മോഡസ്റ്റ് ഡ്രസിങിൽ പുതിയ ട്രെൻഡുകൾ ലോകത്തിന് പരിചയപ്പെടുത്തിയയാളാണ് ഇമാറാത്തി ഡിസൈനർ യാസ്മിൻ അൽ മുല്ല. തട്ടമിട്ടും ശരീരം മറച്ചും എങ്ങിനെ മോഡലാകാൻ എന്ന് ഫാഷൻ ലോകത്തിന് മുന്നിൽ തെളിയിച്ചയാളാണ്. 30 വയസ് തികയുന്നതിന് മുൻപ് തന്നെ ടിഫാനി, ക്രിസ്റ്റ്യൻ ഡയർ, ലൂയിസ് വിറ്റൺ, ക്രിസ്റ്റ്യൻ ലൂബൂട്ടിൻ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഡിസൈനറാകാനുള്ള ഭാഗ്യം ലഭിച്ച യാസ്മിന്റെ വിശേഷങ്ങൾ അറിയാം.
അഞ്ച് വർഷം മുൻപാണ് സഹോദരി നസ്റീനുമായി ചേർന്ന് വൈ.എൻ.എം ദുബൈ എന്ന പേരിൽ ഫാഷൻ ഡിസൈനിങിലേക്ക് പ്രവേശിക്കുന്നത്. ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും കുടുംബത്തിൽ നിന്നാണ് വരരെങ്കിലും യാസ്മിൻ പഠിച്ചത് ലണ്ടൻ കോളജ് ഓഫ് ഫാഷനിലാണ്. ഖലീജി, കഫ്താൻ തുടങ്ങിയവയെ നവീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഫാഷൻ അത്ര സീരീസായി എടുത്തിരുന്നില്ല. പിതാവിന്റെ മരണത്തോടെയാണ് സ്വന്തം ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് തോന്നിതുടങ്ങിയത്. 100 പീസ് കലക്ഷനുമായായിരുന്നു തുടക്കം. സ്റ്റോർ തുടങ്ങാതെ ഓൺലൈനിൽ മാത്രം വിൽപന എന്നതായിരുന്നു തീരുമാനം.
ഈ മേഖലയിൽ പുതിയ ആളെന്ന നിലയിൽ ഓൺലൈൻ വിൽപന വെല്ലുവിളിയായിരുന്നു. പക്ഷെ, ഒരാഴ്ച കൊണ്ട് എല്ലാം വിറ്റഴിഞ്ഞു. ഇപ്പോൾ 60 രാജ്യങ്ങളിലേക്ക് ഓൺലൈൻ വഴി യാസ്മിന്റെ ഡിസൈനിൽ വസ്ത്രങ്ങൾ എത്തുന്നു. ജി.സി.സിയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ മാത്രമല്ല, അടിമുടി എല്ലാ ഫാഷൻ വസ്തുക്കളും യാസ്മിന്റെ വൈ.എൻ.എം ബ്രാൻഡ് ചെയ്യുന്നുണ്ട്. അബായ സാധാരണ കറുത്തനിറത്തിലുള്ളതാണ് ഉപയോഗിക്കാറുള്ളതെങ്കിലും വിവിധ നിറത്തിലുള്ളത് അവതരിപ്പിക്കുകയാണ് യാസ്മിൻ.
ജീൻസിന്റെയും കഫ്താന്റെയുമെല്ലാം കൂടെ ഉപയോഗിക്കാവുന്ന തരത്തിലുള്ള അബായകളാണ് അവതരിപ്പിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തിന്റെ അടയാളമാണ് വസ്ത്ര ധാരണമെന്നാണ് യാസ്മിന്റെ അഭിപ്രായം. സ്വന്തം ഡിസൈന്റെ മോഡലാവാനും യാസ്മിൻ മടിക്കാറില്ല. അതുകൊണ്ട് തന്നെ ശരീരം സൂക്ഷിക്കാൻ കടുത്ത ഡയറ്റിലൂടെയാണ് യാത്ര. ഹെൽത്തി ഇമാറാത്തി ഫുഡ് മാത്രമാണ് കഴിക്കുന്നത്. ഇതെകുറിച്ച് വൈകാതെ പുസ്തകമെഴുതുമെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.