ശ്രീകണ്ഠപുരം: ലോകം മുഴുവൻ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ കാണാനൊരുങ്ങുമ്പോൾ കുറുമാത്തൂരിൽ പടുകൂറ്റൻ ലോകകപ്പ് മാതൃകശിൽപം ഒരുങ്ങുന്നു. കുറുമാത്തൂർ ഡെയറിയിലെ എക്കോ വൺ ഡെയറി ടീമാണ് കൂറ്റൻ ലോകകപ്പിന്റെ സിമന്റിൽ തീർത്ത മാതൃക ഒരുക്കുന്നത്. സണ്ണി കുറുമാത്തൂരാണ് ശിൽപി.
ഏറ്റവും വലിയ ഫുട്ബാൾ ലോകകപ്പ് മാതൃകയായിരിക്കും ഇവിടെ പൂർത്തിയാവുന്നതെന്നാണ് എക്കോ വൺ ക്ലബ് പ്രവർത്തകർ പറയുന്നത്. ഫുട്ബാൾ ആവേശം പടിവാതിലിലെത്തിയപ്പോഴാണ് ക്ലബ് പ്രവർത്തകരിൽ കൂറ്റൻ കപ്പ് മാതൃകയെന്ന ആശയം ഉയർന്നത്.
മുൻകാലങ്ങളിൽ കണ്ടുവരുന്ന പോസ്റ്റർ പ്രചാരണങ്ങൾ പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകാറുണ്ടെന്നതിനാലാണ് വ്യത്യസ്തമായി ഒരുമയുടെ ശക്തി കാണിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമെടുത്തത്. ഇത് കപ്പിന്റെ നിർമാണത്തിലേക്ക് എത്തുകയും ചെയ്തു.
30,000 രൂപയോളമാണ് കപ്പിന്റെ നിർമാണ ചെലവെന്നും തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ കുറുമാത്തൂർ ഡെയറി ബസ് സ്റ്റോപ്പിലായാണ് കപ്പ് സ്ഥാപിക്കുകയെന്നും ക്ലബ് രക്ഷാധികാരികളായ കെ. മദൻദേവ്, കെ.ടി. ലിംസ് എന്നിവർ പറഞ്ഞു. ടി.പി. റാഹിബ്, ടി.പി. റഷീദ്, എം.ജി. മീജിൽ, പി.പി. നിഷാന്ത്, കെ.പി. ജാബിർ, പി.വി. അജയ്, ബി. ഷാരോൺ, പി.പി. ജിതിൻ എന്നിവരും കപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. തങ്ങളുടെ സ്വപ്നക്കപ്പ് ലോകകപ്പ് ഫുട്ബാൾ ആവേശത്തിനൊപ്പം ഒരുക്കുന്നതിന്റെ ആഹ്ലാദത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.