അഞ്ചാലുംമൂട്: പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫിസ് കെട്ടിടത്തിലെ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ തീയണക്കാൻ മുൻനിരയിൽനിന്നതിൽ ജോലിക്ക് അഭിമുഖത്തിനായെത്തിയ ഇരുപത്തിയൊന്നുകാരനും. കടവൂര്‍ അയനിമൂട്ടില്‍ ജെ.ജെ ഭവനില്‍ ജോയല്ചാക്കോ (21)യാണ് അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും പ്രശംസക്ക് അര്‍ഹനായത്.
നെബോഷ് കോഴ്സും ഫയര്‍ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സും പഠിച്ചിറങ്ങിയ ജോയല്‍ സമീപത്തെ മാളില്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനാണ് അഞ്ചാലുംമൂട്ടിലെത്തിയത്. അഭിമുഖത്തിന് സമയമുള്ളതിനാല്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് അന്തരീക്ഷത്തില്‍ കറുത്ത പുകയുയരുന്നതും അഗ്നിരക്ഷാസേനയൂനിറ്റുകളെത്തുന്നതും ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീപിടിത്തസ്ഥലത്തേക്ക് ഓടിയെത്തുകയും ചെയ്തു.
മറ്റുള്ളവര്‍ തീപടരുന്നതുകണ്ട് മാറിനിന്നപ്പോള്‍ ജോയല്‍ അഗ്നിരക്ഷാസേനയോടൊപ്പം തീയണക്കാന്‍ ആദ്യവസാനം പങ്കാളിയായി. ഫയര്‍ ആൻഡ് സേഫ്റ്റി കോഴ്സില്‍ പഠിച്ച കാര്യങ്ങള്‍ മനസ്സിലോര്‍ത്ത് തീയണക്കുന്നതിൽ വ്യാപൃതനായി.
കനത്ത തീയില്‍ നിന്നുണ്ടാകുന്ന ചൂടേറ്റ് ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കാതിരിക്കാനായി ജനലുകള്‍ അഗ്നിരക്ഷക്കുവേണ്ടി പൊട്ടിച്ചുനല്കി തീയണക്കാന്‍ സഹായിക്കുകയും ചെയ്തു. പരിശീലനം ലഭിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ പോലെയായിരുന്നു ജോയലിന്റെ പ്രവര്‍ത്തനങ്ങള്‍.
തീയണക്കാന്‍ പ്രയത്നിക്കുന്നതിനിടെ, കൈയില്‍ മുറിവേല്‍ക്കുകയും കൈയിലുണ്ടായിരുന്ന വാച്ച് നഷ്ടപ്പെടുകയും ചെയ്തു. ദൗത്യം പൂര്‍ത്തിയായി മടങ്ങാന്‍ നേരമാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ജോയലിനെ അഭിനന്ദിച്ചത്. നാട്ടുകാരും ജോയലിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.
നഷ്ടമായ വാച്ചിനു പകരം പുതിയ വാച്ച് വാങ്ങി നല്‍കാമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ജോയല്‍ അത് സ്നേഹത്തോടെ നിരസിച്ചു. തുടര്‍ന്ന്, വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ഡിവിഷന് കൗണ്‍സിലര്‍ സ്വര്‍ണ്ണമ്മ ജോയലിനെ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള ചെറുപ്പക്കാരാണ് നാടിനാവശ്യമെന്നും കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു.
ശേഷം അഭിമുഖത്തിനെത്തിയ ജോയലിനോട് സമയം വൈകിയതിനാല്‍ ജോലിനല്കാനാവില്ലെന്ന് തൊഴിൽദായകർ അറിയിച്ചത് ഈ കൊച്ചുമിടുക്കനെ ദുഃഖത്തിലാക്കി. അതേസമയം ചിലര്‍ പാരിതോഷികം നല്കാന് വന്നെങ്കിലും ജോയല്‍ അത് നിരസിച്ചു. തനിക്കിപ്പോള്‍ വേണ്ടത് പാരിതോഷികമല്ലെന്നും ഒരു ജോലിയാണെന്നും അതിനായാണ് ശ്രമിക്കുന്നതെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ എവിടെ കണ്ടാലും രക്ഷാപ്രവര്ത്തനത്തിനിറങ്ങാറുണ്ടെന്നും ജോയല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.