പറളി: 35 വർഷങ്ങൾക്കുമുമ്പ് സ്റ്റേജുകളിൽ നിറഞ്ഞുനിന്ന ‘കുഞ്ഞുക്കുട്ടനും കുടുംബവും’ നാടകം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്. എടത്തറ കസ്തൂർബ ക്ലബ് പ്രവർത്തകരാണ് ക്ലബിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് ശിവരാത്രി ദിവസം നാടകം പുനരാവിഷ്കരിച്ച് സ്റ്റേജിലെത്തിക്കാനുള്ള ഉദ്യമവുമായി മുന്നിട്ടിറങ്ങിയത്.
കഥാകൃത്ത് വാസൻ പുത്തൂർ രചിച്ച് സിനിമ, സീരിയൽ നടൻ മുരുകൻ ആലപ്പുഴ സംവിധാനം ചെയ്ത് 1989 മുതൽ സ്റ്റേജുകളിൽ നിറഞ്ഞുനിന്ന നാടകമാണ് കുഞ്ഞുക്കുട്ടനും കുടുംബവും.
ചിരിച്ചും ചിരിപ്പിച്ചും മാലോകരുടെ മനസ്സ് പൊന്നാക്കിയ കുഞ്ഞുക്കുട്ടനെ സമൂഹം എന്നും കോമാളിയായിക്കണ്ടപ്പോൾ സ്വന്തം ജീവിതദുരിതവും സമൂഹം തമാശയായി മാത്രം കണ്ടതോടെ കുടുംബം പലവഴിക്കായി നശിച്ച ദുരന്തകഥയാണ് നാടകത്തിന്റേത്. അജയൻ ആലങ്ങാട്, കെ. പ്രഭാകരൻ, എടത്തറ ബാലകൃഷ്ണൻ, കെ.എസ്. ദിനേശ്, രമേശ് പരിയൻകാട്, രാധാമണി, ബിന്ദു അന്തിക്കാട്, നൂർജഹാൻ എന്നിവരാണ് പുനരാവിഷ്കരണത്തിൽ വേഷമിടുന്നത്.
കെ.എം. രമേശ് ആണ് സഹസംവിധായകൻ. ഏകദേശം 200ൽ പരം സ്റ്റേജുകളിൽ നിറഞ്ഞാടിയ നാടകത്തിന്റെ റിഹേഴ്സൽ എടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എല്ലാ ദിവസവും വൈകീട്ട് നടക്കുന്നുണ്ട്. റിഹേഴ്സലിന് നേതൃത്വം കൊടുക്കുന്നത് രചയിതാവ് വാസൻ പുത്തൂരും സംവിധയകൻ മുരുകൻ ആലപ്പുഴയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.