കുണ്ടറ: ലോകത്തെ ആദ്യ ജനകീയ ജനാധിപത്യവിപ്ലവം നയിച്ച വ്ലാഡിമിര്‍ ഇലിയിച്ച് ലെനിന് കടന്നുപോയിട്ട് ഇന്ന് നൂറ്റാണ്ട് തികയുമ്പോൾ വിപ്ലവകാരിയുടെ സ്മരണ നിലനിര്‍ത്തുന്ന ശേഖരങ്ങള്കൊണ്ട് സമ്പുഷ്ടമാണ് കുണ്ടറ സ്വദേശി ഫെസ്റ്റസ് മനോജിന്റേത്. അപൂര്‍വങ്ങളായ ലെനിന് ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ നീണ്ടനിര തന്നെയുണ്ട് മനോജിന്റെ പക്കല്‍. കുണ്ടറ ഇളമ്പള്ളൂര്‍ ‘മനോരേഷ്മ’യില്‍ മനോജ് നെഞ്ചോട് ചേര്ത്തുെവക്കുന്ന വിപ്ലവസ്മരണകളുടെ ശേഷിപ്പുകള്‍ നിരവധിയാണ്.
ലെനിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റഷ്യന്‍ നാണയമായ ഒരു റൂബിള്‍, ഒക്ടോബര്‍ വിപ്ലവത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 50 കൊപെക് നാണയം, ഒക്ടോബര്‍ വിപ്ലവത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ ഒരു റൂബിള്‍ നാണയം.
ഇങ്ങനെ ലെനിന്ചിത്രത്തോടെയുള്ള നിരവധി നാണയങ്ങളും നിരവധി കറന്‍സി നോട്ടുകളും മനോജിന്റെ പക്കലുണ്ട്. മിക്ക കറന്‍സി നോട്ടുകളിലും ആലേഖനം ചെയ്തിരിക്കുന്നത് ലെനിന്റെ അർധകായ പ്രതിമയുടെ രൂപമാണെങ്കിലും 1937ല്‍ പുറത്തിറക്കിയ 1 ചെര്നോട്സവ് നോട്ടിലും 5 ചെര്നോട്സവ് നോട്ടിലും ലെനിന്റെ യഥാർഥ ചിത്രം നമുക്ക് കാണാം.
വിവിധ രാജ്യങ്ങള്‍ ലെനിന് സ്മരണാർഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പുകളുടെ വന്‍ ശേഖരവും മനോജിന്റെ പക്കലുണ്ട്. 1986ല്‍ ജര്‍മനി പുറത്തിറക്കിയ സ്റ്റാമ്പില്‍ മാര്‍ക്സ്, എംഗല്‍സ്, ലെനിന് എന്നിവരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. 1961ല്‍ അല്‍ബേനിയ പുറത്തിറക്കിയ സ്റ്റാമ്പിലും ലെനിന് ചിത്രമുണ്ട്.
1970ല്‍ ലെനിന്റെ നൂറാം ജന്മദിനത്തിലാണ് ഇന്ത്യ ലെനിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത്. കൂടാതെ റുമേനിയ, ചെക്കോസ്േലാവാക്യ, ക്യൂബ, ഹംഗറി, പോളണ്ട്, ടോഗോ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകളും മനോജ് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, സോവിയറ്റ് യൂനിയന്‍ പുറത്തിറക്കിയത് ലെനിനുമായി ബന്ധപ്പെട്ട വിവിധ സ്മാരകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള സ്റ്റാമ്പുകളാണ്.
ലെനിന്റെ പേരിലുള്ള സര്‍വകലാശാല, മോസ്കോയില്‍ ലെനിന് ഉപയോഗിച്ചിരുന്ന ഓഫിസ് മുറി, ലെനിന് മ്യൂസിയം, ലെനിന്റെ ഓഫിസ് കെട്ടിടം, ലെനിന് ആദ്യകാലത്ത് താമസിച്ചിരുന്ന കുടില്‍ ഇവയൊക്കെയാണ് സ്റ്റാമ്പില്‍ ചിത്രങ്ങളായത്. സോവിയറ്റ് യൂനിയന്‍ പുറത്തിറക്കിയ ലെനിന്റെ ചിത്രം ആലേഖനം ചെയ്ത മിനിയേച്ചര്‍ ഷീറ്റും മനോജ് സ്വന്തമാക്കിയിട്ടുണ്ട്.
1970ല്‍ ലെനിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ജര്‍മനി പുറത്തിറക്കിയ ബെര്‍ലിനിലെ ലെനിന് സ്ക്വയര്‍ ആലേഖനം ചെയ്ത ഫസ്റ്റ് ഡേ കവര്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്തമാണ്. കൈയൊപ്പോടുകൂടിയാണ് ഈ കവര്‍ പുറത്തിറക്കിയിട്ടുള്ളത്. സോവിയറ്റ് യൂനിയനില്‍ ലെനിന് സംബന്ധിയായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മനോജിന്റെ ൈകയിലുണ്ട്. കോളജ് അധ്യാപകനായ ഫെസ്റ്റസ് മനോജ് എം.കോം, എം.ബി.എ ബിരുദധാരിയാണ്.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും നാണയങ്ങള്‍, കറന്‍സി നോട്ടുകള്‍, സ്റ്റാമ്പുകള്‍, കാമറകള്‍, ക്ലോക്കുകള്‍, റേഡിയോകള്‍, ടൈപ് റൈറ്ററുകള്‍ തുടങ്ങി പഴയകാല അപൂര്‍വ വസ്തുക്കളുടെ വന്‍ ശേഖരമാണ് മനോജ് സ്വന്തമാക്കി സൂക്ഷിക്കുന്നത്. മാതാവ് ബിയാട്രീസിന്റെ നിര്‍ലോപമായ പ്രോത്സാഹനമാണ് കുട്ടിക്കാലം മുതല്‍ മനോജ് ഈ മേഖലയില്‍ ശ്രദ്ധചെലുത്താന്‍ കാരണമായത്. ഭാര്യ ജിലു ജോസഫും മകന് അലക്സ് ക്രിസ്റ്റഫറും സൂക്ഷിപ്പുകാരായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.