ദമ്പതിമാർ എല്ലാം ഇവിടെ ട്രക്ക് ഓടിക്കുന്നുണ്ട്​. ഒരു കടയിൽ സാധനം കിട്ടുന്നില്ലെങ്കിൽ ഒരു ട്രക്ക് അവിടെ എത്തിയിട്ടില്ലെന്നാണ്​ കണക്കാക്കുക. സാമ്പത്തിക രംഗത്തെ ബാധിക്കുന്നത്ര പ്രധാനപ്പെട്ട ഒരു ജോലിയാണ്​ ട്രക്ക് ഡ്രൈവിങ്​. അത്​ പ്രഫഷനായി സ്വീകരിക്കുന്നത്​ മികച്ച ഓപ്​ഷനാണ്​.

എന്തൊക്കെയാണ്​ ട്രക്ക് ജീവിതത്തിലെ നല്ല അനുഭവങ്ങൾ?

ട്രക്ക് ഡ്രൈവിങ്​ ഇവിടെ ഏറെ ബഹുമാനിക്കപ്പെടുന്ന ജോലിയാണ്​. കോവിഡ്​ മഹാമാരി സമയത്ത്​ ട്രക്ക് ഡ്രൈവർമാർ മാത്രമെ​ റോഡുകളിൽ ജോലി ചെയ്തിരുന്നുള്ളൂ.

അക്കാലത്ത്​ ഹൈവേയിൽനിന്ന്​ മാറി സിറ്റി അല്ലെങ്കിൽ ഇടറോഡുകളിൽ കൂടി പോകുമ്പോൾ വീടുകളുടെ മുന്നിൽ ട്രക്ക് ഡ്രൈവർമാർക്കായി വെള്ളവും ഭക്ഷണവും എടുത്തുവെച്ചിരുന്നു. ദുഷ്കരമായ ആ നാളുകളിലും ജോലിചെയ്യുന്നവരോടുള്ള നന്ദിപ്രകടനമായിരുന്നു അത്​.

ഭക്ഷണത്തിന്​ ഒപ്പം ‘thank you truck drivers’ എന്ന ബോർഡും വീടുകൾക്ക്​ മുന്നിൽ കാണാമായിരുന്നു. അത്രയും സ്​നേഹത്തോടെയാണ്​ ട്രക്കിങ്ങിനെ എല്ലാവരും കാണുന്നത്​. കേരളത്തിൽ നഴ്​സുമാർക്കും മറ്റ്​ മുൻനിര കോവിഡ്​ പോരാളികൾക്കും ലഭിച്ച ബഹുമാനം പോലെ തന്നെ.

കഴിഞ്ഞ ഡിസംബറിൽ മഞ്ഞുകാറ്റിൽ (snow storm) പെട്ട്​ രണ്ട​ു ഡ്രൈവർമാർ 24 മണിക്കൂർ റോഡിൽ കുടുങ്ങിപ്പോയിരുന്നു. ഇവർക്ക്​ തുണയായത്​ സമീപത്തെ കനേഡിയൻ പൗരനാണ്​. അദ്ദേഹം ന്യൂട്രീഷ്യൻ ബാറുകളും വെള്ളവും കൊണ്ടുപോയി ഇവർക്ക്​ നൽകി.

ഈ സഹായ മനഃസ്ഥിതി ആരും പറഞ്ഞ്​ പഠിപ്പിക്കുന്നതല്ല. വാർത്തകളിലൂടെ ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്​ അറിഞ്ഞ്​ സഹായവുമായി എത്തുന്നതാണ്​. ട്രക്കറായി ജോലി ചെയ്യുമ്പോൾ നമ്മളെ സ്പർശിക്കുന്നത്​ ഇത്തരം സ്​നേഹപ്രകടനങ്ങളാണ്​.

മോശം അനുഭവമുണ്ടോ?

രണ്ടു വർഷമായി ഞാൻ ട്രക്ക് ഓടിക്കുന്നു. ഇതുവരെ മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ഏത്​ പാതിരാത്രിക്കും ട്രക്ക് സ്​റ്റോപ്പുകളിൽ പോകാം. ഇന്ധനം നിറക്കാം.

അതിനൊക്കെയുള്ള സ്വാതന്ത്ര്യവും സുരക്ഷയും ഇവിടെയുണ്ട്​. എല്ലാ ഫ്യുവൽ സ്​റ്റേഷനുകളും ട്രക്ക് സ്​റ്റോപ്പുകളും സ്ത്രീ സൗഹൃദമാണ്. സമാധാനപരമായി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അവിടെ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്​.

വീട്ടുകാർക്ക്​ ഇഷ്ടമാണോ ഈ ജോലി?

അച്ഛൻ സജിയും അമ്മ മിനിയുമാണ്​ ട്രക്കിങ്ങിലേക്ക്​ ഇറങ്ങിയപ്പോൾ കൂടുതൽ പിന്തുണ നൽകിയത്​. ഭർത്താവ്​ ജിതിൻ കാനഡയിൽ ഡ്രൈവർ എക്സാമിനറായിരുന്നു. നാട്ടിലെ ആർ.ടി.ഒക്ക്​ സമാനമുള്ള തസ്തികയാണത്​. എന്‍റെ ഇഷ്ടത്തെത്തുടർന്ന്​ ആ ജോലിയിൽനിന്ന്​ അവധിയെടുത്താണ്​ ഭർത്താവും ട്രക്കിങ്ങിലേക്ക്​ വന്നത്​. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ഓടിക്കുന്നു​. ടോം, ബെറ്റ്​സി എന്നിവരാണ്​ ജിതിന്‍റെ അച്ഛനും അമ്മയും. ഒപ്പം ജിതിന്‍റെ സഹോദരങ്ങളായ ബിബിൻ, റോസ്മി എന്നിവരുമൊക്കെ ഈ ജോലിയിലേക്ക്​ എത്താൻ ഏറെ പ്രോത്സാഹനം നൽകിയവരാണ്​.

നാട്ടുകാർ അതിശയം പറയാറുണ്ടോ?

നാട്ടിൽ അമ്മയോട്​ പലരും സങ്കടത്തോടെ ചോദിക്കുന്നത്​ അറിഞ്ഞിട്ടുണ്ട്​. മോൾക്ക്​ ട്രക്ക് ഓടിക്കലല്ലാതെ മറ്റൊരു ജോലിയും കിട്ടിയില്ലേ എന്ന്​. അപ്പോൾ അമ്മ അഭിമാനത്തോടെ പറയും. കിട്ടിയ ജോലി കളഞ്ഞിട്ട്​ ട്രക്ക് ഡ്രൈവറായി പോയതാണ്​ എന്ന്​. നാട്ടുകാരോടൊക്കെ അഭിമാനത്തോടെ മക്കളുടെ ജോലി പറയുന്ന മാതാപിതാക്കൾ ഉണ്ടെന്നതാണ്​ ഞങ്ങൾക്ക്​ കിട്ടിയ ഏറ്റവും വലിയ പിന്തുണ.

കാനഡയിലെ വേതനം ഇങ്ങനെ

പ്രഫഷനൽ ഡ്രൈവർക്ക്​ എക്സ്പീരിയൻസ്​ അനുസരിച്ചാണ്​ വേതനം ലഭിക്കുന്നത്. ഒ ന്നോ രണ്ടോ വർഷം പ്രവർത്തനപരിചയമുള്ള ഡ്രൈവർക്ക്​ ഒരു മാസം 5000 മുതൽ 6000 കനേഡിയൻ ഡോളർ (ഇന്ത്യൻ രൂപയിൽ മൂന്നു ലക്ഷം മുതൽ) നിരക്കിൽ​ ശമ്പളം ലഭിക്കും​. എത്ര ദൂരം ഓടുന്നു എന്നത്​ അനുസരിച്ചാണ്​ വേതനം നിർണയിക്കുന്നത്​.

Tags:    
News Summary - Malayali trucker girl in Canada, Soumya Saji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.