പയ്യന്നൂർ: കഥകളുടെ കുലപതി ടി. പത്മനാഭന് കലകളുടെ സംഗമം തീർത്ത് 94ാം പിറന്നാൾ ആഘോഷം. സംഗീതസാന്ദ്രമായ അക്ഷരക്കൂട്ടങ്ങളിലൂടെ കഥയെ കൂടെ കൊണ്ടുനടന്ന കഥാകാരന്റെ പിറന്നാൾ ആഘോഷത്തിന് വേദിയായത് കലയും സംഗീതവും തിടം വെക്കുന്ന പെരിങ്ങോം പോത്താങ്കണ്ടം ആനന്ദ ഭവനമായിരുന്നു.
സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയ സകല വിഷയങ്ങളെയും വൈവിധ്യമാർന്ന അനുഭവതലങ്ങളെയും കഥയുടെ കാൽപ്പനികതയിലേക്ക് പറിച്ചുനട്ട കഥാകാരനാണ് ടി. പത്മനാഭനെന്ന് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർ പറഞ്ഞു. രാവിലെ ഒമ്പതിന് ചെറുതാഴം ചന്ദ്രനും സംഘവും തീർത്ത ചെണ്ടമേളത്തോടെയായിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ കേളികൊട്ടുയർന്നത്.
തുടർന്ന് സാംസ്കാരിക സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗാനരചയിതാവ് റഫീക് അഹമ്മദ്, പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, എഴുത്തുകാരൻ നാരായണൻ കാവുമ്പായി, നടൻ സന്തോഷ് കീഴാറ്റൂർ എന്നിവർ സംസാരിച്ചു. തുടർന്ന് തേജസ് ക്ഷേത്ര കലാരൂപം ഏലംകുളം അവതരിപ്പിച്ച പൂതംകളി, ടി.എം. പ്രേംനാഥിന്റെ മയൂരനൃത്തം എന്നീ കലാപരിപാടികൾ അരങ്ങേറി. ടി. പത്മനാഭന്റെ ജന്മദിന സന്ദേശവും ഉച്ചക്ക് പിറന്നാൾ സദ്യയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.