പാഴ്വസ്തുക്കളിൽ വര്‍ണങ്ങൾ ചാലിച്ച് ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങൾ പുനരാവിഷ്കരിക്കുകയാണ് അഭിജിത്ത് എന്ന പതിനേഴുകാരൻ. കണ്ണൂരിലെ കാവുകളിൽ തെയ്യങ്ങൾ നിറഞ്ഞാടേണ്ട സമയമാണിത്. എന്നാൽ, ഈ കോവിഡ് മഹാമാരിക്കാലത്ത് എല്ലാം ചടങ്ങുകൾ മാത്രമായി ഒതുങ്ങുകയാണ്. തിറയാട്ടം കാണാനും തെയ്യത്തിെൻറ അനുഗ്രഹം വാങ്ങാനും കാത്തിരുന്ന വലിയ ആൾക്കൂട്ടങ്ങൾ ഓർമ മാത്രമായിക്കഴിഞ്ഞു.
എന്നാൽ, ഈ ദുരിതകാലത്ത് പാഴ്വസ്തുക്കൾ ഉപയോഗിച്ച് കടലാസ് കഷണങ്ങളിൽ വർണങ്ങൾ ചാലിച്ച് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങൾ നിർമിക്കുകയാണ് തില്ലങ്കേരി പള്ള്യത്തെ അഭിജിത്ത്. തെയ്യം കലയെ ഒരുപാട് ഇഷ്ടപ്പെടുന്ന അഭിജിത്ത് ചെറുപ്രായത്തിൽതന്നെ തെയ്യം കലയോട് താൽപര്യം പ്രകടപ്പിക്കുകയും പത്താം വയസ്സിൽ തെയ്യത്തിെൻറ വെള്ളാട്ടം കെട്ടിയാടുകയും എട്ടാം ക്ലാസ് മുതൽ തെയ്യക്കോലങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു.
നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗം കഴിഞ്ഞതെന്ന പേരിൽ വലിച്ചെറിയുന്ന പാഴ്വസ്തുക്കളിൽ നിന്നാണ് ഈ മിടുക്കൻ ഗുളികൻ, ശാസ്തപ്പൻ, ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങൾ തായാറാക്കുന്നത്. പച്ചക്കറി കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്ക് മുതൽ ഉപേക്ഷിച്ച പുസ്തങ്ങൾ വരെയാണ് തെയ്യക്കോലമായി മാറ്റുന്നത്. ഒരാഴ്ചക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഓരോ തെയ്യക്കോലങ്ങൾ തയാറാക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.
വേണാടൻകണ്ടി സി.കെ. രഞ്ജിത് -അനിത ദമ്പതികളുടെ മൂത്ത മകനാണ് ചാവശ്ശേരി ഗവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിജിത്.
അശ്വനന്ദ ഏക സഹോദരിയാണ്. ഇപ്പോൾ ശാസ്തപ്പൻ തെയ്യത്തിെൻറ വെള്ളാട്ടം നിർമിക്കുന്ന തിരക്കിലാണ് അഭിജിത്ത്. സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുത്തുതുടങ്ങിയപ്പോഴാണ് ഇത്തരത്തിൽ തെയ്യക്കോലങ്ങൾ നിർമിച്ചു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.