ബംഗളൂരു: ഭർത്താവിനെതിരെ ഭാര്യ തെറ്റായി ഉന്നയിക്കുന്ന വന്ധ്യതാ ആരോപണങ്ങൾ മാനസികപീഡനത്തിന്റെ പരിധിയിൽ വരുമെന്നും വിവാഹമോചനം അനുവദിക്കാൻ ഇത് കാരണമാക്കാമെന്നും കർണാടക ഹൈകോടതി. ഹൈകോടതിയുടെ ധാർവാർഡ് ബെഞ്ചാണ് ഭർത്താവിന് വന്ധ്യതയുണ്ടെന്ന തെറ്റായ കാര്യങ്ങൾ ഭാര്യ ഉന്നയിക്കുന്നത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഉത്തരവിട്ടത്. മറ്റുള്ളവരുടെ മുന്നിൽവെച്ച് ഭർത്താവിൽ വന്ധ്യത ആരോപിക്കുന്നത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണ്. ഭർത്താവിെന്റ അന്തസ്സും അഭിമാനവും പരിഗണിക്കുന്ന വിവേകമുള്ള ഒരു ഭാര്യ ഒരിക്കലും ഇങ്ങനെ ചെയ്യില്ല -കോടതി ചുണ്ടിക്കാട്ടി.
1955ലെ ഹിന്ദു മാര്യേജ് ആക്ടിന്റെ സെക്ഷൻ 13 (1) പ്രകാരം വന്ധ്യത വിവാഹമോചനത്തിനുള്ള കാരണമല്ല. എന്നാൽ തെറ്റായി ഈ ആരോപണം ഉന്നയിക്കുന്നത് മാനസിക പീഡനമാണെന്നും ജസ്റ്റിസുമാരായ എസ്. സുനിൽദത്ത് യാദവ്, കെ.എസ്. ഹേമലേഖ എന്നിവരടങ്ങിയ ബെഞ്ച് ഈയടുത്ത് ഉത്തരവിട്ടിരുന്നു.
തന്റെ വിവാഹമോചന ഹരജി തള്ളിയ ധാർവാർഡിലെ കുടുംബകോടതിയുടെ വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപേക്ഷയിലാണ് ഹൈകോടതിയുടെ പ്രസ്താവന. കേസിൽ ഭർത്താവിന്റെ വന്ധ്യത തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ഭാര്യക്ക് കഴിഞ്ഞിരുന്നില്ല.
കുഞ്ഞിന് ജന്മംനൽകാൻ കഴിയാത്ത തരത്തിൽ വന്ധ്യതയുണ്ടെന്ന് ഒരു തെളിവുമില്ലാതെ ഭാര്യ പറയുന്നത് ഭർത്താവിനെ പൊതുജനത്തിനു മുന്നിൽ അവഹേളിക്കാനും അദ്ദേഹത്തോടുള്ള വൈരാഗ്യവും മൂലമാണ്. മാനസികമായ കഠിന വേദന ഭർത്താവിന് ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഒരു ഭാര്യ ഇത്തരത്തിൽ ചെയ്യുകയെന്നും കോടതി പറഞ്ഞു. അപേക്ഷ പരിഗണിച്ച കോടതി ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്തി. മാസം 8000 രൂപ ജീവനാംശം നൽകാനും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.