വാക്കിനുള്ളിൽ അലിഞ്ഞുകിടക്കുന്ന ആത്മീയ സംഗീതത്തെ കടഞ്ഞെടുത്ത് ആസ്വദക മനസിൽ വസന്തങ്ങൾ തീർക്കുന്ന ഗാനശാഖയാണ് നശീദുകൾ. ഒരേസമയം സംഗീതമായും പ്രാർഥനയായും മാറിമറിയുന്ന വിസ്മയമാണിത്. പൗരാണിക കാലം മുതൽ ഇസ്ലാമിക രാജ്യങ്ങളിലെല്ലാം നശീദുകൾ സജീവമാണ്.
അവിടെനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പലപേരുകളിലായി നശീദുകൾ യാത്ര ചെയ്തു. ഖവാലിയും ഗസലും ഭൂമിയിൽ മുളപ്പൊട്ടിയത് ഈ അനുഭൂതി നിറഞ്ഞ അത്മീയ പലായനങ്ങളിൽ നിന്നാണെന്ന് ചരിത്രം പറയുന്നു. സമകാലിക വിഷയങ്ങളെ, ഇസ്ലാമിനോട് ചേർത്ത് വെച്ച് അത്മവിചാരണ നടത്തുന്ന ഗാനശാഖയാണിത്. ലോകമാകെ അറിയപ്പെടുന്ന, യൂട്യൂബിൽ ലക്ഷകണക്കിന് ആസ്വാദകരുള്ള ഷാർജയുടെ നശീദ് ഗായകനാണ് അഹ്മദ് അൽ ബുഖാത്വീർ. ഇസ്ലാമിക നശീദുകൾക്കൊപ്പം സമുദായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന നശീദുകളും സഹിഷ്ണുതയുടെ വെള്ളരിപ്രാവുകൾ വലയം വെക്കുന്ന സ്വന്തം രാജ്യത്തിന്റെ സ്നേഹങ്ങളും അഹ്മദ് അവതരിപ്പിക്കുന്നു.
ഉപകരണ സംഗീതത്തിന്റെ അകമ്പടിയില്ലാതെ, ദഫിന്റെ താളപെരുക്കങ്ങളില്ലാതെ, അറബ്, ഇംഗ്ലീഷ് ഭാഷകളിൽ അഹ്മദ് പാടിയ നശീദുകൾ എല്ലാം തന്നെ വൈറലാണ്. ലാസ്റ്റ് ബ്രീത്ത്, ഫോർഗീവ് മീ തുടങ്ങിയ നശീദുകൾ പശ്ചാത്യലോകത്ത് പോലും സൂപ്പർ ഹിറ്റായി കേട്ടുകൊണ്ടിരിക്കുകയാണിന്നും. വിവിധ ഭാഷകളിലുള്ള പരിജ്ഞാനവും അത്മാവിലലിഞ്ഞുചേർന്ന സാഹിത്യവും സംഗീതവും കൊണ്ടാണ് അഹ്മദ് ജനമനസുകൾ കീഴടക്കുന്നത്. അൽ ഐൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് 1999ൽ അഹ്മദ് ബുഖാതിർ ബിരുദം നേടി. 29ാം വയസ്സിൽ പ്രോമക്സ്മീയുടെ സി.ഇ.ഒ ആയി. നിലവിൽ മക്ഫാഡൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ്.
ഷാർജ കൗൺസിലിൽ സെനറ്ററായി അംഗമാകാൻ ഷാർജ ഭരണാധികാരി നിയമിച്ച ആളുമാണ്. യു.എ.ഇയിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഡുവിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. 2006ൽ ലണ്ടനിൽ നടന്ന ഗ്ലോബൽ പീസ് ആൻഡ് യൂനിറ്റി ഇവന്റിലും ലണ്ടനിലെ എക്സൽ ഹാളിലും നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലും കച്ചേരി ഉൾപ്പെടെ നിരവധി നശീദുകൾ അദ്ദേഹം അവതരിപ്പിച്ചു. ഉപകരണ സംഗീതത്തെ പൂർണമായും പടിക്ക് പുറത്ത് നിർത്തി വാക്കിൽ നിന്ന് സംഗീതം ഊറ്റിയെടുക്കുന്ന ആലാപന ശൈലിയാണ് അഹ്മദിന്റേത്.
പാട്ടിൽ അലിഞ്ഞുചേർന്ന ആത്മീയ ഭാവത്തെ ജീവിതത്തോട് ചേർത്ത് നിർത്തുന്ന അഹ്മദിന്റെ വാക്കുകൾ ഇങ്ങനെ 'ജീവിതം സാമ്പത്തിക സ്ഥിരത മാത്രമല്ല. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിത സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത് നമുക്കുള്ള അനുഗ്രഹങ്ങളെ വിലമതിക്കാൻ സഹായിക്കുന്നു. മോശമായ കാര്യങ്ങൾ ആർക്കും സംഭവിക്കാം, അതിനാൽ സഹാനുഭൂതി ഉണ്ടായിരിക്കുകയും സഹായിക്കാൻ തയ്യാറാവുകയും ചെയ്യേണ്ടത് പ്രധാനമാണ്'. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് നശീദുമായി സഞ്ചരിക്കുമ്പോഴും രാജ്യം ഏൽപ്പിച്ച ഓരോ ഉത്തരവാദവും ഭംഗിയോടെയും ചിട്ടയോടെയും നിർവഹിക്കുന്നുണ്ട് അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.