മാന്നാർ: റോഡിലെ അപകടക്കുഴിയുടെ മുന്നറിയിപ്പുമായി അഞ്ചാംക്ലാസ് വിദ്യാർഥിയായ അൽ അമീൻ. മാന്നാർ തട്ടാരമ്പലം റോഡിൽ ഇരമത്തൂർ മുസ്ലിം പള്ളിക്ക് സമീപം രൂപപ്പെട്ട കുഴിയിൽവീണ് വാഹനയാത്രക്കാർ അപകടത്തിൽപെടാതിരിക്കാൻ മണ്ണിട്ടും ചുവന്നതുണി കമ്പിൽ കുത്തിവെച്ചും സംരക്ഷണമൊരുക്കിയ ഈ പത്തു വയസ്സുകാരന്റെ ഉദ്യമം പ്രശംസ പിടിച്ചുപറ്റി.
മാന്നാർ ചാപ്രായിൽ അബ്ദുൽ കലാമിന്റെ മകൾ അനീഷയുടെയും സൗദിയിൽ ജോലി ചെയ്യുന്ന ദിൽഷാദിന്റെയും ഇളയമകനാണ്. കുഴി മണ്ണിട്ട്മൂടാനുള്ളശ്രമം അൽ അമീൻ നടത്തിയെങ്കിലും ആഴമുള്ളതായതിനാൽ കഴിഞ്ഞില്ല. തുടർന്ന് തന്റെ ചുവന്ന ടീഷർട്ട് വലിച്ചുകീറി കമ്പിൽകുത്തി സ്ഥാപിച്ചു.
ചെറിയൊരു ചെടിച്ചട്ടിയും സമീപം കൊണ്ടുവെക്കുകയും ചെയ്തതിനുപുറമെ പേപ്പറിൽ മാർക്കർ പേനയുപയോഗിച്ച് സ്റ്റോപ് ഡെയ്ഞ്ചർ എന്നെഴുതി ബോർഡും സ്ഥാപിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അൽ അമീൻ ഒരുക്കിയ രക്ഷാപ്രവർത്തന വിഡിയോക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നത്. പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഒമ്പതാംക്ലാസ് വിദ്യാർഥിനി ഹിബ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.