സുഹാർ: നാലു പതിറ്റാണ്ടിലെ പ്രവാസം നൽകിയ നല്ലോർമകളുമായി കുഞ്ഞച്ചൻ രാജു നാടണയുന്നു. 1981ൽ മസ്കത്തിൽ വിമാനമിറങ്ങി സുഹാറിലെ ഫലജിൽ ജോലി ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ അടൂർ എഴംകുളം സ്വദേശി കുളത്തുങ്കൽ കുഞ്ഞച്ചൻ രാജു 43 വർഷത്തിനുശേഷമാണ് പ്രവാസം അവസാനിപ്പിക്കുന്നത്. 1982ലാണ് ലിവയിൽനിന്ന് സുഹാറിലേക്ക് മാറിയത്. പിന്നീടുള്ള 42 വർഷ ജീവിതവും സുഹാറിൽ തന്നെയായിരുന്നു.
നിർമാണമേഖലയിലും എയർ കണ്ടീഷൻ അറ്റകുറ്റപ്പണിയിലും പ്രവർത്തിച്ച ഇദ്ദേഹം സർക്കാർ നിർമാണ മേഖലയിൽ പ്രവർത്തിക്കാനുള്ള ലൈസൻസും സ്വന്തമാക്കി. കുടിയേറ്റത്തിന്റെ ആരംഭ പതിറ്റാണ്ടിൽ ബോംബെയിൽനിന്ന് ഗൾഫ് എയർ വിമാനത്തിൽ കടൽകടന്നെത്തിയ രാജുവിന് പറയാൻ കഥകൾ ഏറെയുണ്ട്. സുഹാറിലെ പ്രൊട്ടസ്റ്റന്റ് ചർച്ചിന്റെ നിർമാണഘട്ടത്തിൽ അതിന്റെ ചുറ്റുമതിൽ ഒരുക്കുന്ന ചുമതല ഏറ്റെടുത്തു നടത്താൻ സാധിച്ചിട്ടുണ്ട്.
പെന്തകോസ്ത് മിഷൻ ചർച്ചിൽ എന്നും പ്രാർഥനക്കെത്തുന്ന രാജു സുഹാറിന്റെ ഉയർച്ച താഴ്ചകൾ നോക്കിക്കണ്ട ആളാണ്. കൂടെയുണ്ടായിരുന്നവർ പലരും പ്രവാസം അവസാനിപ്പിച്ചു മടങ്ങി. ഇനി എന്റെ ഊഴമാണെന്ന് തോന്നി ഈ മാസം അവസാനം മടങ്ങുകയാണ്. കറന്റ് പോലും ഉണ്ടായിരുന്നില്ല ആദ്യകാലങ്ങളിൽ. റോഡും പാലങ്ങളും വലിയ കെട്ടിടങ്ങളും പിന്നീട് വളർന്നുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
1985ൽ സുഹാർ മേഖലയിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം അതിജീവിച്ചത് രാജു ഓർക്കുന്നു. ഈ ഭൂമിയിൽ തളർന്നുപോയവരും പിടിച്ചുനിന്ന് കരകയറിയവരും ഉണ്ടെന്ന് രാജു സാക്ഷ്യപ്പെടുത്തുന്നു. കൃഷിയെയും ജീവജാലങ്ങളെയും മനുഷ്യരെയും സ്നേഹിച്ചു മുന്നോട്ടുപോകുന്ന രാജുവിന്റെ കൂടെ കുടുംബവുമുണ്ട്. ഭാര്യ സൂസമ്മയും രണ്ട് മക്കളും പേരക്കുട്ടികളും സുഹാർ ഗൈൽ അൽ ഷിബൂൽ പ്രദേശത്താണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.